Wednesday, January 25, 2023

ചിത്രയും ഷാ ഫെസ്റ്റിവലും

വേനൽക്കാലം, യാത്രകളുടെയും കാഴ്ചകളുടെയും വസന്തകാലം കൂടിയാണ്. അങ്ങനെയൊരു കാഴ്ചയുടെ അരങ്ങായിരുന്നു ഷാ ഫെസ്റ്റിവൽ. 





ഫെസ്റ്റിവൽ തിയേറ്റർ, റോയൽ ജോർജ്ജ് തിയേറ്റർ, ജാക്കി മാക്സ് വെൽ  സ്റ്റുഡിയോ തിയേറ്റർ എന്നിങ്ങനെ മൂന്നു വ്യത്യസ്ത തീയറ്ററുകളിലായിട്ടാണ് ഷാ ഫെസ്റ്റിവൽ  നാടകങ്ങൾ നടത്തുന്നത്. ഈ തിയേറ്ററുകളെ കൂടാതെ രണ്ടു ഔട്ട്ഡോർ വേദികളുമുണ്ട്. 

1962-ൽ, ഒന്റാറിയോയിലെ നയാഗ്ര-ഓൺ-ദി-ലേക്കിൽ, അഭിഭാഷകനും നാടകകൃത്തുമായ ബ്രയാൻ ഡോഹെർട്ടി (Brian Doherty) ഐറിഷ് നാടകകൃത്ത് ബെർണാഡ് ഷായുടെ സൃഷ്ടികളോടുള്ള തന്റെ പ്രണയത്തെ ഒരു വേനൽക്കാല നാടകോത്സവമാക്കി മാറ്റിയതാണ് ഷാ ഫെസ്റ്റിവൽ. ആദ്യ കാലത്ത് ബർണാഡ് ഷായുടെ സൃഷ്ടികൾ മാത്രമായിരുന്നു ഈ ഉത്സവത്തിൽ അരങ്ങേറിയിരുന്നത്. പിന്നീട് ക്രിസ്റ്റഫർ ന്യൂട്ടണും ജാക്കി മാക്സ് വെല്ലും  ചേർന്നു മാറ്റങ്ങൾ വരുത്തി. 

 1973 ൽ നയാഗ്ര-ഓൺ-ദി-ലേക്കിലെ  ഫെസ്റ്റിവൽ തിയേറ്റർ ഔദ്യോഗികമായി തുറന്നത് എലിസബത്ത് രാജ്ഞിയാണ്.  ഇന്ദിരാഗാന്ധി, പിയറി എലിയറ്റ് ട്രൂഡോ തുടങ്ങിയവരും ഉദ്‌ഘാടന പരിപാടികളിൽ അന്നു പങ്കെടുത്തിരുന്നു.  പ്രശസ്ത കനേഡിയൻ വാസ്തുശില്പിയായ റൊണാൾഡ് തോം രൂപകൽപന ചെയ്ത ഫെസ്റ്റിവൽ തിയേറ്റർ ദേശീയ അന്തർദേശീയ അംഗീകാരങ്ങൾ നേടി. അത്,  വലിയ തോതിലുള്ള പ്രദർശനങ്ങൾ നടത്താൻ ഷാ ഫെസ്റ്റിവലിനെ  പ്രാപ്തമാക്കി. 

ബർണാഡ്ഷായുടെ കാലഘട്ടത്തിൽ വിസ്മരിക്കപ്പെട്ട സ്ത്രീ നാടകകൃത്തുക്കൾ എഴുതിയ കൃതികൾ ഉൾപ്പെടെ നിരവധി നാടകങ്ങൾ ഷാ ഫെസ്റ്റിവലിൽ അരങ്ങേറി. കാനഡയിലെ പ്രശസ്തരായ നാടകകൃത്തുക്കളുടെ കൃതികളും  കനേഡിയൻ ക്ലാസിക്കുകളും ഇവിടെ അവതരിപ്പിക്കാറുണ്ട്. 

ഷാ ഫെസ്റ്റിവലിലെ ഒരു അരങ്ങായ റോയൽ ജോർജ്ജ് തിയേറ്ററിൽ കിംബർലി റാംപർസാദ് സംവിധാനം ചെയ്ത 'ചിത്ര' എന്ന നാടകമായിരുന്നു ഞങ്ങൾ ഈ വർഷം കണ്ടത്. 

ടാഗോറിന്റെ ഈ നാടകത്തിലൂടെ മണിപ്പൂരിലെ രാജാവിന്റെ മകളായ ചിത്രാംഗദയെ നമുക്ക് പരിചയപ്പെടുത്തുന്നു. ആണ്മക്കളില്ലാത്തതിനാൽ, ഒരു ആൺകുട്ടിയായി ചിത്രയെ വളർത്തുകയും ഒരു യോദ്ധാവിനു വേണ്ട കലകളൊക്കെ അഭ്യസിപ്പിക്കുകയും ചെയ്തു.  രാജകുമാരിയും യോദ്ധാവുമായ  ചിത്രാംഗദയും പാണ്ഡവരിലെ മഹാനായ യോദ്ധാവ് അർജ്ജുനനും കണ്ടുമുട്ടുന്ന മനോഹരമായ കഥയാണ് ചിത്ര എന്ന ഏകാങ്കനാടകം 

നമ്മുടെ  ഇതിഹാസമായ മഹാഭാരതത്തിലെ ഒരു കഥയെ ആസ്പദമാക്കി രബീന്ദ്രനാഥ ടാഗോറാണ്  ഈ നാടകം എഴുതിയത്. 1892 ൽ ബംഗാളിയിലാണ് ഇതെഴുതപ്പെട്ടത്.  അദ്ദേഹത്തിനു സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ച 1913 ലാണ് അദ്ധേഹം ഈ നാടകം ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്തത്.  

ഒരു ആൺകുട്ടിയെപ്പോലെ വളർന്നു വന്ന രാജകുമാരിയായിരുന്നു ചിത്രാംഗദ. അർജ്ജുനനെ കണ്ടുമുട്ടുന്ന ചിത്രാംഗദ, ജീവിതത്തിൽ ആദ്യമായി ഒരു പുരുഷനെ പ്രണയിക്കാൻ തുടങ്ങുന്നു. അർജ്ജുനനോടുള്ള  സ്നേഹത്താൽ ഞെരിഞ്ഞമർന്ന അവൾ, പന്ത്രണ്ടു വർഷത്തെ ബ്രഹ്മചര്യത്തിന്റെ പവിത്രമായ പ്രതിജ്ഞയെടുത്ത അർജ്ജുനന്റെ ശ്രദ്ധ ആകർഷിക്കുന്നതിനായി തന്നെ സുന്ദരിയാക്കാൻ ദേവന്മാരോട് അപേക്ഷിക്കുന്നു. പ്രണയത്തിന്റെ ദൈവവും  വസന്തകാലത്തിന്റെ ദൈവവും അവളുടെ ആഗ്രഹം സാധിച്ചുകൊടുക്കുകയും അവളെ അഭൗമസൗന്ദര്യമുള്ള ഒരു സൃഷ്ടിയാക്കി മാറ്റുകയും ചെയ്യുന്നു.

ചിത്രയെ കണ്ടതോടെ അർജ്ജുനൻ, തന്റെ പ്രതിജ്ഞകൾ മറക്കുന്നു. അതു ചിത്രയെ പരിഭ്രാന്തയാക്കുന്നു. അവളുടെ സങ്കല്പത്തിലുള്ള അർജ്ജുനൻ ഇതായിരുന്നില്ല. അത്, ഉയർന്ന ചിന്താഗതിയുള്ളതും അതിനോടു നീതി പുലർത്തുന്നവനുമായ ഒരാളായിരുന്നു .  ദേവന്മാരാകട്ടെ, ഒരു വർഷം നീ അവനോടൊപ്പം ജീവിക്കൂ എന്നും അതിനു ശേഷം നിന്നെയവൻ ശ്രദ്ധിക്കില്ലെന്നും അവളോടു  പറയുന്നു. 

സൗന്ദര്യം വ്യക്തിത്വത്തിന്റെ  ഒരു ഭാഗം മാത്രമാണെന്ന് അർജുനൻ മനസ്സിലാക്കുന്നു. താൻ പോരാളിയായ രാജകുമാരിയാണെന്നു  ചിത്ര സ്വയം വെളിപ്പെടുത്തുമ്പോൾ, "പ്രിയപ്പെട്ടവളേ, എന്റെ ജീവിതം നിറഞ്ഞിരിക്കുന്നു" എന്നു  മാത്രമേ അർജുനനു പറയാനാകുന്നുള്ളൂ. 

ഗംഭീരവും ലളിതവുമായതും വിവിധ തലങ്ങളുള്ളതുമായ സെറ്റിൽ ചടുലമായതും സ്പഷ്ടമായതുമായ സംഭാഷണങ്ങളിലൂടെ കഥ വികസിക്കുമ്പോൾ പ്രേക്ഷകർ ശ്വാസമടക്കി പിടിച്ചിരിക്കുകയായിരുന്നു. നിശബ്ദനർത്തകരുടെ ചലനങ്ങളിലൂടെ ചിത്രാംഗദയുടെ മനോവ്യാപാരങ്ങളും വികാരങ്ങളും കാഴ്ചക്കാരിലേക്കു ഒഴുകിയെത്തുന്നു. അതിനോടു  ചേർന്നു പോകുന്ന പ്രകാശസംവിധാനവും കൂടിയായപ്പോൾ ഒരു മണിക്കൂർ കടന്നു പോയതറിഞ്ഞതേയില്ല. യഥാർത്ഥപ്രണയത്തിന്റെ മോഹിപ്പിക്കുന്ന ഒരു കവിത പോലെ സുന്ദരമായ ഒരനുഭവമായിരുന്നു ചിത്ര എന്ന നാടകം! 




കിംബർലി റാംപർസാദിന്റെ  സംവിധാനവും നൃത്ത  സംവിധാനവും അഭിനന്ദനർഹമാണ്. ഒരു സംഭാഷണമോ ചലനമോ പോലും അധികപ്പറ്റായി ഉണ്ടായിരുന്നില്ല. ആൻഡ്രൂ ലോറിയുടെ അർജ്ജുനൻ, നമ്മുടെ ഭാവനയിലെ അർജ്ജുനനെ തൃപ്തിപ്പെടുത്തുന്നതു തന്നെ. കേന്ദ്ര കഥാപാത്രമായ ചിത്രയായി ഗബ്രിയേല സുന്ദർ സിംഗ് രംഗത്തു നിറഞ്ഞു നിന്നു. 

നാടകം കഴിഞ്ഞു പുറത്തൊരു ഹാളിൽ സംവിധായകനും അഭിനേതാക്കളും പ്രേക്ഷകരുമായി മുഖാമുഖവും ഉണ്ടായിരുന്നു. മഹാഭാരതകഥയായതു കൊണ്ടാകാം, എനിക്കു സംശയങ്ങളൊന്നുമുണ്ടായിരുന്നില്ല.  എന്നാൽ, പലരും ആ കഥയുടെ മൂലകഥയൊക്കെ അന്വേഷിക്കുന്നുണ്ടായിരുന്നു. 

അവിടുന്നിറങ്ങുമ്പോൾ മുന്നിലെത്തിയ ചിത്രയോടു (ഗബ്രിയേല സുന്ദർ സിംഗ്) ചെറുകുശലങ്ങൾ നടത്തുകയും  അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തതു കൂടാതെ കുറച്ചു ചിത്രങ്ങളും എടുത്തു മനോഹരമായ ഒരു ദിവസത്തിന്റെ ഓർമ്മയിലേക്കു ചേർത്തു വെച്ചു.

https://emalayalee.com/vartha/281017



  


Related Posts Plugin for WordPress, Blogger...