Sunday, April 16, 2017

വേലിക്കെട്ടിനപ്പുറത്തേക്ക് നീളുന്ന വിഷുവാഘോഷങ്ങൾ

 ഗൾഫ് ഫോക്കസ് - ഏപ്രിൽ 2017ൽ പ്രസിദ്ധീകരിച്ചത് 


വിഷുവും ഗൃഹാതുരതയിൽ നിറയുന്ന ബാല്യകാലയോർമ്മകൾതന്നെയാണ് എനിക്ക്. വേലിക്കെട്ടിനപ്പുറത്തേക്ക് നീളുന്ന സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും മധുരം നിറയ്ക്കുന്ന ഓർമ്മകൾ.... ! പട്ടുപാവാടയിൽ നിറയുന്ന ചിത്രശലഭങ്ങളുടെ ഓർമ്മകൾ ...! കൂട്ടുകൂടി പൊട്ടിച്ചിരിക്കുന്ന നിഷ്കളങ്കതയുടെ ഓർമ്മകൾ ...! 

തെക്കേലെ ബാലൻമാമൻ രണ്ടു ദിവസം മുന്നേ വാങ്ങിവരുന്ന പടക്കങ്ങളിൽ തുടങ്ങുന്നു ഞങ്ങളുടെ വിഷു. ഗീത ചേച്ചിയോടും സന്തോഷ്‌ചേട്ടനോടുമൊപ്പം ഞാനും അനിയന്മാരും കിഴക്കേതിലെ നാസറും സലീമിക്കായും സോഫിയും  പിന്നെ റീന, ജില്ലൻ, ജിസി, നൗഷാദ് അങ്ങിനെ കുട്ടിപ്പട്ടാളത്തിന്റെ ഒരു നീണ്ട നിരതന്നെയുണ്ടാവും പടക്കം പൊട്ടിക്കാൻ....  

വിഷുത്തലേന്ന്, എല്ലാ വീട്ടിലും വൃത്തിയാക്കലും പറമ്പൊക്കെ അടിച്ചുവാരിക്കൂട്ടി തീയിടലുമൊക്കെയായി മുതിർന്നവർ തിരക്കിലാകും. അതിനിടയ്ക്ക് വേലിക്കൽ നിന്നുള്ള കുശലംപറച്ചിലും എന്നത്തേയുംപോലെതന്നെയുണ്ടാവും.  ബാലൻമാമന്റെ വീട്ടിൽ കണി വെക്കാനുള്ള കൊന്നപ്പൂ വിടരുന്നത് കിഴക്കേലെ മൂസാക്കാന്റെ വീട്ടിലാണ്. ഞങ്ങൾ കുട്ടികൾ എല്ലാരും കൂടിയാണ് ആ കൊന്നപ്പൂക്കളെ ശ്രദ്ധയോടെ പറിക്കുന്നതും  താഴെ വീഴാതെ സൂക്ഷിച്ച് ബാലൻമാമന്റെ വീട്ടിലെത്തിക്കുന്നതും..... മാങ്ങയും ചക്കയുമെല്ലാം ഞങ്ങളുടെ പറമ്പിൽ നിന്നും പറിക്കും. ചിലപ്പോഴൊക്കെ കൈതച്ചക്ക അഥവാ പൈനാപ്പിളും ഉണ്ടാവും.... 

രാത്രി മുഴുവൻ ഉറങ്ങാതിരുന്നു പടക്കം പൊട്ടിക്കുന്ന കുട്ടികൾക്ക് കൂട്ടായി നാട്ടുവിശേഷങ്ങളുമായി അച്ഛനമ്മമാരും ഉണ്ടാവും. ഇടയ്ക്ക് ഉറങ്ങിപ്പോയാലും രാവിലെ കണി കാണാൻ കൊണ്ടുപോകാൻ ഗീതചേച്ചിയോ സന്തോഷ്‌ചേട്ടനോ വരും. ആരാണാദ്യം കണി കാണുക എന്നായിരുന്നു അന്നത്തെ ഞങ്ങളുടെ മത്സരം. അതിനായിട്ടാണ് രാത്രി ഉറക്കമൊഴിച്ചിരിക്കുന്നത്‌.  

കണി കാണുന്നത് , ബാലൻമാമന്റെ വീട്ടിലാണെങ്കിലും ഉച്ചയ്ക്ക് സദ്യ നന്ദിനിയുടെ വീട്ടിലാണ്. കുറെ വർഷങ്ങളായുള്ള പതിവങ്ങനെയാണ്. അപ്പൂപ്പന്റെ കാലത്തുമുതലുള്ള ശീലമാണത്. അന്നൊരിക്കൽ പള്ളിയിൽ പോയി തിരിച്ചു വന്ന അപ്പൂപ്പൻ വിശന്നു തളർന്നിരുന്നു. തറവാടുവരെ നടക്കാനുള്ള ശേഷിപോലും ഇല്ലായിരുന്നുത്രേ. കടവിലെ ഞങ്ങളുടെ വീട് അന്നുണ്ടായിരുന്നില്ല. കടവിൽതന്നെയുള്ള പ്രഭാകരന്റെ ചായക്കടയും വിഷു കാരണം അന്നു തുറന്നിരുന്നില്ല. അതിനടുത്തുതന്നെയായിരുന്നു നന്ദിനിയുടെ വീടും... അന്ന്, നന്ദിനിയുടെ അച്ഛൻ , അപ്പൂപ്പന്റെ വഞ്ചിക്കാരനായിരുന്നു. അവരുടെ വീട്ടിലേക്കുചെന്ന അപ്പൂപ്പൻ വിശക്കുന്നുവെന്ന് പറഞ്ഞു. അവർ ഉടനെ ഉണ്ടായിരുന്നതെല്ലാം കൂട്ടി അപ്പൂപ്പന് ഊണു കൊടുത്തു. അന്ന്, അപ്പൂപ്പൻ പറഞ്ഞുത്രേ, എല്ലാ വിഷുവിനും ഉണ്ണാൻ വരുമെന്ന് ....! വെറുതെ പറഞ്ഞതാവും എന്നു കരുതി കാര്യമാക്കാതെ വിട്ടു നന്ദിനിയുടെ വീട്ടുകാർ. എന്നാൽ, അടുത്ത വർഷം അപ്പൂപ്പൻ ഉണ്ണാൻ ചെന്നപ്പോഴാണ് അവർ അന്തംവിട്ടുപോയതെന്ന് ലക്ഷിയമ്മ എപ്പോഴും പറയും. 

അപ്പൂപ്പന്റെ മരണശേഷമാണ് കടവിൽ വീടു വെക്കുന്നതും അമ്മൂമ്മയും മക്കളും അങ്ങോട്ടു താമസം മാറ്റുന്നതും.... ലക്ഷ്മിയമ്മയായിരുന്നു അമ്മൂമ്മയുടെ സഹായി. കാലം കടന്നുപോകെ, മക്കളായ ഓമനയും നന്ദിനിയും വീട്ടിലെ സഹായികളായി മാറി. അപ്പോഴും അപ്പൂപ്പൻ തുടങ്ങിവെച്ച വിഷുഊണ് മുടക്കിയിരുന്നില്ല. ഇപ്പോഴും വിഷുവിന്റെ ഊണ് നന്ദിനിയുടെ വീട്ടിൽത്തന്നെ.... 

വിഷുക്കാലം ഞങ്ങളുടെ നാട്ടിൽ കാപ്പ് (കെട്ട്, ചാല് എന്നൊക്കെ ചിലയിടങ്ങളിൽ പറയും ) കലക്കുന്ന സമയം കൂടിയാണ്. കൃഷിക്കു ശേഷം വയലുകളിൽ മീനും ചെമ്മീനുമൊക്കെ വളർത്തും. അവ ഇടയ്ക്കിടെ പിടിക്കുകയും വില്ക്കുകയും ചെയ്യും. കാപ്പുകലക്കൽ എന്നത്, പണിക്കാർക്കായി കാപ്പ് വിട്ടുകൊടുക്കുന്നതാണ്. നാട്ടുകാരും ഇതിൽ പങ്കുചേരും. അന്നു കിട്ടുന്നതെല്ലാം പിടിക്കുന്നവർക്കുള്ളതാണ്. കാപ്പുകലക്കൽ കഴിഞ്ഞാൽപ്പിന്നെ, അടുത്ത കൃഷിക്കുള്ള ഒരുക്കങ്ങളാണ്. ഇപ്പോൾ കൃഷിയില്ലെങ്കിലും കാപ്പ് ഉണ്ട്. കാപ്പുകലക്കൽ ഒരുത്സവംപോലെയാണ് ഞങ്ങളുടെ നാട്ടിൽ.... 

പ്രവാസജീവിതത്തിൽ എനിക്കു നഷ്ടപ്പെടുന്നത്, കണിക്കൊന്നയുടെ മഞ്ഞൾപ്രസാദംമാത്രമല്ല, ബാലൻമാമന്റെ വീട്ടിലെ വിഷുക്കണിയും മൈഥിലിമാമി തരുന്ന വിഷുക്കട്ടയുടെ മാധുര്യവും നന്ദിനിയുടെ വീട്ടിലെ ഊണിന്റെ സ്നേഹവും അയൽവക്കസാഹോദര്യത്തിന്റെ നൈർമല്യവും  എല്ലാമെല്ലാമാണ്. 

     
കാനഡയിലെ ഫ്ലാറ്റിലിരുന്ന്, വ്യർത്ഥമെന്നറിഞ്ഞും ഞാനെന്റെ ബാല്യത്തിലേക്ക് തിരിച്ചുപോകാൻ കൊതിക്കുന്നു. ഒരുമയുടെയും സഹവർത്തിത്വത്തിന്റെയും നല്ലനാളുകൾ ഇനിയുമുണ്ടാകും എന്ന പ്രതീക്ഷയോടെ .... 

എന്നുവെച്ച് കാനഡയിൽ വിഷു ഇല്ലാന്നല്ല കേട്ടോ... ഇവിടെ വിഷുവാഘോഷിക്കാൻ ആഴ്ചയവസാനമാകാൻ കാത്തിരിക്കണം. അതു ചിലപ്പോൾ വിഷുവിന് മുൻപേയും ആകും. ഗ്രേറ്റർ റ്റൊറന്റോ ഏരിയയിലെ ഒരു ഭാഗംമാത്രമായ ഞങ്ങളുടെ മിസ്സിസാഗയിൽപോലും ഒരുപാടു മലയാളിസംഘടനകളുണ്ട്. എല്ലായിടത്തും ഓടിനടന്ന് സദ്യ കഴിക്കേണ്ടത് ഒരേ ആളുകൾതന്നെയല്ലേ.... അപ്പോൾ പലപലദിവസങ്ങളിലായി വിഷുവാഘോഷിക്കും ഞങ്ങൾ. പ്രധാനമായും സദ്യയാണ്. പിന്നെ, കുട്ടികളുടെ കലാപരിപാടികളും... ഞങ്ങളെപ്പോലെത്തന്നെ കുട്ടികളും ഓടിയോടിവിഷമിക്കും, എല്ലായിടത്തും പരിപാടി നടത്തേണ്ടതും ഒരേ കുട്ടികൾതന്നെയാണല്ലോ...  ! മിസ്സിസ്സാഗയിൽ മാത്രമല്ല ട്ടോ, അടുത്തുള്ള മറ്റു നഗരങ്ങളിലും ഇതൊക്കെത്തന്നെയാണവസ്ഥ... അങ്ങോട്ടുമിങ്ങോട്ടും ഓടിയോടി, സദ്യ കഴിച്ചുകഴിച്ചു മലയാളികൾ ക്ഷീണിക്കും.... 

ഇങ്ങനെയൊക്കെയാണെങ്കിലും വിഷുവും ഓണവുമൊക്കെ എന്നും ഗൃഹാതുരതയുടെ നാളുകളാണ്. അലമാരിയുടെ അടിത്തട്ടിൽ മാറ്റിവെച്ചിരിക്കുന്ന സെറ്റുസാരി, മുണ്ടും ഷർട്ടും പട്ടുപാവാട തുടങ്ങിയവ പുറത്തെടുക്കാൻ കിട്ടുന്ന അവസരങ്ങൾകൂടിയാണിത്. അവ നഷ്ടപ്പെടുത്താതിരിക്കാൻ പരമാവധി ശ്രമിക്കാറുണ്ട്, ഞങ്ങൾ കാനഡമലയാളികൾ... ! പേപ്പറിലയിലെ സദ്യയും പേപ്പർകപ്പിലെ പായസവും കഴിച്ച് നാട്ടിലെ വിഷുഓർമ്മകളിൽ മുങ്ങിത്താഴും. പിന്നെയോ, അറുപതുകളിലെയും എഴുപതുകളിലെയും കുടിയേറ്റക്കാരായ മലയാളികൾ പറയുന്നതുകേട്ട്,   ഇതെങ്കിലും കിട്ടുന്നല്ലോ എന്നാശ്വസിക്കുകയും ചെയ്യും. അന്നൊക്കെ വാഴയിലയിലെ സദ്യയൊന്നും സ്വപ്നത്തിൽപോലും ഇല്ലായിരുന്നെന്നും  ഒരുപിടി കുത്തരിച്ചോറ് കിട്ടിയെങ്കിൽ എന്നു കൊതിച്ചിട്ടുണ്ടെന്നും പഴയ തലമുറയിലെ ആളുകൾ  പറയുന്നു.


എവിടെയെങ്കിലും ആരെങ്കിലും മലയാളം പറയുന്നതു കേട്ടാൽ, ഓടിച്ചെന്ന് കൂട്ടുകൂടുന്ന ഒരു തലമുറയും മലയാളം കേട്ടാൽ അവിടെനിന്നും മാറിപ്പോകുന്ന തലമുറയും ഇവിടെയുണ്ടായിരുന്നുവത്രെ. അതുകഴിഞ്ഞ് എവിടെത്തിരിഞ്ഞാലും മലയാളിയെ കാണുന്ന, കേൾക്കുന്ന തലമുറയായി ഇപ്പോൾ... മലയാളിസംഘടനകളും മലയാളിഹോട്ടലുകളും കടകളുമൊക്കെ ധാരാളമായി. എന്നിട്ടും കണക്കെടുപ്പിൽ ഇങ്ങനെയൊരു ഭാഷയും അതു സംസാരിക്കുന്ന ആളുകളും ഇവിടെയില്ല. തമിഴ്, തെലുങ്ക്, പഞ്ചാബി, ഗുജറാത്തി, ബംഗാളി, ഒറിയ തുടങ്ങിയ ഇതരഭാഷകളും ആളുകളും ഇവിടുത്തെ കണക്കെടുപ്പിലുണ്ട്. എന്നാണാവോ എന്റെ മാതൃഭാഷ 'മലയാളം' ആണെന്നു മലയാളികൾ സമ്മതിക്കുന്നത്  ... !!

വ്യക്തിപരമായി വിഷു, എന്റെ മോളുടെ ജന്മദിനംകൂടിയാണ് ... അതിനാൽ വിഷുവിന് വീട്ടിൽ സദ്യയുണ്ടാക്കുന്ന പതിവുണ്ട്. മോളുടെ ഇഷ്ടാനുസരണം പതിനഞ്ചു കൂട്ടമോ പത്തൊമ്പതു കൂട്ടമോ കറികളും ഒന്നോ രണ്ടോ പായസവുമൊക്കെയായി... അന്നത്തെ മെനു മോളുടെ ഇഷ്ടത്തിനാണ്.... അതിനാൽ, ഒരു ലീവ് വിഷുദിവസത്തിനായി മാറ്റിവെക്കും. വിഷുമാത്രം ആ ദിവസം തന്നെ ആഘോഷിക്കുകയും ചെയ്യും.

ദുഖവെള്ളിയും ഈസ്റ്ററുമൊക്കെ ചേർന്ന  'ലോങ്ങ് വീക്കെൻഡിലാണ് ഇത്തവണ  വിഷു. എല്ലാ പ്രിയ കൂട്ടുകാർക്കും  എന്റെയും കുടുംബത്തിന്റെയും വിഷു ആശംസകൾ... !



വിഷുവാശംസകൾ 




15 comments:

  1. മലയാളി താൻ മലയാളി ആണെന്ന് അംഗീകരിക്കാത്തത് തന്നെയാണ് കാരണം. ഒരു ജില്ലയിൽ ഉള്ളതിൽ അധികം മലയാളികൾ ഉള്ള ബോംബെയിലും കുഞ്ഞൂസ് പറഞ്ഞ അവസ്ഥയാണ്. എന്നാൽ യു എ ഇ ലെ അവസ്ഥ അങ്ങനെയല്ല. ഇവിടത്തെ മലയാളികൾ മലയാളികൾ തന്നെയായി ജീവിക്കുന്നു. തങ്ങളുടെ സ്വത്വത്തെ ഉയർത്തിപ്പിടിക്കുന്നു. അതുകൊണ്ടു തന്നെയാകണം ഞാൻ ജോലി ചെയ്‌യുന്ന ഏജൻസി ബ്രിട്ടീഷ് പെട്രോളിയത്തിനു വേണ്ടി മലയാളത്തിലും ലീഫ് ലെറ്റുകൾ ഇറക്കുന്നത്.

    ReplyDelete
    Replies
    1. യു.എ.ഇയിലെ മലയാളികൾക്ക് അഭിവാദ്യങ്ങൾ... !

      Delete
  2. അതെ ഓണവും വിഷുവും
    ക്രിസ്മസും ഈസ്റ്ററും ഒക്കെ നമുക്ക്
    കൂടി ചേരലുകൾ ആയിരുന്നു.സന്തോഷത്തിന്റെയും
    ഉത്സാഹത്തിന്റെയും കൂടിച്ചേരലുകൾ..
    ഇപ്പൊ എല്ലാത്തിനും അനാവശ്യമായ തർക്കങ്ങളും
    വിശകലനങ്ങളും കൂടി എന്നു തോന്നുന്നു..

    ReplyDelete
    Replies
    1. ഇപ്പോഴെല്ലാം കെട്ടുകാഴ്ചകൾ മാത്രമല്ലേ... ആഘോഷങ്ങൾ മതത്തിന്റെ വേലിക്കെട്ടിനുള്ളിലേക്ക് ചുരുങ്ങുകയും ചെയ്തു.

      Delete
  3. ചേച്ചീ,സുഖമല്ലേ??

    വിഷു വല്ലാത്ത സുഖമുള്ള വൈകാരികോർമ്മയാണിന്ന്.സ്കൂളിൽ പഠിക്കുന്ന കാലത്ത്‌ ഓണാവധി തിമിർത്ത്‌ നടന്ന് ആഘോഷിച്ചിരുന്നെങ്കിലും,വിഷു ആയിരുന്നു ആഘോഷങ്ങളിൽ മുഖ്യം.കാരണം വിഷു കഴിഞ്ഞാലും പിന്നെയും കുറേനാളുകൾ കൂടി സ്ക്കൂളിനു അവധിയാണല്ലോ.മരം കേറിയും,തോട്ടിൽച്ചാടിയും,ക്രിക്കറ്റ്‌ കളിച്ചും,കൈതച്ചക്ക മോഷ്ടിക്കാൻ പോയും സമയം ചെലവാക്കിയിരുന്ന അവധിക്കാലമാണു വിഷുവിനെക്കുറിച്ച്‌ ഓർക്കുമ്പോൾ മനസ്സിൽ വരുന്നത്‌.

    വിഷുവിന്റെ അന്ന് ദേശക്ഷേത്രത്തിൽ കാവടിയുണ്ട്‌.രാവിലെ ഏഴരയാകുമ്പോൾ മറ്റൊരു അമ്പലത്തിൽ നിന്ന് ആരംഭിച്ച്‌ പതിനൊന്ന് മണിയ്ക്ക്‌ വീടിനടുത്ത വിഷ്ണുക്ഷേത്രത്തിൽ എത്തുന്ന കാവടിഘോഷയാത്ര കഴിഞ്ഞിട്ട്‌ ഒറ്റ ഓട്ടമാണു വീട്ടിലേയ്ക്ക്‌.അച്ഛൻ കൂട്ടുകാരുടെ ഒപ്പം മുങ്ങുന്നതിനു മുൻപ്‌ വട്ടം പിടിച്ച്‌ നിന്നാലേ ഉച്ചയ്ക്ക്‌ വിഷുസദ്യയ്ക്കൊപ്പം പായസം ഉണ്ടാക്കാൻ പറ്റൂ.അതൊക്കെ ഇന്നലെ വായിച്ചപ്പോൾ ഓർത്ത്‌ പോയി.ഇക്കഴിഞ്ഞ വിഷുവും അങ്ങനെ തന്നെ ആയിരുന്നു.

    ആശംസകൾ !!!

    ReplyDelete
    Replies
    1. അതെ സുധീ, വിഷു വേനലവധിക്കായതിനാൽ ആഘോഷത്തിമിർപ്പ് കൂടുതലാണ്.വിഷു കഴിഞ്ഞാൽപ്പിന്നെ കുറച്ചു ദിവസത്തേക്ക് പടക്കമുണ്ടാക്കലാണ് ഞങ്ങൾ കുട്ടികളുടെ പ്രധാന പരിപാടി. വിഷുക്കൈനീട്ടം കൊണ്ട് വെടിമരുന്ന് വാങ്ങുക, ചിരട്ടക്കകത്തു നിറച്ച് തിരിയിട്ട് പേപ്പർ കൊണ്ടു പൊതിഞ്ഞ് ബോംബുണ്ടാക്കുമായിരുന്നു. ചിരട്ടക്കകത്തു കളർ കടലാസുകൾ മുറിച്ചിട്ട് ഞങ്ങളുടേതായ അമിട്ടും ഉണ്ടാക്കും.... ഇപ്പോഴത്തെ കുട്ടികളോട് പറയുമ്പോ അവർക്കതിലൊന്നും ഒരു താല്പര്യവുമില്ല. മെയ്യനങ്ങാതിരുന്ന് വീഡിയോ ഗെയിംസിൽ വെടിവെച്ചു കളിക്കാനാണ് അവർക്കിഷ്ടം. ...

      Delete
  4. വളരെ നന്നായി കുഞ്ഞുയൂസ്.
    അതെ , ഞാൻ പലപ്പോഴും ആലോചിക്കും അതിരുകളില്ലാത്ത, വേര്തിരിവുകളും വേലിക്കെട്ടുകളും ഇല്ലാത്ത ഒരു ലോകത്തെപ്പറ്റി... കുഞ്ഞുസ് സുചിപ്പിച്ച പോലെ കഴിഞ്ഞുപോയ ഒരുമയുടെയും പരസ്പര സ്നേഹത്തിന്റെയും തിരിച്ചു വരാത്ത ആ നല്ല നാളുകളെപ്പറ്റി... ഇല്ല, ഇനി ഒരിക്കലും അതുണ്ടാവില്ല.. അത്രത്തോളം മനുഷ്യ മനസ്സുകൾ മലിനമായിക്കഴിഞ്ഞു...
    മറുനാട്ടിലാണെങ്കിലും ഇത്തരം ഓർമ്മക്കുറിപ്പുകൾ വല്ലപ്പോഴുമെങ്കിലും വായിക്കുക ഒരാശ്വാസമാണ് ! ആശംസകൾ!

    ReplyDelete
    Replies
    1. മതത്തിന്റെ ചായം പൂശിയ വേലിക്കെട്ടുകളിലേക്ക് ഒതുങ്ങിപ്പോയ ആഘോഷങ്ങൾ ... ആഘോഷങ്ങൾക്കു മാത്രമല്ല സ്നേഹത്തിന്റെ ആകാശത്തിനും അതിരുകൾ നിശ്ചയിക്കപ്പെട്ടിരിക്കുന്നു ദത്തൻ... ഇനിയൊരു പ്രതീക്ഷയ്ക്കു വകയില്ലാതെ സ്നേഹത്തിന്റെ നിറം നരച്ചു പോയിരിക്കുന്നു...

      Delete
  5. നല്ല ഓർമ്മകുറിപ്പ്..ഞാൻ ഇന്നു ഗൾഫിൽ ഒരു നിറയെ പൂത്ത കൊന്നമരം കണ്ടു..പെട്ടെന്ന് നാട്ടിൽ എത്തിയപോലെ..ആശംസകൾ














    ReplyDelete
    Replies
    1. ഇപ്പൊ നാട്ടിൽ കൊന്നമരം കാണാനില്ല പുനലൂരാനേ.... ഗൾഫിലെങ്കിലും കാണാൻ കഴിഞ്ഞല്ലോ... എന്റെയും ആശംസകൾ ... !

      Delete
  6. വിഷുവിന്റെ നല്ല ഓർമ്മകൾ മാത്രമല്ല
    ആഗോള മലയാളികളുടെ ഗൃഹാതുരതത്തിന്റെ
    സ്മരണകൾ കൂടിയാണിത് ...

    ReplyDelete

  7. "ഓർമ്മകൾക്കെന്ത് സുഗന്ധം .... ആത്മാവിൻ നഷ്ടസുഗന്ധം" ആ വരികൾ ഈ കുറിപ്പിന് ഏറെ യോജിക്കുന്നുവല്ലോ. ഹൃദ്യം ഈ ഓർമ്മക്കുറിപ്പ്.

    കുറെ നാൾക്കു ശേഷം വീണ്ടും ഒന്ന് കാണാൻ വന്നതാ. സുഖമല്ലേ കുഞ്ഞുസ്?

    ReplyDelete
  8. നല്ല വായനാസുഖം പകർന്നുനൽകിയ ഓർമ്മക്കുറിപ്പുകൾ.
    ആശംസകൾ കുഞ്ഞൂസ് മാഡം.

    ReplyDelete
  9. ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മക്കുറിപ്പുകള്‍
    ആശംസകള്‍

    ReplyDelete

Related Posts Plugin for WordPress, Blogger...