Monday, August 20, 2012

സ്വാതന്ത്ര്യവീഥിയിലെ കെടാവിളക്കുകള്‍




         ഐതിഹാസികവും  ലോകചരിത്രത്തില്‍ സമാനതകളില്ലാത്തതും അത്യപൂര്‍വ്വവുമായ പോരാട്ടങ്ങള്‍ കൊണ്ട് ഉജ്ജ്വലവുമായ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ധീരനായകരെക്കുറിച്ചും അവരുമായി ബന്ധപ്പെട്ട ചരിത്ര സംഭവങ്ങളെക്കുറിച്ചും സംക്ഷിപ്തമായി പ്രതിപാദിക്കുന്നതാണ് ഈ പുസ്തകം. മഹാരഥന്മാരുടെ ധീരോദാത്തമായ സ്മരണയിലൂടെ, ചരിത്രത്തില്‍ രേഖപ്പെടുത്താതെ പോയ അനേകായിരം ധീരദേശാഭിമാനികള്‍ക്കുള്ള ശ്രദ്ധാഞ്ജലി കൂടിയാണിത്.   'കേരള ടൈംസ്‌ ' ദിനപത്രത്തില്‍ ഒരു വര്‍ഷം നീണ്ടുനിന്ന ലേഖന പരമ്പരയുടെ പുസ്തകരൂപമാണ് 'സ്വതന്ത്ര വീഥിയിലെ കെടാവിളക്കുകള്‍ ' എന്ന ഈ കൃതി .ഈ പരമ്പരക്ക് സ്വതന്ത്ര സുവര്‍ണ ജൂബിലി അവാര്‍ഡ്‌ , നെഹ്‌റു സ്മൃതി അവാര്‍ഡ്‌ എന്നിവ ലഭിച്ചിട്ടുണ്ട്.  

സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ്‌ സാമ്രാജ്യത്തോട് പടപൊരുതാന്‍ ഭാരത ജനതയ്ക്ക് ആയുധമായുണ്ടായിരുന്നത് അവരുടെ ആത്മധൈര്യവും ജീവനെ വിലമതിക്കാത്ത പോരാട്ട വീര്യവുമായിരുന്നു. 1857 മെയ്‌ 10 ന്‌ മീററ്റിലാരംഭിച്ച ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ പ്രഥമ ദിനം തുടങ്ങി 1947 ആഗസ്റ്റ്‌ 14 അര്‍ദ്ധരാത്രി വരെയുള്ള ഐതിഹാസികമായ പോരാട്ടത്തിലുടനീളം ഈ വീര്യം ചോര്‍ന്നു പോകാതെ നിലനിര്‍ത്താന്‍ കഴിഞ്ഞുവെന്നതും അത്ഭുതം തന്നെ.അഹിംസയുടെ തേരിലേറി എന്തിനേയും സഹിച്ചും ത്യജിച്ചും രാജ്യത്തിന്റെ മുഖ്യധാര, ഗാന്ധിജിയുടെ നേതൃത്വത്തില്‍ മുന്നേറിയപ്പോള്‍  യുവത്വത്തിന്റെ ഊര്‍ജ്ജസ്വലമായ മുന്നേറ്റത്തില്‍ അതിവിപ്ളവത്തിന്റെയും സായുധ പോരാട്ടത്തിന്റെയും പാതയില്‍ മുന്നേറിയ യുവനിരയുടെ ശക്തി കണ്ടു ബ്രിട്ടന്‍ ഞെട്ടിവിറച്ചു. ഈ രണ്ടു ധാരകളും സമന്വയിച്ചപ്പോള്‍ ഭാരതം ലോക ചരിത്രത്തില്‍ അത്ഭുതം സൃഷ്ടിക്കുകയായിരുന്നു.    

ആത്മാഭിമാനത്തിന്റെ തിലകക്കുറിയായ ലോകമാന്യ ബാലഗംഗാധര തിലക്, ഇന്നും മുഴങ്ങുന്ന ഗര്‍ജ്ജനമായ ലാലാ ലജ്പത് റായ്, സ്വാതന്ത്ര്യ ദാഹത്തിന്റെ ജ്വലിതസാക്ഷ്യമായ ഗോപാല കൃഷ്ണ ഗോഖലെ , താളം പിഴയ്ക്കാത്ത ത്യാഗ ഗാഥയുടെ ദേശ്ബന്ധു സി.ആര്‍ . ദാസ് , ആത്മധീരതയുടെ മാണിക്യമായ പണ്ഡിറ്റ്‌. മോത്തിലാല്‍ നെഹ്‌റു, ദേശീയതയുടെ നീതിബോധം ഉണര്‍ത്തിയ സുരേന്ദ്ര നാഥ് ബാനര്‍ജി , ഇംഗ്ലീഷ് മനസ്സിലെ ഭാരതീയതയായ ഡോ:ആനി ബസന്റ്, ക്രാന്തദര്‍ശിയായ കര്‍മധീരന്‍ എന്നറിയപ്പെടുന്ന മഹാദേവ് ഗോവിന്ദ റാണാ ദേ  ,  അഭിമാനസാഗരത്തിന്റെ ആദ്യ നായകന്‍ ദാദാ ബായ് നവറോജി, ഹിന്ദു-മുസ്ലിം മൈത്രിയുടെ ധീരനായ പ്രവാചകന്‍ ബദരുദ്ദീന്‍ തയാഭ്ജി, ധീരതയുടെ ആള്‍രൂപമായി സര്‍ ഫിറോസ്‌ ഷാ മേഹ്ത്ത, മഹേതിഹാസത്തിന്റെ പ്രാരംഭകന്‍ ഡബ്ല്യു .സി.ബാനര്‍ജി,   നിര്‍ഭയനായിരുന്ന നേതാവ് സര്‍  സി.ശങ്കരന്‍ നായര്‍ , മൈത്രിയുടെ പ്രചാരകന്‍ മൌലാന മുഹമ്മദ്‌ അലി, ദേശീയതയുടെ വാനമ്പാടിയായ സരോജിനി നായിഡു, വിപ്ളവ ഗാഥയുടെ ജപ കീര്‍ത്തനം - ശ്രീ അരബിന്ദോ ഘോഷ്, തുറന്ന മനസ്സുള്ള പണ്ഡിതന്‍ വിത്തല്‍ ഭായ് പട്ടേല്‍ , അനശ്വരാവേശത്തിന്റെ ഗീതാകാരന്‍ ബങ്കിം ചന്ദ്ര ചാറ്റര്‍ജി , മതസൌഹാര്‍ദ്ദത്തിന്റെ മന്ത്രധ്വനികളുയര്‍ത്തി മൌലാന അബ്ദുല്‍ കലാം ആസാദ് ,  വിദ്യാഗംഗാതന്‍ പുണ്യപ്രവാഹമായി പണ്ഡിറ്റ്‌ മദന്‍മോഹന്‍ മാളവ്യ തുടങ്ങിയ ആദര്‍ശധീരരായ കര്‍മയോഗികളുടെ ജീവിതത്തിലൂടെയുള്ള ഒരു തീര്‍ഥയാത്രയായി  ഓരോ അദ്ധ്യായങ്ങളും....

രാജ്യസ്നേഹികള്‍ 'രാജന്‍ ബാബു' എന്ന്‌ സ്നേഹപൂര്‍വ്വം വിളിച്ചിരുന്ന ഡോ. രാജേന്ദ്ര പ്രസാദ്‌ , ദേശീയതയുടെ വിപ്ളവഭാഷ്യമായ വിപിന്‍ ചന്ദ്രപാല്‍ , ദാര്‍ശനിക പ്രതിഭയുടെ പ്രഭാപൂരമായി വിളങ്ങിയ വി.എസ് , ശ്രീനിവാസ ശാസ്ത്രി , മഹേതിഹാസത്തിന്റെ പിതാമഹന്‍ എ. ഓ . ഹ്യൂം , സാമൂഹ്യസേവനത്തിനു പുതിയ മാനം നല്‍കിയ സിസ്റ്റര്‍ . നിവേദിത , കര്‍മയോഗത്തിന്റെ നിസ്വാര്‍ത്ഥഭാഷ്യമായ സര്‍ . ദിന്‍ഷാവാച്ചാ, വര്‍ഗീയതക്കെതിരെ പോരാടിയ വൈദ്യന്‍ ഹക്കിം അജ്മല്‍ ഖാന്‍ , ദേശപ്രിയനായ ബംഗാളി ബാബു സെന്‍ ഗുപ്ത , ഭിന്നതയുടെ കൊടുമുടികളില്‍ മദ്ധ്യസ്ഥതയുടെ മഞ്ഞുകണമായി തേജ് ബഹാദൂര്‍ സപ്രു , സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ ഏടുകളില്‍ ജനലക്ഷങ്ങള്‍ 'രാജാജി' എന്ന്‌ ആദരപൂര്‍വ്വം വിളിച്ചിരുന്ന സി. രാജഗോപാലാചാരി , ധീരനായ പത്രപ്രവര്‍ത്തകന്‍ ജി. സുബ്രമണ്യ അയ്യര്‍ , സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ , അതിര്‍ത്തി ഗാന്ധിയായ ഖാന്‍ അബ്ദുല്‍ ഗാഫര്‍ ഖാന്‍ ,കൊടുംകാറ്റിന്റെ മാറ്റൊലിയെന്ന് വിശേഷിപ്പിക്കുന്ന നേതാജി സുഭാഷ്‌ ചന്ദ്ര ബോസ്.... അങ്ങിനെ ഇന്ത്യയുടെ മുക്തിക്കായി പോരാടിയ ധീരയോധാക്കളുടെ ജീവിതം വളരെ ലളിതമായി വിവരിച്ചിരിക്കുന്നു ഈ പുസ്തകത്തില്‍ ...  

ഗാന്ധിജിയും നെഹ്രുവും ഇന്നത്തെ തലമുറയ്ക്ക് കൂടുതല്‍ സുപരിചിതരായതിനാല്‍ അവരെ ഒരു ലേഖനത്തില്‍ ഒതുക്കാന്‍ കഴിയാത്തത് കൊണ്ടുമാണ് ഈ പരമ്പരയില്‍ ഉള്‍ക്കൊള്ളിക്കാത്തതെന്ന് ഗ്രന്ഥകാരന്‍ പറയുന്നു. എന്നാല്‍ , ഇവരുടെ സജീവ സാന്നിദ്ധ്യം മിക്ക ലേഖനങ്ങളിലും നമുക്ക് കാണാവുന്നതാണ്.

സ്വതന്ത്ര ഇന്ത്യയില്‍ ജീവിക്കുന്ന നാം മഹാശയരായ സ്വാതന്ത്ര്യ സമരനായകരുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളില്‍ നിന്നും ഏറെ ദൂരെയാണ് എന്നത് വാസ്തവം തന്നെ. ഈ പുസ്തകത്തിന്‌ പ്രൌഡമായൊരു അവതാരിക എഴുതിയ ജസ്റ്റീസ് . വി. ആര്‍ . കൃഷ്ണയ്യരും നമ്മെ ഓര്‍മപ്പെടുത്തുന്നതും അത് തന്നെയാണ്.    മഹാശയരായിരുന്ന അന്നത്തെ തലമുറയുടെ സമര്‍പ്പണ മനോഭാവവും ത്യാഗബുദ്ധിയും ആദര്‍ശശുദ്ധിയും കറയറ്റ രാജ്യ സ്നേഹവും പുതുതലമുറയ്ക്ക് കാണിച്ചു കൊടുക്കുകയെന്ന  ലക്ഷ്യവും ഈ പുസ്തകം നിറവേറ്റട്ടെ. 


Sunday, August 5, 2012

മരണാനന്തരം


അവയവദാനത്തെക്കുറിച്ച്   ജോയ് .കെ. മാത്യുവിന്റെ ഹൃസ്വ ചിത്രം 



അമരത്വം നേടാനുള്ള ത്വര ആദിമ മനുഷ്യന്‍ മുതല്‍ പ്രകടമായിരുന്നു. അതിനായുള്ള മാര്‍ഗ്ഗങ്ങള്‍ തേടുകയും പരീക്ഷണങ്ങള്‍ തുടരുകയും ചെയ്യുന്നു. ഇപ്പോള്‍ ആശാവഹമായ ഒരു വഴി, 'അവയവദാനം' എന്ന   മഹത്തായ ഒരു വഴി നമുക്ക് മുന്നില്‍ തെളിഞ്ഞു നില്‍ക്കുന്നുണ്ട്. ഈ ആശയം ജനങ്ങളിലേക്ക് എത്തിക്കാനുള്ള ജോയ് .കെ.മാത്യുവിന്റെ ശ്രമമാണ് 'മരണാനന്തരം' എന്ന ഹൃസ്വചിത്രം.

രോഗം പ്രകൃതിയുടെ നിയമമാണ് . പക്ഷേ , സ്നേഹം കൊണ്ട് ഈ പ്രകൃതി നിയമത്തെ മറികടക്കാനാവുമെന്നതാണ് മനുഷ്യന്റെ മഹത്വം. മാറ്റിവെക്കാന്‍  അവയവം ലഭ്യമല്ലാത്തതിനാല്‍ മാത്രം ഓരോ മിനിട്ടിലും പതിനെട്ടു പേര്‍ വീതമാണ് നിസ്സഹായരായി ഈ ഭൂമിയില്‍ നിന്നും പ്രിയപ്പെട്ടവരെ പിരിഞ്ഞു പോകുന്നത്. നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കാന്‍ സേവനത്തിന്റെ, വിവേകത്തിന്റെ നല്ലൊരു മാര്‍ഗമാണ് അവയവദാനം. മനുഷ്യസേവ തന്നെയാണ് മാധവസേവ എന്നത് അവയവദാനത്തിലൂടെ സാര്‍ത്ഥകമാക്കാന്‍ കഴിയണം. പലപ്പോഴും നാം സ്വാര്‍ത്ഥരാണ് എന്നതില്‍ തര്‍ക്കമില്ല. എങ്കില്‍പ്പോലും തനിക്കും തന്റെ പ്രിയപ്പെട്ടവര്‍ക്കും രോഗങ്ങള്‍ വരാം എന്ന സാദ്ധ്യതയെക്കുറിച്ച്  ഒന്നു ചിന്തിച്ചു നോക്കിയാല്‍ , നമ്മുടെ മനസ്സുകള്‍ അവയവദാനത്തിന് തീര്‍ച്ചയായും സന്നദ്ധമാകും. ജീവിച്ചിരിക്കുമ്പോഴും മരണാനന്തരവും അവയങ്ങള്‍ ദാനം ചെയ്യാന്‍ കഴിയുമെന്നത് , മറ്റൊരാള്‍ക്ക് ജീവനും ജീവിതവും കൊടുക്കുന്നതിനു തുല്യം തന്നെ.... രക്തം, വൃക്ക എന്നിവ ജീവിച്ചിരിക്കുമ്പോള്‍ ദാനം ചെയ്യാമെങ്കില്‍ മരണശേഷം കണ്ണ് , കരള്‍ , ഹൃദയം ,ത്വക്ക് , മജ്ജ തുടങ്ങിയവ ദാനം ചെയ്തു മരണത്തിന്റെ കരാളവക്ത്രത്തില്‍  നിന്നും ആയിരങ്ങളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ നമുക്ക് കഴിയും. അങ്ങിനെ ജന്മങ്ങളില്‍ നിന്നു ജന്മങ്ങളിലേക്കു അവനവനെ പകരാനും...

തന്റെ വൃക്കകളില്‍ ഒന്ന്, ഷംസുദ്ദീന്‍ എന്ന ചെറുപ്പക്കാരന് നല്‍കിക്കൊണ്ട് ശ്രീ. കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളി പ്രദര്‍ശിപ്പിച്ച മാനവസ്നേഹം ഇന്നൊരു തരംഗമായി പടരുകയാണ്. മരണാനന്തരം കണ്ണുകള്‍ ദാനം ചെയ്യാനും മസ്തിഷ്ക്കമരണം സംഭവിച്ചവരുടെ അവയവങ്ങള്‍ ദാനം ചെയ്യാനും ബന്ധുക്കള്‍ തയ്യാറാവുന്നതും എല്ലാം സേവനത്തിന്റെ , സ്നേഹത്തിന്റെ പുതിയ പാതയില്‍ തെളിയുന്ന പൊന്‍ കിരണങ്ങളായി മാറുന്നു. രോഗികള്‍ക്ക്  പ്രതീക്ഷയുടെ പുത്തനുണര്‍വുകള്‍ നല്‍കുന്നു. 

അവയവദാനം എന്ന മഹത്തായ ദൌത്യം ഏറ്റെടുക്കാന്‍ നമ്മുടെ മനസുകള്‍ സന്നദ്ധമാക്കാനും അവയവദാനത്തെക്കുറിച്ചുള്ള അവബോധം വ്യാപകമാക്കാനും മദര്‍വിഷന്റെ ബാനറില്‍ ജീസന്‍ ജോസ്  നിര്‍മിച്ച്, ജോയ് . കെ. മാത്യു സംവിധാനം ചെയ്യുന്ന ഹൃസ്വസന്ദേശചിത്രമാണ്  'മരണാനന്തരം'. മലയാള സിനിമയുടെ അമ്മ കവിയൂര്‍ പൊന്നമ്മ, കൊച്ചൌസേപ്പ്  ചിറ്റിലപ്പിള്ളി, ലോക ടേബിള്‍ ടെന്നീസ്  താരം മരിയ റോണി, അഡ്വ. എ.എം. ആരിഫ്, കാവാലം നാരായണപ്പണിക്കര്‍ , വയലാര്‍ ഗോപാലകൃഷ്ണന്‍ , അഗസ്റ്റിന്‍ കടമക്കുടി, ജോസ്  തെറ്റയില്‍ തുടങ്ങിയവര്‍ ഈ  ചിത്രത്തിലൂടെ അവയവദാനം എന്ന   മഹത്തായ ആശയം പ്രേക്ഷകഹൃദയങ്ങളിലേക്ക് എത്തിക്കുന്നു. ചിത്രത്തിന്റെ പ്രദര്‍ശനോദ്ഘാടനം എറണാകുളം ഗസ്റ്റ് ഹൌസ് ഹാളില്‍ വെച്ച്  ബഹു. കേരള മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു. പ്രശസ്ത സംവിധായകന്‍ ശ്രീ. സിബി മലയില്‍ പ്രകാശന കര്‍മം ചെയ്തു.  

സമൂഹത്തിന്റെ പങ്കാളിത്തം ഏറെ  ആവശ്യമുള്ള അവയവദാനം എന്ന സേവനത്തിലേക്ക് ജനശ്രദ്ധ ക്ഷണിക്കുന്ന ഈ ചിത്രം സംസ്ഥാന ആരോഗ്യവകുപ്പുമായി സഹകരിച്ച് തീയേറ്ററുകളിലൂടെയും ടെലിവിഷനിലൂടെയും സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലൂടെയും ഉടന്‍ പ്രദര്‍ശനത്തിനെത്തും. 

അവയവദാനത്തെക്കുറിച്ചും അതിന്റെ നടപടിക്രമങ്ങളെക്കുറിച്ചും വിശദമായി ബൂലോകത്തില്‍ വായിക്കാം.


Related Posts Plugin for WordPress, Blogger...