Sunday, August 23, 2015

പൊന്നോണം വരവായി.... നാടെങ്ങും ഉത്സവമായി ....


ഐശ്വര്യത്തിന്റെയും സന്തോഷത്തിന്റെയും സ്മരണയും തിമിർപ്പുമായി ഓണം ഇങ്ങെത്തുകയായി. പ്രവാസ മലയാളികൾക്കാണെങ്കിൽ ഗൃഹാതുരത ഏറുന്ന സമയവും....

ഓണം എന്ന ആഘോഷത്തിനു പിന്നിൽ നിരവധി ഐതിഹ്യങ്ങൾ ഉണ്ടെങ്കിലും മുഖ്യമായത്  മഹാബലിയുമായി ബന്ധപ്പെട്ടതു തന്നെ. അസുര വംശത്തിൽപ്പെട്ട വീരോചനന്റെയും ദേവാംബയുടെയും പുത്രനും  ഭക്ത പ്രഹ്ലാദന്റെ പൗത്രനുമായിരുന്നു മഹാബലി ... മഹാവിഷ്ണുവിന്റെ മിക്ക അവതാരങ്ങളും  മഹാബലിയുടെ മുൻഗാമികളെയോ പിൻഗാമികളെയോ വധിക്കാൻ വേണ്ടിയായിരുന്നു . മുതുമുത്തശ്ശനായ   ഹിരണ്യകശുപുവിനെ വധിക്കാൻ  വന്ന നരസിംഹാവതാരം   മുതൽ പൗത്രനായ രാവണനെ വധിക്കാൻ വന്ന ശ്രീരാമൻ വരെ. തിന്മകൾക്കെതിരെ  പോരാടാനായിരുന്നു മഹാവിഷ്ണുവിന്റെ ആ അവതാരങ്ങളെല്ലാം. 

എന്നാൽ, മഹാബലി ഇവരിൽ നിന്നൊക്കെ വ്യത്യസ്തനായി, തന്റെ പ്രജകളെ സ്നേഹിച്ചും അവർക്കായി നല്ല കാര്യങ്ങൾ ചെയ്തും നല്ല ഭരണാധികാരിയായി പേരെടുത്തു. കള്ളവും ചതിയും ഇല്ലാത്ത നാട്, സമ്പൽസമൃദ്ധിയും ഐശ്വര്യവും  നിറഞ്ഞു നിൽക്കുന്ന നാട്, അതായിരുന്നു മഹാബലിയുടെ  നാട്  .... 

അങ്ങിനെയിരിക്കെ, ശുക്രാചാര്യരുടെ ഉപദേശപ്രകാരം അശ്വമേധയാഗം നടത്താൻ മഹാബലി തീരുമാനിക്കുന്നു.  അതിലൂടെ സർവലോകത്തിന്റെയും നാഥനായി തീരുമെന്നാണ് ശാസ്ത്രം.  ഇതറിഞ്ഞ ദേവന്മാർ മഹാവിഷ്ണുവിനെ അഭയം പ്രാപിക്കുകയും ദേവലോകത്തെ രക്ഷിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു. എന്നും മനസലിവുള്ള മഹാവിഷ്ണുവാകട്ടെ സഹായിക്കാമെന്ന് ഏൽക്കുകയും ചെയ്തു. അങ്ങിനെ ബ്രാഹ്മണബാലനായി  വാമനാവതാരം എടുത്തു വന്ന മഹാവിഷ്ണു , ദാനശീലനായ മഹാബലിയോടു മൂന്നടി വെക്കാനുള്ള സ്ഥലം ചോദിച്ചു. ആദ്യത്തെ കാലടിയിൽ ഭൂമിയും പാതാളവും രണ്ടാമത്തെ അടിയിൽ സ്വർഗ്ഗവും അളന്നു തീർത്ത വാമനൻ മൂന്നാമത്തെ അടി വെക്കാൻ ഇടം തേടുകയും മഹാബലി തന്റെ ശിരസ് കാണിച്ചു കൊടുക്കുകയും ചെയ്തു. മഹാബലിയുടെ ശിരസ്സിൽ കാൽ വെച്ച് മൂന്നാമത്തെ അടിയും അളന്നുതീർത്തു വാമനൻ . വിഷ്ണു ഭക്തനായ മഹാബലിയെ സ്വർഗത്തിലേക്ക് കൊണ്ട് പോകുന്നതിനു മുൻപ് അദ്ദേഹത്തിനായി  സൃഷ്ടിച്ച പാതാളത്തിൽ വാഴാൻ വാമനനായ മഹാവിഷ്ണു മഹാബലിയോട് ആവശ്യപ്പെട്ടു. പാതാളത്തിലേക്ക്‌ പോകുന്നതിനു മുൻപ്, വർഷത്തിൽ ഒരിക്കലെങ്കിലും തന്റെ പ്രജകളെ വന്നു കാണാൻ അവസരം തരണമെന്ന മഹാബലിയുടെ അപേക്ഷ മഹാവിഷ്ണു അനുവദിക്കുകയും അങ്ങിനെ വർഷം തോറും നാടു കാണാൻ മഹാബലി എത്തുകയും ചെയ്യുന്നു. അതാണ് ഓണത്തിന് പിന്നിലെ പ്രധാന ഐതിഹ്യം. ഭാഗവതം  മഹാപുരാണത്തിൽ  എട്ടാം പുസ്തകം  പതിനെട്ടാം അദ്ധ്യായത്തിൽ ഇതിനെപ്പറ്റി  പ്രതിപാദിച്ചിട്ടുണ്ട്. 


ഇങ്ങിനെ മഹാബലി തന്റെ പ്രജകളെ കാണാൻ എത്തുന്നത്‌ ചിങ്ങമാസത്തിലെ തിരുവോണ നാളിലാണ് എന്നാണ് വിശ്വാസം. ചിങ്ങം, വിളവെടുപ്പിന്റെ മാസം കൂടിയാണ്. അപ്പോൾ നാടെങ്ങും വിളവെടുപ്പിന്റെ ആഹ്ലാദാരവങ്ങളായിരിക്കും. ഇല്ലവും വല്ലവും നിറയുന്ന സമയം കൂടിയാണത് . ആഘോഷങ്ങൾക്ക് പറ്റിയ സമയം. ചിങ്ങത്തിൽ മഹാബലി എത്തുന്ന തിരുവോണത്തിന് മുന്നോടിയായി കർക്കിടകത്തിലെ തിരുവോണം, 'പിള്ളേരോണം' ആയി ആഘോഷിക്കുന്നു. മഹാബലിയെ നിഗ്രഹിക്കാൻ എത്തിയ മഹാവിഷ്ണുവിന്റെ അനുസ്മരണയാണ് കർക്കിടകത്തിലെ ഓണം. മഹാവിഷ്ണു, മഹാബലിയെ കാണാൻ എത്തിയത് ബാലരൂപത്തിൽ ആയതിനാലാണ് കർക്കിടകത്തിലെ തിരുവോണത്തെ  'പിള്ളേരോണം' എന്നു വിളിക്കുന്നത്‌. എറണാകുളം ജില്ലയിലെ തൃക്കാക്കരയിലാണ് വാമന മൂർത്തിയുടെ ക്ഷേത്രം. അതിനാലാണ് വാമനനെ തൃക്കാക്കരയപ്പൻ എന്നു വിളിക്കുന്നത്‌. ഓണത്തിന് തൃക്കാക്കരയപ്പനെയാണ് പൂജിക്കുന്നത് എന്നതിനാൽ 'ഓണത്തപ്പൻ' എന്നും പറയാറുണ്ട്. 

തൃപ്പൂണിത്തുറയിൽ നടത്തപ്പെടുന്ന 'അത്തച്ചമയം' എന്ന ഘോഷയാത്രയോടെയാണ് കേരളത്തിൽ ഓണാഘോഷങ്ങളുടെ തുടക്കം.  വര്‍ണങ്ങള്‍ നിറഞ്ഞ ഘോഷയാത്ര നയനാനന്ദകരമാണ്. സ്കൂള്‍ കുട്ടികളുടെ ബാന്‍ഡ്,  ചെണ്ടമേളം, പഞ്ചവാദ്യം, ആട്ടക്കാവടി, തെയ്യം, കുമ്മി, പൊയ്ക്കാല്‍ക്കളി തുടങ്ങിയ    നൃത്ത രൂപങ്ങള്‍ , കേരളത്തനിമയുള്ള വസ്ത്രങ്ങള്‍ ധരിച്ച യുവതീയുവാക്കള്‍ , വിവിധ കലാരൂപങ്ങള്‍ , അലങ്കരിച്ച ആനകള്‍ , ആനുകാലിക സംഭവങ്ങളില്‍ നിന്നും ചരിത്രങ്ങളില്‍ നിന്നും   രൂപം കൊള്ളുന്ന ഫ്ലോട്ടുകള്‍ .... അങ്ങിനെ കണ്ണിനും മനസ്സിനും കുളിര്‍മ നല്‍കുന്ന പലതരം കാഴ്ചകളുടെ ഘോഷയാത്രയാണ് അത്തച്ചമയം. കൊച്ചി മഹാരാജാവ് തൃക്കാക്കരയപ്പനെ ദര്‍ശിക്കാന്‍ പരിവാരങ്ങളോടൊപ്പം പോകുന്നതിന്റെ ഓര്‍മ്മക്കായാണ് പണ്ട് ഈ അത്തച്ചമയം ആരംഭിച്ചതെന്ന് ചരിത്രം പറയുന്നു. മഹാരാജാവിന്റെ നേതൃത്വത്തില്‍ തൃപ്പൂണിത്തുറയില്‍ നിന്നും ആരംഭിക്കുന്ന ഘോഷയാത്ര തൃക്കാക്കര വാമനമൂര്‍ത്തി ക്ഷേത്രനടയിലാണ് അവസാനിച്ചിരുന്നത്. അന്നേ ദിവസം എല്ലാ പ്രജകളും  മഹാരാജാവിനെ അടുത്ത് കാണാനായി വീഥിയുടെ ഇരുവശത്തും കാത്തുനില്‍ക്കുമായിരുന്നത്രേ. രാജഭരണം അവസാനിച്ചിട്ടും തൃപ്പൂണിത്തുറയിലെ ജനങ്ങള്‍ അത്തച്ചമയത്തെ കൈവിട്ടില്ല. ഓണാഘോഷത്തിനു മുന്നോടിയായി നടക്കുന്ന ഈ ഘോഷയാത്ര, തൃപ്പൂണിത്തുറ നഗരിയെ  വലം വെച്ച് ഗവണ്‍മെന്റ് ബോയ്സ് സ്കൂള്‍ മൈതാനത്ത്‌ എത്തിച്ചേരുന്നു. ഇപ്പോള്‍ സര്‍ക്കാര്‍ തലത്തില്‍ ഏറ്റെടുത്തു നടത്തുന്നതിനാല്‍ 'അത്തച്ചമയം' 'അത്താഘോഷം' ആയി മാറിയെങ്കിലും തൃപ്പൂണിത്തുറയിലും പരിസരപ്രദേശങ്ങളിലും ഉള്ളവര്‍ക്ക് ഇന്നും അത്തച്ചമയം തന്നെ ഓണാഘോഷത്തിന്റെ തുടക്കം. 

ചിങ്ങമാസത്തിലെ അത്തം മുതൽ പത്തു ദിവസമാണ് ഓണം.  അത്തം മുതല്‍ പൂക്കളം ഇട്ടു തുടങ്ങും. അന്ന് ഒരു നിറത്തിലെ പൂ മാത്രം. അത്തത്തിനു തുമ്പപ്പൂ ആണ് ഇടുക. തുമ്പപ്പൂ കുഞ്ഞുപൂവായതിനാല്‍ അന്നത്തെ പൂക്കളവും ചെറുതായിരിക്കും. രണ്ടാം ദിവസം രണ്ടു നിറം, മൂന്നാം ദിവസം മൂന്നു നിറം, അങ്ങിനെ തിരുവോണ ദിവസമായ  പത്താംനാള്‍ പത്തു തരം പൂക്കളുമായി വലിയൊരു പൂക്കളവും നടുക്ക് ചെമ്മണ്ണു   നനച്ച്   തൃകോണാകൃതിയില്‍ ഉണ്ടാക്കിയ തൃക്കാക്കരയപ്പനെയും  വെക്കും. ഓരോ ദിവസവും തൃക്കാക്കരയപ്പന്റെ വലുപ്പവും വ്യത്യാസപ്പെടും. തൃക്കാക്കര വരെ പോയി വാമനമൂർത്തിയെ പൂജിക്കാൻ എല്ലാവർക്കും സാധിക്കാതെ വന്നപ്പോൾ അവരവരുടെ മുറ്റത്ത്‌ പൂക്കളമുണ്ടാക്കി അതിൽ തന്നെ പ്രതിഷ്ഠിച്ച് ആരാധിച്ചു കൊള്ളാൻ തൃക്കാക്കരയപ്പൻ അനുവദിച്ചുവെന്നും പൂക്കളം ഇടുന്നതിനു പിന്നിൽ ഐതിഹ്യമുണ്ട്. ഇന്ന്, വിവിധ രൂപത്തിലും വലുപ്പത്തിലും പൂക്കളങ്ങൾ ഉണ്ടാക്കുന്നതും അവയുടെ മത്സരങ്ങൾ സംഘടിപ്പിക്കുന്നതും സാധാരണമായിട്ടുണ്ട്. 

തിരുവോണ ദിവസം തൃക്കാക്കരയപ്പന് അടയും പായസവും നേദിച്ചതിന് ശേഷമാണ്  ഓണസദ്യ ആരംഭിക്കുക.  ഓണത്തിന് വിവിധ വിഭവങ്ങളുമായി തൂശനിലയിലാവും സദ്യ. കാളൻ, ഓലൻ, തോരൻ, കിച്ചടി, പച്ചടി, അവിയൽ, പരിപ്പ്, സാമ്പാർ, രസം, പുളിശ്ശേരി, നാരങ്ങാക്കറി, മാങ്ങാക്കറി , ശർക്കരവരട്ടി, ഉപ്പേരി, പപ്പടം, പഴം, പായസം തുടങ്ങിയവയെല്ലാം ഓണസദ്യയിലെ ഒഴിച്ചു കൂടാനാവാത്ത വിഭവങ്ങളാണ്.  മിക്ക സ്ഥലങ്ങളിലും പച്ചക്കറി സദ്യക്കാണ് പ്രാമുഖ്യമെങ്കിലും വടക്കൻ കേരളത്തിലെ ചിലയിടങ്ങളിൽ മത്സ്യമാംസാദികളും ഓണസദ്യയിൽ കാണാറുണ്ട്‌. 

സദ്യ കഴിഞ്ഞാൽ പിന്നെ എല്ലാവരും വീടുകളിൽ നിന്നും ഇറങ്ങുകയായി.അടുത്തുള്ള മൈതാനങ്ങളിൽ ഒത്തു കൂടുന്നു. കൈകൊട്ടിക്കളി, പുലി കളി തുടങ്ങിയ വിനോദങ്ങൾ ഓണക്കാലത്തിന്റെ സവിശേഷതയാണ്. ഊഞ്ഞാലാട്ടം മറ്റൊരു വിനോദമാണ്. മുറ്റത്തെ മാവിൽ ഊഞ്ഞാൽ കെട്ടുന്നത് മുതൽ തിമിർപ്പു തന്നെയാവും കുട്ടികൾ.   ഓണക്കാലത്തെ മറ്റൊരു വിനോദമാണ്‌ വള്ളംകളി. കൊതുമ്പുവള്ളങ്ങളിൽ പാട്ടുംപാടി ഒരുമിച്ചു തുഴഞ്ഞു പോകുന്നതായിരുന്നു പണ്ടൊക്കെ വള്ളംകളി. ഓണപ്പാട്ടിന്റെ ശീലുകളുമായി വള്ളംകളിയും ഇന്ന് മത്സരക്കളിയായി  മാറിയിരിക്കുന്നു. 

കേരളത്തിൽ ജീവിക്കുന്ന മലയാളികളെക്കാൾ പ്രവാസി  മലയാളികളാവും ഓണത്തെ ഒത്തൊരുമയോടെ ആഘോഷിക്കുന്നത്. ഓണസദ്യക്കുള്ള പച്ചക്കറികൾ നുറുക്കാനും സദ്യവട്ടങ്ങൾ ഒരുക്കാനും  ഒരു കുടുംബം പോലെ പലരും അസോസിയേഷനുകളിൽ ഒത്തുകൂടി ഓണത്തെ ശരിക്കും ഒരു ഉത്സവമാക്കി മാറ്റുന്ന കാഴ്ചകൾ വിവിധ നാടുകളിൽ കാണാം. നാട്ടിലാണെങ്കിൽ ഓണസദ്യ കേറ്ററിംഗ്കാർക്ക് കൈമാറിക്കഴിഞ്ഞു. അതിനാൽ പഴയതു പോലെ, അടുത്ത വീട്ടിലെ പായസത്തിന്റെ രുചിയറിയാൻ കുട്ടികളാരും തന്നെ അങ്ങോട്ടോ ഇങ്ങോട്ടോ ഓടുന്നില്ല. നിന്റെ വീട്ടിൽ എന്തു പായസമായിരുന്നു എന്ന അന്വേഷണവുമില്ല. ഒരുപക്ഷേ, ഇതാവുമോ 'മാവേലി നാടു വാണീടും കാലം മാനുഷരെല്ലാമൊന്നു പോലെ' എന്നതിന്റെ പൊരുൾ...?  

എവിടെയായാലും മലയാളിക്ക് ഓണം എന്നും ഗൃഹാതുരതയാണ്. ഒരുമയുടെയും സ്നേഹത്തിന്റെയും  ഒരുപാട് രുചികളുടെയും ഓർമ്മകൾ സമ്മാനിക്കുന്ന ഗൃഹാതുരത.... അതേ, ഓർമ്മകൾ കൂടുകൂട്ടിയ മനസിന്റെ ചില്ലയിൽ നിന്നും അനേകം ഓർമ്മപ്പക്ഷികൾ ചിറകടിച്ചുയരുന്നു ഈ ഓണക്കാലത്തും... ജയ്‌ഹിന്ദിന്റെ എല്ലാ വായനക്കാർക്കും സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും സമൃദ്ധിയുടെയും നിറകതിരുകളാകട്ടെ ഈ ഓണക്കാലവും .... !! 

ജയ്‌ഹിന്ദ്‌ വായനക്കാരോടൊപ്പം എന്റെ പ്രിയ സുഹൃത്തുക്കൾക്കും ഓണാശംസകൾ ...!

22 comments:

  1. കുഞ്ഞൂസിനും കുടുംബത്തിനും ഓണാശംസകള്‍ നേരുന്നു. മാറ്റര്‍ കോപി പേസ്റ്റ് ചെയ്തപ്പോള്‍ ഗ്യാപ് കുടുങ്ങിയല്ലോ?

    ReplyDelete
  2. ഓണത്തെക്കുറിച്ചും മഹാബലിയെക്കുറിച്ചുമൊക്കെ എത്ര എഴുതിയാലും അധികമാവില്ല. വിശദമായ ഈ എഴുത്ത് ഗംഭീരമായി......

    ReplyDelete
  3. മഹാബലി ചരിത്രം അറിയാമെങ്കിലും
    ത്രിക്കാക്കര അപ്പനെപ്പറ്റിയുള്ള വിശദമായ
    അറിവുകൾ ഇപ്പോഴാണ് കിട്ടിയത്..അതു
    പോലെ പൂക്കളത്തിന്റെ പ്രത്യേകതകളും
    എനിക്കു പുതിയ അറിവാണ്...

    കുഞ്ഞുസിനും കുടുംബത്തിനും ഓണാശംസകൾ
    നേരുന്നു...കാനഡയിൽ എന്നാണ് ഓണം..??!!
    ഞങ്ങൾക്ക് ഇനി ക്രിസ്മസ് എത്തും വരെ വിവിധ
    സംഘടനകളുടെ ഓണാഘോഷം ആയിരിക്കും,പ്രവാസിയുടെ
    ഒരിക്കലും തീരാത്ത ഗ്രഹാതുരത്വം..:)

    ReplyDelete
  4. മഹാബലി വരുന്ന ദിവസം വാമനനെ പൂജിക്കുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ല.

    ReplyDelete
  5. very informative post Kunjus
    Thanks for sharing
    Season's Greetings!!

    ReplyDelete
  6. വാമനൻ മഹാവിഷ്ണുവിന്റെ അവതാരമാണല്ലൊ,, മഹാബലി അസുരരാജാവും,,, കുഞ്ഞൂസിനും കുടുംബത്തിനും ഓണാശംസകൾ നേരുന്നു,,,

    ReplyDelete
  7. കുഞ്ഞൂസിനും കുടുംബത്തിനും ഓണാശംസകള്‍

    ReplyDelete
  8. ഓണത്തേക്കുറിച്ച്‌ എത്രയധികം കാര്യങ്ങളാ.തൃക്കാക്കരയപ്പനെക്കുറിച്ച്‌ ഒന്നുമറിയില്ലായിരുന്നു.

    വിശദമായ അറിവ്‌ നൽകിയതിനു നന്ദി.!!!

    ഹൃദയം നിറഞ്ഞ ഓണാശംസകൾ!!!.

    ReplyDelete
  9. ഹൃദയം നിറഞ്ഞ ഓണാശംസകൾ...

    ReplyDelete
  10. എന്റെ ഓണാശംസകൾ ..

    ReplyDelete
  11. Short and sweet.. awesomely written..
    Wish you and family a very happy Onam

    ReplyDelete
  12. കുഞ്ഞേച്ചീ... മനസ്സുനിറഞ്ഞ ഓണാശംസകള്‍.!!!
    ഓണത്തെക്കുറിച്ച് വളരെ വിശദമായും മനോഹരമായും എഴുതി...
    മഹാബലിയുടെ തലമുറയെക്കുറിച്ചും, തൃക്കാക്കരയപ്പനെക്കുറിച്ചും പൂക്കളെക്കുറിച്ചും നന്നായി പ്രതിപാദിച്ചു. വളരെ ഇഷ്ടമായി...!!!

    ReplyDelete
  13. ഓണാശംസകൾ കുഞ്ഞൂസ്. തൃക്കാക്കര ക്ഷേത്രത്തെക്കുറിച്ച് ഇത്രയും വിശദമായ അറിവില്ലായിരുന്നു എങ്കിലും ഈയാണ്ടിലെ ഓണനാളിൽ തൃക്കാക്കര പോയി തൊഴുവാൻ ഉള്ള ഭാഗ്യം ഉണ്ടായി. കുഞ്ഞൂസ് ഇവിടെ പറഞ്ഞ ഒരുകാര്യം എനിക്കും പറയാതെ വയ്യ. നാട്ടിൽ പഴയ പോലെയുള്ള ആഘോഷങ്ങൾ ഓണത്തിനു കാണാനില്ല. പ്രവാസികൾ ആണു മറുനാട്ടിൽ കെങ്കേമമായി ഓണം ആഘോഷിക്കുന്നത് എന്ന് എനിക്കും തോന്നിയിട്ടുണ്ട്.

    ReplyDelete
  14. “...മഹാവിഷ്ണുവിന്റെ മിക്ക അവതാരങ്ങളും മഹാബലിയുടെ മുൻഗാമികളെയോ പിൻഗാമികളെയോ വധിക്കാൻ വേണ്ടിയായിരുന്നു . മുതുമുത്തശ്ശനായ ഹിരണ്യകശുപുവിനെ വധിക്കാൻ വന്ന നരസിംഹാവതാരം മുതൽ പൗത്രനായ രാവണനെ വധിക്കാൻ വന്ന ശ്രീരാമൻ വരെ. തിന്മകൾക്കെതിരെ പോരാടാനായിരുന്നു മഹാവിഷ്ണുവിന്റെ ആ അവതാരങ്ങളെല്ലാം....” നല്ലവനായ മഹാബലി ഇതില്‍ ബലിയാടായതാണോ?

    ReplyDelete
  15. എല്ലാ കൂട്ടുകാർക്കും നന്ദിയും സ്നേഹവും.... :)

    ReplyDelete
  16. ചേച്ചി, അടുത്ത മാസം അവസാനം വരെ നമുക്ക് ഓണാഘോഷം തന്നെയല്ലേ?

    ReplyDelete
  17. കാലം മാറി കുഞ്ഞൂസേ. ഓണവും. ഇന്ന് ഓർമകളിൽ ആണ് ഓണം. മലയാള നാടിനു പുറത്തുള്ളവർക്ക് കൂടുതൽ മധുര തരം.

    ReplyDelete
  18. ഓണത്തപ്പന്റെ ചരിത്രമടക്കം
    ഓണത്തെക്കുറിച്ച് വളരെ വിശദമായ
    വിവരണം , വളരെ നന്നായിരിക്കുന്നു..

    ReplyDelete

Related Posts Plugin for WordPress, Blogger...