Thursday, May 30, 2019

ട്യൂലിപ് ഫെസ്റ്റിവൽ

വസന്തത്തിലേക്കും നീണ്ടുപോയ ശൈത്യകാലത്തിന്റെ ആലസ്യത്തിൽ നിന്നും പിടഞ്ഞെഴുന്നേറ്റു ധൃതിപിടിച്ച് വർണ്ണങ്ങൾ വാരിയണിഞ്ഞു  മനോഹരിയാകുകയാണ്  കാനഡയുടെ തലസ്ഥാനമായ ഓട്ടവ നഗരം. വിവിധ വർണ്ണങ്ങളിലെ  ട്യൂലിപ് പൂക്കളാൽ നയനാനന്ദകരമായ  കാഴ്ചയൊരുക്കുന്ന തിരക്കിലാണ്   ഓട്ടവയും പരിസരപ്രദേശങ്ങളും. ലോകത്തിലെ ഏറ്റവും വലിയ ട്യൂലിപ് ഉത്സവമാണിത്. എല്ലാവർഷവും മെയ് മാസത്തിലാണ് ഏകദേശം ആറു ലക്ഷത്തോളമാളുകൾ സന്ദർശിക്കുന്ന ഈ   ഉത്സവം.


രണ്ടാം ലോകയുദ്ധകാലത്തു നെതർലണ്ടിന്റെ രാജകുമാരിക്കു ജനിക്കാൻ ആശുപത്രിയും സൗകര്യങ്ങളും വിട്ടു കൊടുത്തതിന്റെ സ്നേഹസ്മരണയ്ക്കായിട്ടാണ് സഹോദരി, ജൂലിയാന ആദ്യമായി ട്യൂലിപ് കിഴങ്ങുകൾ കൊടുത്തയച്ചത്. 1943 ലാണ് മാർഗരറ്റ് രാജകുമാരി കാനഡയിലെ ഓട്ടവ സിവിക് ആശുപത്രിയിൽ പിറന്നത്. രാജപൗരത്വം  നഷ്ടപ്പെടാതിരിക്കാൻ അന്ന് ആ ആശുപത്രിയിലെ പ്രസവ വാർഡിനെ  ഡച്ച് രാജകുടുംബത്തിനു താൽക്കാലികമായി വിട്ടു കൊടുത്ത്, സൗഹൃദത്തിന് പുതിയ മാനദണ്ഡങ്ങൾ കാനഡ എഴുതിച്ചേർത്തു. ആ സന്മനസ്സിനു നന്ദി പറഞ്ഞാണ്  1945 ൽ ഒരു ലക്ഷം ട്യൂലിപ് കിഴങ്ങുകൾ കൊടുത്തയച്ചത്. അന്നു മുതൽ ഓരോ വർഷവും പതിനായിരം കിഴങ്ങുകൾ കൂടുതൽ വീതം  കൊടുത്തയച്ചു കൊണ്ടിരിക്കുന്നു. ഇന്നിപ്പോൾ നൂറോളം ഇനങ്ങളിലായി ലക്ഷോപലക്ഷം ട്യൂലിപ് ചെടികളാണ് ഓട്ടവയിൽ ഉള്ളത്. 


മലക് കഷ് (Malak Karsh) എന്ന സുപ്രസിദ്ധ ഫോട്ടോഗ്രാഫറാണ് 'ട്യൂലിപ് ഫെസ്റ്റിവൽ' എന്ന ആശയം കൊണ്ടു വന്നത്. 1953 മുതൽ സൗഹൃദത്തിന്റെയും സമാധാനത്തിന്റെയും പ്രതീകമായി കനേഡിയൻ ട്യൂലിപ് ഫെസ്റ്റിവൽ അറിയപ്പെടുന്നു. ഓട്ടവ നഗരത്തിന്റെ ഔദ്യോഗികപുഷ്പമായി  ട്യൂലിപ് മാറിയത് 2002 ലാണ്.  ഈ വർഷത്തെ ഉത്സവം മെയ് 10 മുതൽ ഇരുപതു വരെയായിരുന്നു.






Related Posts Plugin for WordPress, Blogger...