Saturday, September 17, 2011

ഇരുളില്‍ തെളിയും കൈത്തിരി നാളം ...!

 
മേരിയെ അന്വേഷിച്ചാണ് ആന്‍ തോമസ്‌ ആ കോളനിയില്‍ എത്തിയത്. ഇടുങ്ങിയതും വൃത്തിഹീനവുമായ വഴികള്‍ ,കലപില കൂട്ടുന്ന സ്ത്രീ പുരുഷന്മാര്‍ , അടിപിടി കൂടുകയും, ബഹളം വച്ച് കളിക്കുകയും ചെയ്യുന്ന കുട്ടികള്‍  ... വഴിനീളെയുള്ള കാഴ്ചകള്‍ മനസിനെ അലോസരപ്പെടുത്തിയെങ്കിലും  മേരിയെക്കുറിച്ചോര്‍ത്തപ്പോള്‍ മുന്നോട്ടു തന്നെ നടന്നു.

അടുത്തു കണ്ട ഒരു സ്ത്രീയോട് മേരിയുടെ വീടെവിടെയാണ് എന്ന്‌ ചോദിച്ചതിനു, താന്‍ ആരാണ്, എവിടെ നിന്നും വരുന്നു, മേരിയെ എന്തിനു കാണണം എന്നൊക്കെ വിശദീകരിക്കേണ്ടി  വന്നെങ്കിലും അവര്‍ മേരിയുടെ വീട് കാണിച്ചു തന്നു.

"മേരിയേ...ടീ മേരിയേ, ദാണ്ടേ നിന്നെ കാണാന്‍ ഒരു കൊച്ചമ്മ വന്നിരിക്കുന്നു" ആ സ്ത്രീ വിളിച്ചു പറയുന്നത് കേട്ടപ്പോള്‍ ആകെ അസ്വസ്ഥത തോന്നി.

അകത്തു നിന്നും "ആരാത്?" എന്ന ക്ഷീണിച്ച ശബ്ദം മേരിയുടേത് തന്നെ എന്ന്‌ തിരിച്ചറിയുമ്പോള്‍ ഉള്ളില്‍ ഒരാശ്വാസം!


 "മേരീ, ഇത് ഞാനാ, ആന്‍ .‍.." പറയുകയും തല കുനിച്ചു ആ വീടിനുള്ളിലേക്ക് കയറുകയും  ചെയ്തു.


"മേരിയെ ജോലിക്ക് കാണുന്നില്ലല്ലോ, എന്തു പറ്റിയെന്നറിയാനാണ് ഞാന്‍ വന്നത്"


"ഒരു പനി വന്നതാ കുഞ്ഞേ... കഷ്ടപ്പെടുത്തി കളഞ്ഞു ഈ പനി. അതാ വരാന്‍ പറ്റാതിരുന്നത്‌.എന്നാലും എന്നെ അന്വേഷിച്ചു ഇവിടെ വന്നല്ലോ..." ഗദ്ഗദം കൊണ്ട് ശബ്ദം പുറത്തു വരാനാവാതെ വിഷമിക്കുന്ന മേരിയെ തോളില്‍ തട്ടി ആശ്വസിപ്പിച്ചു.


ചുറ്റുപാടും കണ്ണോടിച്ചപ്പോള്‍  മേരിയുടെ സമ്പന്നത, മക്കളില്‍ മാത്രമാണെന്ന് മനസിലായി. അവരില്‍ മുതിര്‍ന്ന കുട്ടി എന്ന്‌ തോന്നിച്ച പത്തോ പന്ത്രണ്ടോ വയസുള്ള ഒരാണ്‍കുട്ടി ഒരു സ്റ്റൂള്‍ കൊണ്ട് വന്നിട്ട് ഇരിക്കാന്‍ പറഞ്ഞത് അതിശയമായി. അല്‍പ നേരത്തിനുള്ളില്‍  അതിലും ചെറിയ ഒരു പെണ്‍കുട്ടി ഒരു ഗ്ലാസ്‌ ചായ ഒരു പ്ലേറ്റില്‍ വച്ചു കൊണ്ടുവന്നതും വളരെ കൌതുകമായ കാഴ്ചയായി.


മേരി, മക്കളെയൊക്കെ നന്നായി വളര്‍ത്തുന്നല്ലോ എന്ന്‌ ഉള്ളില്‍ തോന്നിയത്, വാക്കുകളായി പുറത്തു വന്നു. ഒപ്പം അവര്‍ക്കായി ഒന്നും കരുതിയില്ലല്ലോ എന്ന കുറ്റബോധവും!


"മേരിയുടെ മക്കള്‍ നല്ല മിടുക്കരാണല്ലോ"


ഒരു പുഞ്ചിരി മാത്രമായിരുന്നു മേരിയുടെ മുഖത്ത്.

"ഈ കുഞ്ഞുങ്ങള്‍ക്ക്‌ വേണ്ടിയാ മോളെ ഞാന്‍ പണിക്കു വരുന്നത്.ഒരു ദിവസം ഞാന്‍ പണിക്കു പോകാതിരുന്നാല്‍ ഇവര്‍ക്ക് പട്ടിണിയാ..."


"മേരിയുടെ  കെട്ടിയോന്‍ പണിക്കു പോകാറില്ലേ?"

"കെട്ടിയോനോ ... ?“ മേരി ഒരു നിമിഷം നിശ്ശബ്ദയായി പുറത്തേക്ക് നോക്കി നിന്നു...

എന്റെ നോട്ടം കുഞ്ഞുങ്ങളിലേക്ക്‌ നീണ്ടതിന്റെ അര്‍ഥം മനസിലായിട്ടാവും മേരിയുടെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞത്.


"പ്രസവിച്ചാല്‍ മാത്രമേ അമ്മയാകൂ എന്നില്ല കുഞ്ഞേ... ഇവരൊക്കെ ഞാന്‍ പ്രസവിക്കാത്ത എന്റെ മക്കള്‍ ആണ്"


അന്ധാളിപ്പോടെ നോക്കിയ എന്നോട് മേരി പറഞ്ഞു,


"ഒരാളെ പ്രേമിച്ചു വിവാഹം കഴിച്ചതിന്റെ പേരില്‍ വീട്ടില്‍ നിന്നും പുറത്താക്കാപ്പെട്ടവളാണ് ഞാന്‍. ഒരുപാട് സ്നേഹവും ഒരു കുഞ്ഞിനേയും തന്നിട്ട് അദ്ദേഹം പോയി കുഞ്ഞേ... ആദ്യം ഞാനും മരിച്ചാലോ എന്നോര്‍ത്തതാ, പക്ഷേ, എന്റെ കുഞ്ഞിനെ കൊല്ലാനും അവനെ ഉപേക്ഷിച്ചു പോകാനും എനിക്കാവില്ലായിരുന്നു. അതുകൊണ്ട് മാത്രമാ  ജീവിക്കാന്‍ തീരുമാനിച്ചത്. ഒരിക്കല്‍ , ജോലി കഴിഞ്ഞു വരുമ്പോ നഗരത്തിലെ കുപ്പത്തൊട്ടിയില്‍  നിന്നും ഒരു കുഞ്ഞിന്റെ കരച്ചില്‍ കേട്ടു‍. മറ്റൊന്നും ആലോചിച്ചില്ല, അതിനെ എടുത്തോണ്ട് പോന്നു. പിന്നെ, പലപ്പോഴായി കിട്ടിയവരാണ് ഇവരൊക്കെ... ആര്‍ക്കും വേണ്ടാതെ കുപ്പത്തൊട്ടിയിലും വഴിയരികിലുമൊക്കെ കിടന്നു കിട്ടിയവര്‍ ! എന്നെക്കൊണ്ട് കഴിയുന്ന പോലെയൊക്കെ ഞാന്‍ അവരെ വളര്‍ത്തുന്നു."



"കുഞ്ഞിനെ വീട് കാണിച്ചു തന്ന ചേച്ചിയില്ലേ, അവരാണ് ഞാനില്ലാത്തപ്പോള്‍ എന്റെ മക്കളെ നോക്കുന്നത്."


മേരിയോടു വളരെയേറെ ആദരവ് തോന്നി. സ്വന്തം കഷ്ടപ്പാടിലും അനാഥക്കുഞ്ഞുങ്ങളെ വളര്‍ത്തുന്നല്ലോ.എല്ലാ സുഖസൗകര്യത്തിലും  ജീവിക്കുന്ന താന്‍ , മേരിയുടെ മനസ്സിന്റെ നന്മയുടെ മുന്നില്‍ തീര്‍ത്തും ദരിദ്ര തന്നെ!


ശബ്ദമുഖരിതവും വൃത്തിഹീനവുമായ  ആ കോളനി, നന്മ നിറഞ്ഞ മനസുകളുടെയും ഒരു കോളനിയാണെന്നത്, സംസ്കാരസമ്പന്നരെന്നു സ്വയം പറയുന്ന പുറം ലോകത്തിനു അജ്ഞാതം തന്നെ...


അവിടെ നിന്നും തിരികെ പോരുമ്പോള്‍ ഒരു കുഞ്ഞിനെയെങ്കിലും സംരക്ഷിക്കാന്‍ ശ്രമിക്കണമെന്ന്‌ മനസ്സില്‍ പ്രതിജ്ഞയെടുത്തിരുന്നു. അപ്പോള്‍ മനസ്സില്‍ നിറഞ്ഞു നിന്നിരുന്നത് "പ്രസവിച്ചാല്‍ മാത്രമേ അമ്മയാകൂ എന്നില്ല കുഞ്ഞേ "  എന്ന   മേരിയുടെ വാക്കുകളായിരുന്നു...!

Thursday, September 1, 2011

അത്തച്ചമയം - ഓണസ്മരണ

  

     ഏകാന്തമായ ഈ  ആശുപത്രി മുറിയില്‍, കിടയ്ക്കക്ക് എതിരെയുള്ള  ജനല്‍ ചതുരത്തിലൂടെയുള്ള    കാഴ്ചകളാണ് എനിക്ക് കൂട്ടായിട്ടുള്ളത്. അടുത്തുള്ള ഷോപ്പിംഗ്‌ മാളിലേക്ക് കുട്ടികളെയും കൊണ്ട് ഷോപ്പിങ്ങിനു വരുന്നവരാണ് കൂടുതലും. എന്റെ വിരസതയില്‍ ഏറെ ആശ്വാസവും ആ കാഴ്ചകള്‍ തന്നെ. സ്കൂള്‍ തുറക്കാറായിരിക്കുന്നു . എത്ര സന്തോഷത്തോടെയാണ് പുത്തന്‍ ബാഗും ഉടുപ്പുമൊക്കെ വാങ്ങി , തുള്ളിച്ചാടി അവര്‍ തിരിച്ചു വരുന്നത്. പൂമ്പാറ്റകളെ പോലെ പാറി നടക്കുന്ന കുഞ്ഞുങ്ങളെ കാണാന്‍ എന്തൊരു ചേലാണ്...അവരെ നോക്കിക്കൊണ്ടിരിക്കുമ്പോള്‍ സമയം പോകുന്നതേ അറിയില്ല.  

  "ഇന്ന് ആരെയൊക്കെ കണ്ടു, എത്ര കുട്ടികള്‍ വഴക്കുണ്ടാക്കി....??"
സന്ദര്‍ശക സമയമായപ്പോള്‍   കടന്നു വന്ന മോളുടെ ചോദ്യമാണ് നാഴികമണിക്ക് വിശ്രമമില്ലായിരുന്നു എന്നറിയിച്ചത്.

 ഉത്സാഹത്തോടെ ഓരോന്നു പറഞ്ഞുകൊണ്ടിരുന്നു. അതിനിടയില്‍,  മോള്‍ ബാഗില്‍ നിന്നും മലയാളം പേപ്പര്‍ എടുത്തു നീട്ടി.

         "ഓണം വരവറിയിച്ചു കൊണ്ട് ഇത്തവണയും 'അത്തച്ചമയം' ആഘോഷപൂര്‍വ്വം കൊണ്ടാടപ്പെട്ടു." 

വാര്‍ത്തയും ചിത്രങ്ങളും കണ്ടപ്പോഴാണ് ഓണം പടിവാതിലില്‍ എത്തിയ വിവരം അറിയുന്നത്. അല്ലെങ്കിലും അവധി ദിവസം നോക്കി ഓണം ആഘോഷിക്കുന്ന പ്രവാസികള്‍ക്കെന്തു അത്തവും പത്തോണവും...

ഓണക്കാലമായാല്‍ പണ്ടൊക്കെ എന്തൊരുല്‍സാഹമായിരുന്നു. ഓണപ്പരീക്ഷയുടെ സമയത്തും പരീക്ഷാവേവലാതികള്‍ ഇല്ലായിരുന്നു. പൂക്കളമിടാനുള്ള പൂക്കള്‍ ശേഖരിക്കുന്നതിനെപ്പറ്റിയാവും ചിന്തകളും കൂട്ടുകാരുമായുള്ള ചര്‍ച്ചകളും... പൂക്കളൊക്കെ നേരത്തേ കണ്ടു വച്ചിരിക്കും. അത്തത്തിന്റെ തലേന്ന് മുതല്‍ എന്നും വൈകുന്നേരം കൂട്ടുകാരുമൊത്തു തൊടികളെല്ലാം കേറിയിറങ്ങി പൂ പറിക്കുന്നതും, പരസ്പരം പങ്കു വെക്കുന്നതുമെല്ലാം... അത്തം മുതല്‍ പൂക്കളം ഇട്ടു തുടങ്ങും. അന്ന് ഒരു നിറത്തിലെ പൂ മാത്രം.അത്തത്തിനു തുമ്പപ്പൂ ആണ് ഇടുക. തുമ്പപ്പൂ കുഞ്ഞുപൂവായതിനാല്‍ അന്നത്തെ പൂക്കളവും ചെറുതായിരിക്കും. രണ്ടാം ദിവസം രണ്ടു നിറം, മൂന്നാം ദിവസം മൂന്നു നിറം, അങ്ങിനെ തിരുവോണ ദിവസമായ  പത്താംനാള്‍ പത്തു തരം പൂക്കളുമായി വലിയൊരു പൂക്കളവും നടുക്ക് ചെമ്മണ്ണ് നനച്ചു,തൃകോണാകൃതിയില്‍ ഉണ്ടാക്കിയ തൃക്കാക്കരയപ്പനെയും  വെക്കും.   

അത്തം നാള്‍ പൂക്കളമിടല്‍ മാത്രമല്ല, രാവിലെ തന്നെ അത്തച്ചമയം കാണാന്‍ പോകാനുള്ള ഒരുക്കങ്ങളും തുടങ്ങും. കൂട്ടുകാരും അയല്‍വക്കത്തുള്ളവരും എല്ലാം ചേര്‍ന്ന് സംഘമായാണ് പോവുക. അന്നേ ദിവസം ബസ്‌ സര്‍വീസ് ഉണ്ടാവാത്തതിനാല്‍ നടന്നു വേണം പോകാന്‍. നേരത്തേ എത്തിയില്ലെങ്കില്‍ വഴിയോരത്തെ ഉയര്‍ന്ന സ്ഥലങ്ങളെല്ലാം കാണികള്‍ കയ്യടക്കിയിരിക്കും. മുന്നില്‍ തന്നെയോ അല്ലെങ്കില്‍ ഉയര്‍ന്ന സ്ഥലത്തോ നിന്ന് കണ്ടില്ലെങ്കില്‍ പോയത് വൃഥാ എന്ന് സങ്കടപ്പെടേണ്ടി വരും. അതിനാല്‍ രാവിലെത്തന്നെ വീട്ടില്‍ നിന്നും പുറപ്പെടും. വഴി നീളെ കാണാന്‍ പോകുന്ന കാഴ്ചകളെപ്പറ്റിയും മറ്റും സംസാരിച്ചു കൊണ്ട് നടക്കുമ്പോള്‍ ദൂരം അറിയുമായിരുന്നില്ല.  



അമ്പലങ്ങളുടെ നാടെന്നറിയപ്പെടുന്ന, എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയില്‍ ആണ് ഓണത്തിന് മുന്നോടിയായ ഈ ആഘോഷം  'അത്തച്ചമയം' എന്ന പേരില്‍ അറിയപ്പെടുന്നത്. വര്‍ണങ്ങള്‍ നിറഞ്ഞ ഘോഷയാത്ര നയനാനന്ദകരമാണ്. സ്കൂള്‍ കുട്ടികളുടെ ബാന്‍ഡ്, മാര്‍ച്ച്‌ പാസ്റ്റ്, ചെണ്ടമേളം, പഞ്ചവാദ്യം, ആട്ടക്കാവടി, തെയ്യം, കുമ്മി, പൊയ്ക്കാല്‍കളി തുടങ്ങിയ    നൃത്ത രൂപങ്ങള്‍, കേരളത്തനിമയുള്ള വസ്ത്രങ്ങള്‍ ധരിച്ച യുവതീയുവാക്കള്‍ , വിവിധ കലാരൂപങ്ങള്‍, അലങ്കരിച്ച ആനകള്‍, ആനുകാലിക സംഭവങ്ങളില്‍ നിന്നും ചരിത്രങ്ങളില്‍ നിന്നും   രൂപം കൊള്ളുന്ന ഫ്ലോട്ടുകള്‍ .... അങ്ങിനെ കണ്ണിനും മനസ്സിനും കുളിര്‍മ നല്‍കുന്ന പലതരം കാഴ്ചകളുടെ ഘോഷയാത്രയാണ് അത്തച്ചമയം. 


 കൊച്ചി മഹാരാജാവ് തൃക്കാക്കരയപ്പനെ ദര്‍ശിക്കാന്‍ പരിവാരങ്ങളോടൊപ്പം  പോകുന്നതിന്റെ ഓര്‍മക്കായാണ് പണ്ട് ഈ അത്തച്ചമയം ആരംഭിച്ചതെന്ന് ചരിത്രം പറയുന്നു. മഹാരാജാവിന്റെ നേതൃത്വത്തില്‍ തൃപ്പൂണിത്തുറയില്‍ നിന്നും ആരംഭിക്കുന്ന ഘോഷയാത്ര തൃക്കാക്കര വാമനമൂര്‍ത്തി അമ്പലനടയില്‍ ആണ് അവസാനിച്ചിരുന്നത്. അന്നേ ദിവസം എല്ലാ പ്രജകളും  മഹാരാജാവിനെ അടുത്ത് കാണാനായി വീഥിയുടെ ഇരുവശത്തും കാത്തുനില്‍ക്കുമായിരുന്നത്രേ. രാജഭരണം അവസാനിച്ചിട്ടും തൃപ്പൂണിത്തുറയിലെ ജനങ്ങള്‍ അത്തച്ചമയത്തെ കൈവിട്ടില്ല. ഓണാഘോഷത്തിനു മുന്നോടിയായി നടക്കുന്ന ഈ ഘോഷയാത്ര, തൃപ്പൂണിത്തുറ നഗരിയെ  വലം വെച്ച് ഗവണ്‍മെന്റ് ബോയ്സ് സ്കൂള്‍ മൈതാനത്ത്‌ എത്തിച്ചേരുന്നു. ഇപ്പോള്‍ സര്‍ക്കാര്‍ തലത്തില്‍ ഏറ്റെടുത്തു നടത്തുന്നതിനാല്‍ 'അത്തച്ചമയം' 'അത്താഘോഷം' ആയി മാറിയെങ്കിലും തൃപ്പൂണിത്തുറയിലും പരിസരപ്രദേശങ്ങളിലും ഉള്ളവര്‍ക്ക് ഇന്നും അത്തച്ചമയം തന്നെ ഓണാഘോഷത്തിന്റെ തുടക്കം. 


ഇന്ന് , മറ്റെല്ലാം പോലെ അത്താഘോഷവും കച്ചവടവല്ക്കരിക്കപ്പെട്ടിരിക്കുന്നു. നാടെങ്ങും മത്സരങ്ങള്‍ മാത്രം...! നന്മയുടെയും സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും ആ നല്ല നാളുകള്‍ ഇങ്ങിനി വരാത്തവണ്ണം മഹാബലിയോടൊപ്പം പാതാളത്തില്‍ താഴ്ന്നുവോ...? അഴിമതിയും അനീതിയും കൊണ്ട് നിറഞ്ഞ നമ്മുടെ നാടിനു എന്നാണൊരു മുക്തിയുണ്ടാവുക...?


അഴിമതിയില്ലാത്ത നല്ലൊരു നാള്‍ വരുമെന്ന, മഹാബലിയെപ്പോലൊരു നീതിമാനായ ഭരണാധികാരിയെ നമുക്ക് കിട്ടുമെന്ന പ്രതീക്ഷയോടെ... എല്ലാ കൂട്ടുകാര്‍ക്കും ഓണാശംസകള്‍ ...!




   



Related Posts Plugin for WordPress, Blogger...