ഒരു വാരാന്ത്യം ചെലവഴിക്കാനായിരുന്നു ഒന്റാരിയോ പ്രവിശ്യയിലെ ബാരിയിൽ പോയത്. സിംക്കോ തടാകതീരത്തുള്ള ചെറിയ കോട്ടേജ് കഴിഞ്ഞ വർഷം ബുക്ക് ചെയ്‌തിരുന്നതാണ്. ഇനിയും ഉപയോഗപ്പെടുത്തിയില്ലെങ്കിൽ റദ്ദാക്കപ്പെടും. കൊറോണ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടുതന്നെ പോകാൻ തീർച്ചപ്പെടുത്തി. ചുറ്റിക്കറങ്ങാൻ ദൂരെയൊന്നും പോകേണ്ടതില്ലെന്നു ആദ്യമേ തീരുമാനിച്ചിരുന്നു. എങ്കിലും സ്പിരിറ്റ് ക്യാച്ചറെ കാണണമെന്ന ആഗ്രഹമുണ്ടായിരുന്നു. താമസസ്ഥലത്തിനടുത്തുള്ള കാഴ്ചകൾ എന്തൊക്കെയാണെന്ന് ഗൂഗിൾ ചെയ്തപ്പോൾ കിട്ടിയതും സ്പിരിറ്റ് ക്യാച്ചറെ തന്നെ.
ബാരിയിലെ കെംപെൻഫെൽറ്റ് ബേയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഒരു ശില്പമാണ് സ്പിരിറ്റ് ക്യാച്ചർ. ഈ ആത്മാവ് പിടുത്തക്കാരനെ ഡ്രീം ക്യാച്ചർ എന്നും വിളിക്കാറുണ്ട്. ബാരിയിലെ ഈ സ്വപ്നപിടുത്തക്കാരനെ സൃഷ്ടിച്ചത് റോൺ ബെയർഡ് എന്ന ശില്പിയാണ്. ശരിക്കും ഇതുണ്ടാക്കിയത് വാൻകൂവറിൽ നടന്ന എക്‌സ്‌പോ 86 (World Exposition on Transportation and Communication) നു വേണ്ടിയാണ്. ഇതിന്റെ നിർമ്മാണത്തിനായി COR-TEN സ്റ്റീൽ ആണുപയോഗിച്ചിരിക്കുന്നത്. ഇരുപതു ടൺ ഭാരവും 25 മീറ്റർ (70 അടി) വീതിയും 21 മീറ്റർ (65 അടി) ഉയരവുമുള്ള ഈ ശിൽപമുണ്ടാക്കാൻ ആറു മാസമെടുത്തു എന്നൊക്കെയാണ് അവിടെ രേഖപ്പെടുത്തിയിരിക്കുന്നത്.
എക്‌സ്‌പോ 86 കഴിഞ്ഞപ്പോൾ ടൊറൊന്റോയിലെ Helen McCrea Peacock Foundation ഈ ശില്പം വാങ്ങുകയും 'ബാരി ഗാലറി പ്രോജക്റ്റിന്' സംഭാവന ചെയ്യുകയും ചെയ്തു. ബാരി നഗരത്തിൽ ഒരു ആർട്ട് ഗാലറി ഉണ്ടാക്കുന്നതിന്റെ തുടക്കമായി അത്. കെംപെൻഫെൽറ്റ് ബേയുടെ തീരത്ത് ഈ ശിൽപം സ്ഥാപിക്കാൻ രണ്ടു ദിവസമെടുത്തു. 1987 സെപ്റ്റംബർ 12 ന് ഈ സ്പിരിറ്റ് ക്യാച്ചറെ നാടിനു സമർപ്പിച്ചു.
ഈ ശില്പത്തിന് കാറ്റിലാടുന്ന പതിനാറു തൂവലുകളുണ്ട്. കാറ്റ് വീശുമ്പോൾ ഈ തൂവലുകളുടെ ആട്ടം മനോഹരമായ കാഴ്ചയാണ്. ബാരിയിൽ ഇത് സ്ഥാപിച്ച് ഏതാനും മാസങ്ങൾക്കുശേഷം, കെംപെൻഫെൽറ്റ് ബേയിൽ നിന്ന് കരയിലേക്ക് വീശുന്ന പ്രവചനാതീതമായ കാറ്റിൽ ഈ തൂവലുകൾ വീഴുമെന്ന ആശങ്കയുണ്ടായി. അതേത്തുടർന്നാണ് അഡ്വാൻസ്ഡ് എഞ്ചിനീയറിംഗിൽ പ്രഗത്ഭനായ മൈക്ക് ഡേവിസിന്റെ സഹായത്തോടെ തൂവലുകളെ ഇന്നു കാണുന്ന രീതിയിൽ പുനർരൂപകൽപ്പന ചെയ്തത്.
സ്പിരിറ്റ് ക്യാച്ചറെയും അതിനു ചുറ്റുമുള്ള മനോഹരമായ കാഴ്ചകളെയും ക്യാമറയിലേക്കു പകർത്തുന്നതിനിടയിലാണ് ഫോട്ടോയെടുക്കാൻ സഹായിക്കണോ എന്നു ചോദിച്ച് ഒരു സ്ത്രീ ഞങ്ങൾക്കടുത്തേക്കു വന്നത്. സെൽഫീസ്റ്റിക്ക് എടുക്കാൻ മറന്നതിനാൽ, കുടുംബചിത്രം എടുക്കാൻ പറ്റില്ലല്ലോ എന്ന സങ്കടത്തിലേക്കാണ് ജെസ്സിക്ക എന്നു പരിചയപ്പെടുത്തിയ ആത്മാവ് ചിരിച്ചു കൊണ്ടെത്തിയത്. സന്തോഷത്തോടെ ജെസ്സിക്ക ഒന്നുരണ്ടു ചിത്രങ്ങൾ എടുത്തു തരികയും ചെയ്തു.
മോൾ സ്‌കൂളിൽ പഠിക്കുന്ന കാലത്താണ് ഈ ഡ്രീം ക്യാച്ചറെ ഞാൻ പരിചയപ്പെടുന്നത്. തൊടലുമർദ്ദയെയും പ്രേതങ്ങളെയും ഒക്കെ കേട്ടു പേടിസ്വപ്നങ്ങൾ കണ്ടിരുന്ന എന്റെ ബാല്യത്തിൽ നിന്നും വ്യത്യസ്തമായിരുന്നു മോളുടെ ഡ്രീം ക്യാച്ചർ. അതിലൂടെ സ്വപ്നങ്ങൾ ഫിൽറ്റർ ചെയ്തു, നല്ലവ മാത്രം കാണാമെന്ന് മോളുടെ കൂടെ ഞാനും വിശ്വസിച്ചു. ചിലപ്പോഴൊക്കെ വില്ലോഹൂപ്പും അനുസാരികളും സ്വയം ഉണ്ടാക്കി ഞങ്ങൾ സന്തോഷിക്കുകയും ചെയ്തു.
ജെസ്സീക്കയിൽ നിന്നാണ് സ്പിരിറ്റ് ക്യാച്ചറുടെ ചില കെട്ടുകഥകൾ കേട്ടത്. അതിലൊന്ന്, ലക്കോട്ട ഗോത്രത്തിലെ ഇതിഹാസമായ ഇക്തോമി എന്ന ആത്മാവിനെക്കുറിച്ചാണ്. മികച്ച തന്ത്രജ്ഞനും ജ്ഞാനാന്വേഷിയുമാണ് ഇക്തോമി. ഒരു ദിവസം ഇക്തോമി അവന്റെ ഒരു പഴയ ആത്മീയഗുരുവിന് ചിലന്തിയുടെ രൂപത്തിൽ പ്രത്യക്ഷപ്പെടുകയും മനുഷ്യൻ കടന്നുപോകുന്ന ജീവിതചക്രങ്ങളെക്കുറിച്ച് സംസാരിക്കുകയുമുണ്ടായി. അതിനായി വിചിത്രവും പവിത്രവുമായ ഒരു ഭാഷാശൈലി സ്വീകരിച്ചു. മനുഷ്യന്റെ ജീവിതചക്രത്തെ തൂവലുകൾ, മുത്തുകൾ, കുതിരസവാരി എന്നിവയൊക്കെ ഉൾക്കൊള്ളുന്ന ഒരു ചിലന്തിവലയായിട്ടാണ് അവതരിപ്പിച്ചത്. ജീവിത വലയത്തെക്കുറിച്ച് സംസാരിച്ച അദ്ദേഹം ജീവിതചക്രത്തിൽ നല്ലതും ചീത്തയുമായ ശക്തികൾ ഉണ്ടെന്ന് ഗുരുവിനോടു പറഞ്ഞു. നിങ്ങൾ നല്ലവയെ ശ്രദ്ധിക്കുകയാണെങ്കിൽ, നിങ്ങളെ ശരിയായ ദിശയിലേക്ക് നയിക്കും, പക്ഷേ മോശം ശക്തികൾ ദോഷം ചെയ്യും.
പേടിസ്വപ്നങ്ങളിൽ നിന്നും മോശം സ്വപ്നങ്ങളിൽ നിന്നും ആളുകളെ സംരക്ഷിക്കാൻ ഉപയോഗിക്കുന്ന ഒരു രക്ഷായന്ത്രം അഥവാ തകിടാണ് ഡ്രീംകാച്ചർ. ഈ തകിട് സാധാരണയായി ചെറിയ കുട്ടികൾക്കായി ഉപയോഗിക്കുകയും അവരുടെ തൊട്ടിലുകൾ അല്ലെങ്കിൽ കിടക്കകൾക്ക് മുകളിൽ തൂക്കിയിടുകയും ചെയ്യുന്നു. രാത്രിയിൽ നല്ലതും ചീത്തയുമായ സ്വപ്നങ്ങൾ മുറിയിൽ നിറയുമെന്നാണ് അമേരിക്കൻ ഗോത്രവർഗ്ഗക്കാർ വിശ്വസിക്കുന്നത്. ഡ്രീംകാച്ചർ ചിലന്തിവല പോലെ പ്രവർത്തിച്ചു, മോശം സ്വപ്നങ്ങളെ കുടുക്കി നല്ലവയെ അരിച്ചെടുക്കാൻ സഹായിക്കുന്നു. നല്ല സ്വപ്നങ്ങൾ തൂവലുകൾക്കിടയിലൂടെ താഴെ ഉറങ്ങുന്ന വ്യക്തിയിൽ എത്തിച്ചേരുകയും പ്രഭാതത്തിലെ സൂര്യപ്രകാശം ഡ്രീംകാച്ചറിൽ എത്തുമ്പോൾ വലയിൽ കുടുങ്ങിയ മോശം സ്വപ്നങ്ങൾ നശിക്കുകയും ചെയ്യുമത്രേ. ലക്കോട്ട ഗോത്രക്കാരുടെ ഐതിഹ്യമനുസരിച്ച് നല്ല സ്വപ്നങ്ങളും ആശയങ്ങളും ചിലന്തിവലയിൽ കുടുങ്ങുമെന്നും മോശം കാര്യങ്ങൾ അതിന്റെ കേന്ദ്രത്തിലെ ദ്വാരത്തിലൂടെ കടന്നുപോയി എന്നെന്നേക്കുമായി ഇല്ലാതാകുമെന്നുമാണ്. മോശം സ്വപ്നങ്ങളിൽ നിന്നു മാത്രമല്ല, ഏതു തരത്തിലുള്ള ദുഷിച്ച സ്വാധീനത്തിൽ നിന്നും സംരക്ഷണം നൽകുന്ന രക്ഷായന്ത്രവുമാണ് ഈ ഡ്രീം ക്യാച്ചർ.
ഡ്രീംകാച്ചറിന്റെ രൂപത്തിലെ ഓരോ വിഭാഗത്തിനും പ്രത്യേക അർത്ഥമുണ്ട്. വൃത്താകൃതിയിലുള്ള ചട്ടക്കൂട് ഭൂമിദേവിയെയും ജീവിതത്തെ നിലനിർത്തുന്ന എല്ലാത്തിനെയും പ്രതീകപ്പെടുത്തുന്നു. അതിന്റെ ആരംഭമോ അവസാനമോ ഇല്ലാത്ത വൃത്താകൃതി ജീവിതത്തിന്റെ തുടർച്ചയായ ഒഴുക്കിനെ പ്രതിനിധീകരിക്കുന്നു. ജീവിതവൃത്തത്തെ പ്രതിനിധീകരിക്കുന്നതിനൊപ്പം, സൂര്യനും ചന്ദ്രനും ഓരോ ദിവസവും ആകാശത്തിലൂടെ സഞ്ചരിക്കുന്നതിന്റെ തുടർച്ചയായ പരിഭ്രമണവും ഇത് പ്രതീകപ്പെടുത്തുന്നു. ചിലന്തിവലയുടെ രൂപത്തെ അനുകരിച്ച് ഡ്രീംകാച്ചറിന്റെ വലയും ചട്ടക്കൂടിനുള്ളിലാണ് നെയ്യുന്നത്. വലയുടെ മധ്യഭാഗത്തുള്ള വട്ടം അതിന്റെ ഹൃദയമാണ്. അവിടെയാണ് നല്ല സ്വപ്നങ്ങളും ദർശനങ്ങളും അരിച്ചെടുക്കുന്നത്.
ഡ്രീംകാച്ചറിന്റെ വലയിലെ ബിന്ദുക്കളുടെ എണ്ണവും പ്രധാനമാണ്. അവ വ്യത്യസ്ത അർത്ഥങ്ങൾ ഉൾക്കൊള്ളുന്നു. പതിമൂന്നു ബിന്ദുക്കളുള്ള ഒരു ഡ്രീംകാച്ചർ ചന്ദ്രന്റെ പതിമൂന്നു ഘട്ടങ്ങളെ പ്രതിനിധീകരിക്കുന്നു. എട്ടു ബിന്ദുക്കൾ, അമേരിക്കൻ ഗോത്രവർഗ്ഗക്കാരുടെ ഇതിഹാസങ്ങളിലുള്ള ചിലന്തി സ്ത്രീയുടെ പ്രതീകമാണ്. ഏഴു ബിന്ദുക്കൾ ഏഴു പ്രവചനങ്ങളെ സൂചിപ്പിക്കുന്നു. ആറു ബിന്ദുക്കൾ കഴുകനെയും അഞ്ചു ബിന്ദുക്കൾ നക്ഷത്രത്തെയും പ്രതിനിധീകരിക്കുന്നു.
ചില ഡ്രീംകാച്ചറുകൾക്ക് വലയുടെ മധ്യഭാഗത്ത് ഒരു കുരിശടയാളമുണ്ട്. അത് നാലു പവിത്രദിശകളെ പ്രതിനിധീകരിക്കുന്നു. നിർഭാഗ്യത്തിൽ നിന്ന് സംരക്ഷണം നൽകുകയും പ്രപഞ്ചത്തിൽ നിന്ന് ഒരാളുടെ ജീവിതത്തിലേക്ക് നല്ല മരുന്ന് എത്തിക്കുകയും ചെയ്യുന്ന ഔഷധ ചക്രം അഥവാ മെഡിസിൻ വീൽ ഡ്രീംകാച്ചറുകൾ എന്നാണ് ഇവ അറിയപ്പെടുന്നത്.
ഡ്രീംകാച്ചറുകളിലെ മൃഗങ്ങൾക്കും അർത്ഥങ്ങളുണ്ട്. ചില സംസ്കാരങ്ങൾ മൃഗങ്ങൾ ചിലന്തിയെ പ്രതിനിധാനം ചെയ്യുന്നുവെന്നു വിശ്വസിക്കുമ്പോൾ , മറ്റുചിലത് വലയിലൂടെ കടന്നുപോകാൻ പരാജയപ്പെട്ട നല്ല സ്വപ്നങ്ങളുടെ ശാരീരിക രൂപമാണ് മൃഗങ്ങൾ എന്നു പറയുന്നു.
ഈ സ്വപ്നപിടുത്തക്കാരനെ അന്വേഷിച്ചു പോയാൽ, ഓജിബ്വേ (Ojibwe) ജനതയിൽ എത്തിച്ചേരും. അവരാണത്രേ ഈ പ്രതിഭാസം ആരംഭിച്ചത്. ക്രമേണ, മറ്റു ഗോത്രങ്ങളും ഈ ആചാരം തുടർന്നു. അവരതിനെ ചിലന്തി എന്നർത്ഥം വരുന്ന 'അസബികേഷിൻ' എന്നാണ് വിളിച്ചത്. ഒജിബ്വെ ജനതയുടെ ഇതിഹാസമനുസരിച്ച്, അസിബികാഷി എന്ന ചിലന്തിസ്ത്രീ, ഭൂമിയിലെ അവരുടെ എല്ലാ ആളുകളെയും കുട്ടികളെയും പരിപാലിച്ചുവെങ്കിലും ഗോത്രം കൂടുതൽ കൂടുതൽ വ്യാപിച്ചതോടെ എല്ലാവരേയും സംരക്ഷിക്കുന്നത് അസിബികാഷിക്കു ബുദ്ധിമുട്ടായി.
രാത്രിയിൽ ഓരോ കുട്ടികളിലേക്കും പോയി ദുഷിച്ച സ്വാധീനങ്ങളിൽ നിന്ന് അവരെ സംരക്ഷിക്കാൻ കഴിയാത്തതിനാൽ, ഗോത്രത്തിലെ അമ്മമാരോടു സഹായം അഭ്യർത്ഥിച്ചു. മോശം സ്വപ്നങ്ങളെയും പേടിസ്വപ്നങ്ങളെയും കുടുക്കാൻ ഒജിബ്വെ അമ്മമാരും മുത്തശ്ശിമാരും വളയങ്ങളിൽ വലകൾ നെയ്യുകയും ഓരോ കുട്ടിയുടെയും കട്ടിലിന് മുകളിൽ തൂക്കിയിടുകയും ചെയ്തു.
പരമ്പരാഗതമായി, ഡ്രീംകാച്ചറിന്റെ നിർമ്മാണത്തിൽ ഒരു രത്നക്കല്ല് മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ, കാരണം ജീവിത വലയിൽ ഒരു സ്രഷ്ടാവ് മാത്രമേയുള്ളൂ.
ലോകമെമ്പാടുമുള്ള ആളുകൾ ഡ്രീംകാച്ചറുകളെ മനോഹരവും രസകരവുമായ വസ്തുക്കളായി കാണുന്നു. ആധുനിക തലമുറ വിവിധ തരം വസ്തുക്കൾ കൊണ്ട്, വ്യത്യസ്ത ശൈലികളിൽ ഡ്രീംകാച്ചറുകൾ നിർമ്മിക്കുന്നുണ്ട്. ഡ്രീംകാച്ചർ ഇമേജറിയും ആഭരണങ്ങളും ഇന്ന് വളരെ സാധാരണമാണ്. എന്നിരുന്നാലും, ഈ ഡ്രീംകാച്ചറുകൾ പരമ്പരാഗത ഡ്രീംകാച്ചറുകളിൽ നിന്ന് വളരെ വ്യത്യസ്തമാണ്. അവ പലപ്പോഴും വളരെ വലുതും വർണ്ണാഭമായതും പ്ലാസ്റ്റിക്കുകളും മറ്റു കൃത്രിമ വസ്തുക്കളും ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. അതേസമയം പരമ്പരാഗത ഡ്രീംകാച്ചറുകൾ സാധാരണയായി വളരെ ചെറുതും മരം, തുകൽ, സ്ട്രിംഗ്, തൂവലുകൾ എന്നിവകൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. പല അമേരിക്കൻ സംസ്കാരങ്ങളും വിശ്വസിക്കുന്നത് അവ വളരെയധികം വാണിജ്യവത്കരിക്കപ്പെടുകയും ദുരുപയോഗം ചെയ്യപ്പെടുകയും അവയുടെ അർത്ഥം നഷ്ടപ്പെടുകയും ചെയ്തു എന്നാണ്.
ബാരി വാട്ടർഫ്രണ്ടിന്റെ കേന്ദ്രബിന്ദുവാണ് ഈ ശില്പം. ധാരാളം വിനോദസഞ്ചാരികൾ ഇവിടെ എത്താറുണ്ടെന്നാണ് ജെസ്സിക്ക പറഞ്ഞത്. കൊറോണക്കാലമായതിനാലാവും ഞങ്ങളെക്കൂടാതെ അവിടവിടെ നിന്നു ഫോട്ടോയെടുക്കുന്ന ഒന്നുരണ്ടു പേരും കായൽത്തീരത്തു കൂടെ വ്യായാമസവാരികൾ നടത്തുന്ന ചിലരും മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ.