Sunday, June 19, 2016

അച്ഛൻ - സ്നേഹത്തിന്റെ കുളിരും സുരക്ഷിതത്വത്തിന്റെ തണലും...



എന്നും എപ്പോഴും ഫേസ്ബുക്കിൽ നിറയെ  അമ്മസ്നേഹത്തിന്റെ പോസ്റ്റുകൾ. അതിലൊരു നിഴലായിപ്പോലും തെളിയാത്ത അച്ഛൻ .... അമ്മസ്നേഹത്തിന്  അമ്മിഞ്ഞപ്പാലിന്റെ മണവും നൈർമല്യവുമാണെങ്കിൽ അച്ഛൻസ്നേഹത്തിന് സുരക്ഷിതത്വത്തിന്റെ വജ്രകാഠിന്യവും ഹൃദയത്തിന്റെ ആർദ്രതയുമാണെനിക്കെന്നും.... 

ബാല്യത്തിലെ ഓർമ്മകളിൽ വല്ലപ്പോഴും ജോലിസ്ഥലത്തുനിന്നും വന്നെത്തുന്ന അതിഥിയായിരുന്നു അച്ഛൻ. കൊട്ടാരംഅമ്പലത്തിലെ താലപ്പൊലിക്ക് വെടിക്കെട്ടു കാണാൻ കൊണ്ടുപോകാം എന്ന വാഗ്ദാനം പാലിക്കാൻ ഓടിയെത്തിയതായിരുന്നു അത്തവണ. ഈ വെടിക്കെട്ട്‌ ഞങ്ങളുടെ നാട്ടുകാരുടെ ഒരു ദൗർബല്യമാണ് . അതിൽ ജാതിമതഭേദമില്ല. ആ സമയത്താണ് മറുനാടുകളിൽ ജോലി ചെയ്യുന്നവരും മറ്റും അവധിക്കുവരുന്നതും കൂട്ടുകാരും ബന്ധുക്കളും ഒക്കെയായി ഉത്സവത്തെ ആഘോഷമാക്കിത്തീർക്കുന്നതും .... 

സ്ലേറ്റിൽ ' എനിക്ക് മുണ്ടിനീരും പനിയുമാണ് ' എന്നെഴുതിവച്ച് രാവിലെ മുതൽ അച്ഛനെ കാത്തിരിക്കുകയാണ് , ... സന്ധ്യയായപ്പോൾ ആ കാത്തിരിപ്പ് ഗേറ്റിങ്കലായി ....   അച്ഛൻ ടാക്സിയിൽ വന്നിറങ്ങിയതും കൈയിലിരുന്ന സ്ലേറ്റ് പൊക്കിക്കാണിച്ചു. വാരിയെടുത്തുമ്മ വെച്ച് 'സാരോല്യ, ന്നാലും നമുക്ക് വെടിക്കെട്ടു കാണാൻ പോകാം' എന്നുപറഞ്ഞ് എന്റെ കുഞ്ഞു മനസ്സിനെ തൊട്ടു തലോടി. രാത്രിയിൽ അച്ഛന്റെ കൈയിൽ പിടിച്ചു വെടിക്കെട്ട്‌ കാണാൻ പോയത് അഭിമാനത്തോടെയാണ്. കാരണം, മുണ്ടിനീരും പനിയും ആയതുകൊണ്ട് എന്നെ കൊണ്ടുപോവില്ലെന്ന് കസിൻസ് രാവിലെ മുതൽ എന്നെ വേവലാതിയുടെ കയത്തിലേക്ക് തള്ളിയിട്ടു വേദനിപ്പിച്ചുകൊണ്ടിരുന്നു. ഒപ്പം, വെടിക്കെട്ട്‌ കാണാൻ പോകുമ്പോൾ അവർ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന കളിസമാനങ്ങളുടെ വർണനകളും ഒക്കെ കണ്ണുനീരായി എന്റെ കവിളിലൂടെ ഒഴുകുന്നുണ്ടായിരുന്നു. പക്ഷേ,  അച്ഛൻ അതെല്ലാം ഒറ്റ നിമിഷം കൊണ്ട് ഇല്ലാതാക്കി എനിക്കു തന്ന വാക്കു പാലിച്ചു. പിന്നെയും ഒരുപാട് ഉത്സവങ്ങൾക്ക് അച്ഛൻ കൊണ്ടുപോയിട്ടുണ്ടെങ്കിലും അന്നത്തെ ഉത്സവം ഒരു മഞ്ഞുതുള്ളി പോലെ ഹൃദയത്തിൽ പറ്റിച്ചേർന്നു നിൽക്കുന്നു.

അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ , യൂറിക്ക പരീക്ഷയുടെ സബ് ജില്ല തലത്തിൽ പരീക്ഷയെഴുതാൻ എന്നെയും അനിൽകുമാറിനെയും കൂട്ടി തൃപ്പൂണിത്തുറയ്ക്ക് പോയതാണ് സ്‌കൂൾ ഹെഡ്മിസ്ട്രസ് ആയ ട്രീസ ടീച്ചർ. ബസ് സ്റ്റാൻഡിൽ എന്നെ തനിച്ചാക്കി അനിൽകുമാറിനെയും കൊണ്ട് ടീച്ചർ എങ്ങോട്ടോ പോയി. ഇപ്പോൾ വരാമെന്നു പറഞ്ഞു പോയ ടീച്ചറെയും അനിൽകുമാറിനെയും കാണാതെ , പരിചയമില്ലാത്തിടത്ത് നിൽക്കുമ്പോൾ കരച്ചിൽ വന്നു ഉള്ളിൽ തിക്കുമുട്ടുകയായിരുന്നു. മണിക്കൂറുകളുടെ നിൽപ്പിനൊടുവിൽ അതു വഴി വന്ന ഒരു ബസ്സിൽ ഉണ്ടായിരുന്ന ഞങ്ങളുടെ മലയാളം മാഷ് , ബസ്സിൽ ഇരുന്ന് ഒറ്റയ്ക്ക് നില്ക്കുന്ന എന്നെ കാണുകയും വിളിച്ചു കേറ്റിക്കൊണ്ടു പോരുകയും ചെയ്തു. അന്ന് , കാലിലെ മുറിവ് കാരണം അച്ഛൻ ആശുപത്രിയിലായിരുന്നു. മാഷ്, നേരെ ആശുപത്രിയിലേക്കാണ് എന്നെയും കൊണ്ടു പോയത്.

അവിടെ,തൃപ്പൂണിത്തുറ സ്റ്റാൻഡിൽ എന്നെ വിട്ടിട്ടു പോയ ട്രീസടീച്ചർ .... ' എന്റെ കുഞ്ഞിനെ താ .... ' എന്ന് അവരോടു കയർക്കുന്ന അച്ഛനെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നു അച്ഛന്റെ സഹപാഠിയും സുഹൃത്തും കൂടിയായ ട്രീസ ടീച്ചർ.  'എന്റെ കുഞ്ഞിനെ തന്നാൽ മാത്രം മതി ' എന്ന് വീണ്ടും വീണ്ടും ഗദ്ഗധത്തോടെ പറയുന്നതും കേട്ടാണ് മാഷ് എന്നെയും കൊണ്ട് മുറിക്കകത്തു കയറുന്നത്. കണ്ടപാടെ ചേർത്തു പിടിച്ചു പൊട്ടിക്കരഞ്ഞ അച്ഛനോടൊപ്പം ഞാനും വിമ്മിക്കരഞ്ഞു കൊണ്ടിരുന്നു.

ഒരു സ്‌കൂളിൽ നിന്നും രണ്ടു കുട്ടികളെ പരീക്ഷക്കിരുത്തുകയില്ല. രണ്ടുമൂന്ന് പ്രാവശ്യം പരീക്ഷ എഴുതിച്ചിട്ടും ഒരേപോലെ മാർക്ക് കിട്ടിയതിനാൽ ആരെ തഴയും എന്ന ആശയക്കുഴപ്പത്തിലാണ് രണ്ടു പേരെയും ടീച്ചർ കൊണ്ടു പോയത്.  പിന്നെ, തിരികെ വന്ന് അനിൽക്കുമാറിന് വേണ്ടി എന്നെ ഒഴിവാക്കിയ കാര്യം അച്ഛനോടു പറയുകയായിരുന്നു അവർ . പാവപ്പെട്ട വീട്ടിലെ കുട്ടിയായ അനിൽക്കുമാറിന് അതൊരു സഹായമാകും എന്നൊക്കെ വിശദീകരിക്കാൻ ശ്രമിച്ച ടീച്ചറോട്, " എന്റെ കുഞ്ഞിന്റെ മനസ്സ് വേദനിപ്പിക്കേണ്ടായിരുന്നു, ആദ്യമേ പറഞ്ഞിരുന്നെങ്കിൽ ഞാൻ തന്നെ മോളോട് പറഞ്ഞേനേ .... " ടീച്ചറുടെ ന്യായീകരണങ്ങൾ ചെവിക്കൊള്ളാൻ അച്ഛൻ കൂട്ടാക്കിയില്ല. അതിൽപിന്നീട്, ഒരു മത്സര പരീക്ഷയ്ക്കും അച്ഛൻ എന്നെ അയച്ചിട്ടില്ല.  അനിൽക്കുമാറിന്റെ പഠനച്ചെലവുകൾ അച്ഛൻ ഏറ്റെടുത്തത് , അനിൽക്കുമാറിനോട് എന്റെ കുഞ്ഞുമനസ്സിൽ വിദ്വേഷം ഉണ്ടാകാതിരിക്കാൻ വേണ്ടിക്കൂടിയാണ്. ഇന്നും എന്റെ നല്ലൊരു സുഹൃത്താണ് അനിൽകുമാർ.

ഇങ്ങിനെ  ഓർമ്മകളിൽ നിറയുന്ന ഒരുപാട് സംഭവങ്ങൾ....  എല്ലാത്തിലും നിറയുന്ന അച്ഛന്റെ സ്നേഹവും കരുതലും.... ചിറകിനു ബലം വരുന്നതിനു മുൻപേ കൂടു വിട്ടു പറക്കേണ്ടി വന്ന കിളിക്കുഞ്ഞിനോടുള്ള കരുതൽ എന്നും അച്ഛനുണ്ടായിരുന്നു. ആ അഭാവം നല്കുന്ന ശൂന്യതയിൽ പലപ്പോഴും അന്ധാളിച്ചു നില്ക്കുമ്പോൾ , നിനക്കാവും മോളെയെന്ന് അച്ഛൻ തോളിൽ തട്ടി ധൈര്യം പകരുന്ന തോന്നലാണ് ജീവിത പ്രതിസന്ധികളിൽ തളരാതെ പിടിച്ചു നിർത്തുന്നത് .



Sunday, June 5, 2016

ഒരു പെൺരാത്രിയുടെ കഥ







രാത്രികളുടെ സൗന്ദര്യത്തെക്കുറിച്ച് ആണ്‍സുഹൃത്തുക്കളുടെ വർണനകൾ കേട്ടിരിക്കുമ്പോൾ എന്തുകൊണ്ട് പെണ്ണുങ്ങൾക്ക് രാത്രികൾ അന്യമാകുന്നു എന്നോർത്ത് അസ്വസ്ഥപ്പെടുമായിരുന്നു. പിന്നെ, നമ്മുടെ സമൂഹത്തിന്റെ കൊട്ടിയടക്കപ്പെട്ട വാതിലുകൾക്ക് നേരെ തുറിച്ചു നോക്കി നെടുവീർപ്പിട്ട് അടുത്ത ജന്മത്തിലെങ്കിലും സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ കഴിയുമെന്ന പ്രത്യാശയിൽ ആണ്‍സുഹൃത്തുക്കളോടുള്ള അസൂയയും നിറച്ചിരിക്കും. 

കാലം കടന്നു പോകെ കാനഡയിൽ എത്തിപ്പെട്ടു. എങ്കിലും ആദ്യകാലങ്ങളിൽ, വൈകുന്നേരം  ആറു മണിക്ക് മുന്നേ വീടിന്റെ സുരക്ഷിതത്വത്തിൽ അഭയം തേടുന്ന തനി മലയാളിയായി ജീവിച്ചു. 

ഒഴുക്കിലങ്ങിനെ നീന്തിപ്പോകുന്നതിനിടയിലാണ് ജിമ്മിയെ പരിചയപ്പെടുന്നത്. ആയിരത്തൊന്നു രാവുകൾ പോലെ ജിമ്മി ഒന്നൊന്നായി കഥകളുടെ ഒരു മാല കോർക്കുന്നത് അതിശയത്തോടെ കേട്ടിരുന്നു. ജിമ്മിയുടെ കഥകളിലുടനീളം രാത്രിയുടെ സൗന്ദര്യം നിറഞ്ഞു നിന്നു... ഒരു രാത്രിയെങ്കിലും സ്വന്തമാക്കണം എന്ന ആശ മാനം  മുട്ടോളം എന്റെയുള്ളിൽ  വളരുകയായിരുന്നു...!! 

അങ്ങിനെയിരിക്കെയാണ്‌ , മിസ്സിസ്സാഗ വിമൻസ് ഫോറത്തിൽ നിന്നും വരകളുടെ പെൺരാത്രി എന്ന പ്രോഗ്രാമിലേക്ക് ക്ഷണം കിട്ടുന്നത്. വരയ്ക്കാൻ അറിയില്ലെങ്കിലും ആ ക്ഷണം സ്വീകരിച്ചത് , മിസ്സിസാഗയുടെ തെരുവിൽ അപരിചിതരായ ഒരു കൂട്ടം പെണ്ണുങ്ങൾക്കൊപ്പം ഒരു രാത്രി എന്ന മോഹിപ്പിക്കുന്ന ആശയമായിരുന്നു. 

പല ഭാഷകൾ , പല വർണങ്ങൾ , പല സംസ്കാരങ്ങൾ .... എങ്കിലും തെരുവിൽ നിറഞ്ഞത് സൗഹൃദത്തിന്റെ ചിലമ്പൊലികളായിരുന്നു. ഇഷ്ടമുള്ളതെന്തും വരയ്ക്കാം. ഇഷ്ടം പോലെ തിന്നാം, കുടിക്കാം.... കൂട്ടു കൂടാം. 

രാത്രി 8 മണിയോടെ സെലിബ്രേഷൻ സ്ക്വയറിൽ എത്തിയപ്പോൾ കണ്ടത് , പരസ്പരം പരിചയപ്പെടുന്നവരുടെ തിരക്കാണ്. ആ തിരക്കിൽ അലിയാനുള്ള സങ്കോചത്തോടെ എല്ലാം കണ്ടു കൊണ്ട് ഒരു കോണിൽ ഒതുങ്ങി നിന്നു. അപ്പോഴാണ് വിടർന്ന ചിരിയുമായി ജയ്മി പരിചയപ്പെടാൻ എത്തിയത്. വളരെ പെട്ടന്ന് അപരിചിതത്വത്തിന്റെ മൂടുപടം അഴിഞ്ഞു വീഴുകയും ചിരപരിചിതരെ പോലെ വർത്തമാനത്തിലേക്ക് ഒഴുകിപ്പോകുകയും ചെയ്തു. ജയ്മി, പെൺരാത്രിയിൽ പങ്കെടുക്കുന്നത് ഇത് മൂന്നാം തവണയാണ്. അതിനാൽത്തന്നെ , കുറെ പരിചയക്കാരും ഉണ്ടായിരുന്നു. ഔദ്യോഗികമായ പരിചയപ്പെടലിനു മുന്നേ എല്ലാവരും സുഹൃത്തുക്കളായി മാറുന്ന കാഴ്ചകളായിരുന്നു എങ്ങും... ഇരുപത്തഞ്ചിനും അൻപതിനും ഇടയിൽ പ്രായമുള്ള  പതിനെട്ടു  സ്ത്രീകൾ .... ഒരു രാത്രി സ്വന്തമാക്കാൻ ആഗ്രഹിച്ചു വന്നവർ ... വരകളുടെ പെൺരാത്രിയിൽ എന്നെപ്പോലെ ആദ്യമായി വരുന്നവരും മുൻവർഷങ്ങളിൽ  വന്നവരും ഉണ്ടായിരുന്നു.  

ഔദ്യോഗികമായ പരിചയപ്പെടുത്തലും പരിപാടിയുടെ ഉത്ഘാടനവും വളരെ വേഗം കഴിഞ്ഞു. ഇഷ്ടമുള്ള ചിത്രങ്ങൾ കാൻവാസിൽ ഇഷ്ടമുള്ള പോലെ വരയ്ക്കാം, അല്ലെങ്കിൽ വരയ്ക്കുന്നവരെ സഹായിക്കാം. ആ രാത്രി മുഴുവൻ വരയ്ക്കാനും ആഘോഷിക്കാനും ഉള്ളതാക്കി മാറ്റി എല്ലാവരും.... വരയ്ക്കാൻ പഠിക്കുന്നവർ , അല്ലെങ്കിൽ ആദ്യമായി കാൻവാസും ബ്രഷും കയ്യിലെടുക്കുന്നവർ വരയ്ക്കുന്ന ചിത്രം തന്നെ ഞാനും വരയ്ക്കാൻ ശ്രമിച്ചു. അതായത്, 'മാൽഗുഡി ഡേയ്സ്' എന്ന സിനിമയിൽ അനൂപ്‌ മേനോന്റെ കഥാപാത്രം പറയുന്ന പോലെ രണ്ടു മലകൾ, അതിനു നടുവിലെ സൂര്യൻ, പുഴയിലൂടെ പോകുന്ന വഞ്ചി, കരയിൽ ഒരു തെങ്ങ്, ആകാശത്തിലൂടെ പറക്കുന്ന രണ്ടു കിളികൾ .... ഇതൊക്കെ തന്നെയായിരുന്നു എന്റെയും സൃഷ്ടികൾ....!! 

രാത്രി യാമങ്ങൾ കൊഴിഞ്ഞു വീഴുമ്പോൾ, ആഹ്ലാദത്തിമിർപ്പുകൾ കൂടി വരികയാണ്‌. പരസ്പരം ചിത്രങ്ങൾ നോക്കി പ്രോത്സാഹിപ്പിക്കുകയും ഇടയ്ക്ക് കളിയാക്കലുകളും ഒക്കെയായി കെട്ടഴിഞ്ഞ പട്ടം പോലെ പാറിപ്പറക്കുകയാണ് പെൺകൂട്ടം. കൂട്ടത്തിലുണ്ടായിരുന്ന നല്ല ചിത്രകാരികളായിരുന്നു ഇറാനിൽ നിന്നുള്ള സുബുഹിയും കൊറിയയിൽ നിന്നുള്ള ഗ്ലോറിയയും ആഫ്രിക്കയിൽ നിന്നുള്ള സ്റെഫാനിയും ...  മറ്റുള്ളവരെ സഹായിച്ചും പ്രോത്സാഹിപ്പിച്ചും അവർ എല്ലായിടത്തും ഓടി നടന്നു.  ലഹരി പകരുന്നതായിരുന്നു ആ രാത്രിയുടെ പെൺകൂട്ടായ്മ...!!

കളിയും ചിരിയും ബഹളങ്ങളും ഒക്കെയായി രാത്രി വളരുമ്പോൾ , എന്റെ മനസ്സ് ചിന്തകളുടെ ചിറകിലേറി പറക്കുകയായിരുന്നു. ഇതായിരുന്നോ ഞാൻ ആഗ്രഹിച്ച രാത്രി, അല്ല .... ഒരിക്കലുമല്ല.... ഒരു സുരക്ഷിതത്വത്തിന്റെ നടുവിലെ രാത്രിയല്ല എന്റെ സ്വപ്നത്തിൽ.... എന്റെ നാട്ടിലെ തെരുവിലൂടെ ഭയമില്ലാതെ ഇഷ്ടം പോലെ നടക്കാൻ കഴിയണം. കൂട്ടുകാരോടൊത്ത് കലുങ്കിലിരുന്നു വെടി പറയാനും പൊട്ടിച്ചിരിക്കാനും കഴിയണം. തനിയെയോ കൂട്ടുകാരോടൊപ്പമോ ബീച്ചിലും പാർക്കിലും സിനിമയ്ക്കും പോകാൻ കഴിയണം. ബസ്സിലും ട്രെയിനിലും ഭയമില്ലാതെ യാത്ര ചെയ്യാൻ കഴിയണം. ആക്രമിക്കപ്പെടുമെന്ന ഭയമില്ലാതെ ഒരു പെണ്ണായി ജീവിക്കാൻ കഴിയണം.

പക്ഷേ, കേരളത്തിൽ ജനിച്ചു വളർന്ന എനിക്ക് അതിനു കഴിയുന്നില്ല. ചെറുപ്പം മുതൽ മനസ്സിൽ വേരുപിടിച്ചു പോയ ആ ഭയം , കാനഡയിലോ ലോകത്തിന്റെ ഏതു കോണിലോ ആയാലും വിട്ടു പോകില്ല. എത്രയൊക്കെ ധൈര്യം പറഞ്ഞാലും ആ ഭയം ഈ ജന്മം മുഴുവൻ കൂടെയുണ്ടാവും. അതുപോലെ തന്നെ സംശയത്തിന്റെ നിഴൽക്കണ്ണുകൾ ഓരോ പുരുഷന്റെ നേർക്കും നീളുകയും അറിയാതെ തന്നെ ജാഗ്രത പുലർത്തുകയും ചെയ്യും.








Related Posts Plugin for WordPress, Blogger...