Saturday, May 27, 2017

ചിതറിവീണ മുല്ലപ്പൂക്കൾ



2017 മെയ് 28 -ലെ ജനയുഗം വാരാന്തത്തിൽ പ്രസിദ്ധീകരിച്ചത്.  

'അമ്മാ, ഒരൂട്ടം ചോദിക്കട്ടേ .... '

അടുക്കളയിലെ കുഞ്ഞുമേശയിലിരുന്ന് ചൂടുള്ള ദോശ സാമ്പാറിൽ മുക്കി വായിൽ വെക്കുന്നതിനിടയിൽ ചന്തു ചോദിച്ചു 

'ഉം, ന്താ ...?'

'ഇവിടെ ചിക്കൻ ഇരിപ്പുണ്ടോ...?'

'ങേ, ചിക്കനോ... ! അതെന്തിനാണിപ്പോ ചിക്കൻ....? നീ ചിക്കൻ കഴിക്കാൻ തുടങ്ങിയോ...?' 

'അതല്ലമ്മാ...'

'പിന്നെന്താ, നിന്നു കൊഞ്ചാതെ  കാര്യം പറ കൊച്ചേ...'  തവയിലെ ദോശയിലേക്ക് നെയ്യിറ്റിച്ചു കൊണ്ട് താൻ പറഞ്ഞു

'അത് എന്റെയൊരു ഫ്രണ്ടിനെ ഇൻവൈറ്റ് ചെയ്യാനാ.... അവന് ഗ്രിൽഡ് ചിക്കൻ ഇഷ്ടാണെന്ന് പറഞ്ഞു. അപ്പൊ തോന്നിയതാ വീട്ടിലേക്ക് ഇൻവൈറ്റ് ചെയ്യാൻ ...'

'അതെന്താ, അവന്റെ വീട്ടിൽ ചിക്കൻ ഗ്രിൽ ചെയ്യില്ലേ...?'

'അമ്മാ, അവൻ ഓർഫനാ, പാരെന്റ്സ്  മരിച്ചുപോയി... '

അതു പറയുമ്പോൾ ചന്തൂന്റെ മുഖത്ത് സങ്കടം തിങ്ങിവിങ്ങി. പെട്ടന്ന് അവനെ ചേർത്തുപിടിച്ച് നെറ്റിയിൽ ഒരുമ്മ കൊടുത്തു പറഞ്ഞു....

" നാളെത്തന്നെ വിളിക്കൂ , നമുക്ക് ചിക്കൻ ഗ്രിൽ ചെയ്യാം. "

'അമ്മാ, ഒരു കാര്യംകൂടെ ... നാളെ അവൻ വരുമ്പോ അമ്മ പാരന്റ്സിന്റെ കാര്യോന്നും ചോദിക്കരുത് ട്ടാ... '

ചോദ്യഭാവത്തിൽ പുരികമുയർത്തിയപ്പോൾ , ചന്തു പറഞ്ഞു, " അതവന് സങ്കടായല്ലോ... സൊ ചോദിക്കരുത് ,  പ്രോമിസ് മി ... "

'ഇല്ല, ചോയ്ക്കില്ല , പ്രോമിസ്....' ഫ്രീസറിൽനിന്നു ചിക്കൻ എടുത്ത് പുറത്തു വെക്കുന്നതിനിടയിൽ ചന്തുന് വാക്കു കൊടുത്തു. 

'ഞാനും ഹെല്പ് ചെയ്യാം അമ്മാ.... 'കൂട്ടുകാരനെ സത്ക്കരിക്കാനുള്ള ഉത്സാഹം ചന്തുവിലും നിറഞ്ഞു. 

"ചിക്കനും ചപ്പാത്തിയും സലാഡും മതിയാകുമോ...,  വേറെ എന്തെങ്കിലും ...? '

'മതിയമ്മാ ... ' തന്നെ കെട്ടിപ്പിടിച്ച് കവിളിലൊരു മുത്തം തന്ന് ചന്തു സന്തോഷം പ്രകടിപ്പിച്ചു. 

രാത്രിയിൽ ചിക്കൻ കഷണങ്ങൾ മസാല പുരട്ടി മാരിനേറ്റ് ചെയ്തുവെക്കുമ്പോഴും ആ കുട്ടിയുടെ അച്ഛനമ്മമാർക്ക് എന്താവും പറ്റിയിട്ടുണ്ടാവുക എന്നാലോചിച്ചു തല പുകച്ചു. പിന്നെയും ആകാംക്ഷ അടക്കാനാവാതെ ചന്തുവിന്റെ മുറിയിൽ ചെന്നു. 

'അത് മോനെ, ആ കുട്ടിയുടെ പാരന്റ്സ് എങ്ങിനെയാ മരിച്ചത്... ? '

'സിറിയൻ വാറിൽ മരിച്ചുപോയീന്നാ അവൻ പറഞ്ഞെ... നമ്മടെ അമ്മുനെപ്പോലൊരു അനിയത്തിക്കുട്ടീം ഉണ്ടായിരുന്നത്രേ .... ബോംബിങ്ങിൽ അമ്മയും കുഞ്ഞനിയത്തിയും  ചിതറിപ്പോണ കണ്ട് പേടിച്ചു നിന്ന അവന്റെ കൈയും പിടിച്ച് അച്ഛൻ ഓടിയതാ ന്ന് .... എവിടെയൊക്കെയോ തട്ടിമറിഞ്ഞു വീഴുന്നതിനിടയിൽ വെടിയൊച്ച കേട്ടു. ചോരയിൽ കുതിർന്ന് വീഴുമ്പോ ' രക്ഷപ്പെടൂ....' ന്ന് അച്ഛന്റെ അലർച്ചയിൽ വീണ്ടും ഓടിയെന്ന്. പിന്നെ എങ്ങനെയോ രക്ഷപ്പെട്ട് ഇവിടെയെത്തിയെന്നാ അവൻ പറഞ്ഞത്.... "

 എന്റെ മടിയിലേക്ക് തലചായ്ച്ച് , ചന്തു തുടർന്നു,

'പാവം ല്ലേ അമ്മാ.... എനിക്ക് അമ്മയില്ലാതെ ഒരു ദിവസം ഓർക്കാൻപോലും വയ്യാ .... അവൻ എങ്ങിനെയാ കഴിയണതാവോ.... !! 

ചന്തുന്റെ മുടിയിലൂടെ വിരലോടിക്കവേ അതുതന്നെയായിരുന്നു എന്റെ മനസ്സിലും .... !

പിറ്റേന്ന്, സ്‌കൂൾ വിട്ട് ചന്തു വരുമ്പോൾ കൂടെ കൂട്ടുകാരനും ഉണ്ടായിരുന്നു.

'ഇതാണ് ഹയാൻ , എന്റെ ഫ്രണ്ട്.... !' ചന്തുവിന്റെ സ്വരത്തിലെ ആഹ്ലാദം ഹയാന്റെ മുഖത്ത് പൂനിലാവായി പടർന്നു.

ഇതെന്റെ അമ്മയെന്ന് ചന്തു പരിചയപ്പെടുത്തുമ്പോൾ ഭാരതീയ രീതിയിൽ കൈകൂപ്പി ഹയാൻ നമസ്ക്കാരം പറഞ്ഞത് അത്ഭുതമായി. 

' ഞാൻ പഠിപ്പിച്ചതാണമ്മാ.... ഇങ്ങോട്ടു വരുമ്പോ നമ്മൾ എങ്ങിനെയാ വന്ദനം പറയുന്നതെന്ന് ചോദിച്ചു. ഞാൻ കാണിച്ചുകൊടുത്തു. " വിടർന്ന ചിരിയോടെ പറഞ്ഞ് ചന്തു ഹയാന്റെ തോളിൽ തട്ടി.   

'കൈകഴുകിവന്നോളൂ, കഴിച്ചിട്ടാവാം വിശേഷം പറച്ചിൽ.... ' രണ്ടു പേരുടെയും ബാഗുകൾ വാങ്ങുന്നതിനിടയിൽ പറഞ്ഞു. 

ഗ്രിൽഡ് ചിക്കനും ചപ്പാത്തിയും സലാഡും ചന്തൂനുള്ള ദാൽക്കറിയും മേശപ്പുറത്തു നിരത്തുമ്പോഴേക്കും കൈകഴുകി എത്തിയ ഹയാന്റെ കണ്ണുകൾ നിറഞ്ഞുവന്നത് ഞാൻ കാണാതിരിക്കാനാവണം മുഖം താഴ്ത്തിയത്. ഉടനെ വർത്തമാനം സ്‌കൂൾ വിശേഷങ്ങളിലേക്ക് തിരിച്ചു. ഹയാൻ തന്റെ മുറിയിഗ്‌ളീഷിൽ വിശേഷങ്ങൾ പറഞ്ഞുതുടങ്ങി. ഇടയ്ക്കിടെ ഏതോ ഓർമ്മകളിൽ വീണുപോകുമ്പോൾ  അവനെ തിരിച്ചുപിടിക്കാൻ ചന്തു ഓരോ തമാശകൾ പറഞ്ഞു. 

"വളരെ നാളുകൾക്കു ശേഷമാണ് ഇതുപോലെ രുചിയോടെ ഭക്ഷണം കഴിക്കുന്നത് ..." ഹയാൻ പറഞ്ഞത് കേട്ട് ഉള്ളിൽ ഒരുപാട് ചോദ്യങ്ങൾ മുട്ടിത്തിരിഞ്ഞു. പക്ഷേ, ചന്തുനു കൊടുത്ത വാക്കു പാലിക്കാൻ മൗനം പാലിച്ചു. 

'എന്നും ഞാൻ തന്നെ ഉണ്ടാക്കുന്ന നൂഡിൽസും പാസ്തയും.... അല്ലെങ്കിൽ പിസയും ബർഗറും... അമ്മയുണ്ടാക്കിത്തരുന്നത് കഴിക്കാൻ കൊതിയായപ്പോഴാ ഇന്നലെ ചന്തുനോട് പറഞ്ഞത്....  ചന്തുന്റെ അമ്മയെ ഞാനൊന്ന് ഹഗ് ചെയ്തോട്ടെ.... ?" 

ഹയാനെ അണച്ചുപിടിച്ച് നെറ്റിയിലൊരു മുത്തം കൊടുക്കുമ്പോൾ എന്റെ മാത്രമല്ല ഹയാന്റെയും ചന്തൂന്റെയും കണ്ണുകൾ നിറഞ്ഞുതുളുമ്പിയിരുന്നു... !

സോഫയിൽ എന്നോടു ചേർന്നിരുന്ന് ഹയാൻ പറഞ്ഞുതുടങ്ങി.... " പ്രാണനും കൊണ്ടോടുമ്പോൾ എവിടേക്ക് എന്നൊരു ചിന്തയേയില്ലായിരുന്നു. ഏതൊക്കെയോ വഴികളിലൂടെ, സ്ഥലങ്ങളിലൂടെ ഒക്കെ ഓടി.... വഴിയിൽ വണ്ടികൾ കത്തുന്ന മണം.... മാസം കരിയുന്ന മണം..... അപരിചിതരായ ആളുകൾ .... എല്ലാരും ഓട്ടംതന്നെ.... പ്രാണനു വേണ്ടിയുള്ള ഓട്ടം.... പലപ്പോഴും ശവങ്ങളിൽ തട്ടി വീണു... ഭീതിയോടെ പിടഞ്ഞോടി... ചിലപ്പോഴൊക്കെ ഛർദ്ദിച്ച് വഴിയിൽ കുഴഞ്ഞുവീണു... വീണ്ടും എണീറ്റ് ഓടി.... ആൾക്കൂട്ടത്തിനൊപ്പം ഓടിയോടി മരിച്ചു പോകുമെന്ന് തോന്നി.... നെഞ്ചു വന്ന് തൊണ്ടയിൽ മുട്ടി ശ്വാസം കിട്ടാതെ പിടഞ്ഞുവീണു.... പിന്നെ, ബോധം വരുമ്പോൾ ഒരു ടെന്റിനുള്ളിൽ ആയിരുന്നു. മരിച്ചിട്ടില്ലെന്ന് വിശ്വസിക്കാൻ അപ്പോഴും കഴിയുന്നില്ലായിരുന്നു. ..... " 

ഇടയിൽ ഉറക്കത്തിൽനിന്നെണീറ്റുവന്ന അമ്മു, എന്റെ മടിയിൽ കേറിയിരുന്നു.... ഒരുകൈകൊണ്ടവളെ നെഞ്ചോടു ചേർത്തു പൊതിഞ്ഞുപിടിച്ചു. 

അമ്മുവിൻറെ കാലിൽ തലോടി ഹയാൻ തുടർന്നു, ' ഹസ്നയും  ഇതു പോലൊരു സുന്ദരിവാവയായിരുന്നു. ഞാൻ സ്‌കൂളിൽ നിന്നു വരുമ്പോ അമ്മയോടൊപ്പം വീടിന്റെ വാതിൽക്കൽ കാത്തുനില്ക്കും . ഞാനെത്തുമ്പോ ഓടിവന്ന് മേത്തു പിടച്ചുകേറും. ഉമ്മവെക്കും, മാന്തും.... ' ആ നിമിഷങ്ങളിൽ ലയിച്ചെന്നോണം ഒരു നിമിഷം ഹയാൻ നിശ്ശബ്ദനായി. 

'ആ ടെന്റിൽനിന്ന് കാനഡ സർക്കാർ ദത്തെടുത്തതാണ് എന്നെ.... എനിക്ക് പതിനെട്ടു വയസ്സു കഴിഞ്ഞതിനാൽ ഒരു ഒറ്റമുറി ഫ്ലാറ്റിൽ തനിച്ചാണ് താമസം. പഠനം കഴിയുന്നതു വരെയുള്ള എന്റെ ചെലവുകളെല്ലാം കാനഡ സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. പക്ഷേ.... ആരുമില്ലാതെ ഒറ്റക്കിങ്ങനെ... സ്‌കൂളിൽ എനിക്കാകെയുള്ള ഒരു ഫ്രണ്ടാ ചന്തു...." വിതുമ്പുന്ന ഹയാനെ മറുകൈ കൊണ്ട് ചേർത്തു പിടിക്കുമ്പോൾ എതിരിലെ സോഫയിൽ ഇരിക്കുന്ന ചന്തു നിറഞ്ഞൊഴുകുന്ന കണ്ണുകൾ രണ്ടു കൈകൊണ്ടും അമർത്തിത്തുടയ്ക്കുകയായിരുന്നു.

'എനിക്കിപ്പഴും അറിയില്ല, എന്തിനാ ഈ യുദ്ധങ്ങളെന്ന്... എന്നെപ്പോലെ ഒരുപാടു കുട്ടികൾക്ക് വീടും അച്ഛനമ്മമാരും എന്തിന് ജന്മദേശം തന്നെ നഷ്ടപ്പെട്ടു.... ആരുമില്ലാതായി.... രാത്രിയിൽ ഒറ്റയ്ക്ക് കിടക്കുമ്പോ ,  പേടിച്ചു കരയുമ്പോ ചേർത്തുപിടിക്കാൻ , സങ്കടം വരുമ്പോ മടിയിൽ തല വെച്ചു കിടക്കാൻ.... സന്തോഷം വരുമ്പോ കെട്ടിപ്പിടിച്ചുമ്മവെക്കാൻ .... ആരുമില്ലാതായി... അച്ഛനോ അമ്മയോ ആരും...! ' 

'നീ ഇവിടെ താമസിച്ചോ ഹയാൻ... എന്റെ അച്ഛനും അമ്മയും അനിയത്തിയുമെല്ലാം ഇനി നിന്റെയുമാണ്....." ചന്തു അങ്ങിനെ പറഞ്ഞത് ആത്മാർത്ഥമായിത്തന്നെയെന്ന് അവന്റെ മുഖം വെളിപ്പെടുത്തി. 

'പക്ഷേ, എനിക്കങ്ങനെ എവിടെയും താമസിക്കാൻ പറ്റില്ല ചന്തു.... ഒരു രാത്രി പോലും എന്റെ ഫ്ലാറ്റിൽ നിന്നും മാറിനിൽക്കാൻ പറ്റില്ല. അങ്ങനെ സ്ലീപ് ഓവർ ചെയ്യണമെങ്കിൽപ്പോലും മുൻകൂട്ടി അപേക്ഷിച്ച് അനുവാദം വാങ്ങണം. കാനഡ സർക്കാരല്ലേ ഇപ്പൊ എന്റെ അച്ഛനുമമ്മയുമെല്ലാം...." 

ഹയാന്റെ വാക്കുകൾ വേദനയിൽ നേർത്തുവന്ന് ഗദ്ഗദമായപ്പോൾ,  പുറത്ത് ആ വേദന ഏറ്റുവാങ്ങി വിറങ്ങലിച്ചു പോയ  പ്രകൃതിയുടെ കണ്ണുനീർ ഇലത്തുമ്പുകളിൽ ഉറഞ്ഞുനിന്നു .... !!


  

8 comments:

  1. എന്റെയും കണ്ണ് നിറഞ്ഞു

    ReplyDelete
  2. ഹയാനെ പോലെ എനിക്കും മനസ്സിലാകാത്ത കാര്യം ...യുദ്ധം എന്തിനാണെന്ന്?! വാർത്തകളും ഡോക്യുമെന്ററികളും നമ്മുടെ മുന്നിൽ ദിനംപ്രതി നിരത്തി നിർത്തുന്നുണ്ട് ദീനതയുടെ, ആലംബഹീനതയുടെ പ്രതീകങ്ങളായി യുദ്ധം അവശേഷിപ്പിച്ചിട്ടുള്ള ജീവശ്ശവങ്ങളെ! ഒരിക്കൽ കാണാനിടയായി വാർത്തയിൽ ഒരു അഭയാർത്ഥിയെ. മധ്യവയസ്‌കനായ അയാൾ ഫ്രാൻസിൽ ഏതോ ചവ്റ്റ്‌കുട്ടയിൽ നിന്നും ആരുടെയോ ഉച്ചച്ചിഷ്ടമെടുത്ത് പശിയടക്കേണ്ടിവന്ന ഗതികേടിൽ തന്നെ കൊണ്ടെത്തിച്ച യുദ്ധത്തെ പഴിക്കുന്നതിനൊപ്പം തന്റെ സ്വർഗ്ഗതുല്യമായപഴയകാല സമൃദ്ധികളുടെ തിരുശേഷിപ്പായി കൈയ്യിൽ കൊണ്ട് നടക്കുന്ന താൻ നടത്തിയ വിരുന്നുസൽക്കാരത്തിന്റെ ഓർമ്മച്ചിത്രങ്ങൾ ടിവി ചാനൽ ഏജന്റിനെ കാണിച്ചു സങ്കടപ്പെടുകയും ചെയ്യുന്ന ദുഃഖാർദ്രമായ കാഴ്ച്ച. തന്റെ ഉറ്റവരെ നിനച്ചിരിക്കാതെ യുദ്ധമെന്ന സത്വം വിഴുങ്ങിയെന്ന യാഥാർഥ്യം മനസ്സിൽ നട്ടുപിടിപ്പിച്ച ഭീതിയും അനാഥത്വവും ശേഷിച്ചകാലം മുഴുവൻ കൊണ്ടു നടക്കേണ്ടി വരുന്ന എത്രയോ ഹയാന്മാർ ഉണ്ടാകും! ഓർക്കുമ്പോൾ ദുഃഖത്തോടെ അവർക്കായി പ്രാര്ഥിക്കുന്നതിനൊപ്പം ഞാൻ ഈശ്വരനോട് നന്ദിപറയും എനിക്ക് കിട്ടിയ ചെറുതെന്നു മറ്റുള്ളവർക്ക് തോന്നിയേക്കാവുന്ന സുരക്ഷിതത്വത്തിന്. എന്റെ വീടിനും കുടുംബത്തിനും, അതിലെ ഇത്തിരി സന്തോഷങ്ങൾക്കും. ചിലകഷ്ടതകളുടെ നേർക്കാഴ്ചകൾ നമ്മെ പണ്ടത്തേതിൽ നിന്നും കൂടുതൽ വിനയാന്വിതരാക്കും. അനുഗ്രഹിക്കപ്പെട്ടവരുടെ കൂട്ടത്തിൽ നിന്നുകൊണ്ട് ഞാൻ ഹയാനു വേണ്ടി പ്രാർത്ഥിക്കുന്നു. പ്രത്യാശയുടെ മേച്ചിൽപ്പുറങ്ങൾ അവനായി കാലം തീർക്കട്ടെ എന്നു ആശംസിക്കുന്നു. കുഞ്ഞൂസിന് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ആനുകാലികപ്രസക്തിയാർന്ന ഒരു വിഷയം അതിലളിതമായ കഥയുടെ രൂപത്തിൽ ആവിഷ്കരിച്ചിരിക്കുന്നു ഇവിടെ. ഇനിയും ഏറെ രചനകൾ പ്രതീക്ഷിക്കുന്നു ഈ എഴുത്തുകാരിയിൽ നിന്നും

    ReplyDelete
    Replies
    1. അതെ അമ്പിളി, മനസിലാകുന്നേയില്ല, എന്തിനീ യുദ്ധങ്ങളെന്ന്... ! സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ഒരു ലോകത്തിനായി പ്രതീക്ഷിക്കാം ല്ലേ... !!

      Delete
  3. യുദ്ധക്കെടുതിയുടെ ദാരുണചിത്രം ഹയാനിലൂടെ ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചിരിക്കുന്നു.
    ആശംസകള്‍

    ReplyDelete
    Replies
    1. സ്നേഹം തങ്കപ്പൻ ചേട്ടാ...

      Delete
  4. ഒരു യുദ്ധത്തിന്റെ ബാക്കിപത്രമായ
    ദാരുണചിത്രം ഹൃദയത്തിൽ തട്ടും വിധം
    അവതരിപ്പിച്ചിരിക്കുന്നു....

    ReplyDelete

Related Posts Plugin for WordPress, Blogger...