സൂപ്പര്‍ ബ്ളോഗര്‍ തിരഞ്ഞെടുപ്പിന്റെ ആദ്യപാദ ലിസ്റ്റ് വന്നത് മുതല്‍ സജീവമായി, ഓരോ നിമിഷങ്ങളും വളരെ രസകരമായി ആസ്വദിക്കുകയും ചെയ്ത മറ്റൊരു സ്ഥാനാര്‍ഥിയും ഉണ്ടാകുമെന്ന് തോന്നുന്നില്ല. ഫേസ് ബുക്കിലൂടെയും ബ്ലോഗിലൂടെയും നര്‍മം വാരി വിതറിയ കമന്റുകളും ചിത്രങ്ങളും പോസ്റ്റുകളുമായി, ഈ തിരഞ്ഞെടുപ്പിനെ ഒരു മഹോത്സവമാക്കി മറ്റുള്ളവരിലേക്ക് കൂടി അതിന്റെ ഊര്‍ജ്ജം പകര്‍ന്ന സഹൃദയന്‍ . ബൂലോകത്തിന്റെ വരദാനമായ, വരയുടെയും നര്‍മത്തിന്റെയും രാജകുമാരനായ ശ്രീ. നൗഷാദ് അകമ്പാടം മനസ്സ് തുറക്കുന്നു.
- സൂപ്പര്‍ ബ്ലോഗര്‍ റണ്ണര്‍ അപ്പ് ആയി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ തോന്നിയ വികാരം എന്തായിരുന്നു?
തീര്‍ച്ചയായും സന്തോഷം തന്നെ. കഴിഞ്ഞ വര്‍ഷം ഈ അവാര്‍ഡിന്റെ സമയത്ത് ഞാനിതൊക്കെ ഒരന്യനെപ്പോലെ കണ്ടു നിന്നവനാണ്. വരും വര്‍ഷത്തില്‍ എന്റെ പേര് ആരെങ്കിലും നിര്‍ദ്ദേശിക്കുമെന്നോ ഈ വിജയത്തിലെത്തുമെന്നോ അന്ന് ഞാന്‍ സ്വപ്നം പോലും കണ്ടിരുന്നില്ല. എന്നെ കൂടുതല്‍ സന്തോഷിപ്പിച്ചത് എനിക്ക് ഒരു പരിചയവുമില്ലാത്ത ഒരുപാട് പേര്‍ ബ്ലോഗ്ഗിലും ഫേസ് ബുക്കിലും പോസ്റ്റുകള്‍ ഇട്ട് എനിക്ക് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ചത് അറിഞ്ഞപ്പോഴാണ്. ഒപ്പം എന്റെ ഒരുപാട് സ്‌നേഹിതര്‍ എല്ലാ രീതിയിലും നല്ല പ്രോല്‍സാഹനം തന്നു. അവരോടുള്ള എന്റെ അകമഴിഞ്ഞ നന്ദി ഞാനിവിടെ രേഖപ്പെടുത്തട്ടെ. കൂടാതെ ബൂലോകം ഭാരവാഹികളോടും. എന്റെ എല്ലാ പദ്ധതികള്‍ക്കും പിന്തുണ പ്രഖ്യാപിച്ച് അവരൊപ്പമുണ്ടായിരുന്നു. അതെനിക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നു. ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഓരോ സുമനസ്സുകളോടും ഞാന്‍ വിനയപൂര്‍വ്വം എന്റെ നന്ദി അറിയിക്കുന്നു.
- വാശിയേറിയ മത്സരമായിരുന്നല്ലോ ഇത്തവണ, ഈ വിജയം താങ്കള്‍ പ്രതീക്ഷിച്ചിരുന്നതാണോ?ഈ അവാര്‍ഡിനെ താങ്കള്‍ എങ്ങിനെ വിലയിരുത്തുന്നു?
അതേ, അവസാന ഘട്ടമെത്തിയപ്പോഴേക്കും ഒരു നിയമസഭാ തെരെഞ്ഞെടുപ്പ് പോലെ ഈ ബൂലോകവും ചൂടുപിടിച്ചതായ് കാണാന്‍ കഴിഞ്ഞു. വളരെ രസകരമായി തോന്നി അവസാന ദിവസങ്ങള്‍. മുന്‍ വര്‍ഷത്തെ പോലെയല്ല, ഇപ്പോള്‍ ഓരോരുത്തരും ഫേസ്ബുക്ക് ഗ്രൂപ്പുകളിലും ഗൂഗിള്‍ പ്ലസിലുമൊക്കെ വളരെ സജീവമാണ്. വലിയൊരു സൗഹൃദവലയം അവര്‍ക്ക് രൂപപ്പെടുത്തിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അത് മിക്കവരും പരമാവധി ഉപയോഗപ്പെടുത്തിയതാണ് ഈ തെരെഞ്ഞെടുപ്പിന്റെ പ്രത്യേകതയും ആകര്‍ഷണീയതയും.
പിന്നെ ഈ അവാര്‍ഡിന്റെ തെരെഞ്ഞെടുപ്പ് രീതിയെക്കുറിച്ചുള്ള പരാമര്‍ശനങ്ങളും വിമര്‍ശനങ്ങളും ഒരുപാട് ഉയര്‍ന്നിട്ടുണ്ട്. ബൂലോകം.കോം ആദ്യമേ വ്യക്തമാക്കിയ രണ്‍ടു കാര്യങ്ങളായിരുന്നല്ലോ ഒന്ന് ഈ പോര്‍ട്ടലില്‍ എഴുതുന്നവരെ മാത്രമേ നോമിനേറ്റ് ചെയ്യാന്‍ കഴിയൂ എന്നതും ഈ ഓണ്‍ലൈന്‍ തെരെഞ്ഞെടുപ്പിനു തല്‍ക്കാലം പരിമിതികളോടെയുള്ള ഈ മാര്‍ഗ്ഗമല്ലാതെ മറ്റൊന്നും മുന്നിലില്ല എന്നതും. പക്ഷേ പലര്‍ക്കും അത് മനസ്സിലായില്ല എന്നു തോന്നുന്നു. അതാവാം ഇത്ര മേല്‍ വിമര്‍ശനം വരാനുള്ള ഒരു കാരണം.
പിന്നെ വിജയത്തെക്കുറിച്ച്, ആ കാര്യത്തിലെ എന്റെ നിലപാട് ഞാന്‍ എന്റെ സുഹൃത്തുക്കളോട് മുമ്പ് തന്നെ സൂചിപ്പിച്ചിരുന്നു. എന്റെ കര്‍മ്മം എഴുതുക അല്ലെങ്കില്‍ വരക്കുക എന്നതാണ്. ഈ മീഡിയ നല്‍കുന്ന സ്വാതന്ത്യം പരമാവധി ഉപയോഗപ്പെടുത്തി ഞാന്‍ മുന്നോട്ട് പോകാന്‍ ശ്രമിക്കുന്നു. അതിനിടയിലെ ഇത്തരം ചടങ്ങുകള്‍ ഒരു ഭാഗത്ത് സംഭവിക്കുന്നു എന്നതല്ലാതെ അവ എന്നെ ഒരു തരത്തിലും ബാധിക്കുന്നില്ല. അവാര്‍ഡ് കിട്ടിയാലും ഇല്ലെങ്കിലും ഒക്കെ ഞാന്‍ വരച്ചു കൊണ്ടേയിരിക്കും. കാരണം അതെന്റെ ജോലിയുടെ ഭാഗമല്ല, മറിച്ച് ദിനചര്യ പോലെ എന്നില്‍ അലിഞ്ഞുപോയ ഒന്നാണ്‍. ഈ ഫേസ് ബുക്കും ബ്ലോഗ്ഗുമുള്ളപ്പോള്‍ അവയെ നിങ്ങളറിയുന്നു എന്ന് മാത്രം. ഞാന്‍ മുമ്പേ ഇങ്ങനെയാണ്. ഇനിയും ഇതുപോലെ തന്നെയായിരിക്കും.
- ‘എന്റെ വര’ എന്ന താങ്കളുടെ ബ്ലോഗ് ബൂലോകത്തില്‍ വളരെ പ്രശസ്തമാണല്ലോ. എങ്ങിനെയാണ് ‘എന്റെ വര’യുടെ ആരംഭം? എന്തായിരുന്നു പ്രചോദനം?
നല്ല ചോദ്യം. പക്ഷേ ഉത്തരം ഞാന്‍ പലപ്പോഴായി എന്റെ ബ്ലോഗ്ഗ് പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്. അതിനാല്‍ ഇങ്ങിനെ ചുരുക്കി പറയാം. ഞാന്‍ ചെറുപ്പം മുതലേ എഴുതുകയും വരക്കുകയും ചെയ്യുന്ന ഒരാളാണ്. എന്റെ കുടുംബ പശ്ചാത്തലം തന്നെ അതാണ്. എന്റെ ഉമ്മ നന്നായി വരക്കുമായിരുന്നു. എന്റെ ജ്യേഷ്ഠ്‌നമാരും ചിത്രകലയില്‍ പേരു കേട്ടവര്‍ തന്നെ. ഗള്‍ഫിലേക്ക് വന്ന ആദ്യനാളുകളില്‍ കയ്യിലെ നോട്ടുപുസ്തകത്തിലായിരുന്നു കുത്തിക്കുറിച്ചിരുന്നത്.
എന്നാല്‍ സഹ മുറിയന്മാര്‍ക്ക് അത് കാണുന്നതേ അലര്‍ജിയായിരുന്നു. ഗള്‍ഫിലെ ഏറ്റവും വലിയ തലവേദനകളില്‍ ഒന്ന് നമുക്ക് തെരെഞ്ഞെടുക്കാന്‍ കഴിയാതെ പോവുന്ന സൗഹൃദമാണ്. നമ്മള്‍ ആരുമായും അഡ്ജസ്റ്റ് ചെയ്യേണ്ട അവസ്ഥ. ആദ്യകാലത്ത് ഞാന്‍ എല്ലാവരും ഉറങ്ങിയതിനു ശേഷം പുറത്തിട്ടിരിക്കുന്ന പഴയ സോഫാ സെറ്റില്‍ വന്നിരുന്ന് കുത്തിക്കുറിക്കുമായിരുന്നു, അങ്ങനെ കുറേക്കാലം.
പിന്നെ ചാനലുകള്‍ ലഭ്യമായിത്തുടങ്ങി. അതോടൊപ്പം ഇന്റര്‍നെറ്റ് സൗകര്യവും കൂടിയായപ്പോള്‍ ഫ്‌ലിക്കറിലായിരുന്നു ഞാന്‍ ആദ്യമായി എന്റെ ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്തത്. അതിനു കീഴെ മലയാളത്തില്‍ ടൈപ്പ് ചെയ്ത് കവിത പോലെ രണ്ടു വരികളില്‍ കൊടുത്ത് തുടങ്ങിയപ്പോള്‍ എഴുതാനുള്ള പഴയ വാസന പിന്നേയും തലപൊക്കി.
ഫ്‌ലിക്കറിന്റെ പരിമിതി ബോധ്യമായ കാലത്താണ് ബ്ലോഗ്ഗിനെക്കുറിച്ചറിയുവാന്‍ ഇടയായത്. ഉടനെ ചുമ്മാ ഒന്ന് തുടങ്ങുകയും ചെയ്തു. എന്നാല്‍ അതില്‍ സജീവമാകാനാകാതെ വിഷമിച്ചു. കാരണം ഇന്നത്തെപ്പോലെ ഫേസ് ബുക്ക് ഗ്രൂപ്പുകളോ സൗഹൃദ ബന്ധങ്ങളോ ഉണ്ടായിരുന്നില്ല. ബ്ലോഗ്ഗ് പ്രമോഷനെക്കുറിച്ച് ഒരു ധാരണയും ഇല്ലായിരുന്നു. അധികം ബ്ലോഗ്ഗുകള്‍ വായിച്ച് ഒരു തയ്യാറെടുപ്പും നടത്തിയിട്ടുമില്ലായിരുന്നു. അതുകൊണ്‍ട് തന്നെ ബ്ലോഗ്ഗില്‍ എവിടേയും എത്തിച്ചേരാനാവാതെ വിഷമിച്ച ഒരവസഥ. ആ സമയത്താണ് മലയാളം ബ്ലോഗ്ഗേഴ്‌സ് ഗ്രൂപ്പ് എന്നപേരില്‍ ആചാര്യന്‍ എന്ന ബ്ലോഗ്ഗിന്റെ ഉടമ ശ്രീ. ഇംതിയാസ് ഫേസ് ബുക്കില്‍ ഒരു ഗ്രൂപ്പു തുടങ്ങുന്നതും ആദ്യമായി എന്നെ അതില്‍ ആഡ് ചെയ്യുന്നതും. സത്യത്തില്‍ ഞങ്ങള്‍ തമ്മില്‍ അതിനുമുമ്പ് ഒരു പരിചയവുമില്ലായിരുന്നു. ആ ഗ്രൂപ്പാണ്, ആ സൗഹൃദമാണ് എന്റെ ബ്ലോഗ്ഗിന്റെ ഉയര്‍ച്ചയില്‍ ശക്തമായ ഒരു പിന്തുണ നല്‍കിയത്. ഞങ്ങള്‍ തമ്മില്‍ ഇന്ന് സഹോദരതുല്യമായ ബന്ധമാണ്. ബ്ലോഗ്ഗ് നല്‍കിയ പുണ്യങ്ങളില്‍ ഒന്ന്, അത് എന്റെ പ്രിയ കൂട്ടുകാര്‍ തന്നെയാണ്.
ഇന്ന് ഏത് പുതുമുഖ ബ്ലോഗ്ഗര്‍ക്കും ആവശ്യത്തിനു വേണ്ട പരിഗണനയും നിര്‍ദ്ദേശങ്ങളുമൊക്കെയായി ആ ഗ്രൂപ്പ് സജീവമായി രംഗത്തുണ്ട്. നല്ല രചനകള്‍ എവിടെ കണ്ടാലും അതിന്റെ എഴുത്തുകാരനെ തിരഞ്ഞു പിടിച്ച് ഞങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നു. അതിന്റെ തെളിവ് ഞങ്ങളുടെ ഗ്രൂപ്പില്‍ എത്ര വേണമെങ്കിലും കാണാം. ഞങ്ങള്‍ തുടക്കത്തില്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ ഇന്നത്തെ ബ്ലോഗ്ഗര്‍മാര്‍ക്ക് ഇല്ല എന്നുതന്നെ പറയാം.
- വരയിലൂടെയും നര്‍മത്തിലൂടെയും ആസ്വാദക മനസിലേക്ക് ഓടിക്കേറിയ താങ്കളുടെ ഗുരു ആരാണ്?
വരയും എഴുത്തും എനിക്ക് പാരമ്പര്യമായി കിട്ടിയതാണ്. വരയിലും എഴുത്തിലും അങ്ങനെ ഗുരു എന്ന് പറയാന്‍ ആരുമില്ല. ഒരു പക്ഷേ എന്റെ ജ്യേഷ്ഠന്മാര്‍ തന്നെയായിരിക്കണം. കാര്‍ട്ടൂണില്‍ ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്നത് ‘മാഡ് മാഗസിനില്‍’ വരച്ചിരുന്ന സെര്‍ഗിയോ അറാഗോണ്‍സിന്റെ വരകളാണ്. മികച്ച ഭാവങ്ങളും ലളിതമായ വരകളും ഭാഷക്കതീതമായ നര്‍മ്മ സംഭവങ്ങളും കൊണ്ട് അദ്ദേഹത്തിന്റെ രചനകള്‍ മികച്ചു നില്‍ക്കുന്നു. ഇല്ലസ്‌റ്റ്രേഷനു എനിക്ക് നമ്പൂതിരിയേക്കാളും ദേവനേക്കാളുമൊക്കെ ഇഷ്ടം എ.എസ്സിന്റെ വരകളാണ്. അദ്ദേഹത്തിന്റെ രേഖകള്‍ നല്‍കുന്ന താളവും ലയവും അവയുതിര്‍ക്കുന്ന മാസ്മരിക സൌന്ദര്യവും ഒന്ന് വേറെ തന്നെയാണ്.
വായന നല്ല രീതിയില്‍ ഉണ്ടായിരുന്നു. ഇപ്പോഴാണ് അല്പം കുറഞ്ഞത്. ഖലീല്‍ ജിബ്രാന്റെ രചനകള്‍, പ്രത്യേകിച്ചും ‘പ്രവാചകന്‍ ‘ ആണ് എന്റെ ഫേവറിറ്റ്. എന്നാല്‍ ബ്ലോഗ്ഗില്‍ എന്നെ സജീവമാക്കിയതിനു ഒരു കാരണം ബെര്‍ളി തോമസിന്റെ ‘ബെര്‍ളിത്തരങ്ങള്‍’ ആണ്. കാരണം അതിലൂടെ ഇങ്ങനെ മസിലു പിടിക്കാതേയും ബ്ലോഗ്ഗ് എഴുതാം എന്നു മനസ്സിലാക്കാന്‍ സാധിച്ചു. കഥയും കവിതയുമൊന്നുമല്ലാതെ ഇടക്കൊക്കെ മനസ്സും എഴുത്തും ഫ്രീയാക്കി ഒരു തരം കാര്‍ട്ടൂണ്‍ എഴുത്ത് ശൈലി സ്വീകരിക്കാന്‍ ഇടയാക്കിയത് അങ്ങനെയാണ്. എഴുതുമ്പോള്‍ ഉള്ള യഥാര്‍ത്ഥ സുഖം ഇപ്പോള്‍ എനിക്ക് തിരിച്ചറിയാന്‍ പറ്റുന്നുണ്ട്. അതുകൊണ്ട് തന്നെ ഒന്നിലൂടെയുള്ള പ്രശംസയോ മറ്റൊന്നിലൂടെയുള്ള വിമര്‍ശനമോ ഒന്നുംതന്നെ എന്നെ ബാധിക്കുന്നില്ല. ഞാന്‍ എന്റെ കര്‍മ്മം ചെയ്തു കൊണ്ടേയിരിക്കുന്നു.
- ഒരുപക്ഷേ ഈ ബൂലോകത്തില്‍ നിന്നും ഏറ്റവും അധികം മോഷ്ടിക്കപ്പെട്ടിട്ടുള്ള രചനകള്‍ താങ്കളുടെതാവാം. ഈ പ്രവണതയെ താങ്കള്‍ എങ്ങിനെ നോക്കിക്കാണുന്നു?
തീര്‍ച്ചയായും പത്ര വാരികകള്‍ ബ്ലോഗ്ഗുകളുമായി സഹവര്‍ത്തിത്വം പുലര്‍ത്തേണ്ടത് അനിവാര്യമാണ്. ബ്ലോഗ്ഗിന്റെ പ്രസക്തിയെ പലരും ചോദ്യം ചെയ്യുന്നതായി കാണുന്നു. എന്നാല്‍ എനിക്ക് തോന്നുന്നത് ബ്ലോഗ്ഗ് രൂപത്തിലല്ലെങ്കില്‍ നാളെ ഈ സ്വാതന്ത്ര്യം മറ്റൊരു വിധത്തിലാവാം നാം കൈകാര്യം ചെയ്യുന്നത്. എന്നാലും സെല്‍ഫ് പബ്ലിഷിംഗ് എന്ന സ്വാതന്ത്ര്യത്തെ ലോകം ആഘോഷിക്കുന്നുണ്ട്. അത് അങ്ങനെ തന്നെ തുടരുകയും ചെയ്യും.
പബ്ലീഷിംഗ് മീഡിയ ബ്ലോഗ്ഗിലെ മികച്ച സൃഷ്ടികളെ അംഗീകരിക്കുകയും അവ രചയിതാവിന്റെ അനുവാദത്തോടെ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നത് ഇപ്പോള്‍ സാധാരണമായിരിക്കുന്നു. ആദ്യ കാലത്തുണ്ടായിരുന്ന തൊട്ടുകൂടായ്മയും ഉച്ചനീചത്വവും ഇപ്പോള്‍ ഇല്ല. പലര്‍ക്കും ബ്ലോഗ്ഗിന്റെ അനന്തസാധ്യതയും എഴുത്തിലെ പ്രതികരണവും അതിന്റെ മാര്‍ക്കറ്റിംഗ് ഗുണങ്ങളുമൊക്കെ മനസ്സിലായി വരുന്നു. അത് ശുഭ ലക്ഷണമാണ്.
പിന്നെ എന്റെ രചനകള്‍ , എന്റെ കാര്‍ട്ടൂണുകള്‍ എന്റെ സ്‌കൂള്‍ ജീവിതകാലം മുതല്‍ക്കേ പത്രങ്ങളില്‍ പബ്ലിഷ് ചെയ്തിരുന്നു. പിന്നെ കോഴിക്കോട് നിന്നിറങ്ങിയ ഒരുപാട് പ്രസിദ്ധീകരണങ്ങളില്‍ ഞാന്‍ ജോലി ചെയ്യുകയും ചെയ്തിരുന്നു. അത് കൊണ്‍ട് തന്നെ അവര്‍ അത് റീ പബ്ലിഷ് ചെയ്യുന്നതില്‍ എനിക്ക് വലിയ രോമാഞ്ചമൊന്നുമുണ്ടാകുന്നില്ല എന്നവര്‍ മനസ്സിലാക്കണം. ഞാനവയെ പരിഗണിക്കുകയേ ഇല്ലായിരുന്നു. എന്നാല്‍ എന്റെ പ്രതിഷേധത്തിലൂടെ എന്റെ സ്വരം ബൂലോകത്തിനു മുഴുവന്‍ വേണ്ടിയാണെന്ന ധാരണയും മുന്നറിയിപ്പും അവര്‍ക്ക് നല്‍കാന്‍ കഴിഞ്ഞു എന്നുള്ളിടത്താണ് അവ പര്യവസാനിച്ചത്. അത് നല്ല കാര്യമാണ്.
ബൂലോകത്ത് നിന്നും സൃഷ്ടികള്‍ രചയിതാവറിയാതെ പ്രസിദ്ധീകരിക്കുക എന്നത് ഇനി സുസാധ്യമായ കാര്യമാവില്ല എന്നവര്‍ക്ക് മനസ്സിലായി. കാരണം എനിക്ക് കിട്ടിയ പിന്തുണയും ബൂലോകത്തിന്റെ ഐക്യവും ശക്തമായിരുന്നു. വിസ്മയിപ്പിക്കുന്നതായിരുന്നു.
- ബ്ലോഗ് ലോകത്തു നിന്നും ലഭിച്ച നന്മകള്‍ , തിന്മകള്‍ ?
ബ്ലോഗ്ഗിന്റെ യഥാര്‍ത്ഥ നന്മ എന്നത് അത് നിങ്ങളിലെ എഴുത്തുകാരനെ (അങ്ങനെയൊരാള്‍ ചിലപ്പോള്‍ നിങ്ങള്‍ പോലുമറിയാതെ നിങ്ങളിലുറങ്ങിക്കിടപ്പുണ്ടാവും) വിളിച്ചുണര്‍ത്തുന്നു എന്നുള്ളതാണ്. അത് ഒരു വലിയ കാര്യം തന്നെയാണ്. പ്രത്യേകിച്ചും ഒറ്റപ്പെട്ട് നില്‍ക്കുന്ന പ്രവാസികളാണ് ഈ മീഡിയ കൂടുതല്‍ ഉപയോഗപ്പെടുത്തുന്നത് എന്നതിനു കാരണവും അത് തന്നെ.
ജോലി കഴിഞ്ഞുള്ള അല്പസമയം അവന്റെ ഭാരങ്ങള്‍ പങ്കുവെക്കാനും കൊച്ചു കൊച്ചു സന്തോഷങ്ങളും ഭാവനകളും ഓര്‍മ്മകളും ഒക്കെ അയവിറക്കാനുമുള്ള ഒരിടമായി ബ്ലോഗ്ഗ് മാറുന്നു.അതേ സമയം അവനറിയാതെതന്നെ അവനുള്ളിലെ എഴുത്തുകാരനെ ബ്ലോഗ്ഗ് തേച്ചു മിനുക്കിയെടുക്കുകയും ചെയ്യുന്നു. ശരിയായ കഴിവുള്ളവര്‍ അത് തിരിച്ചറിയുകയും പിന്നെ എഴുത്തിനെ കാര്യ ഗൗരവത്തോടെ തന്നെ കൈകാര്യം ചെയ്യാന്‍ തുനിയുകയും ചെയ്യുന്നു. പലരും കൊഴിഞ്ഞ് പോകുമെങ്കിലും ചില നല്ല എഴുത്തുകാരെയെങ്കിലും നമുക്ക് ഇതിലൂടെ ലഭിക്കുന്നുണ്ട്.
പിന്നെ വിശാലമായ സൗഹൃദം. നോക്കൂ.. ചിരപരിചിതപ്പോലെയാണ് എനിക്ക് എന്റെ സുഹൃത്തുക്കള്‍. പലരേയും ഒരിക്കലും കണ്ടിട്ടില്ല. എന്നാല്‍ പോലും അതിവിടെ ഒരു കുറവായി തോന്നുന്നില്ല. കണ്ടുകഴിഞ്ഞാല്‍ ഇന്നലെ പിരിഞ്ഞവരെപ്പോലെ സംസാരിക്കാന്‍ നമുക്കാവും. ഈ സൗഹൃദവും ആശയ വിനിമയവും നല്‍കുന്ന ശക്തി വളരെ വലുതാണ്.
ഇപ്പോള്‍ തന്നെ ഞങ്ങളുടെ ഗ്രൂപ്പ് ഒരു മാഗസിന്‍, ബ്ലോഗ്ഗ് റേഡിയോ, യൂട്യൂബ് വീഡിയോ ചാനല്‍ തുടങ്ങി പല പദ്ധതികള്‍ക്കും രൂപം കൊടുക്കുന്നുണ്ട്. ഇതെല്ലാം ഈ കൂട്ടായ്മയുടെ ഗുണങ്ങള്‍ തന്നെയാണ്.
തിന്മ, അങ്ങനെയൊന്നു എനിക്കനുഭവപ്പെട്ടത് വായനക്കാര്‍ നല്‍കുന്ന കമന്റുകളെക്കുറിച്ചാണ്. പലപ്പോഴും ഏറെ സോഫ്റ്റ് ആയിരിക്കും കമന്റുകള്‍ , നിരൂപണം വളരെ കുറവ്. അത് എഴുത്തുകാരന് ഒരു ഗുണവും ചെയ്യില്ല. ചിലപ്പോള്‍ ദോഷവുമാകും. വായനയുടെ കുറവ് മിക്ക ബ്ലോഗ്ഗര്‍മാര്‍ക്കും ഒരു വലിയ പോരായ്മ തന്നെയാണ്. പിന്നെ ഭാഷാപരിജ്ഞാനം. അക്ഷരത്തെറ്റ്. ബ്ലോഗ്ഗില്‍ നാലക്ഷരം എഴുതി പത്തു കമന്റുകിട്ടുമ്പോഴേക്കും മതിമറക്കുന്ന പ്രവണതയുമുണ്ട്. പിന്നെയുണ്ടാകുന്ന ചില്ലറ അസ്വാരസ്യങ്ങളൊക്കെ ഏത് മീഡിയയിലുമുണ്ടാകും. അതൊന്നും അത്ര കാര്യമാക്കാനില്ല.
- പുതുബ്ലോഗര്‍മാര്‍ക്കുള്ള താങ്കളുടെ സന്ദേശം?
അങ്ങനെയൊരു സന്ദേശം നല്‍കാന്‍ മാത്രമായില്ലല്ലോ ഞാന്‍ എന്റെ അനുഭവം വെച്ച് എന്റെ കാഴ്ചപ്പാട് പറയാം. ആദ്യം സ്വന്തം കഴിവ് തിരിച്ചറിയുക. ആ കഴിവ് ഏത് രംഗത്താണ് കൂടുതല്‍ ശോഭിക്കുക എന്നും തിരിച്ചറിയുക. അവസരങ്ങളും സന്ദര്‍ഭങ്ങളും യഥാവിധി ഉപയോഗപ്പെടുത്തുക. വായനയിലൂടെ അറിവിന്റെ ഉള്‍ക്കരുത്ത് നേടുക. മറ്റുള്ളവര്‍ എന്തുപറയുന്നു എന്നതല്ല, നിങ്ങള്‍ നിങ്ങളെക്കുറിച്ച് എന്തു കരുതുന്നുവോ അതാണ് നിങ്ങള്‍ എന്ന് മനസ്സിലാക്കുക. കാരണം നിങ്ങള്‍ക്ക് നിങ്ങളെ തിരിച്ചറിയാനായില്ലെങ്കില്‍ പിന്നെ മറ്റൊരാള്‍ക്ക് അതിനൊരിക്കലുമാവില്ല എന്നതു തന്നെ!
- പ്രവാസ ജീവിതം താങ്കളിലെ കലാകാരനെ എങ്ങിനെ സ്വാധീനിച്ചു …?
ഒരു കലാകാരന്‍ എന്നതിലുപരി എന്നിലെ മതപരമായ ചിട്ടകളെയാണ് അതേറ്റവും കൂടുതല്‍ സ്വാധീനിച്ചത്. കാരണം ഞാന്‍ ജോലി ചെയ്യുന്നത് മദീനാ എന്ന പ്രവാചക നഗരിയിലാണ്. ലോകത്തുള്ള ഏതൊരു മുസ്ലിം മത വിശ്വാസിയും ജീവിതത്തിലൊരിക്കലെങ്കിലും ഒന്ന് കാണാന്‍ കൊതിക്കുന്ന സ്ഥലം.
അതിനായി ഓരോ നേരവും നമസ്‌കരിക്കുമ്പോള്‍ ആ ഭാഗ്യം തരേണമേ എന്ന് സര്‍വ്വ ശക്തനോട് പ്രാര്‍ത്ഥിക്കുന്ന സ്ഥലം. അത്തരമൊരു സ്ഥലത്ത്, കഴിഞ്ഞ പതിനാലു വര്‍ഷങ്ങളായി മദീനയെക്കുറിച്ചുള്ള ചരിത്ര പഠന സംബന്ധിയായ ജോലിയാണ് ഞാന്‍ ചെയ്യുന്നത്. ഒപ്പം എന്റെ കലാപരമായ കഴിവിന്റെ സാധ്യതകളേയും അത് പരമാവധി ഉപയോഗപ്പെടുത്തുന്നുണ്ട്. കൂടുതലായി ആ വിഷയങ്ങള്‍ എന്റെ ബ്ലോഗ്ഗില്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്. നൂറു ശതമാനം എന്നെ നവീകരിക്കാനും എന്റെ കലയെ ഇസ്ലാമിക് ഗവേഷണത്തിനായി ഉപയോഗിക്കാനുമായി എന്നതാണ് പ്രവാസം എനിക്ക് നല്‍കിയ സമ്മാനം. തീര്‍ച്ചയായും അത് വിലമതിക്കാനാവാത്ത ഭാഗ്യമായി ഞാന്‍ കാണുന്നു.
- സാമൂഹ്യവും മതപരമായതും അങ്ങിനെ എല്ലാ മേഖലകളും താങ്കളുടെ കാര്‍ട്ടൂണിന് ഇതിവൃത്തമായിട്ടുണ്ടല്ലോ.ഏതെങ്കിലും മേഖലയില്‍ നിന്നും എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിട്ടുണ്ടോ…? എങ്കില്‍ അവ എങ്ങിനെ കൈകാര്യം ചെയ്തു?
അത് രസകരമായ കാര്യമാണ്. എന്റെ സമകാലിക വിഷയത്തിലുള്ള കാര്‍ട്ടൂണുകള്‍ കണ്ട് പലരും എന്നെ ഉപദേശിക്കാനും ശാസിക്കാനും തെറിവിളിക്കാനുമൊക്കെ വരുന്നുണ്ട്. ഫേസ് ബുക്ക് തുറന്നാലേ ഇവരുടെ തള്ളിക്കയറ്റമാണ്. ഈ വിഷയത്തില്‍ വ്യക്തമായ ധാരണയുള്ളതു കൊണ്ടും നാട്ടിലെ മുസ്ലിയാര്‍ മൊല്ലാക്കമാരല്ല, ശരിയായ രീതിയില്‍ ഇസ്ലാം കൈകാര്യം ചെയ്യുന്ന, ഈ മതം പിറവി കൊണ്ട മക്ക മദീന മണ്ണിലെ പണ്ഡിതന്മാരുടെ പൂര്‍ണ്ണ പിന്തുണയുള്ളതു കൊണ്ടുമാണ് ഞാന്‍ സധൈര്യം മുന്നോട്ട് പോവുന്നത്. ഇസ്ലാമിന്റെ പൂങ്കാവനമായ മക്കയിലും മദീനയിലും ഇല്ലാത്ത ഓരോ ആചാര അനാചാരങ്ങള്‍ കെട്ടിപ്പൊക്കി കൊണ്ടുവരുന്നവര്‍ എത്ര പേരുകേട്ട ആളുകളാണെങ്കിലും അതിനെതിരെ ശബ്ദിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്റെ സമരായുധം പ്രസംഗവും സ്‌റ്റേജുമല്ലാത്തതിനാല്‍ ഞാന്‍ വരച്ചും എഴുതിയും എന്റെ പ്രതിഷേധം അറിയിക്കുന്നു.
ഒപ്പം നമ്മുടെ നാട്ടില്‍ നേതാക്കന്മാര്‍ എന്ത് മണ്ടത്തരത്തിനു തുനിഞ്ഞാലും മുന്‍പിന്‍ ചിന്തിക്കാതെ വേഷം കെട്ടിയിറങ്ങുന്ന പാവങ്ങളോട് സഹതാപമുണ്ട്. മതത്തിലും രാഷ്ട്രീയത്തിലുമൊക്കെ ഈ സ്ഥിതി തന്നെയാണ്.
- ബൂലോകം സൂപ്പര്‍ ബ്ലോഗര്‍ തിരഞ്ഞെടുപ്പ് വേളയില്‍ , ഓരോ ആഴ്ചയിലും ഓരോ ബ്ലോഗരുടെ കാര്‍ട്ടൂണ്‍ ചിത്രവും അഭിമുഖവും ഉണ്ടായിരിക്കും എന്നൊരു ഓഫര്‍ താങ്കള്‍ നല്‍കിയിരുന്നു. എന്നാല്‍ ആകെ വരച്ചത്, ഒരാളെ മാത്രം . ആ ഓഫര്‍ തുടര്‍ന്നും ഉണ്ടാകുമോ…?
തീര്‍ച്ചയായും ആ പംക്തി ഞാന്‍ പൂര്‍വ്വാധികം മികച്ച രീതിയില്‍ കൊണ്ടുവരും. സത്യത്തില്‍ ജോലി സംബന്ധമായ തിരക്കിനിടയില്‍ അതിനു വേണ്ടത്ര സമയം കൊടുക്കാനാവുന്നില്ല എന്നതുകൊണ്ട് മാത്രമാണ് അത് വൈകുന്നത്. ഒപ്പം സമകാലിക പ്രസക്തമായ ചില കാര്‍ട്ടൂണുകള്‍ സ്ഥിരമായി ഇപ്പോള്‍ ഫേസ് ബുക്ക് വഴി പോസ്റ്റ് ചെയ്യുന്നുമുണ്ട്. തീര്‍ച്ചയായും എല്ലാവരേയും അതില്‍ ഉള്‍പ്പെടുത്തണം എന്ന് തന്നെയാണ് എന്റെ ആഗ്രഹം.
- കുടുംബത്തിന്റെ പിന്തുണ എങ്ങിനെ…?
ഞാന്‍ പറഞ്ഞല്ലോ എന്റെ ജ്യേഷ്ഠന്മാര്‍ ആര്‍ട്ടിസ്റ്റുമാരാണ്. ഒരു പക്ഷേ എന്നേക്കാള്‍ നന്നായി വരക്കുകയും എഴുതുകയും ചെയ്യുന്നത് അവരാണ്. ഞാന്‍ കൂടുതല്‍ ആക്റ്റീവായി എന്നേയുള്ളൂ. പിന്നെ എന്റെ കുസൃതി എഴുത്തുകള്‍ ഒഴിച്ച് കഥയോ മറ്റോ ആണെങ്കില്‍ എന്റെ ഭാര്യ തന്നെയാണ് ആദ്യം വായിക്കാറും അത് എഡിറ്റ് ചെയ്യാറുള്ളതും. അത് വലിയ സഹായമാണ്. കഥയിലും മറ്റും ഒരു വരിയോ ഒരു വാക്കോ പോലും അധികപ്പറ്റായാല്‍ അത് മുഴച്ചു നില്‍ക്കും. എഴുത്തിന്റെ ലഹരിയില്‍ നമുക്കത് കാണാന്‍ കഴിഞ്ഞുവെന്ന് വരില്ല. അപ്പോള്‍ ആ വായനയും എഡിറ്റിംഗും ഒക്കെ എന്നെ വല്ലാതെ സഹായിക്കാറുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല.
തന്റെ സ്വതസിദ്ധമായ നര്‍മ ശൈലിയിലൂടെയും കാര്‍ട്ടൂണുകളിലൂടെയും നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ശ്രീ. നൌഷാദിന് ഇനിയും കൂടുതല്‍ ഉയരങ്ങള്‍ എത്തിപ്പിടിക്കാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.
ഒരു സ്നേഹസംഭാഷണം പോലെ അഭിമുഖം.
ReplyDeleteകുഞ്ഞൂസ്സ് നന്നായി ചോദ്യങ്ങള്‍ ചോദിക്കുന്നു.
ReplyDeleteബോറടിപ്പിക്കാത്ത ചോദ്യങ്ങള്‍
ReplyDeleteസ്നേഹപൂര്‍വ്വം
പഞ്ചാരക്കുട്ടന്‍
തന്റെ സ്വതസിദ്ധമായ നര്‍മ ശൈലിയിലൂടെയും കാര്‍ട്ടൂണുകളിലൂടെയും നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ശ്രീ. നൌഷാദിന് ഇനിയും കൂടുതല്‍ ഉയരങ്ങള്‍ എത്തിപ്പിടിക്കാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.
ReplyDeleteഒപ്പം ബൂലോഗത്തിലെ ഈ അഭിമുഖങ്ങളുടെ തമ്പുരാട്ടിക്കും...!
ഈ അഭിമുഖം നേരത്തെ ബൂലോകത്തില്‍ വെച്ച് വായിച്ചതാണ്. കുഞ്ഞൂസിന്റെ ചോദ്യങ്ങളും നൌഷാദിക്കയുടെ ഉത്തരങ്ങളും കൊള്ളാം..രണ്ടു പേര്‍ക്കും ആശംസകള്‍.
ReplyDeleteനന്നായിരിക്കുന്നു രണ്ടു പേര്‍ക്കും
ReplyDeleteആശംസകള്‍
ഉയരങ്ങള്‍ എത്തിപ്പിടിക്കാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.
ReplyDeleteബൂലോകത്തിൽ വായിച്ചിരുന്നു.. അഭിമുഖം കലക്കി
ReplyDeleteചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ക്കും അഭിനന്ദനങ്ങള്‍....
ReplyDeleteനന്നായി ചോദ്യങ്ങള്‍ ചോദിക്കുന്നു.ആശംസകള്‍
ReplyDeleteകുഞ്ഞേച്ചി... ബ്ലോഗര്‍ മാരുടെ രാജാവിനെ പരിചയപ്പെടുത്തി തന്നതില്‍ ഒരായിരം നന്ദി .....
ReplyDeleteവീണ്ടും വരാട്ടോ ... സസ്നേഹം
എന്നാല്‍ സഹ മുറിയന്മാര്‍ക്ക് അത് കാണുന്നതേ അലര്‍ജിയായിരുന്നു. ഗള്‍ഫിലെ ഏറ്റവും വലിയ തലവേദനകളില്‍ ഒന്ന് നമുക്ക് തെരെഞ്ഞെടുക്കാന്‍ കഴിയാതെ പോവുന്ന സൗഹൃദമാണ്. നമ്മള്‍ ആരുമായും അഡ്ജസ്റ്റ് ചെയ്യേണ്ട അവസ്ഥ. ആദ്യകാലത്ത് ഞാന്‍ എല്ലാവരും ഉറങ്ങിയതിനു ശേഷം പുറത്തിട്ടിരിക്കുന്ന പഴയ സോഫാ സെറ്റില്‍ വന്നിരുന്ന് കുത്തിക്കുറിക്കുമായിരുന്നു, അങ്ങനെ കുറേക്കാലം.
ReplyDeleteഒരു ഭയങ്കര സത്യം :))
ഇങ്ങനേയൊരു അഭിമുഖത്തിലൂടെ അടുത്തറിയേണ്ടതുണ്ടോ മ്മടെ നൗഷാദിക്കയെ ? എന്തായാലും ഭാവുകങ്ങൾ. വിഷുദിനാശംസകൾ. നൗഷാദിക്കയ്ക്കും, കുഞ്ഞു ച്ചേച്ചിയ്ക്കും.
ReplyDeleteചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ക്കും അഭിനന്ദനങ്ങള്‍....
ReplyDeletenice blog...thanks..
ReplyDelete