ചാറ്റൽമഴയുടെ അലസതയും തിരക്കുകളില്ലാത്ത ശനിയാഴ്ചയുടെ മടുപ്പുമായി ഇരിക്കുമ്പോഴാണ്, വരിസംഖ്യ അടയ്ക്കുവാനായി ഒരു കോൾ വന്നത്. വിവരങ്ങൾ ശേഖരിച്ചു, പേയ്മെന്റ് എടുക്കുന്നതിനിടയിൽ സൗഹൃദസംഭാഷണത്തിനു തുടക്കമിട്ടു. എന്റെ ഇന്ത്യൻ ചായ്‌വുള്ള ഉച്ഛാരണം കേട്ടിട്ടാവും, അങ്ങേത്തലയ്ക്കൽ ഞാൻ ഇന്ത്യയിലാണോ എന്ന സംശയം ഭാര്യയും ഭർത്താവും കൂടി പങ്കുവെക്കുന്നുണ്ടായിരുന്നു. കാനഡയിൽ എവിടെയാണു ഞാനെന്ന് ഒന്നുകൂടി ചോദിച്ചുറപ്പിച്ചു, ഭർത്താവായ റോബർട്ട്. ടൊറന്റോയിലെ മിസ്സിസ്സാഗയിലാണെന്നു പറഞ്ഞപ്പോൾ ഭാര്യയുടെ സംശയം, അപ്പോൾ ദിവസവും പോയി വരികയാണോ എന്നായിരുന്നു.... !!
എന്റെ മനസിലേക്കോടിയെത്തിയത്, വിശാലമനസ്ക്കന്റെ കൊടകരപുരാണമായിരുന്നു. പൊട്ടിച്ചിരിച്ചു പോയി, അതേ, 110 എക്സ്പ്രസ്സ് ബസ്സിൽ പോയി വരും എന്നു പറഞ്ഞു. "വീട് കൊടകരേല്, കുടി ഫുജൈറേല്, ഡെയിലി പോയിവരും" എന്ന പ്രശസ്തമായ ആ പ്രസ്താവന വീണ്ടും വീണ്ടും ഓർത്തു ചിരിച്ചു. എന്റെ അടുത്തിരുന്ന സഹപ്രവർത്തകനും ഫോണിന്റെ അങ്ങേത്തലയ്‌ക്കലുള്ളവർക്കും എന്റെ ചിരിയുടെ അർത്ഥം മനസിലായതേയില്ല... ! (കൊടകരപുരാണം അറിയാത്തവരോട് എന്തു പറയാൻ... !! )
--------------------------------------------------------------------------------------
കുറച്ചു ദിവസമായി സുബ്ബു വീട്ടിലുണ്ട്. കഴിഞ്ഞ ആഴ്ചയിലെ ഒരു ദിവസം പെഡൽ പൊട്ടിപ്പോയ സൈക്കിൾ നന്നാക്കാൻ കനേഡിയൻ ടയറിൽ കൊടുത്തിരുന്നു. ഇന്നാണ്, അതു റെഡിയായിട്ടുണ്ടെന്നു പറഞ്ഞു വിളിച്ചത്. കേട്ടപാതി സുബ്ബു ഓടി, കനേഡിയൻ ടയറിലേക്ക് .... ഏതാണ്ടു, ഒരു മണിക്കൂറിനു ശേഷം വെറുംകൈയോടെ തിരിച്ചുവന്നു. എന്തുപറ്റിയെന്ന അന്വേഷണം, മറ്റൊരു ചിരിക്കും വകയായി.
കനേഡിയൻ ടയറിൽ ചെന്നപ്പോൾ എല്ലാം ശരിയാക്കിയിട്ടുണ്ടെന്നു പറഞ്ഞു, ബില്ലെടുത്തു സുബ്ബുവിന്റെ കൈയിൽ കൊടുത്തു ആദ്യം. സൈക്കിൾ എവിടെ എന്നു ചോദിച്ചപ്പോൾ കാണിച്ചു കൊടുക്കുകയും ചെയ്തു. പെഡൽ ഒഴികെ എല്ലാം നന്നാക്കിയിട്ടുണ്ടത്രേ. അപേക്ഷാഫോറത്തിൽ 'ഫിക്സ് ദ പെഡൽ' എന്നെഴുതിയത് വായിക്കാൻ ആ സായിപ്പിനു അറിയില്ലായിരുന്നു എന്നതായിരുന്നു കാരണം.
സ്വന്തം ഭാഷ, തെറ്റുകൂടാതെ എഴുതാനും വായിക്കാനും അറിയില്ലെങ്കിലും
നമ്മളെ ഉച്ഛാരണത്തിന്റെ പേരിൽ പരിഹസിക്കുവാൻ വലിയ മിടുക്കാണ്.