കാനഡയും ബനാറസുമായി എന്താണു ബന്ധം? പേരിലെ ആ കൗതുകമാണ് അതന്വേഷിച്ചു പോകാനുണ്ടായ പ്രചോദനം.
നമുക്കെല്ലാം അറിയുന്ന പോലെ ഉത്തരേന്ത്യയിലെ ഗംഗാനദിയുടെ തീരത്തുള്ള ഒരു നഗരമാണല്ലോ ബനാറസ്. ഹിന്ദുമതവും ജൈനമതവും ബുദ്ധമതവും ഒരു പോലെ പവിത്രമായി കരുതുന്ന നഗരമാണിത്. ഹിന്ദു മതത്തിന്റെയും ജൈനമതത്തിന്റെയും ഏഴു പുണ്യ നഗരങ്ങളിൽ ഒന്നാണ് വാരാണസി അഥവാ ബനാറസ്. ബനാറസ് ഹിസ്റ്റോറിക് ഹൗസിന്റെ നിർമാതാവും ഉടമയുമായ എഡ്ഗർ നീവ് ഒരു യാത്രാപ്രേമിയായിരുന്നു. അദ്ദേഹം തന്റെ യാത്രയിൽ കണ്ടിഷ്ടപ്പെട്ട ബനാറസിന്റെ ഓർമ്മയ്ക്കായിട്ടാണ് തന്റെ വീടിനു ആ പേര് നല്കിയത്. അക്കാലത്തൊക്കെ അങ്ങനെ പേരിടുന്നത് ഒരു പതിവായിരുന്നുവത്രേ.
165 വർഷത്തിലേറെ പഴക്കമുള്ളതും ജോർജിയൻ ശൈലിയിലുള്ളതുമായ എസ്റ്റേറ്റാണ് ബനാറസ് ഹിസ്റ്റോറിക് ഹൗസ്. നാലു തലമുറകളുടെ ചരിത്രമുറങ്ങുന്ന ഈ വീട്ടിൽ ഒരു പ്രദർശന ഗാലറിയുണ്ട്. അവരുടെ കുടുംബ സ്വത്തുക്കളാണ് പ്രധാനമായും അവിടെ പ്രദർശിപ്പിച്ചിരിക്കുന്നത്.
1835 ലായിരുന്നു എഡ്ഗർ ഈ വീടുണ്ടാക്കിയത്. ഏറെ താമസിയാതെ അതു ക്യാപ്റ്റൻ ഹാരിസിനു വിൽക്കുകയുണ്ടായി. പിന്നീട് തലമുറകളോളം ഹാരിസ് കുടുംബത്തിന്റെ ഉടമസ്ഥതയിലായിരുന്നു ഈ എസ്റ്റേറ്റ്. ഹാരിസ്, സയേഴ്സ് കുടുംബത്തിലെ നാലു തലമുറകൾ ഇവിടെ താമസിച്ചിരുന്നു. 1857 ലാണ് ഇന്നു കാണുന്ന രൂപത്തിൽ 'ബനാറസ്' നിർമ്മിക്കപ്പെട്ടത്. 1977 ൽ ക്യാപ്റ്റൻ ഹാരിസിന്റെ കൊച്ചുമക്കളാണ് വീടും അതിലെ സാധനങ്ങളും മിസ്സിസോഗ ചരിത്രസംരക്ഷണ വകുപ്പിനു സംഭാവന ചെയ്തത്. 1995 ലാണ് ഈ മ്യൂസിയം പൊതു ജനങ്ങൾക്കായി തുറന്നു കൊടുക്കുന്നത്.
ജോർജിയൻ ശൈലിയിലുള്ള വാസ്തുവിദ്യയാണ് ബനാറസിൽ ഉപയോഗിച്ചിരിക്കുന്നത്. ഒപ്പം വരാന്തയും ബാൽക്കണിയും പോലുള്ള പ്രാദേശിക ഘടനകളും ഇതിൽ ചേർത്തിരിക്കുന്നു. 1835-ൽ നിർമ്മിച്ച ഭവനത്തിന്റെ ഭാഗമാണെന്നു വിശ്വസിക്കപ്പെടുന്ന നീളമുള്ള ഒറ്റനില കെട്ടിടവും ദീർഘചതുരാകൃതിയിലുള്ള രണ്ടു നിലകളുള്ള കെട്ടിടവും ചേർന്നതാണ് പ്രധാന വീട്. ആദ്യത്തെ കെട്ടിടം ഒരു തീപിടുത്തത്തിൽ നശിച്ചതിനാൽ വീണ്ടും പണിതതാണ് ഇപ്പോഴത്തെ പ്രധാന കെട്ടിടം. വീടിന്റെ മുൻഭാഗത്ത് വീതിയിൽ ഒരു തുറന്ന വരാന്തയുണ്ട്. അന്നത് പുതുമയുള്ള ഒരു വാസ്തുവിദ്യാസവിശേഷതയായിരുന്നു വത്രേ. മുൻവശത്തെ പ്രവേശന കവാടത്തിനു മുകളിൽ ഒരു ചെറിയ ബാൽക്കണിയുമുണ്ട്. ജനലുകളും അവയുടെ ഷട്ടറുകളും മേൽക്കൂരയിലുള്ള ചിമ്മിനികളും ആദ്യകാലം മുതലുള്ളവയാണെന്നു കരുതപ്പെടുന്നു.
പ്രധാന വീടിനെ ചുറ്റി പിന്നാമ്പുറത്തു എത്തിയാൽ അവിടെ പല വലിപ്പത്തിലുള്ള ഔട്ട്ഹൗസുകൾ കാണാം. അവ, പലതരം സംഭരണശാലകൾ ആയിരുന്നിരിക്കണം.
നഗരത്തിനുള്ളിൽ തന്നെയുള്ള ബനാറസ് എസ്റ്റേറ്റ് മിസ്സിസോഗയുടെ കാർഷിക ഭൂതകാലത്തിലേക്കുള്ള ഒരു പ്രധാന കണ്ണി കൂടിയാണ്. നഗരത്തിനു നടുവിലായിട്ടു പോലും ഈ പ്രദേശത്തെ ചരിത്ര സ്മാരകമായി സംരക്ഷിക്കുകയാണ്.
ചരിത്രങ്ങൾ സംരക്ഷിക്കപ്പെടണം, എന്നാലേ ഒരു രാജ്യവും അതിലെ ജനങ്ങളും കടന്നു പോയ വഴികളും ജീവിതവും പിന്നാലെ വരുന്ന തലമുറകൾക്കു കണ്ടറിയാൻ സാധിക്കുകയുള്ളൂ. ഇന്നത്തെ രീതിയിലേക്കു തങ്ങൾ എങ്ങനെ എത്തിയെന്നറിയാൻ... ആദരപൂർവ്വം അവയെ കാത്തു സൂക്ഷിക്കാൻ... അഭിമാനപൂർവ്വം അവയെ സംരക്ഷിക്കാൻ... പുതുതലമുറ പഠിക്കാൻ നമ്മൾ അവയെ സംരക്ഷിക്കുക തന്നെ വേണം.
മിസ്സിസോഗയിലും ഒന്റാരിയോയുടെ മറ്റു ഭാഗങ്ങളിലുമായി അനേകം ചരിത്രസ്മാരകങ്ങൾ ഉണ്ട്. ഈ വർഷത്തെ വേനൽക്കാലം അത്തരം ചരിത്രങ്ങളിലൂടെയുള്ള യാത്രകളായിരുന്നു.
No comments:
Post a Comment