Monday, August 20, 2012

സ്വാതന്ത്ര്യവീഥിയിലെ കെടാവിളക്കുകള്‍




         ഐതിഹാസികവും  ലോകചരിത്രത്തില്‍ സമാനതകളില്ലാത്തതും അത്യപൂര്‍വ്വവുമായ പോരാട്ടങ്ങള്‍ കൊണ്ട് ഉജ്ജ്വലവുമായ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ധീരനായകരെക്കുറിച്ചും അവരുമായി ബന്ധപ്പെട്ട ചരിത്ര സംഭവങ്ങളെക്കുറിച്ചും സംക്ഷിപ്തമായി പ്രതിപാദിക്കുന്നതാണ് ഈ പുസ്തകം. മഹാരഥന്മാരുടെ ധീരോദാത്തമായ സ്മരണയിലൂടെ, ചരിത്രത്തില്‍ രേഖപ്പെടുത്താതെ പോയ അനേകായിരം ധീരദേശാഭിമാനികള്‍ക്കുള്ള ശ്രദ്ധാഞ്ജലി കൂടിയാണിത്.   'കേരള ടൈംസ്‌ ' ദിനപത്രത്തില്‍ ഒരു വര്‍ഷം നീണ്ടുനിന്ന ലേഖന പരമ്പരയുടെ പുസ്തകരൂപമാണ് 'സ്വതന്ത്ര വീഥിയിലെ കെടാവിളക്കുകള്‍ ' എന്ന ഈ കൃതി .ഈ പരമ്പരക്ക് സ്വതന്ത്ര സുവര്‍ണ ജൂബിലി അവാര്‍ഡ്‌ , നെഹ്‌റു സ്മൃതി അവാര്‍ഡ്‌ എന്നിവ ലഭിച്ചിട്ടുണ്ട്.  

സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ്‌ സാമ്രാജ്യത്തോട് പടപൊരുതാന്‍ ഭാരത ജനതയ്ക്ക് ആയുധമായുണ്ടായിരുന്നത് അവരുടെ ആത്മധൈര്യവും ജീവനെ വിലമതിക്കാത്ത പോരാട്ട വീര്യവുമായിരുന്നു. 1857 മെയ്‌ 10 ന്‌ മീററ്റിലാരംഭിച്ച ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ പ്രഥമ ദിനം തുടങ്ങി 1947 ആഗസ്റ്റ്‌ 14 അര്‍ദ്ധരാത്രി വരെയുള്ള ഐതിഹാസികമായ പോരാട്ടത്തിലുടനീളം ഈ വീര്യം ചോര്‍ന്നു പോകാതെ നിലനിര്‍ത്താന്‍ കഴിഞ്ഞുവെന്നതും അത്ഭുതം തന്നെ.അഹിംസയുടെ തേരിലേറി എന്തിനേയും സഹിച്ചും ത്യജിച്ചും രാജ്യത്തിന്റെ മുഖ്യധാര, ഗാന്ധിജിയുടെ നേതൃത്വത്തില്‍ മുന്നേറിയപ്പോള്‍  യുവത്വത്തിന്റെ ഊര്‍ജ്ജസ്വലമായ മുന്നേറ്റത്തില്‍ അതിവിപ്ളവത്തിന്റെയും സായുധ പോരാട്ടത്തിന്റെയും പാതയില്‍ മുന്നേറിയ യുവനിരയുടെ ശക്തി കണ്ടു ബ്രിട്ടന്‍ ഞെട്ടിവിറച്ചു. ഈ രണ്ടു ധാരകളും സമന്വയിച്ചപ്പോള്‍ ഭാരതം ലോക ചരിത്രത്തില്‍ അത്ഭുതം സൃഷ്ടിക്കുകയായിരുന്നു.    

ആത്മാഭിമാനത്തിന്റെ തിലകക്കുറിയായ ലോകമാന്യ ബാലഗംഗാധര തിലക്, ഇന്നും മുഴങ്ങുന്ന ഗര്‍ജ്ജനമായ ലാലാ ലജ്പത് റായ്, സ്വാതന്ത്ര്യ ദാഹത്തിന്റെ ജ്വലിതസാക്ഷ്യമായ ഗോപാല കൃഷ്ണ ഗോഖലെ , താളം പിഴയ്ക്കാത്ത ത്യാഗ ഗാഥയുടെ ദേശ്ബന്ധു സി.ആര്‍ . ദാസ് , ആത്മധീരതയുടെ മാണിക്യമായ പണ്ഡിറ്റ്‌. മോത്തിലാല്‍ നെഹ്‌റു, ദേശീയതയുടെ നീതിബോധം ഉണര്‍ത്തിയ സുരേന്ദ്ര നാഥ് ബാനര്‍ജി , ഇംഗ്ലീഷ് മനസ്സിലെ ഭാരതീയതയായ ഡോ:ആനി ബസന്റ്, ക്രാന്തദര്‍ശിയായ കര്‍മധീരന്‍ എന്നറിയപ്പെടുന്ന മഹാദേവ് ഗോവിന്ദ റാണാ ദേ  ,  അഭിമാനസാഗരത്തിന്റെ ആദ്യ നായകന്‍ ദാദാ ബായ് നവറോജി, ഹിന്ദു-മുസ്ലിം മൈത്രിയുടെ ധീരനായ പ്രവാചകന്‍ ബദരുദ്ദീന്‍ തയാഭ്ജി, ധീരതയുടെ ആള്‍രൂപമായി സര്‍ ഫിറോസ്‌ ഷാ മേഹ്ത്ത, മഹേതിഹാസത്തിന്റെ പ്രാരംഭകന്‍ ഡബ്ല്യു .സി.ബാനര്‍ജി,   നിര്‍ഭയനായിരുന്ന നേതാവ് സര്‍  സി.ശങ്കരന്‍ നായര്‍ , മൈത്രിയുടെ പ്രചാരകന്‍ മൌലാന മുഹമ്മദ്‌ അലി, ദേശീയതയുടെ വാനമ്പാടിയായ സരോജിനി നായിഡു, വിപ്ളവ ഗാഥയുടെ ജപ കീര്‍ത്തനം - ശ്രീ അരബിന്ദോ ഘോഷ്, തുറന്ന മനസ്സുള്ള പണ്ഡിതന്‍ വിത്തല്‍ ഭായ് പട്ടേല്‍ , അനശ്വരാവേശത്തിന്റെ ഗീതാകാരന്‍ ബങ്കിം ചന്ദ്ര ചാറ്റര്‍ജി , മതസൌഹാര്‍ദ്ദത്തിന്റെ മന്ത്രധ്വനികളുയര്‍ത്തി മൌലാന അബ്ദുല്‍ കലാം ആസാദ് ,  വിദ്യാഗംഗാതന്‍ പുണ്യപ്രവാഹമായി പണ്ഡിറ്റ്‌ മദന്‍മോഹന്‍ മാളവ്യ തുടങ്ങിയ ആദര്‍ശധീരരായ കര്‍മയോഗികളുടെ ജീവിതത്തിലൂടെയുള്ള ഒരു തീര്‍ഥയാത്രയായി  ഓരോ അദ്ധ്യായങ്ങളും....

രാജ്യസ്നേഹികള്‍ 'രാജന്‍ ബാബു' എന്ന്‌ സ്നേഹപൂര്‍വ്വം വിളിച്ചിരുന്ന ഡോ. രാജേന്ദ്ര പ്രസാദ്‌ , ദേശീയതയുടെ വിപ്ളവഭാഷ്യമായ വിപിന്‍ ചന്ദ്രപാല്‍ , ദാര്‍ശനിക പ്രതിഭയുടെ പ്രഭാപൂരമായി വിളങ്ങിയ വി.എസ് , ശ്രീനിവാസ ശാസ്ത്രി , മഹേതിഹാസത്തിന്റെ പിതാമഹന്‍ എ. ഓ . ഹ്യൂം , സാമൂഹ്യസേവനത്തിനു പുതിയ മാനം നല്‍കിയ സിസ്റ്റര്‍ . നിവേദിത , കര്‍മയോഗത്തിന്റെ നിസ്വാര്‍ത്ഥഭാഷ്യമായ സര്‍ . ദിന്‍ഷാവാച്ചാ, വര്‍ഗീയതക്കെതിരെ പോരാടിയ വൈദ്യന്‍ ഹക്കിം അജ്മല്‍ ഖാന്‍ , ദേശപ്രിയനായ ബംഗാളി ബാബു സെന്‍ ഗുപ്ത , ഭിന്നതയുടെ കൊടുമുടികളില്‍ മദ്ധ്യസ്ഥതയുടെ മഞ്ഞുകണമായി തേജ് ബഹാദൂര്‍ സപ്രു , സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ ഏടുകളില്‍ ജനലക്ഷങ്ങള്‍ 'രാജാജി' എന്ന്‌ ആദരപൂര്‍വ്വം വിളിച്ചിരുന്ന സി. രാജഗോപാലാചാരി , ധീരനായ പത്രപ്രവര്‍ത്തകന്‍ ജി. സുബ്രമണ്യ അയ്യര്‍ , സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ , അതിര്‍ത്തി ഗാന്ധിയായ ഖാന്‍ അബ്ദുല്‍ ഗാഫര്‍ ഖാന്‍ ,കൊടുംകാറ്റിന്റെ മാറ്റൊലിയെന്ന് വിശേഷിപ്പിക്കുന്ന നേതാജി സുഭാഷ്‌ ചന്ദ്ര ബോസ്.... അങ്ങിനെ ഇന്ത്യയുടെ മുക്തിക്കായി പോരാടിയ ധീരയോധാക്കളുടെ ജീവിതം വളരെ ലളിതമായി വിവരിച്ചിരിക്കുന്നു ഈ പുസ്തകത്തില്‍ ...  

ഗാന്ധിജിയും നെഹ്രുവും ഇന്നത്തെ തലമുറയ്ക്ക് കൂടുതല്‍ സുപരിചിതരായതിനാല്‍ അവരെ ഒരു ലേഖനത്തില്‍ ഒതുക്കാന്‍ കഴിയാത്തത് കൊണ്ടുമാണ് ഈ പരമ്പരയില്‍ ഉള്‍ക്കൊള്ളിക്കാത്തതെന്ന് ഗ്രന്ഥകാരന്‍ പറയുന്നു. എന്നാല്‍ , ഇവരുടെ സജീവ സാന്നിദ്ധ്യം മിക്ക ലേഖനങ്ങളിലും നമുക്ക് കാണാവുന്നതാണ്.

സ്വതന്ത്ര ഇന്ത്യയില്‍ ജീവിക്കുന്ന നാം മഹാശയരായ സ്വാതന്ത്ര്യ സമരനായകരുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളില്‍ നിന്നും ഏറെ ദൂരെയാണ് എന്നത് വാസ്തവം തന്നെ. ഈ പുസ്തകത്തിന്‌ പ്രൌഡമായൊരു അവതാരിക എഴുതിയ ജസ്റ്റീസ് . വി. ആര്‍ . കൃഷ്ണയ്യരും നമ്മെ ഓര്‍മപ്പെടുത്തുന്നതും അത് തന്നെയാണ്.    മഹാശയരായിരുന്ന അന്നത്തെ തലമുറയുടെ സമര്‍പ്പണ മനോഭാവവും ത്യാഗബുദ്ധിയും ആദര്‍ശശുദ്ധിയും കറയറ്റ രാജ്യ സ്നേഹവും പുതുതലമുറയ്ക്ക് കാണിച്ചു കൊടുക്കുകയെന്ന  ലക്ഷ്യവും ഈ പുസ്തകം നിറവേറ്റട്ടെ. 


Sunday, August 5, 2012

മരണാനന്തരം


അവയവദാനത്തെക്കുറിച്ച്   ജോയ് .കെ. മാത്യുവിന്റെ ഹൃസ്വ ചിത്രം 



അമരത്വം നേടാനുള്ള ത്വര ആദിമ മനുഷ്യന്‍ മുതല്‍ പ്രകടമായിരുന്നു. അതിനായുള്ള മാര്‍ഗ്ഗങ്ങള്‍ തേടുകയും പരീക്ഷണങ്ങള്‍ തുടരുകയും ചെയ്യുന്നു. ഇപ്പോള്‍ ആശാവഹമായ ഒരു വഴി, 'അവയവദാനം' എന്ന   മഹത്തായ ഒരു വഴി നമുക്ക് മുന്നില്‍ തെളിഞ്ഞു നില്‍ക്കുന്നുണ്ട്. ഈ ആശയം ജനങ്ങളിലേക്ക് എത്തിക്കാനുള്ള ജോയ് .കെ.മാത്യുവിന്റെ ശ്രമമാണ് 'മരണാനന്തരം' എന്ന ഹൃസ്വചിത്രം.

രോഗം പ്രകൃതിയുടെ നിയമമാണ് . പക്ഷേ , സ്നേഹം കൊണ്ട് ഈ പ്രകൃതി നിയമത്തെ മറികടക്കാനാവുമെന്നതാണ് മനുഷ്യന്റെ മഹത്വം. മാറ്റിവെക്കാന്‍  അവയവം ലഭ്യമല്ലാത്തതിനാല്‍ മാത്രം ഓരോ മിനിട്ടിലും പതിനെട്ടു പേര്‍ വീതമാണ് നിസ്സഹായരായി ഈ ഭൂമിയില്‍ നിന്നും പ്രിയപ്പെട്ടവരെ പിരിഞ്ഞു പോകുന്നത്. നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കാന്‍ സേവനത്തിന്റെ, വിവേകത്തിന്റെ നല്ലൊരു മാര്‍ഗമാണ് അവയവദാനം. മനുഷ്യസേവ തന്നെയാണ് മാധവസേവ എന്നത് അവയവദാനത്തിലൂടെ സാര്‍ത്ഥകമാക്കാന്‍ കഴിയണം. പലപ്പോഴും നാം സ്വാര്‍ത്ഥരാണ് എന്നതില്‍ തര്‍ക്കമില്ല. എങ്കില്‍പ്പോലും തനിക്കും തന്റെ പ്രിയപ്പെട്ടവര്‍ക്കും രോഗങ്ങള്‍ വരാം എന്ന സാദ്ധ്യതയെക്കുറിച്ച്  ഒന്നു ചിന്തിച്ചു നോക്കിയാല്‍ , നമ്മുടെ മനസ്സുകള്‍ അവയവദാനത്തിന് തീര്‍ച്ചയായും സന്നദ്ധമാകും. ജീവിച്ചിരിക്കുമ്പോഴും മരണാനന്തരവും അവയങ്ങള്‍ ദാനം ചെയ്യാന്‍ കഴിയുമെന്നത് , മറ്റൊരാള്‍ക്ക് ജീവനും ജീവിതവും കൊടുക്കുന്നതിനു തുല്യം തന്നെ.... രക്തം, വൃക്ക എന്നിവ ജീവിച്ചിരിക്കുമ്പോള്‍ ദാനം ചെയ്യാമെങ്കില്‍ മരണശേഷം കണ്ണ് , കരള്‍ , ഹൃദയം ,ത്വക്ക് , മജ്ജ തുടങ്ങിയവ ദാനം ചെയ്തു മരണത്തിന്റെ കരാളവക്ത്രത്തില്‍  നിന്നും ആയിരങ്ങളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ നമുക്ക് കഴിയും. അങ്ങിനെ ജന്മങ്ങളില്‍ നിന്നു ജന്മങ്ങളിലേക്കു അവനവനെ പകരാനും...

തന്റെ വൃക്കകളില്‍ ഒന്ന്, ഷംസുദ്ദീന്‍ എന്ന ചെറുപ്പക്കാരന് നല്‍കിക്കൊണ്ട് ശ്രീ. കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളി പ്രദര്‍ശിപ്പിച്ച മാനവസ്നേഹം ഇന്നൊരു തരംഗമായി പടരുകയാണ്. മരണാനന്തരം കണ്ണുകള്‍ ദാനം ചെയ്യാനും മസ്തിഷ്ക്കമരണം സംഭവിച്ചവരുടെ അവയവങ്ങള്‍ ദാനം ചെയ്യാനും ബന്ധുക്കള്‍ തയ്യാറാവുന്നതും എല്ലാം സേവനത്തിന്റെ , സ്നേഹത്തിന്റെ പുതിയ പാതയില്‍ തെളിയുന്ന പൊന്‍ കിരണങ്ങളായി മാറുന്നു. രോഗികള്‍ക്ക്  പ്രതീക്ഷയുടെ പുത്തനുണര്‍വുകള്‍ നല്‍കുന്നു. 

അവയവദാനം എന്ന മഹത്തായ ദൌത്യം ഏറ്റെടുക്കാന്‍ നമ്മുടെ മനസുകള്‍ സന്നദ്ധമാക്കാനും അവയവദാനത്തെക്കുറിച്ചുള്ള അവബോധം വ്യാപകമാക്കാനും മദര്‍വിഷന്റെ ബാനറില്‍ ജീസന്‍ ജോസ്  നിര്‍മിച്ച്, ജോയ് . കെ. മാത്യു സംവിധാനം ചെയ്യുന്ന ഹൃസ്വസന്ദേശചിത്രമാണ്  'മരണാനന്തരം'. മലയാള സിനിമയുടെ അമ്മ കവിയൂര്‍ പൊന്നമ്മ, കൊച്ചൌസേപ്പ്  ചിറ്റിലപ്പിള്ളി, ലോക ടേബിള്‍ ടെന്നീസ്  താരം മരിയ റോണി, അഡ്വ. എ.എം. ആരിഫ്, കാവാലം നാരായണപ്പണിക്കര്‍ , വയലാര്‍ ഗോപാലകൃഷ്ണന്‍ , അഗസ്റ്റിന്‍ കടമക്കുടി, ജോസ്  തെറ്റയില്‍ തുടങ്ങിയവര്‍ ഈ  ചിത്രത്തിലൂടെ അവയവദാനം എന്ന   മഹത്തായ ആശയം പ്രേക്ഷകഹൃദയങ്ങളിലേക്ക് എത്തിക്കുന്നു. ചിത്രത്തിന്റെ പ്രദര്‍ശനോദ്ഘാടനം എറണാകുളം ഗസ്റ്റ് ഹൌസ് ഹാളില്‍ വെച്ച്  ബഹു. കേരള മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു. പ്രശസ്ത സംവിധായകന്‍ ശ്രീ. സിബി മലയില്‍ പ്രകാശന കര്‍മം ചെയ്തു.  

സമൂഹത്തിന്റെ പങ്കാളിത്തം ഏറെ  ആവശ്യമുള്ള അവയവദാനം എന്ന സേവനത്തിലേക്ക് ജനശ്രദ്ധ ക്ഷണിക്കുന്ന ഈ ചിത്രം സംസ്ഥാന ആരോഗ്യവകുപ്പുമായി സഹകരിച്ച് തീയേറ്ററുകളിലൂടെയും ടെലിവിഷനിലൂടെയും സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലൂടെയും ഉടന്‍ പ്രദര്‍ശനത്തിനെത്തും. 

അവയവദാനത്തെക്കുറിച്ചും അതിന്റെ നടപടിക്രമങ്ങളെക്കുറിച്ചും വിശദമായി ബൂലോകത്തില്‍ വായിക്കാം.


Sunday, April 29, 2012

അംഗലാവണ്യം - ഒരു ചരമക്കുറിപ്പ്


 കണ്ണീര്‍ മൂടി പടിക്കെട്ടുകള്‍ അവ്യക്തമായപ്പോള്‍ പെട്ടന്ന് കാലിടറി. വീണുപോകാതിരിക്കാന്‍ താങ്ങായത് ഉഷയെന്ന പരിചാരിക. കാറിന്റെ ഡോര്‍ തുറന്നു പിടിച്ചു ആശ്രമത്തിലെ ഡ്രൈവര്‍ കൂടിയായ ശേഖരേട്ടന്‍ .

'സൂക്ഷിച്ച്...' ദിവസങ്ങളുടെ പരിചയം മാത്രമുള്ള ഉഷയുടെ കരുതല്‍ . ഉള്ളില്‍ കടന്നിരിക്കുമ്പോള്‍ വെറുതെ അവളെ നോക്കി പുഞ്ചിരിച്ചു.

 സീറ്റിലേക്ക് ചാരി കണ്ണടച്ചപ്പോഴും   ചിന്നുമോളുടെ കരയുന്ന മുഖം മാത്രമായിരുന്നു മനസ്സില്‍ .  മാറില്‍ നിന്നും പാല്‍ ചുരന്നുവോ ...? മാറിലേക്ക്‌ നീണ്ട  കൈ പെട്ടന്ന്  പിന്‍വലിച്ചു. മനസ്സിന്റെ വേദനയകറ്റാന്‍ ഏത് സംഹാരിക്കാണ് കഴിയുക....?

പ്രസവശേഷം ഒരിക്കല്‍പ്പോലും ചിന്നുമോളെ മുലയൂട്ടിയിരുന്നില്ല, മനു അതിനു സമ്മതിച്ചിരുന്നില്ല എന്നതാണു നേര്. മുലയൂട്ടിയാല്‍ സ്തനങ്ങളുടെ സൌന്ദര്യം പോകുമെന്നും സെക്സ് അപ്പീല്‍ ഉണ്ടാവില്ല എന്നൊക്കെ കാരണങ്ങള്‍ നിരത്തി പാല്‍പ്പൊടിയാണ് ചിന്നുമോള്‍ക്ക് നല്‍കിയിരുന്നത്. മുലപ്പാല്‍ വറ്റിക്കാനുള്ള ബ്രോമോക്രിപ്റ്റിന്‍  കുത്തിവെക്കുമ്പോള്‍ നേഴ്സിന്റെ മുഖത്ത് കണ്ട പുച്ഛം കണ്ടില്ലെന്നു  നടിക്കാനേ തന്നിലെ ഭാര്യക്ക്‌ കഴിഞ്ഞുള്ളു...കുത്തിവെപ്പിന്റെ അസഹ്യമായ വേദനയില്‍ നീണ്ടു നിന്ന  ദിനരാത്രങ്ങളില്‍  ചിന്നുമോളുടെ അമ്മയില്‍ നിന്നും മനുവിന്റെ ഭാര്യയായി സ്പുടം ചെയ്യപ്പെടുകയായിരുന്നു...!

മനുവിന് ഏറെ സന്തോഷമായി, ഉടയാത്ത വയറും സ്തനങ്ങളും മനുവിന് എന്നും ലഹരിയായി...!!

മാസങ്ങള്‍ക്ക് മുന്‍പൊരിക്കല്‍ കുളിക്കിടയിലാണ് ഇടത്തേ സ്തനത്തില്‍ മുഴ പോലെയൊന്ന്   കയ്യില്‍ തടഞ്ഞത്. പൊടുന്നനെ കാന്‍സര്‍ ആവുമോയെന്ന  സംശയമാണ്   ആദ്യം മനസ്സിലേക്ക് വന്നത്. മനുവിനോട്  പറഞ്ഞപ്പോള്‍ ,

"ഒക്കെ നിന്റെ തോന്നലാണ്" എന്ന മറുപടി.  താനും അതില്‍ ആശ്വാസം തിരഞ്ഞുവോ....?

പിന്നൊരിക്കല്‍ പനി വന്ന് ഡോക്ടറെ കണ്ടപ്പോള്‍ ,മനുവിന്റെ മുഖത്ത് നോക്കാതെ പെട്ടന്ന്  ഈ കാര്യവും പറഞ്ഞു.


പരിശോധനാമുറിയില്‍ ഡോക്ടര്‍ രണ്ടു സ്തനങ്ങളും മാറിമാറി പരിശോധിച്ചിട്ട് മാമോഗ്രാം എടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഒരു ഭയം മനസ്സിനെ കീഴടക്കിയിരുന്നു. മാമോഗ്രാം റിപ്പോര്‍ട്ട്‌ സംശയത്തെ ബലപ്പെടുത്തുന്നത് തന്നെയായിരുന്നു.   സ്തനാര്‍ബുദത്തിന്റെ രണ്ടാം ഘട്ടം എന്നു ഡോക്ടര്‍ പറഞ്ഞത്, നിര്‍വികാരതയോടെ കേട്ടിരുന്നു. അപ്പോഴൊക്കെയും  ഒരു പിഞ്ചുകുഞ്ഞ് ഉള്ളിലിരുന്നു  മുലപ്പാലിനായി  ചുണ്ട് പിളര്‍ത്തിക്കരയുന്നുണ്ടായിരുന്നു!

അര്‍ബുദത്തിന്റെ വേരുകള്‍ സ്തനങ്ങളില്‍ പടരുന്നതിനേക്കാള്‍ വേഗത്തില്‍ മനുവിന്റെ വെറുപ്പ്‌..., പുഴുക്കുത്തേറ്റ ഇലയെ നുള്ളുന്ന ലാഘവത്തോടെ ജീവിതത്തില്‍ നിന്നും  പറിച്ചെറിയാനുള്ള      മനുവിന്റെ  തിടുക്കം ... സ്തനങ്ങളെ കാര്‍ന്നു തിന്നുന്ന വേദനയേക്കാളധികമായിരുന്നു  അത്...  ക്രമേണ മനു  തന്നില്‍  നിന്നും അകലുന്നത് അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിച്ചു.

ഓപ്പറേഷന്‍ മൂലം സ്തനങ്ങള്‍ നീക്കം ചെയ്‌താല്‍ ജീവിതം കുറച്ചു കാലം കൂടെ നീട്ടികൊണ്ട് പോകാം എന്നു ഡോക്ടര്‍ പറഞ്ഞപ്പോള്‍ ആശയോടെയാണ് താന്‍ മനുവിനെ നോക്കിയത്.പക്ഷെ ആ മുഖത്തെ ഭാവം, ജീവിക്കാനുള്ള കൊതിയെ തല്ലിക്കെടുത്തുന്ന തരത്തിലായിരുന്നു. ആലോചിട്ടു പറയാം എന്നു അപ്പോള്‍ ഡോക്ടറോട് പറഞ്ഞുവെങ്കിലും ആലോചിക്കാന്‍ ഒന്നുമില്ലയെന്നു മനുവിന്റെ മുഖഭാവത്തില്‍ നിന്നും വ്യക്തമായിരുന്നു . എങ്കിലും വീണ്ടും ഡോക്ടറെ കാണാന്‍   പോയി. കൌണ്സിലിങ്ങിലൂടെ ഡോക്ടര്‍ മനുവിനെക്കൊണ്ട് ഓപ്പറേഷന് സമ്മതിപ്പിച്ചു.

 മനുവിന്റെ അകല്‍ച്ചയുണ്ടാക്കിയ നിര്‍വികാരത, ശസ്ത്രക്രീയക്ക്‌ ശേഷം പാലിയേറ്റിവ് കെയര്‍ സെന്ററിലേക്ക് തന്നെ മാറ്റിയപ്പോള്‍ ഒരാശ്വസമായി മാറിയോ ...?

നാളുകള്‍ക്കു ശേഷം സന്ദര്‍ശകനായി മനു എത്തിയപ്പോള്‍ , ഒരു നിമിഷം കൊണ്ട്  അലിഞ്ഞുപോയ  സങ്കടം കണ്ണീരായി തുളുമ്പി വീഴാന്‍ ഒരുങ്ങിയത് , മനു നീട്ടിയ പേപ്പര്‍ കണ്ടു പീലികള്‍ക്കിടയില്‍ ഉറഞ്ഞു പോയി ... അപേക്ഷയില്‍ ഒപ്പിടുമ്പോള്‍ മനുവിനോട് ഒരു വെറുപ്പും തോന്നിയില്ല. മ്യൂച്ചല്‍ ഡിവോഴ്സിന് അപേക്ഷിക്കുമ്പോഴും മനസ്സില്‍ പടര്‍ന്നിരുന്ന നിര്‍വികാരത, അത് അനുവദിച്ചു കിട്ടിയപ്പോള്‍ തുടരാനായില്ല.പൊട്ടിവന്ന കരച്ചില്‍ സാരിത്തുമ്പില്‍ അമര്‍ത്തി വച്ചു.

വിവാഹമോചനം കിട്ടിയ ആശ്വാസത്തോടെ ചിന്നുമോളെയും കൈപിടിച്ച് കോടതിയില്‍ നിന്നും ഇറങ്ങിപ്പോകുന്ന  മനുവിനെ നോക്കിനില്‍ക്കുമ്പോള്‍ കണ്മുന്നില്‍ തെളിഞ്ഞത് , തുണിക്കടയിലെ അംഗലാവണ്യമുള്ള പാവകളെ കൊതിയോടെ തിരിഞ്ഞു നോക്കി  നടന്ന്  തട്ടി വീഴാനായുന്ന മനുവിന്റെ ചിത്രമായിരുന്നു ...!!


Saturday, March 10, 2012

ബൂലോകത്തിന്റെ വരദാനമായ, വരയുടെയും നര്‍മത്തിന്റെയും രാജകുമാരന്‍ : ശ്രീ. നൗഷാദ് അകമ്പാടം


സൂപ്പര്‍ ബ്ളോഗര്‍ തിരഞ്ഞെടുപ്പിന്റെ ആദ്യപാദ ലിസ്റ്റ് വന്നത് മുതല്‍ സജീവമായി,  ഓരോ നിമിഷങ്ങളും വളരെ രസകരമായി ആസ്വദിക്കുകയും ചെയ്ത മറ്റൊരു സ്ഥാനാര്‍ഥിയും ഉണ്ടാകുമെന്ന് തോന്നുന്നില്ല. ഫേസ് ബുക്കിലൂടെയും ബ്ലോഗിലൂടെയും നര്‍മം വാരി വിതറിയ കമന്റുകളും ചിത്രങ്ങളും പോസ്റ്റുകളുമായി, ഈ തിരഞ്ഞെടുപ്പിനെ ഒരു മഹോത്സവമാക്കി മറ്റുള്ളവരിലേക്ക് കൂടി അതിന്റെ ഊര്‍ജ്ജം പകര്‍ന്ന സഹൃദയന്‍ . ബൂലോകത്തിന്റെ വരദാനമായ, വരയുടെയും നര്‍മത്തിന്റെയും രാജകുമാരനായ ശ്രീ. നൗഷാദ് അകമ്പാടം മനസ്സ് തുറക്കുന്നു.
  • സൂപ്പര്‍ ബ്ലോഗര്‍ റണ്ണര്‍ അപ്പ് ആയി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ തോന്നിയ വികാരം എന്തായിരുന്നു?
തീര്‍ച്ചയായും സന്തോഷം തന്നെ. കഴിഞ്ഞ വര്‍ഷം ഈ അവാര്‍ഡിന്റെ സമയത്ത് ഞാനിതൊക്കെ ഒരന്യനെപ്പോലെ കണ്ടു നിന്നവനാണ്. വരും വര്‍ഷത്തില്‍ എന്റെ പേര് ആരെങ്കിലും നിര്‍ദ്ദേശിക്കുമെന്നോ ഈ വിജയത്തിലെത്തുമെന്നോ അന്ന് ഞാന്‍ സ്വപ്നം പോലും കണ്ടിരുന്നില്ല.  എന്നെ കൂടുതല്‍ സന്തോഷിപ്പിച്ചത് എനിക്ക് ഒരു പരിചയവുമില്ലാത്ത ഒരുപാട് പേര്‍ ബ്ലോഗ്ഗിലും ഫേസ് ബുക്കിലും പോസ്റ്റുകള്‍ ഇട്ട് എനിക്ക് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ചത് അറിഞ്ഞപ്പോഴാണ്. ഒപ്പം എന്റെ ഒരുപാട് സ്‌നേഹിതര്‍  എല്ലാ രീതിയിലും നല്ല പ്രോല്‍സാഹനം തന്നു. അവരോടുള്ള എന്റെ അകമഴിഞ്ഞ നന്ദി ഞാനിവിടെ രേഖപ്പെടുത്തട്ടെ. കൂടാതെ ബൂലോകം ഭാരവാഹികളോടും. എന്റെ എല്ലാ പദ്ധതികള്‍ക്കും പിന്തുണ പ്രഖ്യാപിച്ച് അവരൊപ്പമുണ്ടായിരുന്നു. അതെനിക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നു. ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഓരോ സുമനസ്സുകളോടും ഞാന്‍ വിനയപൂര്‍വ്വം എന്റെ നന്ദി അറിയിക്കുന്നു.
  • വാശിയേറിയ മത്സരമായിരുന്നല്ലോ ഇത്തവണ, ഈ വിജയം താങ്കള്‍ പ്രതീക്ഷിച്ചിരുന്നതാണോ?ഈ അവാര്‍ഡിനെ താങ്കള്‍ എങ്ങിനെ വിലയിരുത്തുന്നു?
അതേ, അവസാന ഘട്ടമെത്തിയപ്പോഴേക്കും ഒരു നിയമസഭാ തെരെഞ്ഞെടുപ്പ് പോലെ ഈ ബൂലോകവും ചൂടുപിടിച്ചതായ് കാണാന്‍ കഴിഞ്ഞു. വളരെ രസകരമായി തോന്നി അവസാന ദിവസങ്ങള്‍. മുന്‍ വര്‍ഷത്തെ പോലെയല്ല, ഇപ്പോള്‍ ഓരോരുത്തരും ഫേസ്ബുക്ക് ഗ്രൂപ്പുകളിലും ഗൂഗിള്‍ പ്ലസിലുമൊക്കെ വളരെ സജീവമാണ്. വലിയൊരു സൗഹൃദവലയം അവര്‍ക്ക് രൂപപ്പെടുത്തിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അത് മിക്കവരും പരമാവധി ഉപയോഗപ്പെടുത്തിയതാണ് ഈ തെരെഞ്ഞെടുപ്പിന്റെ പ്രത്യേകതയും ആകര്‍ഷണീയതയും.
പിന്നെ ഈ അവാര്‍ഡിന്റെ തെരെഞ്ഞെടുപ്പ് രീതിയെക്കുറിച്ചുള്ള പരാമര്‍ശനങ്ങളും വിമര്‍ശനങ്ങളും ഒരുപാട് ഉയര്‍ന്നിട്ടുണ്ട്. ബൂലോകം.കോം ആദ്യമേ വ്യക്തമാക്കിയ രണ്‍ടു കാര്യങ്ങളായിരുന്നല്ലോ ഒന്ന് ഈ പോര്‍ട്ടലില്‍ എഴുതുന്നവരെ മാത്രമേ നോമിനേറ്റ് ചെയ്യാന്‍ കഴിയൂ എന്നതും ഈ ഓണ്‍ലൈന്‍ തെരെഞ്ഞെടുപ്പിനു തല്‍ക്കാലം പരിമിതികളോടെയുള്ള  ഈ മാര്‍ഗ്ഗമല്ലാതെ മറ്റൊന്നും മുന്നിലില്ല എന്നതും. പക്ഷേ പലര്‍ക്കും അത് മനസ്സിലായില്ല എന്നു തോന്നുന്നു. അതാവാം ഇത്ര മേല്‍ വിമര്‍ശനം വരാനുള്ള ഒരു കാരണം.
പിന്നെ വിജയത്തെക്കുറിച്ച്, ആ കാര്യത്തിലെ എന്റെ നിലപാട് ഞാന്‍ എന്റെ സുഹൃത്തുക്കളോട് മുമ്പ് തന്നെ സൂചിപ്പിച്ചിരുന്നു. എന്റെ കര്‍മ്മം എഴുതുക അല്ലെങ്കില്‍ വരക്കുക എന്നതാണ്. ഈ മീഡിയ നല്‍കുന്ന സ്വാതന്ത്യം പരമാവധി ഉപയോഗപ്പെടുത്തി ഞാന്‍ മുന്നോട്ട് പോകാന്‍ ശ്രമിക്കുന്നു. അതിനിടയിലെ ഇത്തരം ചടങ്ങുകള്‍ ഒരു ഭാഗത്ത് സംഭവിക്കുന്നു എന്നതല്ലാതെ അവ എന്നെ ഒരു തരത്തിലും ബാധിക്കുന്നില്ല. അവാര്‍ഡ് കിട്ടിയാലും  ഇല്ലെങ്കിലും ഒക്കെ ഞാന്‍ വരച്ചു കൊണ്ടേയിരിക്കും. കാരണം അതെന്റെ ജോലിയുടെ ഭാഗമല്ല, മറിച്ച് ദിനചര്യ പോലെ എന്നില്‍ അലിഞ്ഞുപോയ ഒന്നാണ്‍. ഈ ഫേസ് ബുക്കും ബ്ലോഗ്ഗുമുള്ളപ്പോള്‍ അവയെ നിങ്ങളറിയുന്നു എന്ന് മാത്രം. ഞാന്‍ മുമ്പേ ഇങ്ങനെയാണ്. ഇനിയും ഇതുപോലെ തന്നെയായിരിക്കും.
  • ‘എന്റെ വര’ എന്ന താങ്കളുടെ ബ്ലോഗ് ബൂലോകത്തില്‍ വളരെ പ്രശസ്തമാണല്ലോ. എങ്ങിനെയാണ് ‘എന്റെ വര’യുടെ ആരംഭം? എന്തായിരുന്നു പ്രചോദനം?
നല്ല ചോദ്യം. പക്ഷേ ഉത്തരം ഞാന്‍ പലപ്പോഴായി എന്റെ ബ്ലോഗ്ഗ് പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്. അതിനാല്‍ ഇങ്ങിനെ ചുരുക്കി പറയാം. ഞാന്‍ ചെറുപ്പം മുതലേ എഴുതുകയും വരക്കുകയും ചെയ്യുന്ന ഒരാളാണ്. എന്റെ കുടുംബ പശ്ചാത്തലം തന്നെ അതാണ്. എന്റെ ഉമ്മ നന്നായി വരക്കുമായിരുന്നു. എന്റെ ജ്യേഷ്ഠ്‌നമാരും ചിത്രകലയില്‍ പേരു കേട്ടവര്‍ തന്നെ. ഗള്‍ഫിലേക്ക് വന്ന ആദ്യനാളുകളില്‍ കയ്യിലെ നോട്ടുപുസ്തകത്തിലായിരുന്നു കുത്തിക്കുറിച്ചിരുന്നത്.

എന്നാല്‍ സഹ മുറിയന്മാര്‍ക്ക് അത് കാണുന്നതേ അലര്‍ജിയായിരുന്നു. ഗള്‍ഫിലെ ഏറ്റവും വലിയ തലവേദനകളില്‍ ഒന്ന് നമുക്ക് തെരെഞ്ഞെടുക്കാന്‍ കഴിയാതെ പോവുന്ന സൗഹൃദമാണ്. നമ്മള്‍ ആരുമായും അഡ്ജസ്റ്റ് ചെയ്യേണ്ട അവസ്ഥ. ആദ്യകാലത്ത്  ഞാന്‍ എല്ലാവരും ഉറങ്ങിയതിനു ശേഷം പുറത്തിട്ടിരിക്കുന്ന പഴയ സോഫാ സെറ്റില്‍ വന്നിരുന്ന് കുത്തിക്കുറിക്കുമായിരുന്നു,  അങ്ങനെ കുറേക്കാലം.
പിന്നെ ചാനലുകള്‍ ലഭ്യമായിത്തുടങ്ങി. അതോടൊപ്പം ഇന്റര്‍നെറ്റ് സൗകര്യവും കൂടിയായപ്പോള്‍ ഫ്‌ലിക്കറിലായിരുന്നു ഞാന്‍ ആദ്യമായി എന്റെ ചിത്രങ്ങള്‍  അപ്‌ലോഡ് ചെയ്തത്. അതിനു കീഴെ മലയാളത്തില്‍ ടൈപ്പ് ചെയ്ത് കവിത പോലെ രണ്ടു വരികളില്‍ കൊടുത്ത് തുടങ്ങിയപ്പോള്‍ എഴുതാനുള്ള പഴയ വാസന പിന്നേയും തലപൊക്കി.
ഫ്‌ലിക്കറിന്റെ പരിമിതി ബോധ്യമായ കാലത്താണ്  ബ്ലോഗ്ഗിനെക്കുറിച്ചറിയുവാന്‍ ഇടയായത്. ഉടനെ ചുമ്മാ ഒന്ന് തുടങ്ങുകയും ചെയ്തു. എന്നാല്‍ അതില്‍ സജീവമാകാനാകാതെ വിഷമിച്ചു. കാരണം ഇന്നത്തെപ്പോലെ ഫേസ് ബുക്ക്  ഗ്രൂപ്പുകളോ സൗഹൃദ ബന്ധങ്ങളോ ഉണ്ടായിരുന്നില്ല. ബ്ലോഗ്ഗ് പ്രമോഷനെക്കുറിച്ച് ഒരു ധാരണയും ഇല്ലായിരുന്നു. അധികം ബ്ലോഗ്ഗുകള്‍ വായിച്ച് ഒരു തയ്യാറെടുപ്പും നടത്തിയിട്ടുമില്ലായിരുന്നു. അതുകൊണ്‍ട് തന്നെ ബ്ലോഗ്ഗില്‍ എവിടേയും എത്തിച്ചേരാനാവാതെ വിഷമിച്ച ഒരവസഥ. ആ സമയത്താണ് മലയാളം ബ്ലോഗ്ഗേഴ്‌സ് ഗ്രൂപ്പ് എന്നപേരില്‍ ആചാര്യന്‍ എന്ന ബ്ലോഗ്ഗിന്റെ ഉടമ ശ്രീ. ഇംതിയാസ് ഫേസ് ബുക്കില്‍  ഒരു ഗ്രൂപ്പു തുടങ്ങുന്നതും ആദ്യമായി എന്നെ അതില്‍ ആഡ് ചെയ്യുന്നതും. സത്യത്തില്‍ ഞങ്ങള്‍ തമ്മില്‍ അതിനുമുമ്പ് ഒരു പരിചയവുമില്ലായിരുന്നു. ആ ഗ്രൂപ്പാണ്, ആ സൗഹൃദമാണ് എന്റെ ബ്ലോഗ്ഗിന്റെ ഉയര്‍ച്ചയില്‍  ശക്തമായ ഒരു പിന്തുണ നല്‍കിയത്. ഞങ്ങള്‍ തമ്മില്‍ ഇന്ന് സഹോദരതുല്യമായ ബന്ധമാണ്. ബ്ലോഗ്ഗ് നല്‍കിയ പുണ്യങ്ങളില്‍ ഒന്ന്, അത് എന്റെ പ്രിയ കൂട്ടുകാര്‍ തന്നെയാണ്.
ഇന്ന് ഏത് പുതുമുഖ ബ്ലോഗ്ഗര്‍ക്കും ആവശ്യത്തിനു വേണ്ട പരിഗണനയും നിര്‍ദ്ദേശങ്ങളുമൊക്കെയായി ആ ഗ്രൂപ്പ് സജീവമായി രംഗത്തുണ്ട്. നല്ല രചനകള്‍ എവിടെ  കണ്ടാലും അതിന്റെ എഴുത്തുകാരനെ തിരഞ്ഞു പിടിച്ച് ഞങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നു. അതിന്റെ തെളിവ് ഞങ്ങളുടെ ഗ്രൂപ്പില്‍ എത്ര വേണമെങ്കിലും കാണാം. ഞങ്ങള്‍ തുടക്കത്തില്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ ഇന്നത്തെ ബ്ലോഗ്ഗര്‍മാര്‍ക്ക് ഇല്ല എന്നുതന്നെ പറയാം.
  • വരയിലൂടെയും നര്‍മത്തിലൂടെയും ആസ്വാദക മനസിലേക്ക് ഓടിക്കേറിയ താങ്കളുടെ ഗുരു ആരാണ്?
വരയും എഴുത്തും എനിക്ക് പാരമ്പര്യമായി കിട്ടിയതാണ്. വരയിലും എഴുത്തിലും അങ്ങനെ ഗുരു എന്ന് പറയാന്‍ ആരുമില്ല. ഒരു പക്ഷേ എന്റെ ജ്യേഷ്ഠന്മാര്‍ തന്നെയായിരിക്കണം. കാര്‍ട്ടൂണില്‍ ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്നത് ‘മാഡ് മാഗസിനില്‍’  വരച്ചിരുന്ന സെര്‍ഗിയോ അറാഗോണ്‍സിന്റെ വരകളാണ്. മികച്ച ഭാവങ്ങളും ലളിതമായ വരകളും ഭാഷക്കതീതമായ നര്‍മ്മ സംഭവങ്ങളും കൊണ്ട് അദ്ദേഹത്തിന്റെ രചനകള്‍ മികച്ചു നില്‍ക്കുന്നു. ഇല്ലസ്‌റ്റ്രേഷനു എനിക്ക് നമ്പൂതിരിയേക്കാളും ദേവനേക്കാളുമൊക്കെ ഇഷ്ടം എ.എസ്സിന്റെ വരകളാണ്. അദ്ദേഹത്തിന്റെ രേഖകള്‍ നല്‍കുന്ന താളവും ലയവും അവയുതിര്‍ക്കുന്ന മാസ്മരിക സൌന്ദര്യവും ഒന്ന് വേറെ തന്നെയാണ്.
വായന നല്ല രീതിയില്‍ ഉണ്ടായിരുന്നു. ഇപ്പോഴാണ് അല്പം കുറഞ്ഞത്. ഖലീല്‍ ജിബ്രാന്റെ രചനകള്‍,  പ്രത്യേകിച്ചും ‘പ്രവാചകന്‍ ‘  ആണ് എന്റെ ഫേവറിറ്റ്. എന്നാല്‍ ബ്ലോഗ്ഗില്‍ എന്നെ സജീവമാക്കിയതിനു ഒരു കാരണം ബെര്‍ളി തോമസിന്റെ ‘ബെര്‍ളിത്തരങ്ങള്‍’ ആണ്. കാരണം അതിലൂടെ ഇങ്ങനെ മസിലു പിടിക്കാതേയും ബ്ലോഗ്ഗ് എഴുതാം എന്നു മനസ്സിലാക്കാന്‍ സാധിച്ചു. കഥയും കവിതയുമൊന്നുമല്ലാതെ ഇടക്കൊക്കെ  മനസ്സും എഴുത്തും ഫ്രീയാക്കി ഒരു തരം കാര്‍ട്ടൂണ്‍ എഴുത്ത് ശൈലി സ്വീകരിക്കാന്‍ ഇടയാക്കിയത് അങ്ങനെയാണ്. എഴുതുമ്പോള്‍ ഉള്ള യഥാര്‍ത്ഥ സുഖം ഇപ്പോള്‍ എനിക്ക് തിരിച്ചറിയാന്‍ പറ്റുന്നുണ്ട്. അതുകൊണ്ട് തന്നെ ഒന്നിലൂടെയുള്ള പ്രശംസയോ മറ്റൊന്നിലൂടെയുള്ള വിമര്‍ശനമോ ഒന്നുംതന്നെ  എന്നെ ബാധിക്കുന്നില്ല. ഞാന്‍ എന്റെ കര്‍മ്മം ചെയ്തു കൊണ്ടേയിരിക്കുന്നു.
  • ഒരുപക്ഷേ ഈ ബൂലോകത്തില്‍ നിന്നും ഏറ്റവും അധികം മോഷ്ടിക്കപ്പെട്ടിട്ടുള്ള രചനകള്‍ താങ്കളുടെതാവാം. ഈ പ്രവണതയെ താങ്കള്‍ എങ്ങിനെ നോക്കിക്കാണുന്നു?
തീര്‍ച്ചയായും പത്ര വാരികകള്‍ ബ്ലോഗ്ഗുകളുമായി സഹവര്‍ത്തിത്വം പുലര്‍ത്തേണ്ടത് അനിവാര്യമാണ്. ബ്ലോഗ്ഗിന്റെ പ്രസക്തിയെ പലരും ചോദ്യം ചെയ്യുന്നതായി കാണുന്നു. എന്നാല്‍ എനിക്ക് തോന്നുന്നത് ബ്ലോഗ്ഗ് രൂപത്തിലല്ലെങ്കില്‍ നാളെ ഈ സ്വാതന്ത്ര്യം മറ്റൊരു വിധത്തിലാവാം നാം കൈകാര്യം ചെയ്യുന്നത്. എന്നാലും സെല്‍ഫ് പബ്ലിഷിംഗ് എന്ന സ്വാതന്ത്ര്യത്തെ ലോകം ആഘോഷിക്കുന്നുണ്ട്. അത് അങ്ങനെ തന്നെ തുടരുകയും ചെയ്യും.
പബ്ലീഷിംഗ് മീഡിയ ബ്ലോഗ്ഗിലെ മികച്ച സൃഷ്ടികളെ അംഗീകരിക്കുകയും അവ രചയിതാവിന്റെ അനുവാദത്തോടെ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നത് ഇപ്പോള്‍ സാധാരണമായിരിക്കുന്നു. ആദ്യ കാലത്തുണ്ടായിരുന്ന തൊട്ടുകൂടായ്മയും ഉച്ചനീചത്വവും ഇപ്പോള്‍ ഇല്ല. പലര്‍ക്കും ബ്ലോഗ്ഗിന്റെ അനന്തസാധ്യതയും എഴുത്തിലെ പ്രതികരണവും അതിന്റെ മാര്‍ക്കറ്റിംഗ് ഗുണങ്ങളുമൊക്കെ മനസ്സിലായി വരുന്നു. അത് ശുഭ ലക്ഷണമാണ്.
പിന്നെ എന്റെ രചനകള്‍ , എന്റെ കാര്‍ട്ടൂണുകള്‍ എന്റെ സ്‌കൂള്‍ ജീവിതകാലം മുതല്‍ക്കേ പത്രങ്ങളില്‍ പബ്ലിഷ് ചെയ്തിരുന്നു. പിന്നെ കോഴിക്കോട് നിന്നിറങ്ങിയ ഒരുപാട് പ്രസിദ്ധീകരണങ്ങളില്‍ ഞാന്‍ ജോലി ചെയ്യുകയും ചെയ്തിരുന്നു. അത് കൊണ്‍ട് തന്നെ അവര്‍ അത് റീ പബ്ലിഷ് ചെയ്യുന്നതില്‍ എനിക്ക് വലിയ രോമാഞ്ചമൊന്നുമുണ്ടാകുന്നില്ല എന്നവര്‍ മനസ്സിലാക്കണം. ഞാനവയെ  പരിഗണിക്കുകയേ ഇല്ലായിരുന്നു. എന്നാല്‍ എന്റെ പ്രതിഷേധത്തിലൂടെ എന്റെ സ്വരം ബൂലോകത്തിനു മുഴുവന്‍ വേണ്ടിയാണെന്ന ധാരണയും മുന്നറിയിപ്പും അവര്‍ക്ക് നല്‍കാന്‍ കഴിഞ്ഞു എന്നുള്ളിടത്താണ് അവ പര്യവസാനിച്ചത്. അത് നല്ല കാര്യമാണ്.
ബൂലോകത്ത് നിന്നും സൃഷ്ടികള്‍ രചയിതാവറിയാതെ പ്രസിദ്ധീകരിക്കുക എന്നത് ഇനി സുസാധ്യമായ കാര്യമാവില്ല എന്നവര്‍ക്ക് മനസ്സിലായി. കാരണം എനിക്ക് കിട്ടിയ പിന്തുണയും ബൂലോകത്തിന്റെ ഐക്യവും ശക്തമായിരുന്നു. വിസ്മയിപ്പിക്കുന്നതായിരുന്നു.
  • ബ്ലോഗ് ലോകത്തു നിന്നും ലഭിച്ച നന്മകള്‍ , തിന്മകള്‍ ?
ബ്ലോഗ്ഗിന്റെ യഥാര്‍ത്ഥ നന്മ എന്നത് അത് നിങ്ങളിലെ എഴുത്തുകാരനെ (അങ്ങനെയൊരാള്‍ ചിലപ്പോള്‍ നിങ്ങള്‍ പോലുമറിയാതെ നിങ്ങളിലുറങ്ങിക്കിടപ്പുണ്ടാവും) വിളിച്ചുണര്‍ത്തുന്നു എന്നുള്ളതാണ്. അത് ഒരു വലിയ കാര്യം തന്നെയാണ്. പ്രത്യേകിച്ചും ഒറ്റപ്പെട്ട് നില്‍ക്കുന്ന പ്രവാസികളാണ് ഈ മീഡിയ കൂടുതല്‍ ഉപയോഗപ്പെടുത്തുന്നത് എന്നതിനു കാരണവും അത് തന്നെ.
ജോലി കഴിഞ്ഞുള്ള അല്പസമയം അവന്റെ ഭാരങ്ങള്‍ പങ്കുവെക്കാനും കൊച്ചു കൊച്ചു സന്തോഷങ്ങളും ഭാവനകളും ഓര്‍മ്മകളും ഒക്കെ അയവിറക്കാനുമുള്ള ഒരിടമായി ബ്ലോഗ്ഗ് മാറുന്നു.അതേ സമയം അവനറിയാതെതന്നെ അവനുള്ളിലെ എഴുത്തുകാരനെ ബ്ലോഗ്ഗ് തേച്ചു മിനുക്കിയെടുക്കുകയും ചെയ്യുന്നു. ശരിയായ കഴിവുള്ളവര്‍ അത്  തിരിച്ചറിയുകയും പിന്നെ എഴുത്തിനെ കാര്യ ഗൗരവത്തോടെ തന്നെ കൈകാര്യം ചെയ്യാന്‍ തുനിയുകയും ചെയ്യുന്നു. പലരും കൊഴിഞ്ഞ് പോകുമെങ്കിലും ചില നല്ല എഴുത്തുകാരെയെങ്കിലും നമുക്ക് ഇതിലൂടെ ലഭിക്കുന്നുണ്ട്.
പിന്നെ വിശാലമായ സൗഹൃദം. നോക്കൂ.. ചിരപരിചിതപ്പോലെയാണ് എനിക്ക് എന്റെ സുഹൃത്തുക്കള്‍. പലരേയും ഒരിക്കലും കണ്ടിട്ടില്ല. എന്നാല്‍ പോലും അതിവിടെ ഒരു കുറവായി തോന്നുന്നില്ല. കണ്ടുകഴിഞ്ഞാല്‍ ഇന്നലെ പിരിഞ്ഞവരെപ്പോലെ സംസാരിക്കാന്‍ നമുക്കാവും. ഈ സൗഹൃദവും ആശയ വിനിമയവും നല്‍കുന്ന ശക്തി വളരെ വലുതാണ്.

ഇപ്പോള്‍ തന്നെ ഞങ്ങളുടെ ഗ്രൂപ്പ് ഒരു മാഗസിന്‍, ബ്ലോഗ്ഗ് റേഡിയോ, യൂട്യൂബ് വീഡിയോ ചാനല്‍ തുടങ്ങി പല പദ്ധതികള്‍ക്കും രൂപം കൊടുക്കുന്നുണ്ട്. ഇതെല്ലാം ഈ കൂട്ടായ്മയുടെ ഗുണങ്ങള്‍ തന്നെയാണ്.
തിന്മ,  അങ്ങനെയൊന്നു എനിക്കനുഭവപ്പെട്ടത് വായനക്കാര്‍ നല്‍കുന്ന കമന്റുകളെക്കുറിച്ചാണ്. പലപ്പോഴും ഏറെ സോഫ്റ്റ് ആയിരിക്കും കമന്റുകള്‍ ,  നിരൂപണം വളരെ കുറവ്. അത് എഴുത്തുകാരന് ഒരു ഗുണവും ചെയ്യില്ല. ചിലപ്പോള്‍ ദോഷവുമാകും. വായനയുടെ കുറവ് മിക്ക ബ്ലോഗ്ഗര്‍മാര്‍ക്കും ഒരു വലിയ പോരായ്മ തന്നെയാണ്. പിന്നെ ഭാഷാപരിജ്ഞാനം. അക്ഷരത്തെറ്റ്. ബ്ലോഗ്ഗില്‍ നാലക്ഷരം എഴുതി പത്തു കമന്റുകിട്ടുമ്പോഴേക്കും മതിമറക്കുന്ന പ്രവണതയുമുണ്ട്. പിന്നെയുണ്ടാകുന്ന ചില്ലറ അസ്വാരസ്യങ്ങളൊക്കെ ഏത് മീഡിയയിലുമുണ്ടാകും. അതൊന്നും അത്ര കാര്യമാക്കാനില്ല.
  • പുതുബ്ലോഗര്‍മാര്‍ക്കുള്ള താങ്കളുടെ സന്ദേശം?
അങ്ങനെയൊരു സന്ദേശം നല്‍കാന്‍ മാത്രമായില്ലല്ലോ ഞാന്‍ :) എന്റെ അനുഭവം വെച്ച് എന്റെ കാഴ്ചപ്പാട് പറയാം. ആദ്യം സ്വന്തം കഴിവ് തിരിച്ചറിയുക. ആ കഴിവ് ഏത് രംഗത്താണ് കൂടുതല്‍ ശോഭിക്കുക എന്നും തിരിച്ചറിയുക. അവസരങ്ങളും സന്ദര്‍ഭങ്ങളും യഥാവിധി ഉപയോഗപ്പെടുത്തുക. വായനയിലൂടെ അറിവിന്റെ ഉള്‍ക്കരുത്ത് നേടുക. മറ്റുള്ളവര്‍ എന്തുപറയുന്നു എന്നതല്ല, നിങ്ങള്‍ നിങ്ങളെക്കുറിച്ച് എന്തു കരുതുന്നുവോ അതാണ് നിങ്ങള്‍ എന്ന് മനസ്സിലാക്കുക. കാരണം നിങ്ങള്‍ക്ക് നിങ്ങളെ തിരിച്ചറിയാനായില്ലെങ്കില്‍ പിന്നെ മറ്റൊരാള്‍ക്ക് അതിനൊരിക്കലുമാവില്ല എന്നതു തന്നെ!
  • പ്രവാസ ജീവിതം താങ്കളിലെ കലാകാരനെ എങ്ങിനെ സ്വാധീനിച്ചു …?
ഒരു കലാകാരന്‍ എന്നതിലുപരി എന്നിലെ മതപരമായ ചിട്ടകളെയാണ് അതേറ്റവും കൂടുതല്‍ സ്വാധീനിച്ചത്. കാരണം ഞാന്‍ ജോലി ചെയ്യുന്നത് മദീനാ എന്ന പ്രവാചക നഗരിയിലാണ്. ലോകത്തുള്ള ഏതൊരു മുസ്ലിം മത വിശ്വാസിയും ജീവിതത്തിലൊരിക്കലെങ്കിലും ഒന്ന് കാണാന്‍ കൊതിക്കുന്ന സ്ഥലം.
അതിനായി ഓരോ നേരവും നമസ്‌കരിക്കുമ്പോള്‍ ആ ഭാഗ്യം തരേണമേ എന്ന് സര്‍വ്വ ശക്തനോട് പ്രാര്‍ത്ഥിക്കുന്ന സ്ഥലം. അത്തരമൊരു സ്ഥലത്ത്, കഴിഞ്ഞ പതിനാലു വര്‍ഷങ്ങളായി മദീനയെക്കുറിച്ചുള്ള ചരിത്ര പഠന സംബന്ധിയായ ജോലിയാണ് ഞാന്‍ ചെയ്യുന്നത്. ഒപ്പം എന്റെ കലാപരമായ കഴിവിന്റെ സാധ്യതകളേയും അത് പരമാവധി ഉപയോഗപ്പെടുത്തുന്നുണ്ട്. കൂടുതലായി ആ വിഷയങ്ങള്‍ എന്റെ ബ്ലോഗ്ഗില്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്. നൂറു ശതമാനം എന്നെ നവീകരിക്കാനും എന്റെ കലയെ ഇസ്ലാമിക് ഗവേഷണത്തിനായി ഉപയോഗിക്കാനുമായി എന്നതാണ് പ്രവാസം എനിക്ക് നല്‍കിയ സമ്മാനം. തീര്‍ച്ചയായും അത് വിലമതിക്കാനാവാത്ത ഭാഗ്യമായി ഞാന്‍ കാണുന്നു.
  • സാമൂഹ്യവും മതപരമായതും അങ്ങിനെ എല്ലാ മേഖലകളും താങ്കളുടെ കാര്‍ട്ടൂണിന് ഇതിവൃത്തമായിട്ടുണ്ടല്ലോ.ഏതെങ്കിലും മേഖലയില്‍ നിന്നും എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിട്ടുണ്ടോ…? എങ്കില്‍ അവ എങ്ങിനെ കൈകാര്യം ചെയ്തു?
അത് രസകരമായ കാര്യമാണ്. എന്റെ സമകാലിക വിഷയത്തിലുള്ള കാര്‍ട്ടൂണുകള്‍ കണ്ട് പലരും എന്നെ ഉപദേശിക്കാനും ശാസിക്കാനും തെറിവിളിക്കാനുമൊക്കെ വരുന്നുണ്ട്. ഫേസ് ബുക്ക് തുറന്നാലേ ഇവരുടെ തള്ളിക്കയറ്റമാണ്. ഈ വിഷയത്തില്‍ വ്യക്തമായ ധാരണയുള്ളതു കൊണ്ടും നാട്ടിലെ മുസ്ലിയാര്‍ മൊല്ലാക്കമാരല്ല, ശരിയായ രീതിയില്‍ ഇസ്ലാം കൈകാര്യം ചെയ്യുന്ന,  ഈ മതം പിറവി കൊണ്ട മക്ക മദീന മണ്ണിലെ പണ്ഡിതന്മാരുടെ പൂര്‍ണ്ണ പിന്തുണയുള്ളതു കൊണ്ടുമാണ് ഞാന്‍ സധൈര്യം മുന്നോട്ട് പോവുന്നത്. ഇസ്ലാമിന്റെ പൂങ്കാവനമായ മക്കയിലും മദീനയിലും ഇല്ലാത്ത ഓരോ ആചാര അനാചാരങ്ങള്‍ കെട്ടിപ്പൊക്കി കൊണ്ടുവരുന്നവര്‍ എത്ര പേരുകേട്ട ആളുകളാണെങ്കിലും അതിനെതിരെ ശബ്ദിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്റെ സമരായുധം പ്രസംഗവും സ്‌റ്റേജുമല്ലാത്തതിനാല്‍ ഞാന്‍ വരച്ചും എഴുതിയും എന്റെ പ്രതിഷേധം അറിയിക്കുന്നു.
ഒപ്പം നമ്മുടെ നാട്ടില്‍ നേതാക്കന്മാര്‍ എന്ത് മണ്ടത്തരത്തിനു തുനിഞ്ഞാലും മുന്‍പിന്‍ ചിന്തിക്കാതെ  വേഷം കെട്ടിയിറങ്ങുന്ന പാവങ്ങളോട് സഹതാപമുണ്ട്. മതത്തിലും രാഷ്ട്രീയത്തിലുമൊക്കെ ഈ സ്ഥിതി തന്നെയാണ്.
  • ബൂലോകം സൂപ്പര്‍ ബ്ലോഗര്‍ തിരഞ്ഞെടുപ്പ് വേളയില്‍ , ഓരോ ആഴ്ചയിലും ഓരോ ബ്ലോഗരുടെ കാര്‍ട്ടൂണ്‍ ചിത്രവും അഭിമുഖവും ഉണ്ടായിരിക്കും എന്നൊരു ഓഫര്‍ താങ്കള്‍ നല്‍കിയിരുന്നു. എന്നാല്‍ ആകെ വരച്ചത്, ഒരാളെ മാത്രം . ആ ഓഫര്‍ തുടര്‍ന്നും ഉണ്ടാകുമോ…?
തീര്‍ച്ചയായും ആ പംക്തി ഞാന്‍ പൂര്‍വ്വാധികം മികച്ച രീതിയില്‍ കൊണ്ടുവരും. സത്യത്തില്‍ ജോലി സംബന്ധമായ തിരക്കിനിടയില്‍ അതിനു വേണ്ടത്ര സമയം കൊടുക്കാനാവുന്നില്ല എന്നതുകൊണ്ട് മാത്രമാണ് അത് വൈകുന്നത്. ഒപ്പം സമകാലിക പ്രസക്തമായ ചില കാര്‍ട്ടൂണുകള്‍ സ്ഥിരമായി ഇപ്പോള്‍ ഫേസ് ബുക്ക്  വഴി പോസ്റ്റ് ചെയ്യുന്നുമുണ്ട്. തീര്‍ച്ചയായും എല്ലാവരേയും അതില്‍ ഉള്‍പ്പെടുത്തണം എന്ന് തന്നെയാണ് എന്റെ ആഗ്രഹം.
  • കുടുംബത്തിന്റെ പിന്തുണ എങ്ങിനെ…?
ഞാന്‍ പറഞ്ഞല്ലോ എന്റെ ജ്യേഷ്ഠന്മാര്‍ ആര്‍ട്ടിസ്റ്റുമാരാണ്. ഒരു പക്ഷേ എന്നേക്കാള്‍ നന്നായി വരക്കുകയും എഴുതുകയും ചെയ്യുന്നത് അവരാണ്. ഞാന്‍ കൂടുതല്‍ ആക്റ്റീവായി എന്നേയുള്ളൂ. പിന്നെ എന്റെ കുസൃതി എഴുത്തുകള്‍ ഒഴിച്ച് കഥയോ മറ്റോ ആണെങ്കില്‍ എന്റെ ഭാര്യ തന്നെയാണ് ആദ്യം വായിക്കാറും അത് എഡിറ്റ് ചെയ്യാറുള്ളതും. അത് വലിയ സഹായമാണ്. കഥയിലും മറ്റും ഒരു വരിയോ ഒരു വാക്കോ പോലും അധികപ്പറ്റായാല്‍ അത് മുഴച്ചു നില്‍ക്കും. എഴുത്തിന്റെ ലഹരിയില്‍ നമുക്കത് കാണാന്‍ കഴിഞ്ഞുവെന്ന് വരില്ല. അപ്പോള്‍ ആ വായനയും എഡിറ്റിംഗും  ഒക്കെ എന്നെ വല്ലാതെ സഹായിക്കാറുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല.

തന്റെ സ്വതസിദ്ധമായ നര്‍മ ശൈലിയിലൂടെയും കാര്‍ട്ടൂണുകളിലൂടെയും നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ശ്രീ. നൌഷാദിന് ഇനിയും കൂടുതല്‍ ഉയരങ്ങള്‍ എത്തിപ്പിടിക്കാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.

Monday, March 5, 2012

നന്മയുടെ , സേവനത്തിന്റെ ,യാത്രയുടെ സ്വന്തം നിരക്ഷരന്‍ :ശ്രീ. മനോജ്‌ രവീന്ദ്രന്‍

ഏറെ കൌതുകമുണര്‍ത്തിയും വിവാദങ്ങള്‍ സൃഷ്ടിച്ചും ജനശ്രദ്ധ പിടിച്ചു പറ്റിയ ബൂലോകം  സംഘടിപ്പിച്ച സൂപ്പര്‍ ബ്‌ളോഗര്‍ അവാര്‍ഡ് 2011, തികച്ചും യോഗ്യരായ രണ്ടുപേരെ തിരഞ്ഞെടുത്തു കൊണ്ട് ഭംഗിയായി അവസാനിച്ചു. രണ്ട് ഘട്ടങ്ങളായി നടത്തിയ വോട്ടെടുപ്പില്‍ , അവസാന ലിസ്റ്റിലെ പത്തു പേരില്‍ നിന്നും ഓണ്‍ലൈന്‍ വോട്ടിങ്ങിലൂടെ  സീനിയര്‍ ബ്ലോഗറും  സാമൂഹിക നന്മയെ ലക്ഷ്യമാക്കി മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുന്ന നിരക്ഷരന്‍  എന്ന ശ്രീ മനോജ് രവീന്ദ്രനാണ്  സൂപ്പര്‍ ബ്ലോഗറായി തെരഞ്ഞെടുക്കപ്പെട്ടത്  . പ്രശസ്ത  ബ്ലോഗറും കാര്‍ട്ടൂണിസ്റ്റും  ഫോട്ടോ ഗ്രാഫറുമായ ശ്രീ നൌഷാദ് അകമ്പാടം  ഫസ്റ്റ് റണ്ണര്‍ അപ്പായും  തിരഞ്ഞെടുക്കപ്പെട്ടു. രണ്ട് പേര്‍ക്കും ബൂലോകത്തിന്റെയും സഹൃദയരുടെയും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ …!
പതിമൂവായിരം രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് ഒന്നാം സമ്മാനം. റണ്ണര്‍ അപ്പിന് ഫലകവും പ്രശസ്തിപത്രവും ലഭിക്കും.  കൊച്ചിയില്‍ താമസിയാതെ സംഘടിപ്പിക്കുന്ന പൊതു ചടങ്ങില്‍ വച്ച് സമ്മാന ദാനം നടക്കും.
അവാര്‍ഡ് പ്രഖ്യാപനത്തിന്റെ പിന്നാലെ തന്നെ അഭിമുഖത്തിനായി സമീപിച്ചപ്പോള്‍ വളരെ സന്തോഷത്തോടെ തന്നെ അതിനു സമ്മതം തന്നവരാണ് രണ്ട് അവാര്‍ഡ് ജേതാക്കളും. ജാഡകളില്ലാതെ, ഔപചാരികതയുടെ മുഖംമൂടിയില്ലാതെ മനസ്സ് തുറന്നു സംവദിച്ചു രണ്ട് പേരും. സാമൂഹ്യ പ്രശ്‌നങ്ങളില്‍  ക്രിയാത്മകമായി ഇടപെടുകയും ആതുരസേവനങ്ങള്‍ നടത്തുകയും ചെയ്യുന്ന  ശ്രീ. മനോജ് രവീന്ദ്രനുമായുള്ള അഭിമുഖത്തില്‍ നിന്നും…
  • വിദ്യാസമ്പന്നന്‍ ആയ താങ്കള്‍ നിരക്ഷരന്‍ എന്ന പേര് സ്വീകരിച്ചത് എന്ത് കൊണ്ടാണ് ?
ബ്ലോഗിങ്ങിന്റെ ആദ്യകാലത്ത്, കമ്പ്യൂട്ടറില്‍ മലയാളം എഴുതാന്‍ തുടങ്ങിയപ്പോള്‍ ചില അക്ഷരങ്ങള്‍ വഴങ്ങുന്നുണ്ടായില്ല. അതാണ് നിരക്ഷരന്‍ എന്ന പേര് സ്വീകരിക്കാനുള്ള കാരണം. പിന്നീട് ഈ പേര് അര്‍ത്ഥവത്താക്കുന്ന പല കാരണങ്ങളും കണ്ടെത്താന്‍ എനിക്കായിട്ടുണ്ട്. വിദ്യാസമ്പന്നര്‍ എന്ന് പറഞ്ഞിട്ട് എന്തുകാര്യം. നമ്മള്‍ മലയാളികള്‍ ചെയ്ത് കൂട്ടുന്ന കാര്യങ്ങള്‍ പലതും വിദ്യാസമ്പന്നര്‍ക്ക് ചേര്‍ന്നതാണോ ? അങ്ങനെയുള്ള ഒരു ജനതയുടെ ഭാഗമായ എനിക്ക് സാക്ഷരന്‍ എന്ന പേര് യോജിക്കില്ല.
  • സൂപ്പര്‍  ബ്‌ളോഗര്‍ അവാര്‍ഡ് കിട്ടിയെന്നറിഞ്ഞപ്പോള്‍ എന്തു തോന്നി?
അവാര്‍ഡിന് വേണ്ടിയുള്ള മത്സരത്തില്‍ ഇന്‍വോള്‍വ്ഡ് ആയിരുന്നില്ല എന്നതുകൊണ്ട് ഇങ്ങനൊന്ന് പ്രതീക്ഷിച്ചിരുന്നില്ല.
  • ഈ  മത്സരത്തെ താങ്കള്‍ എങ്ങിനെ വിലയിരുത്തുന്നു ?
ശ്രീ. ഇ.എ. സജിം തട്ടത്തുമലയുടെ ഒരു പുതിയ പോസ്റ്റുണ്ട്, ഇതേ വിഷയത്തില്‍ അതില്‍പ്പറഞ്ഞ ഓരോ വരികളും എന്റേയും കൂടെ അഭിപ്രായമാണ്.         ജീവിതം ഒരുപാട് ഇനിയും മുന്നോട്ട് കോണ്ടുപോകാനുണ്ട് എല്ലാവര്‍ക്കും. അതിനിടയില്‍ എന്തൊക്കെ മത്സരങ്ങള്‍ക്ക് ഇടയില്‍ ചെന്ന് ചാടിയാലും സജിമിനെപ്പോലുള്ളവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന വിശ്വമാനവികതയുടെ വലിയൊരു സന്ദേശമുണ്ട്. അത്  വിസ്മരിക്കപ്പെടാതെ നോക്കണമെന്ന് അടിവരയിട്ട് പറയാന്‍ ആഗ്രഹിക്കുന്നു. സജിമിന്റെ ആ പോസ്റ്റിലെ രണ്ട് വരികള്‍ എടുത്ത് പറയാം.  ‘അവാര്‍ഡിനായി പരിഗണിക്കപ്പെട്ടവരോ അവാര്‍ഡ് ലഭിച്ചവരോ മാത്രമാണ് സൂപ്പര്‍ബ്ലോഗ്ഗര്‍മാരെന്ന് ആരും കണക്കാക്കേണ്ടതില്ല. സൂപ്പര്‍ ബ്ലോഗ്ഗര്‍ ആകാന്‍ ഇപ്പോള്‍ ഈ മത്സരത്തിന്റെ ആദ്യാവസാന റൌണ്ടുകളില്‍ എത്തപ്പെടാതെ പോയവരിലും സൂപ്പര്‍ എന്നു തന്നെ വിശേഷിപ്പിക്കാവുന്ന നല്ല ബ്ലോഗ്ഗര്‍മാര്‍ ഉണ്ട്. ‘
ഈ മത്സരത്തില്‍ ആദ്യാവസാനം പരിഗണിക്കപ്പെടാതെ പോയ ബ്ലോഗര്‍മാരില്‍ നിന്ന് 25 സൂപ്പര്‍ ബ്ലോഗര്‍മാരെയെങ്കിലും എടുത്ത് പറയാന്‍ എനിക്കാവും, ഏതൊരു ബ്ലോഗര്‍മാര്‍ക്കും ആവും. ഓണ്‍ലൈന്‍ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാന്‍ ബൂലോകം ഓണ്‍ലൈന്‍ നടത്തുന്ന ഒരു സംരംഭമായിട്ടാണ് ഇതിനെ കാണേണ്ടത്.
  • മനോജിന്റെ യാത്രാ ബ്‌ളോഗ് വളരെ താല്പര്യത്തോടെ വായിക്കുന്ന ഒരാളാണ് ഞാനും. ഈ യാത്രാക്കുറിപ്പുകള്‍ അപ്പപ്പോള്‍ എഴുതി സൂക്ഷിക്കുകയാണോ അതോ പിന്നീടാണോ എഴുതുക?
യാത്രാ ദിവസങ്ങളില്‍ ഓരോ ദിവസവും, കിടക്കുന്നതിന് മുന്നേ അന്നന്നത്തെ കാര്യങ്ങള്‍ ചെറിയ കുറിപ്പാക്കി വെക്കുന്നു. ഓര്‍ത്തിരിക്കാന്‍ ബുദ്ധിമുട്ടുള്ള വിവരങ്ങള്‍ സഞ്ചാരത്തിനിടയ്ക്ക് തന്നെ, പോക്കറ്റിലോ ബാഗിലോ ഉള്ള നോട്ടുപുസ്തകത്തില്‍ കുറിക്കാറുണ്ട്. ഉദാഹരണത്തിന് സ്ഥലപ്പേര്, ദൂരം, ആള്‍ക്കാരുടെ പേര്, ഭക്ഷണത്തിന്റെ പേര്, എന്നിങ്ങനെ. പിന്നീട് യാത്രാവിവരണം എഴുതാന്‍ തുടങ്ങുന്ന സമയത്ത് ഈ വരികളിലൂടെ ഒന്ന് കടന്നുപോകും. അന്നേ ദിവസം എടുത്ത ഫോട്ടോകള്‍ കൂടെ ഒരുവട്ടം നോക്കുമ്പോള്‍ മറക്കാന്‍ തുടങ്ങിക്കൊണ്ടിരിക്കുന്ന യാത്ര ഓര്‍മ്മയില്‍ തെളിഞ്ഞ് വരും. യാത്ര കഴിഞ്ഞ് വന്ന ഉടനെ എഴുതാന്‍ സാധിക്കാറില്ല. യാത്ര നല്‍കിയ ത്രസിപ്പിന്റെ പിടിയിലായിരിക്കും അപ്പോള്‍. ഒരു യാത്ര മറക്കാന്‍ തുടങ്ങുമ്പോളാണ് അതേപ്പറ്റി എഴുതാന്‍ തുടങ്ങുന്നത്. എല്ലാം വീണ്ടും ഓര്‍ത്തെടുക്കുമ്പോള്‍, ഒരിക്കല്‍ക്കൂടെ ആ വഴിയൊക്കെ പോയതിന്റെ വല്ലാത്തൊരു സുഖം കിട്ടാറുണ്ട്. ഒരു തരം കിറുക്കായിട്ട് കണ്ടാല്‍ മതി :)     
  • എത്ര രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട് ? യാത്രാ വിവരണങ്ങള്‍ പുസ്തകം ആകുമോ ?
പതിനാറോളം രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം ഉണ്ടായിട്ടുണ്ട്.  യാത്രാവിവരണങ്ങള്‍ പുസ്തകം ആകുമോ എന്നറിയില്ല. എന്തായാലും സ്വന്തം കൈയ്യിലെ പണം മുടക്കി ഞാനായിട്ട് അതൊന്നും പുസ്തകം ആക്കില്ല. അതിനായുള്ള പണം കയ്യില്‍ ഇല്ലാത്തതുകൊണ്ടോ പിശുക്കനായതുകൊണ്ടോ അല്ല. ഞാന്‍ എഴുതിയതില്‍ കാമ്പുള്ളത് എന്തെങ്കിലുംഉണ്ടെന്നും, അത് പുസ്തകമാക്കിയാല്‍ വിറ്റുപോകുമെന്നും എനിക്കല്ല തോന്നേണ്ടത്, ഒരു പ്രസാധകന് ആണ്. ഇതെന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. ദയവു ചെയ്ത് മറ്റൊരു തരത്തിലും വ്യാഖ്യാനിക്കരുത്.  
  • സാമൂഹ്യ ജീവിതത്തിലും വളരെയേറെ ഇടപെടുന്ന ആളാണല്ലോ താങ്കള്‍ , ഈയിടെ മുല്ലപ്പെരിയാര്‍ വിഷയത്തിലും താങ്കള്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നുവല്ലോ. പക്ഷേ, പെട്ടന്ന് തന്നെ ആ വിഷയം സമൂഹത്തില്‍ നിന്നും മാഞ്ഞുപോയതായി പലര്‍ക്കും അനുഭവപ്പെട്ടു. അതില്‍ പ്രവര്‍ത്തിച്ച, പ്രവര്‍ത്തിക്കുന്ന ഒരാളെന്ന നിലയില്‍ താങ്കള്‍ എങ്ങിനെ അത് വിലയിരുത്തുന്നു?
സാമൂഹ്യജീവിതത്തില്‍ വളരെയധികം ഇടപെടുന്ന ആളാണ് ഞാനെന്നത് തെറ്റിദ്ധാരണയാണ്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇടപെടുന്നത്, അത് ഒരു ദുരന്തമായാല്‍ ഞാനും എന്റെ കുടുബവും എനിക്കറിയുന്ന കുടുംബങ്ങളും സ്‌നേഹിതരുമൊക്കെ അടക്കം വലിയൊരു ജനക്കൂട്ടം ചത്ത് മലക്കുമെന്ന ഭയം കൊണ്ടാണ്. മരിക്കാന്‍ പോകുന്നവന്‍ രക്ഷപ്പെടാന്‍ നടത്തുന്ന ഒരു ശ്രമം മാത്രമാണ് മുല്ലപ്പെരിയാര്‍ സമരത്തിലുള്ള എന്റെ പങ്കാളിത്തം. എന്നെപ്പോലെ വിശ്വസിക്കുന്ന ഒരുപാട് പേര്‍ ഇതേ പോലെ ഇടപെടുന്നു, എല്ലാവരും സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. അത്രേയുള്ളൂ. ‘എന്‍ഡോ സള്‍ഫാന്‍ വിഷയത്തില്‍ പ്രതികരിക്കാത്ത നിരക്ഷരന് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഒച്ചപ്പാടുണ്ടാക്കാന്‍ എന്ത് അവകാശം ? ‘ എന്ന രീതിയില്‍ ചില വിമര്‍ശനങ്ങള്‍ എവിടെയോ ഈയടുത്ത്‌കേട്ടിരുന്നു. ചാകാന്‍ പോകുന്നവന്‍ രക്ഷപ്പെടാനായി മുറവിളി കൂട്ടാന്‍ പാടില്ല എന്ന് പറയുന്നതിന് തുല്യമാണ് ആ വിമര്‍ശനം. ‘ഇറ്റലിക്കാര്‍ ഇന്ത്യക്കാരെ വെടിവെച്ച് കൊന്നിട്ട് അതേക്കുറിച്ചു ഒരു വാക്ക്  പോലും എഴുതാതെ സൂപ്പര്‍ ബ്ലോഗ്ഗര്‍ കളിച്ചു നടക്കാന്‍ നാണമില്ലേ സൂപ്പര്‍ ബ്ലോഗറേ ? ‘ എന്നും കേള്‍ക്കേണ്ടി വന്നു. സൂപ്പര്‍ ബ്ലോഗര്‍ ആയതുകൊണ്ട് എല്ലാ സാമൂഹ്യവിഷയത്തിലും ഇടപെട്ട് പോസ്റ്റ് ഇറക്കണമെന്ന് ശഠിക്കരുതെന്ന് ഒരു അപേക്ഷയുണ്ട്. മാത്രമല്ല സാമൂഹ്യപ്രശ്‌നങ്ങള്‍ എല്ലാം ഏറ്റുപിടിക്കാന്‍ ഒരു സൂപ്പര്‍ ബ്ലോഗര്‍ക്കോ ഒരു സാമൂഹ്യപ്രവര്‍ത്തകന് തന്നെയോ ആവില്ല. ഞാന്‍ ഇടപെടുന്ന വിഷയം ഏതായാലും അതേപ്പറ്റി കുറേ പോസ്റ്റുകള്‍ മാത്രമിട്ട് മാറി നില്‍ക്കാനും എനിക്കാവില്ല. മുല്ലപ്പെരിയാര്‍ അല്ലാതെ മറ്റൊരു സാമൂഹ്യവിഷയത്തിലും ഞാനിതുവരെ ഇടപെട്ടിട്ടില്ല എന്നതാണ് സത്യം.
മുല്ലപ്പെരിയാര്‍ വിഷയം പെട്ടെന്ന് സമൂഹത്തില്‍ നിന്ന് മാഞ്ഞുപോയതായി തോന്നിയിട്ടുണ്ടെങ്കില്‍ അത് ശരിയാണ്. പക്ഷെ എനിക്കതില്‍ അശേഷം അത്ഭുതമില്ല. ജീവനുവേണ്ടിയുള്ള ഞങ്ങള്‍ കുറേപ്പേരുടെ ഓണ്‍ലൈന്‍ മുറവിളി 2009 മുതല്‍ക്കുള്ളതാണ്. ഈയടുത്ത് ഇടുക്കിയില്‍ ഉണ്ടായ ഭൂമികുലുക്കങ്ങള്‍ കാരണം ഈ വിഷയം കേരളത്തിലെങ്ങും ഉയര്‍ന്ന് വന്നപ്പോള്‍, ഓണ്‍ലൈനിലെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തെരുവില്‍ മറ്റ് സമരക്കാരോട് അണിചേര്‍ന്ന് പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാനും നമുക്കായി.  ഈ സമരം അനായാസമായി ലക്ഷ്യത്തിലെത്തിക്കാന്‍ പ്രാപ്തിയും സംഘടനാ ശേഷിയുമുള്ളവര്‍ പലരും, ഓരോരോ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് തലയൂരിയപ്പോള്‍, സമരങ്ങള്‍ ഇടുക്കി ജില്ലയിലേക്കോ ചപ്പാത്തിലേക്കോ മാത്രമായി ഒതുങ്ങിപ്പോയി. ഭൂകമ്പങ്ങള്‍ ഉണ്ടാകുമ്പോഴും, ഡാമില്‍ ജലം നിറയാന്‍ പോകുന്ന മഴക്കാലങ്ങളിലും, വിധി പ്രഖ്യാപനം ഉണ്ടാകാന്‍ പോകുന്ന വരുന്ന മാസങ്ങളിലുമൊക്കെ കുറേ ഒച്ചപ്പാടും ബഹളവുമൊക്കെ ഇനിയും ഉണ്ടായെന്ന് വരും. അതിനപ്പൂറം ഈ ജീവന്‍ മരണ സമരം, അപകട മുനമ്പില്‍ ജീവിക്കുന്ന 5 ജില്ലയില്‍ ഉള്ളവര്‍ക്ക് പോലും പ്രശ്‌നമല്ലെങ്കില്‍, ഇതൊരു ദുരന്തത്തിലേ കലാശിക്കൂ. ഓണ്‍ലൈനില്‍ (http://rebuilddam.blogspot.in/)ഞങ്ങള്‍ ശേഖരിച്ചിരിക്കുന്ന 2009 മുതലുള്ള രേഖകളും പത്രവാര്‍ത്തകളും ലേഖനങ്ങളുമൊക്കെ അപ്പോഴും നിലനില്‍ക്കും. ചാകാതെ ബാക്കിയാവുന്നവര്‍ക്കും, ഈ സമരങ്ങളോട് സഹകരിക്കാതെ മാറി നിന്നവര്‍ക്കുമൊക്കെ, ചത്തുപോയവര്‍ക്കായി ആദരാജ്ഞലികള്‍ അര്‍പ്പിക്കാന്‍ ഒരു ഓണ്‍ലൈന്‍ സ്മാരകമായും അതന്ന് പ്രയോജനപ്പെടുത്താം.
  • സാമൂഹിക പ്രവര്‍ത്തനത്തിന് പ്രത്യേക  പ്ലാറ്റ്‌ഫോം വേണമെന്നുണ്ടോ ? ഉദാ: സന്നദ്ധ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും മത സ്ഥാപനങ്ങളുമൊക്കെ ആളുകളെ സംഘടിപ്പിച്ചും വലിയ കോലാഹലങ്ങള്‍ ഉണ്ടാക്കിയും ജനസേവനം നടത്തുന്ന ഈ കാലഘട്ടത്തില്‍ ഓണ്‍ ലൈനില്‍ ഇരുന്നു കൊണ്ട് താങ്കള്‍ക്കു ഇതെങ്ങനെ കഴിയുന്നു?
ഒരു പ്ലാറ്റ്‌ഫോം നിര്‍ബന്ധമൊന്നുമില്ല. കൈയ്യില്‍ ധാരാളം പണവും അത് ചിലാവാക്കാനുള്ള മനസ്സും ഉണ്ടെങ്കില്‍ ഒറ്റയ്ക്കായാലും ഏതൊരു വ്യക്തിക്കും ഇതൊക്കെ ചെയ്യാം. പണമില്ലെങ്കില്‍ ഒരു കൂട്ടായ്മയ്‌ക്കേ ആ പ്രശ്‌നം പരിഹരിക്കാന്‍ പറ്റിയെന്ന് വരൂ. ഞാന്‍ പറഞ്ഞല്ലോ ? ഓണ്‍ലൈനി വഴി ആയാലും അല്ലാതെയാണെങ്കിലും എന്റെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മാത്രമേ ഇതുവരെയുള്ളൂ. അത് മിക്കവാറും ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ തന്നെ ആയിരുന്നു. പൊതുജനം തെരുവില്‍ ഇറങ്ങിയ ദിവസങ്ങളില്‍ എനിക്കും സൌകര്യപ്രദമായ ദിവസങ്ങളായതുകൊണ്ട് ഞാനും അവര്‍ക്കൊപ്പം ചേര്‍ന്നു. അത്രേയുള്ളൂ.
  • എത്രകാലമായി ബ്ലോഗിലും ഓണ്‍ ലൈന്‍ വഴിയുള്ള ആതുര സേവന പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നു ?? എന്താണ് അല്ലെങ്കില്‍ ആരാണ് പ്രചോദനം ? എത്ര പേരെ സഹായിക്കാന്‍ കഴിഞ്ഞിട്ടുണ്ട് ?
ആതുരസേവനം എന്ന വാക്ക് കൃത്യമായ പ്രയോഗമാണോ ? അല്ലെന്ന് എനിക്ക് തോന്നുന്നു. ജീവകാരുണ്യം എന്ന് വേണമെങ്കില്‍ പറഞ്ഞോളൂ. സ്‌ക്കൂള്‍ തലം മുതല്‍ ചെയ്തുകൊണ്ടിരിക്കുന്ന ചില കാര്യങ്ങള്‍, സമാന മനസ്‌ക്കരായ ഒരുപാട് ഓണ്‍ലൈന്‍ സുഹൃത്തുക്കള്‍ ചെയ്യുന്നത് കണ്ടപ്പോള്‍ അവര്‍ക്കൊപ്പം കൂടിയെന്ന് മാത്രം. ആരെങ്കിലും പ്രചോദിപ്പിച്ചതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും എന്ന് എനിക്ക് വലിയ വിശ്വാസമില്ല. ചിലരെ ഇതിലേക്ക് അടുപ്പിക്കാന്‍ ഞാനും ശ്രമിച്ചിട്ടുണ്ട്. ഭൂരിഭാഗവും സഹകരിച്ചപ്പോള്‍ ‘വേറേ പണിയൊന്നും ഇല്ലേ ‘ എന്ന മട്ടില്‍ തലതിരിച്ച ന്യൂനപക്ഷവും ഉണ്ട്. സഹജീവികളോടുള്ള അനുകമ്പ ഉള്ളില്‍ നിന്ന് സ്വയം ഉണ്ടായിവരേണ്ട കാര്യമാണ്. ബൂലോക കാരുണ്യം, സ്‌നേഹജ്വാല എന്നീ കൂട്ടായ്മകളിലൂടൊക്കെയാണ് ബൂലോകര്‍ നല്ലൊരുപങ്കും ഇതിലെല്ലാം സഹകരിക്കുന്നത്. അവിടെ അവര്‍ കൃത്യമായ കണക്കുകള്‍ സൂക്ഷിക്കുന്നുണ്ട്.
  • ആതുര സാമൂഹിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ നേരിടുന്ന പ്രധാന വെല്ലുവിളികള്‍ എന്തൊക്കെയാണ് ? അവ എങ്ങനെ തരണം ചെയ്യാം?
നല്ല കാര്യങ്ങള്‍ എന്ത് ചെയ്യാന്‍ ഇറങ്ങിയാലും അപവാദങ്ങളും ചീത്തവിളികളും കേള്‍ക്കാന്‍ ഇടയായെന്ന് വരും. അത് പ്രതീക്ഷിച്ചുകൊണ്ട്, അതിനെ നേരിടാന്‍ മനസ്സിനെ പാകപ്പെടുത്തി മാത്രമേ ഇത്തരം കാര്യങ്ങള്‍ക്ക് ഇറങ്ങിത്തിരിക്കാവൂ. ആര്‍ക്ക് എന്ത് ചെയ്ത് കൊടുത്താലും അത് അപ്പോള്‍ത്തന്നെ മറന്ന് കളഞ്ഞേക്കണം. പ്രത്യുപകാരം എന്തെങ്കിലും ഉണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിക്കരുത്. കൂടുതല്‍ എന്തെങ്കിലും ഇതേപ്പറ്റി പറയാന്‍ എനിക്ക് ഈ വിഷയങ്ങളിലൊന്നും കാര്യമായ അനുഭവസമ്പത്തില്ലെന്ന് തുടക്കത്തില്‍ സൂചിപ്പിച്ചല്ലോ..
  • സര്‍ക്കാറിനു പുറമേ ഏതൊക്കെ ഏജന്‍സികള്‍ക്ക് ഇത്തരം കാര്യങ്ങളില്‍ ഇടപെടാം? ആര്‍ക്കൊക്കെ എന്തൊക്കെ ചെയ്യാന്‍ പറ്റും?
ഒരുപാട് ഏജന്‍സികളും ട്രസ്റ്റുകളൂമൊക്കെ ഇപ്പോള്‍ത്തന്നെ ഉണ്ടല്ലോ? പ്രസ്ഥാനങ്ങള്‍ തന്നെ വേണമെന്നില്ലല്ലോ. ആദ്യമേ പറഞ്ഞത് പോലെ വ്യക്തിപരമായി ആര്‍ക്കും ഇടപെടാം. ആകാശമാണ് അതിര്‍വരമ്പ്. ഒരാള്‍ അയാള്‍ക്ക് താങ്ങാനാകുന്ന വിധം മറ്റൊരാളെ സഹായിക്കുക എന്ന് തുടങ്ങി, കൂട്ടായ്മകളുടെ ഭാഗമായി എത്ര വലിയ സഹായങ്ങളും ചെയ്യാന്‍ കഴിയും.
  • സാമൂഹിക പ്രവര്‍ത്തന രംഗത്ത് മറക്കാന്‍ പറ്റാത്ത, അല്ലെങ്കില്‍ സംതൃപ്തി നല്‍കിയ സംഭവങ്ങള്‍ ?
ഞാന്‍ ആവര്‍ത്തിക്കുന്നു. അങ്ങനെ എന്തെങ്കിലും എടുത്ത് പറയാനും വേണ്ടി ഒരു സാമൂഹ്യപ്രവര്‍ത്തവും ഞാന്‍ ചെയ്തിട്ടില്ല. മുല്ലപ്പെരിയാര്‍ ഒരു അപവാദം മാത്രം.
  • മുല്ലപ്പെരിയാര്‍ പോലുള്ള വിഷയങ്ങളില്‍ താങ്കള്‍ നടത്തിയ പ്രചരണങ്ങള്‍ വളരെ ജനശ്രദ്ധ ആകര്‍ഷിചിരുന്നല്ലോ.   ഇതെങ്ങിനെ സാധിച്ചു?
ഉവ്വോ? എനിക്കങ്ങനെ തോന്നിയിട്ടില്ല. പലരും ഒച്ചപ്പാടുണ്ടാക്കിയതിന്റെ കൂട്ടത്തില്‍ നമ്മള്‍ കുറേപ്പേരുടെ ശബ്ദവും ഉണ്ടായിരുന്നു എന്നേ തോന്നിയിട്ടുള്ളൂ. ഓണ്‍ലൈനില്‍ ഉള്ളവരുടെ ശ്രദ്ധയേക്കാള്‍ ആവശ്യം സാധാരണ ജനങ്ങളുടെ ശ്രദ്ധപിടിച്ച് പറ്റുക എന്നതും അവരെ ബോധവല്‍ക്കരിക്കുക എന്നതുമാണ്. എല്ലാം അറിയുന്നവരാണെന്ന് ധരിച്ച് നടക്കുന്ന സമൂഹത്തിലെ ഉന്നത ശ്രേണിയിലുള്ള കുറേപ്പേരെയും പറഞ്ഞ് മനസിലാക്കേണ്ടതുണ്ട്. ഇവരൊക്കെ ഈ വിഷയത്തിന്റെ പ്രാധാന്യം വേണ്ടവിധം ഉള്‍ക്കൊണ്ടിരുന്നെങ്കില്‍ മുല്ലപ്പെരിയാര്‍ സമരങ്ങള്‍ ഇന്നീ രാജ്യത്തെത്തന്നെ പിടിച്ച് കുലുക്കുമായിരുന്നു.
  • മറ്റു ഹോബികള്‍ ?
പഴഞ്ചന്‍ സാമഗ്രികള്‍ ശേഖരിക്കുന്നത് ഒരു വലിയ ഹോബിയാണ്.  
  • ബ്ലോഗിലേക്ക് വന്നത് എന്ന്, എങ്ങിനെ?
ഖത്തര്‍ ഓഫ്‌ഷോറില്‍ ഒരു ബാര്‍ജില്‍, ജോലി സംബന്ധമായി കഴിയുന്ന കാലത്താണ് ബ്ലോഗുമായി കൂടുതല്‍ അടുത്തതും സ്വന്തമായി ബ്ലോഗ് ഉണ്ടാക്കിയതും. 2007 ആയിരുന്നു അത്. കൊല്ലത്തുകാരനായ അനില്‍ എന്ന എണ്ണപ്പാട സുഹൃത്താണ് അതിന്റെ പിന്നില്‍. അന്ന് ഒരുപാട് സമയം കിട്ടുമായിരുന്നു. ഒരുമാസം ജോലി ചെയ്താല്‍ ഒരു മാസം അവധി എന്നത് ഞങ്ങള്‍ എണ്ണപ്പാടത്തെ ജോലിക്കാരുടെ പലരുടേയും പതിവാണ്. ഒഴിവ് കിട്ടുന്ന ഒരു മാസം സമയം തള്ളിനീക്കാന്‍ ബ്ലോഗുകള്‍ പിന്നീടങ്ങോട്ട് സ്ഥിരം പതിവാക്കി.
  • കുടുംബത്തിന്റെയും സഹപ്രവര്‍ത്തകരുടെയും  സപ്പോര്‍ട്ട് എങ്ങനെ ??
എല്ലാ ബ്ലോഗര്‍ കുടുംബത്തിലും ഉള്ളത് പോലെ സഹകരണത്തോടൊപ്പം പരാതിയും പരിഭവങ്ങളുമുണ്ട്. സഹപ്രവര്‍ത്തര്‍ മാത്രമല്ല, അറിയുന്നവര്‍ എല്ലാം പിന്തുണയും പ്രോത്സാഹനവുമൊക്കെ തരുന്നുണ്ട്.
  • ബ്‌ളോഗ് ലോകത്ത് നിന്നും കിട്ടിയ നന്മകള്‍ , തിന്മകള്‍ …?
നന്മകള്‍ എന്ന് പറയാവുന്നത് ഒരുപാട് നല്ല സൌഹൃദങ്ങളാണ്. തിന്മകള്‍ ഒന്നും ഉണ്ടാകാതിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.
  • ഈയിടെ ഒരു പ്രമുഖ സാഹിത്യകാരി ബ്‌ളോഗ് സാഹിത്യത്തെ കക്കൂസ് സാഹിത്യം എന്ന് വിശേഷിപ്പിച്ചതിനെ താങ്കള്‍ എങ്ങിനെ നോക്കിക്കാണുന്നു? സത്യത്തില്‍ ബ്ലോഗേഴുത്തിലും ഫേസ് ബുക്കിലുമൊക്കെ കുറച്ചു മാലിന്യ നിക്ഷേപം നടക്കുന്നില്ലേ ??
അതിനേക്കാള്‍ മോശം വിശേഷണങ്ങള്‍ എഴുതാനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ട്. അങ്ങനെ ഒരു അഭിപ്രായം പറഞ്ഞതുകൊണ്ട്,  കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കിയല്ല അവര്‍ അഭിപ്രായം നടത്തിയതെന്ന് വിലയിരുത്തപ്പെട്ടു. പതിനായിരക്കണക്കിന് ബ്ലോഗുകളില്‍ നിന്ന് നല്ല ബ്ലോഗുകള്‍ അല്ലെങ്കില്‍ നമുക്കാവശ്യമുള്ള വിഷയങ്ങളില്‍ നല്ല നല്ല ലേഖനങ്ങള്‍ എഴുതുന്നവരെ കണ്ടുപിടിക്കണമെങ്കില്‍ ഒരുപാട് കാലമെടുക്കും. അപ്പോഴേക്കും വീണ്ടും കുറേയധികം ബ്ലോഗേര്‍സ് കടന്നുവരും. അതിലുമുണ്ടാകും നല്ലതും ചീത്തയുമൊക്കെ. അതെല്ലാം തിരഞ്ഞ് കണ്ടുപിടിച്ചുകൊണ്ടിരിക്കണം. ഇതിനൊക്കെയായി കുറച്ചെങ്കിലും ശ്രമങ്ങള്‍ നടത്തിയിട്ട് മാത്രമേ അഭിപ്രായം പറയാവൂ. അല്ലെങ്കില്‍ സ്വയം അപഹാസ്യരായെന്ന് വരും. നല്ലതും ചീത്തയും ഒക്കെ പ്രിന്റ് മാദ്ധ്യമങ്ങളിലും ഉണ്ടല്ലോ ? ഏതൊരു മേഖലയിലും ഉണ്ടാകും. ബ്ലോഗ് എന്ന സംവിധാനം കാര്യമായ ചിലവൊന്നും ഇല്ലാത്തതായതുകൊണ്ട് മോശം എന്നതിന്റെ തോത് അല്‍പ്പം കൂടിയെന്നിരിക്കും. അവിടെയാണ് ലേഖകനേയും ലേഖനങ്ങളേയുമൊക്കെ തിരഞ്ഞെടുക്കുന്നത് വെല്ലുവിളിയാകുന്നത്. ഇത് കാര്യക്ഷമമായി നടത്താത്തവര്‍ മോശം ഇടങ്ങളില്‍ ചെന്ന് ചാടിയിട്ടുണ്ടാകാം. അതിനെ മാത്രം അടിസ്ഥാനപ്പെടുത്തി അഭിപ്രായങ്ങള്‍ പറയുമ്പോള്‍ പലര്‍ക്കും പിഴക്കുന്നു എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
  • പുതു ബ്ലോഗര്‍മാര്‍ക്ക് നല്‍കാനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ?
  1. അക്ഷരത്തെറ്റില്ലാതെ എഴുതാന്‍ ശ്രമിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.
  2. തെറ്റുകള്‍ ആരെങ്കിലും കണ്ടുപിടിച്ച് തന്നാലും ‘ ഓ… തനിക്ക് കാര്യം മനസ്സിലായില്ലേ ? എനിക്കിപ്പോ തിരുത്താനൊന്നും വയ്യ’ എന്ന നിലപാട് ഉപേക്ഷിക്കുക.
  3. നല്ല ലേഖനങ്ങളാണ് ലക്ഷ്യമെങ്കില്‍ എഴുതിക്കഴിഞ്ഞ ഉടനെ പോസ്റ്റ് ചെയ്യാതിരിക്കുക. ഒന്നോ രണ്ടോ ദിവസമെടുത്ത് പല പല മാനസ്സികാവസ്ഥകളില്‍ വായിച്ച് നോക്കിയ ശേഷം ആവശ്യമുള്ള വെട്ടും തിരുത്തുമൊക്കെ നടത്തിയ ശേഷം പബ്ലിഷ് ചെയ്യുക. വായനക്കാരന്‍ പല മൂഡുകളില്‍ വന്നാണ് വായിച്ച് പോകുന്നതെന്ന് മറക്കരുത്. പബ്ലിഷ് ചെയ്ത ഉടനെ ഒന്നുകൂടെ വായിച്ച് നോക്കുക. അക്ഷരങ്ങളിലൂടെ പ്രൂവ് റിഡിങ്ങ് എന്ന നിലയ്ക്കാകണം വായിക്കേണ്ടത്. കമ്പോസ് സ്‌ക്രീനില്‍ ശ്രദ്ധിക്കാതെ പോയ പല തെറ്റുകളും പോസ്റ്റ് ചെയ്ത് കഴിഞ്ഞാല്‍ എളുപ്പം ശ്രദ്ധയില്‍പ്പെട്ടെന്ന് വരും. എഡിറ്ററില്ലാത്ത മാദ്ധ്യമമാകുമ്പോള്‍ എഴുത്തുകാരന്‍ എന്നതുപോലെ എഡിറ്ററുടെ ഉത്തരവാദിത്വം കൂടെ ചുമലില്‍ ഉണ്ടെന്നത് മറക്കരുത്. 
  4. ഇതൊരു വലിയ ലോകമാണ്. എഴുതുന്ന കാര്യങ്ങളില്‍ കഴമ്പുണ്ടെങ്കില്‍ വായനക്കാരന്‍ ടാക്‌സി പിടിച്ച് വരും, അല്ലെങ്കില്‍ ചാര്‍ട്ടേര്‍ഡ് ഫ്‌ലൈറ്റ് സൌജന്യമായി അയച്ച് കൊടുത്താലും വരില്ല. നമുക്ക് മുന്‍പുള്ള തലമുറകള്‍ക്കൊന്നും കിട്ടാത്ത അവസരമാണ് കൈവന്നിരിക്കുന്നത്. നല്ല രീതിയില്‍ അതുപയോഗിക്കാന്‍ സാധിച്ചാല്‍ ഇതിന് വേണ്ടി ചിലവാക്കുന്ന സമയം അര്‍ത്ഥവത്തായെന്ന് വരും. നേരമ്പോക്കാണ് ലക്ഷ്യമെങ്കിലും ആര്‍ക്കും ദോഷമില്ലാത്ത രീതിയില്‍ ആരെയും വേദനിപ്പിക്കാത്ത രീതിയില്‍ മുന്നോട്ട് പോയാല്‍ നന്ന്. 
  5. ഉപദേശങ്ങള്‍ ചൊരിഞ്ഞതുകൊണ്ട് എന്നോട് ഒരു അലോഹ്യവും കാണിക്കാതിരിക്കുക :)
  • ബ്‌ളോഗര്‍മാര്‍  ഇപ്പോള്‍ എന്താണ് ചെയ്യുന്നത് ? ശരിക്കും എന്താണ് ചെയ്യേണ്ടത് ?
മുന്‍പ് നോക്കിയിരുന്ന എല്ലാ  ബ്ലോഗുകളിലും പോയി നോക്കാന്‍ ഈയിടെയായി സാധിക്കാറില്ല. പുതുതായി വന്ന ചുരുക്കം ചിലരെ മാത്രമേ അറിയൂ. സമയം ഒരു പരിമിതിയാണ്. അതുകൊണ്ടുതന്നെ ബ്ലോഗര്‍മാര്‍ എന്തൊക്കെ ചെയ്യുന്നു എന്ന് കൃത്യമായി പറയാന്‍ ബുദ്ധിമുട്ടുണ്ട്. പല ബ്ലോഗര്‍മാരും ഫേസ്ബുക്ക്, ഗൂഗിള്‍ പ്ലസ് എന്നിങ്ങനെയുള്ള സോഷ്യന്‍ നെറ്റ്‌വര്‍ക്കുകളില്‍ കൂടുതല്‍ സമയം ചിലവഴിക്കുന്നതുകൊണ്ട് ബ്ലോഗിങ്ങില്‍ നിന്ന് അകന്നു എന്നാണ് തോന്നുന്നത്. മറ്റുള്ളയിടത്ത് നേരമ്പോക്കിനായി എത്ര സമയം ചിലവഴിച്ചാലും ബ്ലോഗിങ്ങിനെ വളരെ സീരിയസ്സായി കണ്ട് നല്ല നല്ല പോസ്റ്റുകള്‍ മാസത്തില്‍ ഒരെണ്ണമെങ്കിലും ഇടാന്‍ പറ്റിയാല്‍ നന്നായിരുന്നു എന്ന് അഭിപ്രായമുണ്ട്.
  • ഓണ്‍ലൈന്‍ എഴുത്തുകള്‍ അഥവാ  ബ്‌ളോഗിന്റെ ഭാവി ?
ഓണ്‍ലൈന്‍ എഴുത്ത് തീര്‍ച്ചയായും ഭാവിയുള്ള ഒരു മേഖലയാണ്. വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്തിയാല്‍ അമ്പരപ്പിക്കുന്ന ഫലങ്ങള്‍ ഉണ്ടാക്കാനാവും. വരുംകാലങ്ങളില്‍ ഇപ്പോഴുള്ള നിലയില്‍ നിന്ന്  കൂടുതല്‍ ഉയരങ്ങളിലേക്ക് ഈ മേഖല ചെന്നെത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട.
ഈ-ലോകത്തിലും  ഭൂലോകത്തിലും ഇനിയും ഒരുപാടു സേവനങ്ങള്‍ നിരക്ഷരനില്‍ നിന്നും ഉണ്ടാകട്ടെ എന്നും ഈ അവാര്‍ഡ് അതിനൊരു പ്രചോദനമാകട്ടെ എന്നും ആശംസിക്കുന്നു…
ശ്രീ.നൗഷാദ് അകമ്പാടവുമായുള്ള അഭിമുഖം അടുത്ത ലക്കത്തില്‍ ...

Related Posts Plugin for WordPress, Blogger...