Saturday, April 16, 2016

നിഴൽയുദ്ധങ്ങൾ - പോൾ സെബാസ്റ്റ്യൻ




ചെറുപ്പത്തിൽ കോട്ടയം പുഷ്പനാഥ് , ബാറ്റൺ ബോസ് എന്നിവരുടെ കുറ്റാന്വേഷണ നോവലുകൾ മലയാളത്തിൽ വായിച്ചിരുന്നു.  വളർച്ചയുടെ പടവുകളിൽ എവിടെയോ വെച്ച് കുറ്റാന്വേഷണ ത്വര നഷ്ടപ്പെടുകയുണ്ടായി. പിന്നെ ഇടയ്ക്ക് എപ്പോഴെങ്കിലും ഒരു പുസ്തകം കിട്ടിയാൽ വായിച്ചെങ്കിലായി,  അതും ആംഗലേയത്തിൽ ..... 

തൊണ്ടയുടെ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന സമയത്താണ് വായനാക്കൂട്ടം , ബ്ലോഗ്ഗർ മാണിക്യത്തിന്റെ ജന്മദിനം ആഘോഷിക്കാൻ എത്തിയത്. (അതിനെക്കുറിച്ച് പിന്നെ എഴുതാം ) അന്ന് നിർമ്മല ഒരു 'സർപ്രൈസ് ഗിഫ്റ്റ്' എനിക്കായി കരുതിയിരുന്നു. പോകാനായപ്പോഴാണ് ആ ഗിഫ്റ്റ് എനിക്കു തന്നത്. പോൾ സെബാസ്റ്റ്യൻറെ 'നിഴൽയുദ്ധങ്ങൾ' എന്ന കുറ്റാന്വേഷണ നോവൽ...!  സ്നേഹപൂർവ്വം പോൾ ഗൾഫിൽ നിന്നും കൊടുത്തയച്ചത്.... ഈ സ്നേഹത്തിന്, സമ്മാനത്തിന് നന്ദി പ്രിയ സുഹൃത്തേ... 

ദീപ എന്ന വനിതാ ഡിക്റ്ററ്റീവാണ് ഇതിലെ കേന്ദ്ര കഥാപാത്രം. നൂറു പേരുടെ ബുദ്ധിയും ശക്തിയും ജീവനും സ്വന്തമാക്കി അത്രയും പേരുടെ ബുദ്ധിയിൽ ചിന്തിക്കാനുള്ള സിദ്ധി സ്വായത്തമാക്കാൻ അതീവബുദ്ധിമാനായ ഒരു ശാസ്ത്രഞ്ജൻ നടത്തുന്ന അപകടകരമായ നീക്കങ്ങളെ മന്ത്രങ്ങളുടെയും മനശാസ്ത്രത്തിന്റെയും പിൻബലത്തിൽ ഒരു പെൺകുട്ടി പരാജയപ്പെടുത്തുന്ന കഥയാണ് പോൾ സെബാസ്റ്റ്യൻ ഈ നോവലിലൂടെ പറയുന്നത്. 

ദീപയ്ക്കുണ്ടായ ഒരു സ്വപ്നദർശനത്തിൽ നിന്നാണ് കഥ തുടങ്ങുന്നത്. പ്രപഞ്ചത്തിന്റെ സുസ്ഥിരമായ നിലനിൽപ്പിന് എന്തോ ഭംഗം വരാൻ പോകുന്നുവെന്നായിരുന്നു  ഗുരുസ്ഥാനീയനായ ഭട്ടതിരിപ്പാട് ആ സ്വപ്നത്തെ വ്യാഖ്യാനിച്ചത്. പ്രപഞ്ചം ആവശ്യപ്പെടുന്നതെന്തോ അതു നടത്തിക്കൊടുക്കണമെന്ന് അദ്ദേഹം ദീപയെ ഉപദേശിച്ചു. ദീപക്ക് അതിനു കഴിയുമെന്ന് ആത്മീയാചാര്യനായ ശാവേലച്ചനും ദീപയെ പ്രോത്സാഹിപ്പിക്കുന്നു. 

മാധ്യമങ്ങളിൽ ലേഖനങ്ങൾ എഴുതാറുള്ള ദീപയെ ചാനലുകൾ ഇടയ്ക്കിടെ ഇന്റർവ്യൂ ചെയ്യാറുണ്ടായിരുന്നു. ന്യൂമൂൺ ചാനലിൽ ഇന്റർവ്യൂവിനു വന്ന ദീപയെ ചാനലിൽ ചേരാനായി എം.ഡി ക്ഷണിക്കുന്നു. ആലോചിക്കട്ടെ എന്നു പറഞ്ഞ് ദീപയത്  നീട്ടി വെക്കുന്നു....  

ഇതിനിടെ നാട്ടിൽ നിന്നും പലരെയും കാണാതാകുന്നു.  അന്വേഷണത്തിന് , പോലീസ് ഡിക്റ്ററ്റീവ് ദീപയുടെ സഹായം തേടുന്നു.... മരിച്ചു പോയവരുടെ ത്രിമാന ചിത്രത്തിൽ നിന്നും അവരുടെ ഭൗതികാവസ്ഥ പുന: സൃഷ്ടിക്കാൻ ദീപയ്ക്കുള്ള കഴിവാണ് പോലീസിനെ അവരിലേക്കെത്തിച്ചത് . 

വാക്വം ബ്രിക്സ് അഥവാ വായു രഹിത അറകളോട് കൂടിയ കട്ടകൾ കണ്ടു പിടിച്ച വേണുഗോപാൽ എന്ന ശാസ്ത്രഞ്ജനെക്കുറിച്ച് കേട്ടറിഞ്ഞ ദീപ ചെന്നൈയിൽ എത്തി അദ്ധേഹത്തെ ഇന്റർവ്യൂ ചെയ്ത് വാക്വം ബ്രിക്സിന്റെ സാധ്യതകൾ മനസിലാക്കുന്നു. ഇതിനിടയിൽ നീരാളി ഗ്രൂപ്പ് എന്ന തീവ്രവാദ സംഘടനയാണ് ആളുകളെ തട്ടിക്കൊണ്ടു പോകുന്നതെന്ന സംശയം പോലീസിനുണ്ടാവുകയും അതിന്റെ നേതാവിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.  

കാണാതായവരിൽ ഒരാളായ മന്ത്രിപത്നിയെ ദീപ, ചെന്നൈയിൽ വെച്ച് കാണുന്നത് അന്വേഷണത്തിന് മറ്റൊരു വഴിത്തിരിവാകുന്നു. അപ്പോഴേക്കും ചില അജ്ഞാതർ തട്ടിക്കൊണ്ടു പോയ ദീപ ഭൂമിക്കടിയിലെ കൊട്ടാരത്തിൽ എത്തിപ്പെടുന്നു. മൂവിംഗ് വാക്വം ബ്രിക്സ് ഉപയോഗിച്ച് നിർമ്മിച്ച ആ കോട്ടയിൽ നിന്നും ശബ്ദമോ വെളിച്ചമോ എക്സറേയോ ചിന്തയോ ഒന്നും പുറത്തേക്കു പോവുകയോ അകത്തേക്ക് വരികയോ ചെയ്യില്ല. മായാദാസൻ എന്ന ഭ്രാന്തൻ ശാസ്ത്രഞ്ജൻറെയാണ് ആ കോട്ട എന്നും ദീപ മനസിലാക്കി. പ്രപഞ്ച മൂലകങ്ങളെ നിയന്ത്രിക്കുന്ന അസാമാന്യശക്തിയെ കീഴ്പ്പെടുത്തുകയാണ് മായാദാസന്റെ ലക്ഷ്യം. ഓരോ പദാർത്ഥമൂലകങ്ങളെയും വേർതിരിച്ചു നിരീക്ഷിക്കാനുള്ള അറകൾ അയാളുടെ കൊട്ടാരത്തിൽ ഉണ്ടായിരുന്നു. ഈ പരീക്ഷണങ്ങളിൽ പങ്കാളിയാക്കാനാണ് ദീപയെ തട്ടിക്കൊണ്ടു വന്നത്. 

ദീപ , മായാദാസന്റെ കോട്ടയിൽ നിന്നും രക്ഷപ്പെടുമോ...? ആളുകളെ കാണാതാവുന്നതിന്റെ പിന്നിൽ ആരാണ്...? ദീപ അവരെ കണ്ടുപിടിക്കുമോ...? നിയമത്തിനു മുന്നിൽ കൊണ്ടു വരുമോ...? അതോ നിഴലുകളോടാണോ ദീപയുടെ യുദ്ധം...? ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്നു പോൾ സെബാസ്റ്റ്യൻറെ ' നിഴൽയുദ്ധങ്ങൾ'... !!

ആഗോളവത്ക്കരണം പ്രതിഭാശാലികളെപ്പോലും സ്വാർത്ഥരാക്കി മാറ്റുന്ന ഇന്നിന്റെ നേർക്കാഴ്ചയും വികസ്വരരാജ്യങ്ങളിലെ വിപണി കയ്യടക്കാൻ ആഗോള സാമ്രാജ്യത്വശക്തികൾ നവമാധ്യമങ്ങൾ ഉപയോഗിച്ചു നടത്തുന്ന അധിനിവേശവും വായനയെ ഉത്ക്കണ്ഠയുടെ മുൾമുനയിൽ നിർത്തുന്നു.... ആത്മജ്ഞാനത്തിന്റെ അടിത്തറയും ശാസ്ത്രത്തിന്റെ പിൻബലവും നോവലിനെ ഉദ്ദ്വേഗജനകമാക്കി തീർക്കുന്നു... കുറ്റാന്വേഷണ നോവൽ എഴുതുമ്പോൾ അവസാനം വരെ സസ്പെൻസ് നിലനിർത്തേണ്ട ജാഗ്രത  എഴുത്തുകാരന് ഉണ്ടായിരിക്കേണ്ടതാണ്. അതിൽ പോൾ വിജയിച്ചിരിക്കുന്നു....

സാധാരണ കുറ്റാന്വേഷണ നോവലുകളിൽ നിന്നും വ്യത്യസ്തമായി ദീപ എന്ന പെൺകുട്ടിയാണ് കുറ്റാന്വേഷകയായി എത്തുന്നത് എന്നതും നിഴൽയുദ്ധങ്ങളുടെ പ്രത്യേകതയാണ്. ആധുനികയുഗത്തിൽ എല്ലാ മേഖലകളിലും എന്നതു പോലെ കുറ്റാന്വേഷണ മേഖലയിലും പെൺകുട്ടികൾ കടന്നു വന്ന്  മാറ്റത്തിന്റെ മാറ്റു കൂട്ടുന്നു.

ഏറെ നാളുകൾക്കു ശേഷം, മലയാള കുറ്റാന്വേഷണ നോവൽ വായനയിലേക്ക് വീണ്ടും എത്താൻ പോൾ സെബാസ്റ്റിൻറെ 'നിഴൽയുദ്ധങ്ങൾ' പ്രേരിപ്പിക്കുന്നുണ്ട്. 

കറന്റ് ബുക്സ് തൃശൂർ പ്രസിദ്ധീകരിച്ച 'നിഴൽയുദ്ധങ്ങൾ' പോളിന്റെ രണ്ടാമത്തെ കുറ്റാന്വേഷണ നോവലാണ്‌. ഇവ കൂടാതെ വേറെയും പല കൃതികളും പോളിന്റെതായിട്ടുണ്ട്.  

ഈ പുസ്തകം താഴെയുള്ള ഓൺലൈൻ സ്റ്റോറുകളിലും ലഭ്യമാണ്.


  • http://www.indulekha.com/nizhalyudhangal-novel-paul-sebastian
  • https://keralabookstore.com/book/Nizhal-Yudhangal/6316/









Monday, October 5, 2015

പാട്ടുപാലത്തിലൂടെ കൽക്കട്ടയിലേക്കൊരു യാത്ര


ശ്രീമതി.മിംലു സെന്നിന്റെ 'ബാവുൾ ജീവിതവും സംഗീതവും' വായിച്ച് കൽക്കത്തയിലേക്ക് , പ്രത്യേകിച്ച് ബാവുൾ സംഗീതമേള നടക്കുന്ന കെന്ദുളിയിലേക്ക് ഒരു യാത്ര പോകണമെന്ന് ആശിച്ചിരുന്നതാണ്. എന്നാൽ അതങ്ങിനെ നീണ്ടു നീണ്ടു പോയ്‌ക്കൊണ്ടിരുന്നു. പിന്നത്തേക്ക് മാറ്റി വെച്ച ആഗ്രഹങ്ങളുടെ പട്ടികയിൽ  സ്ഥാനം പിടിച്ച ആ യാത്രയും ഓർമയിൽ നിന്നും മങ്ങി മങ്ങിപ്പോയിക്കൊണ്ടിരുന്നു. അപ്പോഴാണ് വി.മുസഫർ അഹമ്മദിന്റെ 'ഏക്‌താരയിലെ പാട്ടുപാലങ്ങൾ' എന്ന പുസ്തകവുമായി മുബി വരുന്നത്.   

പാട്ടു പാലത്തിലൂടെ സഞ്ചരിച്ച് ഞാൻ എത്തിച്ചേർന്നത് ആറു വർഷത്തെ കൽക്കട്ട (അന്ന് കൊൽക്കൊത്ത ആയി മാറിയിരുന്നില്ല) ജീവിതത്തിലേക്കാണ്. ജീവിതാനുഭവങ്ങളുടെ ആദ്യ പാഠങ്ങളിലേക്കാണ്. കണ്ണീരും ചിരിയും ഇടചേർന്ന നാളുകളിലേക്കാണ്...

ഓർമകളുടെ പ്രവാഹത്തിന് മഴക്കാലത്തെ ഹൂഗ്ലിയെക്കാൾ വേഗമായിരുന്നു, അടിത്തട്ട് കലങ്ങി മറിഞ്ഞ് , എല്ലാം കൂടെ ഒന്നിച്ച് .... റിക്ഷാ വാലകൾ, പാൽക്കാരൻ, ജോലിക്കാരികൾ, സുഹൃത്തുക്കൾ, ബാബറി മസ്ജിദ് കലാപം, സിനിമാശാലയുടെ മുന്നിലെ കൊലപാതകം, ജീവിതം പിടിച്ചു പറിച്ചു കൊണ്ട് പോയവർ ..... എല്ലാമെല്ലാം .... 

എന്നാൽ, എല്ലാത്തിനും മീതെ തെളിഞ്ഞു വന്നൊരു മുഖമാണ് കമലയുടേത്. ബംഗാളിന്റെ  ഗ്രാമീണ ജീവിതത്തിന്റെ, സംഗീതത്തിന്റെ വഴികളിലൂടെ എന്നെ കൊണ്ടു പോയത് കമലയാണ്. 
കൽക്കട്ടയിലെ   ജീവിതകാലത്ത് വീട്ടുജോലികളിൽ സഹായിക്കാൻ വന്നിരുന്ന കമല തികച്ചും ഒരു ഗ്രാമീണ സ്ത്രീയായിരുന്നു. അവരോടു സംസാരിച്ചാണ് ബംഗാളി സംസാരിക്കാൻ പഠിച്ചത്. കാരണം, കമലക്ക് ഹിന്ദി അറിയില്ലായിരുന്നു. ഒരു ഉൾനാടൻ ഗ്രാമത്തിൽ നിന്നും ഭാഗ്യം തേടി കൽക്കട്ടയിൽ  എത്തിയ കുടുംബത്തിലെ മരുമകളായിരുന്നു കമല.  ഒരു കൌമാരക്കാരി പെണ്‍കുട്ടി എന്നേ അവളെ കണ്ടാൽ തോന്നൂ, എന്നാൽ 9,8,6,3,1  എന്നിങ്ങിനെ പ്രായമുള്ള അഞ്ചു മക്കളുടെ അമ്മയായിരുന്നു അന്നവൾ.... സാരിത്തലപ്പിനാൽ മുഖം മറച്ച്, അരയിൽ നിറയെ താക്കോൽക്കൂട്ടവുമായി , കാലിലെ ചിലമ്പിൽ നിന്നും സംഗീതം പൊഴിച്ചു കൊണ്ട് അവൾ വരുന്നത് കണ്ടാൽ, ഏതോ പെയിന്റിങ്ങിൽ നിന്നും ഇറങ്ങി വരികയാണെന്നേ തോന്നൂ...  അവരുടെ ആദ്യ ജോലിക്കായിട്ടാണ് എന്റെയടുത്ത് എത്തിയത്.  വളരെ മനോഹരമായി പാട്ടുകൾ പാടുമായിരുന്നു കമല. മിക്കതും നാടൻപാട്ടുകൾ....  അവർ പാടിയിരുന്നതിൽ ബാവുൾ ഗാനങ്ങൾ ഉണ്ടായിരുന്നോ എന്നറിയില്ല, വളരെ ഹൃദ്യമായതും കണ്ണു നിറയ്ക്കുന്നതുമൊക്കെയായിരുന്നു. അർത്ഥം അറിയില്ലെങ്കിലും അവർ പാടുന്നത് കേട്ടാൽ തന്നെ ഹൃദയം നിറഞ്ഞ് കണ്ണിലൂടെ പുറത്തേക്ക് തുളുമ്പുമായിരുന്നു.  സിനിമാഗാനങ്ങൾ അല്ലായിരുന്നതിനാൽ അവളുടെ പാട്ടുകൾ ഏതായിരുന്നു എന്നു പറയാൻ കഴിയുന്നില്ല. 

കണ്ണടച്ചിരുന്ന് പാട്ടു   പാടി നമ്മെ കരയിപ്പിക്കുമെങ്കിലും എപ്പോഴും പ്രസന്നവതിയായിരുന്നു കമല. കമല ജോലികൾ ചെയ്യുന്നത് നോക്കി നിൽക്കുമ്പോൾ ഭക്തിപൂർവ്വം പൂജ ചെയ്യുകയാണോ എന്ന് തോന്നിപ്പോകും. ഞാൻ ഇങ്ങിനെ ബംഗാളിയും ഹിന്ദിയും കലർത്തി  സംസാരിക്കുമ്പോൾ ചിരിച്ചു കൊണ്ട് തെറ്റു തിരുത്തിത്തരുന്ന ക്ഷമയുള്ള അധ്യാപികയായി മാറും അവൾ. 

എന്നെ ബംഗാളി പാചകം പഠിപ്പിച്ചതും കമലയാണ്. ഉരുളക്കിഴങ്ങ് ചേർത്ത് വെച്ച മീൻ കറിയോട് കേരളത്തിൽ നിന്നു ചെന്ന എനിക്ക് ഒരുമാതിരി യ്യേ ... എന്ന മനോഭാവമായിരുന്നു. പക്ഷേ, കമല അതുണ്ടാക്കി തന്നപ്പോഴാണ്‌ രുചിയുടെ മായാലോകം തീർക്കാൻ ഉരുളക്കിഴങ്ങിനും കഴിയുമെന്ന് തിരിച്ചറിയുന്നത്‌. കഷണങ്ങളാക്കിയ റൂയ് മാചറും ഉരുളക്കിഴങ്ങും  ഉപ്പും മഞ്ഞളും പുരട്ടി  വെച്ച് കടുകെണ്ണയിൽ പാതി വറുത്തെടുത്തു, അതേ എണ്ണയിലേക്ക് ജീരകം പൊട്ടിച്ച് കല്ലിൽ വെച്ച് അരച്ചെടുത്ത ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് പേസ്റ്റ് വഴറ്റി  അരിഞ്ഞു വെച്ച തക്കാളിയും ഉള്ളിയും ചേർത്തു വീണ്ടും വഴറ്റി മഞ്ഞൾപ്പൊടിയും മുളകുപൊടിയും ജീരകപ്പൊടിയും ചേർത്ത് നന്നായി വീണ്ടും വീണ്ടും വഴറ്റിയെടുത്ത് പാകത്തിന് വെള്ളവും ഉപ്പും ചേർത്ത് തിളക്കുമ്പോൾ വറുത്തു വെച്ചിരിക്കുന്ന ഉരുളക്കിഴങ്ങും മീനും ചേർത്ത് അടച്ചു വെച്ച് ചെറുതീയിൽ പാകപ്പെടുത്തിയെടുക്കുന്നതിന്റെ രുചിയോർത്ത് ഇപ്പോഴും നാവിലെ രസമുകുളങ്ങൾ തരിക്കുന്നുണ്ട്.....   

ഞാൻ ഗർഭിണിയായിരുന്ന കാലത്തായിരുന്നു കമലയുടെ സ്നേഹവും ആത്മാർത്ഥതയും ഹൃദയത്തെ തൊട്ടു വിളിച്ചത്. എന്നും എന്തെങ്കിലുമൊക്കെ എനിക്കായി കൊണ്ടു വരും അവൾ. ഒന്നുമില്ലെങ്കിലും ഒരു കുഞ്ഞു പൂവെങ്കിലും വഴിയിൽ നിന്നും പറിച്ചു കൊണ്ടു വരും. വൈകുന്നേരങ്ങളിൽ നിർബന്ധിച്ചു നടക്കാൻ കൊണ്ടു പോകും. പാർക്കിലെ കുഞ്ഞുങ്ങളുടെ കളിയും ബഹളവും ഒക്കെ കണ്ട് പതിയെ ഞങ്ങൾ മടങ്ങും. അവളുടെ ഗ്രാമീണ ബംഗാളി എനിക്ക് മനസിലാകുന്നില്ല എന്നതൊന്നും കമലക്ക് ഒരു പ്രശ്നമേ ആയിരുന്നില്ല. നല്ലൊരു ശ്രോതാവിനെ കിട്ടിയ സന്തോഷമാണോ എന്തോ അവൾ ഒരുപാട് സംസാരിച്ചിരുന്നു അന്നൊക്കെ.... 

പ്രസവത്തിനായി അമ്മയുടെ അടുക്കലേക്ക് പോയ ഞാൻ അമ്മയുടെയും അമ്മായിയമ്മയുടേയും പരിചരണങ്ങളൊക്കെ കഴിഞ്ഞു തിരിച്ചു വരുമ്പോഴേക്കും അഞ്ചെട്ടു മാസങ്ങൾ കഴിഞ്ഞിരുന്നു. വന്ന ഉടനെ കമലയെയാണ് അന്വേഷിച്ചത്. 

പതിവു പോലെ ചിരിച്ചു കൊണ്ട് കേറിവന്ന കമലക്ക് പക്ഷേ പറയാനുണ്ടായിരുന്നത്, ഒരുപാട് സങ്കടങ്ങളായിരുന്നു. അവളുടെ ഒമ്പതു വയസുകാരി മൂത്ത മകൾക്ക് കല്യാണാലോചന വന്നതും അതിനു സമ്മതിക്കാതെ ആ കുട്ടി വീടു വിട്ടോടിപ്പോയതും ഒക്കെ പറയുമ്പോൾ കമലയുടെ സ്വരത്തിൽ സങ്കടമില്ലായിരുന്നു. എന്നാൽ , മൂത്ത മകൾക്ക് പകരം എട്ടു വയസുകാരിയായ രണ്ടാമത്തവളെയായാലും മതിയെന്ന ചെക്കൻ വീട്ടുകാരുടെ നിർബന്ധത്തിന് ഭർത്താവും അച്ഛനും സമ്മതിച്ചത് പറയുമ്പോൾ അവൾ, വിങ്ങിപ്പൊട്ടുകയായിരുന്നു. 

മക്കൾക്ക് പഠിക്കാൻ കഴിയും എന്നതായിരുന്നു കൽക്കത്തക്ക് വരുമ്പോൾ കമലയുടെയും ഭർത്താവിന്റെയും സ്വപ്നം. എന്നാൽ, അച്ഛന്റെ വരുതിയിൽ നിന്നും പുറത്തു കടക്കാൻ ഭർത്താവിന് ഇനിയും കഴിഞ്ഞിട്ടില്ലെന്നതാണ് സത്യം എന്നു പറഞ്ഞ് കമല, സാരിത്തലപ്പിനാൽ കണ്ണു തുടച്ചു. 

ഒക്ടോബർ 2 - ലെ മാധ്യമത്തിൽ പ്രസിദ്ധീകരിച്ചത്.




Related Posts Plugin for WordPress, Blogger...