Wednesday, March 31, 2021

പെസഹാ അപ്പം




"ചേച്ചീ, ഇന്ഡ്രിയപ്പം ഉണ്ടാക്കാൻ അറിയാമോ?" അതിരാവിലെ വേവലാതിയോടെ റോളിയുടെ ഫോൺ കോൾ.

" യ്യോ, അതെന്തോന്ന്... ആ... എന്തായാലും ടെൻഷനാവാതെ, ഗൂഗിളമ്മച്ചിയല്ലേ ഉള്ളത്, നമ്മക്ക് കണ്ടുപിടിക്കാം ന്നേ ... " ചിരിയോടെ മിനി പറഞ്ഞു.

" ചേച്ചീ, തമാശ കള... എനിക്കു വേഗം ന്ന് റെസിപ്പി താ... "

നാട്ടിൽ നിന്നും ഇൻലോസ് വന്നിരിക്കുന്നതിനാൽ റോളി ഈയിടെ വളരെ ബിസിയാണ്. ഫോൺ കോളുകൾ പോലും അപൂർവ്വം. സ്നേഹമുള്ള അമ്മായിയമ്മ ആണെങ്കിലും നാടൻ വിഭവങ്ങൾ നാട്ടിലെപ്പോലെ സമൃദ്ധമായി ഉണ്ടാക്കി വിളമ്പണം എന്ന നിർബന്ധക്കാരിയും കൂടിയാണ്. മേശപ്പുറം നിറച്ചു വിഭവങ്ങൾ കാണണം.

കാനഡയിലെ തിരക്കുപിടിച്ച ജീവിതത്തിനിടയിൽ റോളിയും ഭർത്താവും കൂടെയാണ് ഭക്ഷണം ഉണ്ടാക്കാറ്. ഒന്നോ രണ്ടോ കറികളും ചോറോ റെഡിമേഡ് ചപ്പാത്തിയോ ഒക്കെയായി ദിവസങ്ങൾ വീടിനും ഓഫീസിനും മോളുടെ ഡേ കെയറിലുമായി ചുറ്റിത്തിരിയുകയായിരുന്നു. ആ വൃത്തത്തിലേക്കാണ് ഇഡ്ഡലിയും സാമ്പാറും തേങ്ങാ ചട്ണിയും ബ്രേക്ഫാസ്റ്റായി ഇടിച്ചു കേറി വന്നത്. കൂട്ടത്തിൽ  ചോറും മീൻകറിയും തോരനും പുളിശ്ശേരിയും അവിയൽ, കൂട്ടുകറി, പരിപ്പ്, പപ്പടം  എന്നൊക്കെയുള്ള വിവിധമാന വിഭവങ്ങളും ചാടിക്കേറിയിരുന്നത്. അത്താഴം മാത്രം ചപ്പാത്തിയും ചിക്കൻ/ ബീഫ് കറിയും സലാഡും എന്ന ഉദാരത നീട്ടി. റോളിയുടെ ദിവസങ്ങളെ ഓഫീസും അടുക്കളയും പങ്കിട്ടെടുത്തു.

 അതിനിടയിലാണ് ഈ ഇൻഡ്രിയപ്പം... !

തമാശ പറയാൻ പോലുമുള്ള മൂഡിലല്ല റോളിയെന്നു തിരിച്ചറിഞ്ഞതോടെ  മിനി ഇൻഡ്രിയപ്പത്തിന്റെ റെസിപ്പി  ഫോണിലൂടെ  കൈമാറി. വിശദമായി വാട്ട്സാപ്പ് ചെയ്യാമെന്ന മിനിയുടെ ഉറപ്പിൽ റോളി നന്ദി പറഞ്ഞ്  ധൃതിയിൽ ഫോൺ വെച്ചു. എന്നിട്ടും ഫോണും  പിടിച്ചു മിനി അങ്ങനെത്തന്നെയിരുന്നു.

 അങ്ങു ദൂരെ ഒരു നാട്ടിൻപുറവും അവിടെയുള്ള തറവാടും അവിടെ നിന്നുയരുന്ന ആരവങ്ങളും മിനിയുടെ ഓർമ്മകളിൽ തിരയടിച്ചുയർന്നു വന്നു. കരിക്കുറി പെരുന്നാൾ മുതൽ തുടങ്ങുന്ന അമ്പതു നോമ്പ്... വെള്ളിയാഴ്ചകളിലെ ഒരിക്കൽ... മീൻകറിയില്ലെങ്കിൽ ചോറു കഴിക്കാത്ത കൊച്ചുമിനിക്കു വേണ്ടി അമ്മ എന്നും കുറച്ചു മീൻകറിയുണ്ടാക്കി വെക്കുന്നത് നോമ്പുകാലത്തും ചെയ്തു പോന്നു. വലുതായപ്പോഴും നോമ്പ് നോക്കാൻ ആരും അവളെ നിർബന്ധിക്കാഞ്ഞതിനാലും സ്വയം നോമ്പെടുക്കാഞ്ഞതിനാലും  അമ്മ എന്നും മീൻകറിയുണ്ടാക്കി.

നോമ്പ് എടുത്തില്ലെങ്കിലും പെസഹാവ്യാഴാഴ്ചയിലെ പെസഹാപ്പവും പാനിയും കഴിക്കാൻ കാത്തിരിക്കുമായിരുന്നു അവൾ. വർഷത്തിലൊരിക്കൽ മാത്രം അമ്മയുണ്ടാക്കുന്ന ആ സ്പെഷ്യൽ അപ്പം. പുളിയാത്ത അപ്പം. എത്ര കെഞ്ചിയാലും മറ്റു ദിവസങ്ങളിൽ അമ്മയുണ്ടാക്കാത്ത ആ അപ്പം....

പെസഹാപ്പത്തിനൊപ്പം അമ്മയുണ്ടാക്കുന്ന പാനിയുടെ മധുരം നാവിൽ കിനിയുന്ന ഓർമ്മയിൽ മിനി നാക്കൊന്ന് നൊട്ടി നുണഞ്ഞു. ശർക്കര നീരിൽ അരിപ്പൊടി കുറുക്കി തേങ്ങാപ്പാലും ഏലക്കാപൊടിയും ചേർത്ത പാനി വെറുതെ കുടിക്കാനും കൊച്ചുമിനിക്ക് ഇഷ്ടമായിരുന്നല്ലോ.

വർഷങ്ങളായി പെസഹാപ്പം ഉണ്ടാക്കിയിട്ട്... കഴിച്ചിട്ടും...  ഇന്നു കുറച്ചുണ്ടാക്കണം. റോളിക്കും കൊടുക്കാം. റോളിയെ ഫോൺ ചെയ്തു.

"അപ്പം ണ്ടാക്കാൻ മെനക്കെടേണ്ട ട്ടോ... ഞാൻ ണ്ടാക്കി തരാം... " 

"ആവൂ, ചേച്ചീ, ഉമ്മ... ഉമ്മ... " ആശ്വാസനിശ്വാസത്തോടെ റോളി ചിരിച്ചു.

 അമ്മരുചി ഓർമ്മയിൽ നിന്ന് മുങ്ങാംകുഴിയിട്ടെടുക്കാൻ ഒരു ശ്രമം നടത്തി വിഫലമായെങ്കിലും   മിനി  അരിയും ഉഴുന്നും വെള്ളത്തിലിട്ടു. നാട്ടിലെപ്പോലെ അരയ്ക്കാൻ അമ്മിയുണ്ടായിരുന്നെങ്കിൽ എന്ന് ഗൃഹാതുരപ്പെട്ടാണ് വെളുത്തുള്ളി തൊലി പൊളിച്ചത്. പിന്നെ അരിയും ഉഴുന്നും തേങ്ങയും വെളുത്തുള്ളിയും ഉപ്പും ചേർത്ത് നന്നായി അരച്ച്,  അപ്പച്ചെമ്പിൽ വേവിക്കാൻ വെക്കുമ്പോഴും ഓർമ്മകൾ നാട്ടിലെ തറവാട്ടിൽ ചുറ്റിപ്പറ്റിത്തന്നെ നിന്നു.

വർഷങ്ങൾ എത്രയായി അമ്മയുണ്ടാക്കുന്ന ആ അപ്പം തനിക്കു നഷ്ടമായിട്ട്...! വിവാഹം കഴിച്ച് നാടുവിട്ടതോടെ പെസഹാപ്പം മാത്രമല്ല അമ്മരുചികൾ എല്ലാം തന്നെ നഷ്ടമായി... കാലപ്രവാഹത്തിൽ അമ്മയെയും...



























1 comment:

  1. അകന്നിരിക്കുമ്പോഴും കാലം കഴിയും തോറും എല്ലാ 'അമ്മ രുചികളും നമുക്ക് നഷ്ട്ടപെട്ടുകൊണ്ടിരിക്കും ..

    ReplyDelete

Related Posts Plugin for WordPress, Blogger...