Wednesday, May 31, 2017

ഓർമ്മപ്പുസ്തകത്തിലെ ജൂൺ

ചിലപ്പോൾ ചിണുങ്ങിക്കരഞ്ഞും മറ്റുചിലപ്പോൾ ആർത്തലച്ചു പൊട്ടിക്കരഞ്ഞും പെയ്യുന്ന മഴയോടൊപ്പം ജൂൺ മാസവും ഇങ്ങെത്തുകയായി. കാനഡയിലെ കുട്ടികൾക്ക് വേനലവധി തുടങ്ങുന്നതും  നാട്ടിലെ കുട്ടികൾക്ക് സ്കൂൾ വർഷം തുടങ്ങുന്നതും ഈ ജൂൺ മാസത്തിൽത്തന്നെ....

നാട്ടിലേക്ക് ഫോൺ ചെയ്യുമ്പോൾ കേൾക്കുന്നത് സ്കൂൾ തുറക്കുന്നതിന്റെ വിശേഷങ്ങൾ.... കുട്ടികളും മാതാപിതാക്കളും ഒന്നുപോലെ സന്തോഷത്തെക്കാളേറെ ആശങ്കകളാണ് പങ്കുവെക്കുന്നത്. അവധിക്കാലത്തുത്തന്നെ കുറെയേറെ പാഠഭാഗങ്ങൾ പഠിച്ചുവെച്ചിട്ടുണ്ടെങ്കിലും അടുത്തവർഷവും ഉയർന്ന മാർക്കുതന്നെ കിട്ടുമോ എന്നൊക്കെയുള്ള അച്ഛനമ്മമാരുടെ ആശങ്കകളുടെ ഭാണ്ഡവും പേറിയാണ് കുഞ്ഞുങ്ങൾ സ്കൂളിലേക്ക് പോകാൻ തയ്യാറാവുന്നത്. കൂട്ടുകാരെ കാണുന്നതിന്റെ സന്തോഷത്തോടൊപ്പം അവരിൽ ആരും തന്നെക്കാൾ കൂടുതൽ മാർക്ക് വാങ്ങുകയോ മുന്നിലാവുകയോ ചെയ്യരുതെന്ന സ്വാർത്ഥതാൽപര്യം കൂടെ സ്വകാര്യമായി സൂക്ഷിക്കുന്നുമുണ്ട്.

വിശേഷങ്ങൾ കേട്ടിരിക്കുമ്പോൾ , ഓർമ്മപ്പുസ്തകത്തിന്റെ താളുകളിൽ നിറം മങ്ങാത്ത ചിത്രങ്ങൾ ...!

മെയ്മാസത്തിന്റെ അവസാനത്തിൽ അമ്മവീട്ടിൽനിന്നു മടങ്ങിവരുന്നതോടെയാണ് സ്കൂൾ തുറക്കാറായി എന്ന ചിന്തയിലേക്ക് വരുന്നത്. എല്ലാത്തവണയും രാത്രിയിലാണ് വീട്ടിലെത്തുക. അന്നത്തെ ദിവസം ആകെയൊരു മൂഡോഫായതിനാൽ ഭക്ഷണംപോലും കഴിക്കാതെ നേരത്തെ കിടന്നുറങ്ങും.  

പിറ്റേന്ന് രാവിലെ പുതുതായി തയ്ച്ച യൂണിഫോമുകളുമായി  ജോണ്ചേട്ടൻ വരും . അവധിക്കാലം തുടങ്ങുമ്പോൾത്തന്നെ , യൂണിഫോമുകൾ തയ്ക്കാൻ അമ്മ ജോണ് ചേട്ടനെ ഏൽപ്പിച്ചിട്ടുണ്ടാവും. ഒരു ജോഡി യൂണിഫോം മാത്രം. കാരണം അന്നൊക്കെ എല്ലാ ദിവസവും യൂണിഫോം വേണ്ടായിരുന്നു ഞങ്ങൾക്ക് .... സ്കൂൾ ഇൻസ്പെക്ഷനു എ.ഇ.ഓ. വരുന്ന ദിവസം, പിന്നെ ഓഗസ്റ്റ് പതിനഞ്ച്,  ഒക്ടോബർ രണ്ട് തുടങ്ങിയ വിശേഷദിവസങ്ങളിലൊക്കെ മതിയായിരുന്നു യൂണിഫോം. അതുപോലും വാങ്ങാൻ കെൽപ്പില്ലാത്ത കുട്ടികളായിരുന്നു സ്കൂളിലെ ഭൂരിഭാഗവും. പേരു വെളിപ്പെടുത്താത്ത ഒരു നല്ലമനസ്സ് അവർക്കായി യൂണിഫോം, പുസ്തകം, കുട തുടങ്ങിയവ എല്ലാ വർഷവും സൗജന്യമായി നല്കിയിരുന്നു. ഒരിക്കൽ ആ സൗജന്യത്തിനായി ഞാനും അപേക്ഷ കൊടുത്തതാണ്. അതിന് പ്രധാനാധ്യാപികയുടെ മുറിയിലേക്ക് വിളിക്കപ്പെട്ടു, കുറെയേറെ വഴക്കും പുതിയ ചില അറിവുകളും അന്നു കിട്ടി... 

വൈകുന്നേരമാകുമ്പോൾ മുടിവെട്ടുകാരൻ ജോസപ്പേട്ടൻ വരും, എല്ലാവരുടെയും മുടിയൊക്കെ വെട്ടിക്കളഞ്ഞു നിരപ്പാക്കും. അവധിക്ക് നീട്ടിവളർത്തിയ മുടിയൊക്കെ ക്രോപ്പ് ചെയ്ത് ചെറുതാക്കിക്കളയും.  പിന്നെ, അമ്മ പിടിച്ചിരുത്തി കൈകാലുകളിലെ നഖങ്ങളൊക്കെ വെട്ടിവൃത്തിയാക്കും. ഇതൊക്കെയായിരുന്നു സ്കൂളിൽ പോകുന്നതിനു മുൻപുള്ള  ഞങ്ങളുടെ തയ്യാറെടുപ്പുകൾ.

ഒന്നാംക്ലാസ്സിൽ മാത്രമേ അമ്മ കൂടെ വന്നിട്ടുള്ളൂ. പിന്നെയുള്ള വർഷങ്ങളിലൊക്കെ മുതിർന്ന ക്ലാസ്സിലെ കുട്ടിയായിരുന്നു എന്നും... :) അടുത്തുള്ള ചേച്ചിമാരും ചേട്ടന്മാരുമൊക്കെ കൂട്ടുണ്ടായിരുന്നു. അവരുടെ കൂടെവിടാൻ അമ്മയ്ക്കും മടിയോ പേടിയോ ഇല്ലായിരുന്നു. ആറാംക്ലാസ്സ്‌വരെ അങ്ങനെയായിരുന്നു . ഏഴാംക്ലാസ്സിൽ എത്തിയപ്പോൾ കൂട്ടത്തിലെ സീനിയറാകാനുള്ള അവസരമായി. അപ്പോഴേക്കും ചേച്ചിമാരും ചേട്ടന്മാരുമൊക്കെ ഹൈസ്കൂളിലേക്ക് മാറിക്കഴിഞ്ഞിരുന്നു.

സ്കൂൾ തുറക്കുന്ന ദിവസം രാവിലെ കുളിച്ചൊരുങ്ങി, നല്ല ഉടുപ്പൊക്കെ ഇട്ടാവും പോകുന്നത്. ചിലപ്പോഴൊക്കെ മഴയും ഉത്സാഹത്തോടെ രാവിലെതന്നെ കൂട്ടായി എത്തും. അപ്പോൾ ഒന്നുകൂടെ  സന്തോഷംതന്നെയാണ്. സ്കൂളിലേക്ക് ഒന്നര കിലോമീറ്റർ നടപ്പുണ്ട്. പോകുന്ന വഴിയിൽ നിന്നു പല കൂട്ടുകാരും ഒപ്പംകൂടും. അവധിക്കാലരസങ്ങൾ പങ്കുവെച്ചും മറ്റും ബെല്ലടിക്കുമ്പോഴേക്കും സ്കൂളിൽ എത്തിച്ചേരും. 

അവിടെയും പഠിക്കേണ്ട വിഷയങ്ങളുടെ ഭാരമോ പരീക്ഷയുടെ ഭയമോ ഇല്ലായിരുന്നു. അടുത്ത ക്ലാസ്സിലും കൂട്ടുകാരൊക്കെ ഒപ്പമുണ്ടാകുമോ എന്ന ആകാംക്ഷ മാത്രമായിരുന്നു.... ഹാജർ വിളിച്ച് , പുതിയ ക്ലാസ്സിലേക്ക് വിടുമ്പോൾ പഴയ ക്‌ളാസ്സിലെ ടീച്ചറെ വിട്ടുപോകുന്നതിന്റെ സങ്കടം ടീച്ചർക്കും കുട്ടികൾക്കുമുണ്ടാകും. നല്ല കുട്ടികളായിരിക്കണമെന്നും നന്നായി പഠിക്കണമെന്നും പറയുമ്പോൾ ടീച്ചറുടെ സ്വരമിടറും. ആ സങ്കടവും ഉള്ളിൽപ്പേറി പുതിയ ക്ലാസ്സിലേക്ക് വരിവരിയായിപ്പോകും. അവിടെയും ഒരിക്കൽക്കൂടെ ഹാജർ വിളിക്കും. കുട്ടികൾക്ക് നല്ല പരിചയമുള്ള ടീച്ചർതന്നെയാണ്, എന്നാലും ടീച്ചർ സ്വയം പരിചയപ്പെടുത്തും. പിന്നെ, വാങ്ങേണ്ട പുസ്തകങ്ങളുടെ ലിസ്റ്റ് തരും. അതൊക്കെ എഴുതിയെടുത്തുകഴിഞ്ഞാൽ ഒന്നാംദിവസം തീരുകയായി....

ഓർമ്മപ്പുസ്തകത്തിന്റെ താളുകളിൽനിന്നു ജൂണും മഴയും സ്‌കൂളും കുട്ടിക്കാലത്തിലെ ഓർമ്മകളുമായി തുള്ളിച്ചാടുകയാണ്... ഒരു സ്‌കൂൾക്കുട്ടിയായി കൂടെ ഞാനും ....!  


11 comments:

 1. ഓർമ്മകളിലെ ജൂണിന് പുതുമണ്ണിൽ വീണ മഴയുടെ സുഗന്ധം. യൂണിഫോം, ബാഗ്, കുട, ചോറ്റുപാത്രം ഒക്കെ ഗൃഹാതുരതയുളവാക്കുന്നവയാണ് ല്ലേ. കുഞ്ഞുന്റെ ഈ എഴുത്തു എന്നെ കുറെ പുറകിലേക്ക് കൊണ്ടുപോയി. മൊബൈൽ ഫോണും, ടാബും ഒന്നും തൊട്ടശുദ്ധമാക്കാത്ത നമ്മുടെ നല്ലകാലത്തേയ്ക്കു. കളിവഞ്ചിയും, ഇലപച്ചയും, സ്ലേറ്റും, പെൻസിലും, മുറിച്ചോക്കും ഒക്കെ ധനമായിരുന്ന കളങ്കമില്ലാത്ത ലോകത്തേയ്ക്ക്. ഏറെ ഇഷ്ടമായി കുഞ്ഞു. നന്ദി. കുറച്ചു നല്ല നിമിഷങ്ങൾ ഓർമ്മകൾക്കായി മാറ്റിവയ്ക്കാൻ സഹായിച്ചതിൽ.ഒളി മങ്ങാത്ത ഓർമ്മകളുടെ ആ ചെപ്പ് ഇനിയും തുറക്കണം ഞങ്ങൾക്കായി. വീണ്ടും വരാം. ആശംസകൾ.

  ReplyDelete
  Replies
  1. എന്റെ കുഞ്ഞോർമ്മകൾക്ക് കൂട്ടായി എത്തിയതിൽ സ്നേഹം സഖേ...

   Delete
 2. ബാബു മോനെന്നു പേരുള്ള ഒരു വാനിലായിരുന്നു ഞാന്‍ സ്കൂളില്‍ പോയിരുന്നത്. മഴ പുറത്ത് പെയ്യുന്നത് പോലെ അകത്തും പെയ്യും. വാനിനകത്ത് കുട തുറന്നിരിക്കുന്ന കുസൃതിയെ ഓര്‍മ്മിപ്പിച്ചു ചേച്ചിടെ കുറിപ്പ്...

  ReplyDelete
  Replies
  1. ആഹാ, വാനിലെ മഴയിലായിരുന്നോ യാത്ര? അപ്പൊ മഴവെള്ളത്തിലെ കളി മിസ്സായി ല്ലോ... അതൂടി കാനഡയിലെ മഞ്ഞിൽ കളിച്ചു തീർക്കുന്നു ല്ലേ... :)

   Delete
 3. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്‍റെ ഫലമായി ഇക്കൊല്ലം പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ വര്‍ദ്ധനവുണ്ടായി.കുട്ടികളെ അവിടെത്തന്നെ ചേര്‍ക്കാന്‍ നിര്‍ബന്ധിതരായ രക്ഷിതാക്കളും കണ്ടേക്കാം...
  പഴയപോലെയല്ലാതെ ഇന്നത്തെ ജീവിതസാഹചര്യത്തിനനുസരണമായി വിദ്യാലയങ്ങളില്‍ ഭൌതികസൌകര്യങ്ങളും വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്.
  "ഓർമ്മപ്പുസ്തകത്തിന്റെ താളുകളിൽനിന്നു ജൂണും മഴയും സ്‌കൂളും കുട്ടിക്കാലത്തിലെ ഓർമ്മകളുമായി തുള്ളിച്ചാടുകയാണ്... ഒരു സ്‌കൂൾക്കുട്ടിയായി കൂടെ ഞാനും ....!"
  ഇതൊക്കെ വായിക്കുമ്പോള്‍ വയസ്സനായ എന്നിലേക്കും സ്കൂള്‍ ഓര്‍മ്മകളുടെ തള്ളിക്കയറ്റം....ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം....
  ആശംസകള്‍


  ReplyDelete
  Replies
  1. നമ്മുടെ കുട്ടികളെ പ്രകൃതിയോടൊത്ത് കളിക്കാനും പഠിക്കാനും വിടണം. പൊതുവിദ്യാഭ്യാസം അതിനു മുൻകൈ എടുക്കട്ടേ... തങ്കപ്പേട്ടന്റെ ഓർമ്മകളും തുള്ളിച്ചാടട്ടെ... നന്ദിയോടെ...

   Delete
 4. സ്കൂൾകാല ഓർമ്മകളിലേക്ക് ഒരിക്കലൂടെ പോയിവന്നു . വായിച്ചുതീർന്നപ്പോൾ എന്തോ വല്ലാത്ത ഒരു സങ്കടം. ഓർക്കാനും , ഓമനിക്കാനും ആയി പഴയ ചില ഓർമ്മകൾ. ആശംസകൾ കുഞ്ഞൂസ് മാഡം.

  ReplyDelete
  Replies
  1. ഓർമ്മകൾക്കെന്തു സുഗന്ധം അല്ലേ ഗീതാ, സ്നേഹം ഈ സന്ദർശനത്തിന്...

   Delete
 5. മക്കളുടെ സ്‌കൂളിൽ പോക്ക് വളരെ വ്യത്യാസം. അന്നൊക്കെ ആസ്വദിച്ചു കളിച്ചും ചിരിച്ചും പഠിച്ച കാലം.

  ReplyDelete
  Replies
  1. ഇന്നത്തെ കുട്ടികളെപ്പോലെ പഠനത്തിന്റെ സമ്മർദ്ദമോ സംഘർഷങ്ങളോ ഇല്ലാത്ത കാലമായിരുന്നത്. നന്ദിയും സ്നേഹവും ബിപിൻ ...

   Delete
 6. ജൂൺ ആമോദങ്ങൾ...
  ഓർമ്മപ്പുസ്തകത്തിന്റെ താളുകളിൽനിന്നു
  ജൂണും മഴയും സ്‌കൂളും കുട്ടിക്കാലത്തിലെ ഓർമ്മകളുമായി
  തുള്ളിച്ചാടുകയാണ്... ഒരു സ്‌കൂൾക്കുട്ടിയായി കൂടെ ഞാനും ....!
  എന്റെയും ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷങ്ങൾ നൽകിയത് ജൂൺ മാസം തന്നെയാണ് ...!

  ReplyDelete

Related Posts Plugin for WordPress, Blogger...