ഒന്നാം ക്ളാസ്സിലെ ആദ്യ ദിനത്തിലേക്ക് അമ്മയുടെ കയ്യും പിടിച്ചു ആശങ്കയോടെ കടന്നുചെന്നത് ഇന്നലെയെന്നോണം ഓർമ്മകളിൽ നിറയുന്നു. അമ്മയുടെ കരവിരുതിൽ വിരിഞ്ഞ വയലറ്റുപൂക്കളും പച്ചഇലകളും കൊണ്ട് മനോഹരമാക്കിയ വെള്ള കോട്ടണ്‍ ഉടുപ്പും ഇട്ട് വലിയ ഗമയിൽ വീട്ടിൽ നിന്നും ഇറങ്ങി.
'ഞാൻ സ്കൂളിൽ ചേരാൻ പോവാ' ന്ന് വഴിയിലെ കാക്കയോടും പൂച്ചയോടും മാത്രമല്ല, കിളികളോടും പൂക്കളോടും വരെ വീമ്പുപറഞ്ഞു... അമ്മയോടും അപ്പച്ചിയോടും അവിടെ കിട്ടാൻ പോകുന്ന പുസ്തകങ്ങളെയും കൂട്ടുകാരെയും പറ്റി ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരുന്നു. ... പക്ഷേ, എന്റെ പ്രതീക്ഷകൾക്കു വിപരീതമായി വിവിധ ശ്രുതികൾ ഇടകലർന്ന കരച്ചിലിന്റെ ഗാനമേളയിലേക്കാണ് കാലെടുത്തു വെച്ചത്. ആ ഗാനമേളയിൽ പങ്കു ചേരണോ വേണ്ടയോ എന്നു ശങ്കയിൽ നിൽക്കുമ്പോൾ ചന്ദനക്കുറിയൊക്കെ ഇട്ട്, മുഖം നിറയെ ചിരിയുമായി വന്ന ഒരു സുന്ദരി കൈയിൽ പിടിച്ചു കൊണ്ടുപോയി മുൻബെഞ്ചിൽ ഇരുത്തി. അടുത്ത്, ഏങ്ങിയേങ്ങി കരഞ്ഞുകൊണ്ടിരുന്ന കുട്ടിയുടെ കവിളിൽ ഒന്നു തലോടി ,'യ്യേ, ചുന്നരിക്കുട്ടി ങ്ങിനെ കരയ്യേ ... ' എന്നു പറഞ്ഞ് വീണ്ടും വാതിൽക്കലേക്കു പോയി.... അതായിരുന്നു പ്രഭാവതി ടീച്ചർ ...!! പേരുപോലെ പ്രഭ പരത്തി കുട്ടികളുടെ പ്രിയ അദ്ധ്യാപികയായി മാറിയ ടീച്ചറിന്റെയും ആദ്യദിനമായിരുന്നു അതെന്നറിയാൻ പിന്നെയും വർഷങ്ങൾ ഒരുപാടു വേണ്ടിവന്നു.... കാലം ഓടിയോടി പോകുന്നതിനിടയിൽ പ്രഭാവതി ടീച്ചറുടെ ഒന്നാം ക്ലാസ്സിലൂടെ ആയിരക്കണക്കിന് കുട്ടികൾ അറിവിന്റെ ലോകത്തേക്ക് കരഞ്ഞുകൊണ്ടു കയറി വരികയും ചിരിച്ചു കൊണ്ടിറങ്ങിപ്പോവുകയും ചെയ്തു.... !
കാലചക്രം കറങ്ങി വന്നപ്പോൾ ,അതേ സ്കൂളിൽ അദ്ധ്യാപികയായി. ആദ്യദിവസത്തെ അസംബ്ളിയിൽ കുട്ടികൾക്കു പുതിയ അദ്ധ്യാപികയെ പ്രഭാവതിടീച്ചർ പരിചയപ്പെടുത്തിയത്, 'വയലറ്റുപൂക്കളും പച്ച ഇലകളും കൊണ്ട് മനോഹരമാക്കിയ വെള്ള കോട്ടണ്‍ ഉടുപ്പും ഇട്ട് അമ്മയുടെ കയ്യിൽ പിടിച്ചു നിന്ന ബാലികയെ'പ്പറ്റി പറഞ്ഞു കൊണ്ടായിരുന്നു.... ആദ്യാക്ഷരം പകർന്നു തന്ന ഗുരുക്കൻമാരോടൊപ്പം അതേ വിദ്യാലയത്തിൽ പഠിപ്പിക്കാൻ കഴിഞ്ഞത് മഹാഭാഗ്യമായി കരുതുന്നു....
തെറ്റുകൾ ചൂണ്ടിക്കാണിച്ച് തിരുത്താൻ വേണ്ടി വഴക്കു പറയുമ്പോഴും സ്നേഹവും കാരുണ്യവും ലോപമില്ലാതെ വിദ്യാർത്ഥികളിലേക്ക് ചൊരിഞ്ഞ എല്ലാ അദ്ധ്യാപകർക്കും മുന്നിൽ നന്ദിയുടെ കൂപ്പുകൈകളുമായി ... !