Wednesday, November 10, 2021

ടൂണി

 


കാനഡയിൽ വന്നകാലം എല്ലാമൊരു പുതുമയായിരുന്നു. ആ പുതുമയിൽ നിന്നു ജീവിതത്തിലേക്കു ചേക്കേറിയ  ചില വാക്കുകളുമുണ്ട്. അതിലൊന്നാണ് ടൂണി. കേൾക്കാനും പറയാനും ഇമ്പമുള്ളൊരു വാക്ക്...! ആ കാലത്തൊരിക്കൽ സ്‌കൂളിൽ പോയി വന്ന മോൾ ടൂണിയുടെ പാട്ടു പാടി കേൾപ്പിച്ചെങ്കിലും ആകെ രണ്ടു വരിയാണ് ഓർമ്മയിൽ ഉള്ളത്. 

"Paid a Toonie  for the bus

And now I’m in a rush

I wish that it would all just stop

 I’d never have to fuss"

നിത്യജീവിതത്തിന്റെ ഭാഗമായതിനാലാവാം ഈ വരികൾ മാത്രമാണ് ഇന്നും മനസ്സിൽ നിന്നൊഴിയാതെ നില്ക്കുന്നത്.  

ശോ! ടൂണി എന്താണെന്നു പറഞ്ഞില്ലല്ലോ... നിങ്ങൾക്കും ടൂണിയുടെ കഥ കേൾക്കണ്ടേ?  

കാനഡയുടെ രണ്ടു ഡോളർ നാണയമാണ് ടൂണി എന്ന ഓമനപ്പേരിൽ അറിയപ്പെടുന്നത്. അതുവരെ രണ്ടു ഡോളറിന്റെ നോട്ടുകൾ ഉപയോഗിച്ചിരുന്ന കാനഡയിൽ, രണ്ടു  ഡോളർ നാണയം വന്നപ്പോൾ അരുമയോടെ അവരതിനെ 'ടൂണി' എന്നു വിളിച്ചു. ഒരു ഡോളർ നാണയത്തിന്റെ പേരായ 'ലൂണി' യോടു രണ്ട് എന്നർത്ഥമുള്ള ടൂ ചേർത്താണ് ടൂണി എന്ന പേരുണ്ടായത്. നാണയത്തിന്റെ വാൽ(tail) ഭാഗത്തു മഞ്ഞുകട്ടയിലെ ധ്രുവക്കരടിയുടെ ചിത്രവും തല (head) ഭാഗത്ത് എലിസബത്ത് II രാജ്ഞിയുടെ ചിത്രവുമാണുള്ളത്. കാനഡയിലെ എല്ലാ നാണയങ്ങളിലും തലഭാഗത്ത് എന്നും രാജ്ഞി തന്നെ! വാൽ ഭാഗത്തെ ധ്രുവക്കരടിയെ രൂപകൽപ്പന ചെയ്തത്  വൈൽഡ് ലൈഫ് ആൻഡ് ലാൻഡ്‌സ്‌കേപ്പ് ആർട്ടിസ്റ്റ് ബ്രെന്റ് ടൗൺസെന്റാണ്. രണ്ടുതരം ലോഹങ്ങളുപയോഗിച്ചാണ്  ഈ ടൂണിയെ നിർമ്മിച്ചിരിക്കുന്നത്. 

1996 ഫെബ്രുവരി 19 നാണ് രണ്ടു ഡോളർ നാണയം അന്നത്തെ  പൊതുമരാമത്തു മന്ത്രി ഡയാൻ മാർലിയോ ഔദ്യോഗികമായി പുറത്തിറക്കിയത്. റോയൽ കനേഡിയൻ മിന്റാണ് കാനഡ സർക്കാരിനു വേണ്ടി നാണയം നിർമ്മിക്കുന്നത്.  2019 ലെ കണക്കനുസരിച്ച്, ഏറ്റവുമധികം പ്രചാരമുള്ള നാണയം ടൂണിയാണത്രേ. 

ഇതിനിടയിൽ ടൂണിയിലെ ധ്രുവക്കരടിക്കു പേരിടാനുള്ള മത്സരങ്ങളും നടന്നു ... പതിനായിരങ്ങൾ പങ്കെടുത്ത മത്സരത്തിൽ നിന്നും 'ചർച്ചിൽ' എന്ന പേരാണ് തെരഞ്ഞെടുത്തത്. മാനിറ്റോബ സംസ്ഥാനത്തെ ഒരു ചെറുപട്ടണമാണ് ചർച്ചിൽ. ശരത്കാലത്ത് ഈ പ്രദേശത്തു ധാരാളമായി കാണപ്പെടുന്ന ധ്രുവക്കരടിയാണ് നാണയത്തിന്റെ വാൽ ഭാഗത്തുള്ളത്. അതിനാൽ ചർച്ചിൽ എന്ന പേര് അനുയോജ്യം തന്നെ.... 

ടൂണി ട്യുസ്‌ഡേയെപ്പറ്റി പറയാതെ എങ്ങനെയാ ടൂണിയുടെ ചരിതം  പൂർണ്ണമാവുക! കെ.എഫ്.സിയുടെ ഒരു മാർക്കറ്റിങ്ങ് തന്ത്രമായിരുന്നു ടൂണി ട്യുസ്‌ഡേ. അതായത്, ചൊവ്വാഴ്ചകളിൽ രണ്ടു ഡോളറിനു രണ്ടു വലിയ ചിക്കൻ കഷണങ്ങളും ഉരുളക്കിഴങ്ങു വറുത്തതും അടങ്ങിയ ഒരു പൊതി. ഒരു നേരത്തെ വിശപ്പടക്കാൻ അതു ധാരാളം. അന്നൊക്കെ ചൊവ്വാഴ്ചകളിൽ കെ.എഫ്.സികളിൽ ടൂണി പാക്ക് വാങ്ങാൻ നീണ്ട നിരകളാണുണ്ടായിരുന്നത്.  ഏതാണ്ട് പത്തു വർഷത്തിനു ശേഷം 2021 ജൂലൈയിൽ ഒരേ ഒരു ചൊവ്വാഴ്ച കെ.എഫ്.സി 'ടൂണി ട്യുസ്‌ഡേ' ആഘോഷിക്കുകയുണ്ടായി. 

ഈ ടൂണിക്ക്, മനോഹരമായ ഒരു വീടുമുണ്ട് ട്ടോ... 

കാംബെൽഫോഡിലെ ട്രെന്റ് നദിക്കരയിൽ പ്രകൃതിസുന്ദരമായ ഓൾഡ് മിൽ പാർക്കിലാണ്   ടൂണിയുടെ പടുകൂറ്റൻ പ്രതിമയുള്ളത്. 27 അടി ഉയരവും   18 അടി  വ്യാസവുമുള്ള ഈ സ്മാരകം 2001 ൽ നിർമ്മിച്ചതാണ്. രണ്ടു ഡോളർ നാണയത്തിന്റെ വാൽ ഭാഗത്തുള്ള ധ്രുവക്കരടിയെ  രൂപകല്പന ചെയ്ത  ബ്രെന്റ് ടൗൺസെന്റിന്റെ സ്മാരകമായാണ് ഈ പ്രതിമയുണ്ടാക്കിയത്. 

അങ്ങനെയാണ് ശാന്തമായ ഈ നദീതീരനഗരം ടൂണിയുടെ ജന്മസ്ഥലമായി അറിയപ്പെട്ടു തുടങ്ങിയത്. 

ഇക്കഥകളൊക്കെ അറിഞ്ഞപ്പോൾ ടൂണിയുടെ വീട്ടിൽപ്പോകാനും ടൂണിയെക്കാണാനും ആഗ്രഹം തോന്നുക സ്വാഭാവികമല്ലേ... അങ്ങനെ ഒരു ദിവസം  ടൂണിയുടെ വീട്ടിൽപ്പോയി. ഇരുപത്തഞ്ചു വർഷങ്ങൾക്കു ശേഷം, 2021 ൽ ടൂണിയ്ക്കു പുതിയൊരു ഡിസൈൻ ഉണ്ടാവുകയാണ്. കാനഡ ലോകത്തിനു നല്കിയ മഹത്തായ  കണ്ടുപിടുത്തമായ 'ഇൻസുലിൻ' ന്റെ ശതാബ്ദി വർഷമാണ് 2021. 1921 ൽ ടൊറന്റോ സർവകലാശാലയിൽ നടന്ന ഇൻസുലിൻ കണ്ടുപിടിത്തത്തെ ബഹുമാനിക്കുന്ന ചിത്രങ്ങളുടെ ഒരു കൊളാഷാണ് ടൂണിയുടെ പുതിയ ഡിസൈൻ. 


https://malayalanatu.com/archives/109321 comment:

  1. ടൂണിയെയും ലൂണിയെയും പരിചയപ്പെടുത്തിതന്നതിൽ സന്തോഷം. അനുഭവങ്ങളും വിവരണങ്ങളും ചരിത്രവും മനോഹരമാകുന്നുണ്ട്.. ഇന്റർനെറ്റിൽ ബ്ലോഗുകൾ വായിക്കുന്നതിനിടയിലാണ് മണിമുത്തുകൾ എന്ന ഈ ബ്ലോഗ് കാണുവാൻ ഇടയായത്.ഇപ്പോൾ ഞാൻ ഇടയ്ക്ക് ഇവിടേക്ക് കടന്നുവരാറുണ്ട്..... എഴുത്ത് വളരെ മനോഹരമാണ്......

    നീർമിഴിപ്പൂക്കൾ, വാക്കുകൾ പൂത്ത മേപ്പിൾവീഥികൾ....
    👆👆👆👆 ഈ രചനകൾ എനിക്ക് വായിക്കാൻ ആഗ്രഹമുണ്ട്. ഓൺലൈനിൽ ലഭിക്കുമെങ്കിൽ ലിങ്ക് ഷെയർ ചെയ്യണേ....
    Thankyou

    ReplyDelete

Related Posts Plugin for WordPress, Blogger...