Monday, January 4, 2010

ആത്മാവിന്റെ സാഫല്യം ...!

 

"റീത്താ, ദാ നോക്കൂ, നമ്മുടെ അന്നമോള്‍ "വില്യംസിന്റെ ശബ്ദം അങ്ങു ദൂരെയേതോ ഗുഹാമുഖത്തുനിന്നു കേള്‍ക്കുന്നപോലെ ...

കണ്ണുകള്‍ ആയാസപ്പെട്ടു തുറക്കാന്‍ ശ്രമിച്ചു.


"മമ്മീ... നമ്മുടെ അന്നമോള്‍ , സാറ ആന്റിയെപ്പോലെയാ ല്ലേ ?" അജിമോന്റെ സന്തോഷം തുളുമ്പുന്ന സ്വരം പൂര്‍ണ്ണമായും തന്നെ ബോധമണ്ഡലത്തിലേക്കു കൊണ്ടു വന്നു.

കണ്ടു അന്നമോളെ.... ഫ്ലാനലില്‍ പൊതിഞ്ഞ ഒരു കുഞ്ഞുവാവ വില്യംസിന്റെ കൈയില്‍ ….!!


"മാലാഖയെപ്പോലെ സുന്ദരിയാ ല്ലേ പപ്പാ?" അജിമോന്‍ അവളെ തൊട്ടു തലോടിക്കൊണ്ടു വില്യംസിന്റെ അടുത്തു തന്നെയുണ്ട്‌ .

വില്യംസ് അവളെ തന്റെയടുത്തു കിടത്തി.... ആ മാലാഖക്കുഞ്ഞിനെ ചേര്‍ത്തുപിടിച്ചപ്പോള്‍ , ഒരു മഞ്ഞുമല ഉരുകിയൊലിച്ചതുപോലെ, കണ്ണീര്‍ ചാലിട്ടൊഴുകി..... അവളെ സ്വന്തമാക്കാന്‍ അനുഭവിച്ച വേദനകളെല്ലാം ഒരു നിമിഷം കൊണ്ടു ഒഴുകിപ്പോയതുപോലെ...

അന്നമോള്‍ തങ്ങളുടെ ജീവിതത്തിലേക്കു വന്നത് വിധിയുടെ വിളയാട്ടം മാത്രമായിരുന്നോ ?

അനിയത്തി സാറായ്ക്ക്  വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കുഞ്ഞിക്കാല്‍ കാണാനുള്ള ഭാഗ്യമുണ്ടാകാത്തതില്‍ എല്ലാവര്‍ക്കും വിഷമമുണ്ടായിരുന്നു...പരിശോധനകളില്‍ രണ്ടുപേര്‍ക്കും തകരാറൊന്നും കണ്ടുപിടിക്കാന്‍ വൈദ്യശാസ്ത്രത്തിനും കഴിഞ്ഞില്ല. അങ്ങനെയാണ് ഡോക്ടര്‍ ഇന്‍വിട്രോഫെര്‍ട്ടിലൈസേഷന് അവരെ പ്രേരിപ്പിച്ചത്.

തുടര്‍ന്നുള്ള നാളുകള്‍ അതിനായുള്ള ഒരുക്കങ്ങളിലായിരുന്നു സാറയും ഭര്‍ത്താവു വിവേകും. മരുന്നുകള്‍ , കുത്തിവെപ്പുകള്‍ ......എല്ലാം സഹിക്കാന്‍ സാറ തയ്യാറായിരുന്നു .ഒരു കുഞ്ഞിനെയെങ്കിലും താലോലിക്കാന്‍  തന്‍റെതെന്നു പറയാന്‍ അവള്‍ ഏറെ കൊതിച്ചു . മൂന്നാമത്തെ തവണയാണ് , ഇന്‍വിട്രോഫെര്‍ട്ടിലൈസേഷന്‍ വിജയിച്ചത്. അങ്ങിനെ ടെസ്റ്റ്‌റ്റൂബില്‍ യോജിപ്പിച്ചെടുത്ത ഭ്രൂണത്തെ സാറായുടെ ഗര്‍ഭപാത്രത്തിലേക്കു പറിച്ചു നടുമ്പോള്‍ പ്രാര്‍ത്ഥനയോടെ കുടുംബാംഗങ്ങള്‍ എല്ലാവരും ആശുപത്രിയില്‍ ഉണ്ടായിരുന്നു. നൂറു ശതമാനവും ആരോഗ്യപൂര്‍ണമായ മൂന്നു ഭ്രൂണങ്ങളില്‍ രണ്ടെണ്ണം അവളുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചു. മറ്റേതിനെ ശീതീകരിച്ചു വെക്കാനും തീരുമാനമായി.

ശീതീകരണത്തിന്റെ സാക്ഷിപത്രത്തില്‍ ഒപ്പിടുമ്പോള്‍ മറ്റൊന്നും തോന്നിയില്ല . ആശുപത്രിയിലെ ഒരു സാധാരണ ഫോര്‍മാലിറ്റിയായി മാത്രമേ കരുതിയുള്ളു. ഭാര്യാഭര്‍ത്താക്കന്മാര്‍ വേര്‍പിരിഞ്ഞാല്‍ , ആരായിരിക്കണം ആ ഭ്രൂണത്തിന് അവകാശി എന്നും അവര്‍ രണ്ടുപേരും മരിച്ചു പോയാല്‍ ആരാവണം ഭ്രൂണത്തിന് അവകാശിയെന്നുമൊക്കെയുള്ള സമ്മതപത്രം …. !!!


സാറ ഗര്‍ഭിണിയായപ്പോള്‍ എല്ലാവര്‍ക്കും എന്തൊരു സന്തോഷമായിരുന്നു. ഏറെ വര്‍ഷങ്ങള്‍ക്കു ശേഷം, തന്റെ അജിമോനു ശേഷം കുടുംബത്തില്‍ ഒരു കുഞ്ഞു പിറക്കാന്‍ പോകുന്നു. തങ്ങള്‍ക്കു താലോലിക്കാന്‍ ഒരു കുഞ്ഞുവാവ…!!! വീട്ടില്‍ ഒരു ഉത്സവപ്രതീതി. എല്ലാവരും അതിന്റെ ആഹ്ലാദത്തിലായിരുന്നു . ഏറ്റവും നല്ല ശുശ്രുഷകള്‍ തന്നെ സാറായ്ക്ക് കിട്ടണമെന്നു എല്ലാവര്‍ക്കും നിര്‍ബന്ധമായിരുന്നു. എല്ലാരീതിയിലും സന്തോഷവതിയായിരുന്നു എന്റെ കുഞ്ഞനുജത്തി സാറ.

ആ സന്തോഷത്തിനും അനുഗ്രഹത്തിനും നന്ദി പറയാന്‍ വേണ്ടിയായിരുന്നു , സാറയും വിവേകും കൂടെ ഒരു തീര്‍ത്ഥയാത്രക്കൊരുങ്ങിയത്..

ഒരു വാഹനാപകടം ….!

സാറയും വിവേകും സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു...തന്റെ പ്രിയപ്പെട്ട അനിയത്തി , അവളുടെ സ്വപ്‌നങ്ങള്‍  ‍..... എല്ലാം അവിടെ അവസാനിച്ചു...!!!

സങ്കടപ്പെട്ടും വിധിയെപ്പഴിച്ചും കഴിഞ്ഞ നാളുകള്‍ . അന്നൊരു ദിവസം ആശുപത്രിയില്‍ നിന്നും ഡോക്ടറുടെ ഫോണ്‍ എന്നെത്തേടിയെത്തി. അനുശോചനങ്ങള്‍ അറിയിച്ചതിനു ശേഷം അദ്ദേഹം പെട്ടന്നു ചോദിച്ചു, ശീതീകരിച്ചു വച്ചിരിക്കുന്ന ഭ്രൂണം എന്തു ചെയ്യണമെന്ന്. അദ്ദേഹത്തിന്റെ നിര്‍ദേശം, കുഞ്ഞുങ്ങള്‍ ഉണ്ടാകാന്‍ ഒട്ടും സാധ്യതയില്ലാത്ത ഏതെങ്കിലും ദമ്പതികള്‍ക്ക് നല്‍കിയാല്‍ അതൊരു പുണ്യപ്രവൃത്തി കൂടിയാവും എന്നൊക്കെ .ആലോചിച്ചിട്ടു പറയാം എന്നു  പറഞ്ഞു ഫോണ്‍ വച്ചു.

എന്തു ചെയ്യണമെന്നു വില്യംസുമായി കൂടിയാലോചിച്ചു. ആര്‍ക്കെങ്കിലും കൊടുക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെയും അഭിപ്രായം.... രണ്ടാമതൊന്നാലോചിക്കേണ്ട ആവശ്യം പോലും അദ്ദേഹത്തിനില്ലായിരുന്നു, ആ അഭിപ്രായത്തിന്. എന്നാല്‍ എന്റെ ഉള്ളില്‍ സാറയും അവളുടെ സ്വപ്നങ്ങളും ഒക്കെയായിരുന്നു. ഒരു തീരുമാനം എടുക്കാനാവാതെ ഉഴറി നടന്ന ദിവസങ്ങള്‍ ….!!!

സാറയുടെ ആത്മാവുള്ള ആ ഭ്രൂണം,അവളുടെ ആ സ്വപ്നം അതെങ്ങിനെ കൈവിട്ടു കളയും? ഒരുതരത്തില്‍ അവള്‍ തന്നെയല്ലേ അതും?അവസാനം ഒരു രാത്രിയില്‍ ,വില്യംസിനെ ഉറക്കത്തില്‍ നിന്നും വിളിച്ചുണര്‍ത്തി പറഞ്ഞു, "ആ കുഞ്ഞിനെ എനിക്കു വേണം.ഞാന്‍ അതിനെ എന്റെ ഗര്‍ഭപാത്രത്തില്‍ വളര്‍ത്തും .അങ്ങിനെ എന്റെ സാറ പുനര്‍ജ്ജനിക്കും"

അമ്പരന്നു പോയ വില്യംസ്, എന്റെ തീരുമാനത്തെ നഖശിഖാന്തം എതിര്‍ത്തു. ദിവസങ്ങളോളം നീണ്ട വാദപ്രതിവാദങ്ങള്‍ …!

ക്രമേണ വില്യംസിന്റെ എതിര്‍പ്പുകള്‍ കെട്ടടങ്ങി.

"ഡോക്ടറോടു സംസാരിച്ചിട്ടു തീരുമാനിക്കാം" എന്നെ സമാധാനിപ്പിക്കാനെന്നോണം വില്യംസ് പറഞ്ഞു.

അല്പം ആശ്വാസമായെങ്കിലും, ഉള്ളില്‍ തികഞ്ഞ ആശങ്കയായിരുന്നു. എങ്കിലും പെട്ടന്നു തന്നെ ഡോക്ടറെ കാണാന്‍ തീരുമാനിച്ചു.

ആദ്യം ഡോക്ടര്‍ക്കു പോലും അമ്പരപ്പായിരുന്നു . 54 വയസു കഴിഞ്ഞ തനിക്കു ഒരു ഗര്‍ഭത്തെ താങ്ങാനുള്ള ആരോഗ്യമുണ്ടാവില്ല എന്നായിരുന്നു ഡോക്ടര്‍ പറഞ്ഞത്. എങ്കിലും, എന്റെ നിര്‍ബന്ധത്തിനു വഴങ്ങി, അദ്ദേഹം പരിശോധനകള്‍ നടത്തി. എല്ലാം പോസിറ്റീവ് ആയിരുന്നത് ദൈവേഷ്ടം തന്നെ ആയിരുന്നില്ലേ?

ആ ഭ്രൂണത്തെ സ്വീകരിക്കാന്‍ മാനസികമായും ശാരീരികമായും ഡോക്ടര്‍ എന്നെ ഒരുക്കി. പിന്നെ അതു തന്റെ ഗര്‍ഭ പാത്രത്തില്‍ നിക്ഷേപിച്ച  അന്നു മുതല്‍ താനും വില്യംസും ആ കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പായി.

ജോലിയായി ദൂരെ നഗരത്തില്‍ കഴിയുന്ന അജിമോനോടു വിവരങ്ങള്‍ പറഞ്ഞപ്പോള്‍ , അവന്‍ നിശബ്ദനായി ഒന്നും മിണ്ടാതെ ഫോണ്‍ വച്ചത് തനിക്കു വേദനയായി .എന്തേ  എന്റെ മോനും ?

രണ്ടു ദിവസം കഴിഞ്ഞു അജിമോന്‍ വീട്ടിലെത്തി. അടുത്തു വന്നു, കെട്ടിപ്പിടിച്ചു കവിളില്‍ മുത്തം തന്നു കൊണ്ടു പറഞ്ഞു, "സാറ ആന്റിയുടെ കുഞ്ഞു എനിക്കു കൂടപ്പിറപ്പ് തന്നെയല്ലേ... ഇതിപ്പോള്‍ , ഒരേ അമ്മയുടെ വയറ്റില്‍ തന്നെ ….."

ഈറനണിഞ്ഞ കണ്ണുകളോടെ അജിമോന്റെ നെറ്റിയില്‍ ഒരു മുത്തം നല്‍കാനേ എനിക്കപ്പോള്‍ കഴിഞ്ഞുള്ളൂ.

അങ്ങിനെ തങ്ങള്‍ മൂവരും ദിവസങ്ങളെണ്ണി കാത്തിരിക്കാന്‍ തുടങ്ങി. ഗര്‍ഭത്തിന്റെ ആലസ്യങ്ങളും, കഷ്ടപ്പാടുകളും ഒരിക്കല്‍ക്കൂടി, ഇത്തവണ ശുശ്രുഷക്കു വില്യംസും അജിമോനും മാത്രം …!!! കുടുംബാംഗങ്ങള്‍ പോലും അകന്നു നിന്നു. "ഭ്രാന്ത് "എന്നു പറഞ്ഞു സുഹൃത്തുക്കളും കൈയ്യൊഴിഞ്ഞു.

സിസേറിയനിലൂടെ അന്നമോള്‍ , ഈ ഭൂമിയിലേക്ക്‌ വന്നപ്പോള്‍ പുറത്തു മഴ തകര്‍ത്തു പെയ്യുകയായിരുന്നു. ഇപ്പോള്‍ കാര്‍ മേഘങ്ങളകന്ന ആകാശം പോലെ തന്റെ മനസും തെളിഞ്ഞിരിക്കുന്നു.....

ഒരുപക്ഷെ സ്വര്‍ഗത്തില്‍ നിന്നും സാറയും വിവേകും അവളെ കാണുന്നുണ്ടാകുമോ?






27 comments:

  1. വളരെയധികം പ്രത്യേകതകളുള്ള ഒരു പ്രമേയമാണ്,എന്നാലോ വളരെ കാലികവും.നന്നായിട്ടുണ്ട്. ആഖ്യായന ശൈലിയില്‍ ചില പോരായ്മകളുണ്ടോ എന്നൊരു തോന്നല്‍.മറ്റുള്ളവര്‍ വായിക്കട്ടെ.അപ്പോഴറിയാമല്ലോ?.എന്നു വെച്ചു ഞാന്‍ വിമര്‍ശിച്ചതല്ല കെട്ടോ,ഇനിയും എഴുതണം.

    ReplyDelete
  2. ചേച്ചി ഉഗ്രന്‍...

    ReplyDelete
  3. വ്യത്യസ്തമായ വിഷയം. ഹൃദ്യമായ അവതരണം.

    നന്നായി, ചേച്ചീ

    ReplyDelete
  4. ഹൃദ്യമായ രീതിയില്‍ എഴുതി, കാലിക പ്രസക്തമായ വിഷയം.
    കഥ തന്നെയല്ലേ?

    ReplyDelete
  5. നന്നായിട്ടുണ്ട്.
    ആവർത്തനവിരസതയില്ലാത്തത് തന്നെ ഒരു അനുഗ്രഹമാണ്!

    ReplyDelete
  6. well said..! remarkable novelty in theme.... congradulations.

    ReplyDelete
  7. നന്നായിട്ടുണ്ട് ചേച്ചീ...!!

    ReplyDelete
  8. നൂതന കാല ഘട്ടത്തിന്‍ പ്രജനന രീതിയെ പ്രമേയ മാക്കി നഷ്ട്ട പെടാത്ത മനുഷ്യ മൂല്യങ്ങളും സ്നേഹവും ബന്ധവും എല്ലാം ഉള്‍ കൊള്ളിച്ചു കൊണ്ട് ഹൃദയത്തിലൂടെ കടന്നു പോയ ഒരു കഥ നന്നായിരിക്കുന്നു

    ReplyDelete
  9. നല്ല സുഖവും സന്തോഷവും ഇത്തിരി നൊമ്പരവും നല്‍കുന്ന കഥ.
    ആ ക്ലൈമാക്സിനു നല്ല ഭംഗിയുണ്ട്.
    ഹൃദ്യമായ വായന.
    അഭിനന്ദനങ്ങള്‍

    ReplyDelete
  10. നല്ല പ്രമേയം ..നല്ല ശ്രമം ..ഇഷ്ടപ്പെട്ടു ,
    വളരെ ഋജുവായി പറയാന്‍ ശ്രമം നടത്തിയത് കൊണ്ടാകാം ഒരു വേഗത അനുഭവപ്പെട്ടു .അന്യ പുരുഷന്റെ
    ഭ്രൂണം സ്വീകരിച്ചു മറ്റൊരു സ്ത്രീയ്കായി ഗര്‍ഭം ചുമന്നു പ്രസവിക്കുന്ന വാടകക്കാരിയായ ഒരമ്മയെ കുറിച്ച് അമേരിക്കന്‍ മലയാളിയായ റീനി മമ്പലം എഴുതിയ കഥ ഓര്‍മവന്നു. ഈ പ്രമേയവുമായി അതിനു ബന്ധം ഉണ്ടെന്നല്ല ..അന്യ ഭ്രൂണം ഗര്‍ഭത്തില്‍ ഏറ്റുന്നതിലെ സമാനത . ഇത്തരക്കാര്‍ അനുഭവിക്കുന്ന വൈകാരിക സമ്മര്‍ദ്ദം വിവരണാതീതമാണ് ..
    കുഞ്ഞൂസിന്റെ ഈ കഥ ഒന്ന് കൂടി വിപുലമാക്കിയാല്‍ ഭംഗിയേറിയ ഒരു കലാസൃഷ്ടി ആവും .. ഓണാശംസകള്‍ ,,:)

    ReplyDelete
  11. കൂടുതല്‍ വെച്ചുകെട്ടലുകള്‍ ഇല്ലാതെ ഒരു നല്ല പ്രമേയം കഥയായ് പറഞ്ഞു.
    അതുകൊണ്ട് തന്നെ വിരസമായ ഒരു വായന ആയിരുന്നില്ല. ഉദ്വേഗത്തോടെ തന്നെ വായിച്ചു തീര്‍ത്തു.
    ഇവിടെ ഒരു പ്രധാന വിഷയം വ്യക്തിത്വത്തിന്‍റേതാണ്. സാറയുടെ ഭ്രൂണം സാറയുടേത് മാത്രമല്ല. അത് വിവേകിന്‍റെ ബീജവും ചേര്‍ന്നതാണ്. അതായത് സാമൂഹികജീവിതത്തിലും വ്യക്തി-കുടുംബ ജീവിതത്തിലും പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ അന്യന്‍റെ ഗര്‍ഭം.
    മക്കളുണ്ടാകാത്ത ദമ്പതികള്‍ അന്യബീജം ഉപയോഗിക്കേണ്ടിവരുന്നതിലെ ധാര്‍മ്മികമായ തെറ്റിനെ സ്വീകാര്യമാകാതെ ഈ പ്രവണതയില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കാറുണ്ട്.
    എന്തായാലും അതൊക്കെ മനഃസാക്ഷിയുടെ കരുതലില്‍ പെട്ടതാണെന്ന് തള്ളിക്കളയാം.

    കഥക്കും കുഞ്ഞൂസിനും ഭാവുകങ്ങള്‍.

    ReplyDelete
  12. ഒന്നും തോന്നരുത്‌.. കഥയുടെ തീം നന്നായി. എഴുതിയത്‌.. :(

    അക്ഷരത്തെറ്റുകൾ തിരുത്താൻ ശ്രദ്ധിക്കുമല്ലോ

    മറ്റൊന്ന് - ഭ്രൂണം എന്നാൽ ഗർഭസ്ഥശിശു എന്നാണ്‌ ഞാൻ മനസ്സിലാക്കിയിരിക്കുന്നത്‌ (തെറ്റാണെങ്കിൽ അറിവുള്ളവർ ദയവായി തിരുത്തി തരിക). അത്‌ ശീതികരിച്ചു വെയ്ക്കാൻ കഴിയുമോ? അണ്ഡമോ(ova or egg), ബീജമോ (sperm) അങ്ങനെ വെയ്ക്കാൻ കഴിയും എന്നു എവിടെയോ വായിച്ച പോലെ. Sperm bank ഉകളെ കുറിച്ച്‌ കേട്ടിട്ടുണ്ട്‌. Stem cells നെ കുറിച്ചും..
    fertilized egg നെ zygote എന്നാണ്‌ പറയുക (മലയാളത്തിൽ അതിനെ സിക്താണ്ഡം എന്നു പറയും). ഈ പറഞ്ഞ കാര്യങ്ങൾ കുറച്ച്‌ നേരം ഗൂഗിളിൽ പരതിയപ്പോൾ കിട്ടിയതാണ്‌. ഇതേക്കുറിച്ച്‌ ആധികാരികമായി പറയാൻ കഴിവുള്ളവർ പറഞ്ഞാൽ നന്നായിരിക്കും.

    ആശംസകൾ.

    ReplyDelete
  13. കുഞ്ഞൂസെ വിത്യസ്തതയുള്ള പ്രമേയം. കഥ പറയുന്നത് പോലെയല്ല തോന്നിയത്. അനുജത്തിയുടെ വിയോഗം എന്നാലും വേരറ്റു പോകാതെ സാറയുടെ കുഞ്ഞ്, അതെ ഒരു സഹോദരിക്ക് മാത്രം തോന്നുന്ന സ്നേഹവായ്പ് നന്നായി വരച്ചിട്ടു. പെട്ടന്ന് പറഞ്ഞു തീര്‍ത്തപോലെ ...:)
    നല്ല കഥ.......

    ReplyDelete
  14. ഒരു പുതിയ കഥ തന്നതിന് നന്ദി ചേച്ചീ...

    ReplyDelete
  15. നല്ല തീം ,നല്ല കഥ .
    ഒരുപാട് ചിന്തകള്‍ക്ക് തിരി കൊളുത്താന്‍ പോന്ന എഴുത്ത്
    ബ്ലോഗിലായതിനാലാകും
    അല്‍പ്പം വേഗത കൂടിയോ എന്നൊരു സംശയം
    ആശംസകള്‍

    ReplyDelete
  16. ഹൃദയത്തില്‍ തൊട്ട വ്യത്യസ്ഥതയുള്ള ഒരു നല്ല കഥ ഒഴുക്കോടെ പറഞ്ഞു ,കഥ എന്നതിലുപരി ഒരനുഭവം പറയുന്ന പോലെ തോന്നി.

    ReplyDelete
  17. നല്ല തീം, കഥ ഇഷ്ടായി... പിന്നെ അവതരണം കുഞ്ഞേച്ചിയുടെ മറ്റു കഥകളുടെ അത്രയ്ക്ക് നന്നായോ, എന്നൊരു സംശയം...

    ReplyDelete
  18. ബന്ധങ്ങള്‍ വിസ്മയിപ്പിക്കുന്ന കഥ ഇഷ്ടായി .
    ആശംസകള്‍

    ReplyDelete
  19. പ്രീയപ്പെട്ട കുഞ്ഞൂസ്സ്...ഇപ്പോൾ ഇത് വായിച്ച് മാത്രയിൽ എനിക്ക് ഒരു അഭിപ്രായം പറയാൻ കഴിയുന്നില്ലാ...മനസ്സ് വിങ്ങുന്നു..“ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷനൻ“.... എനിക്ക് ഇപ്പോൾ ഓർക്കാൻപൊലും പേടിയാകുന്നു...അതൊക്കെ അനുഭവിച്ച്ചതിന്റേയും,പരാചയപ്പെട്ടതിന്റേയും ഭാകി പത്രങ്ങളണ് ഞങ്ങൾ....ഈ വേദന മാറിയശേഷം ...ഞാൻ വീണ്ടും വരാം..സാബുവിന്റേയും,രമേശിന്റേയും സംശയങ്ങൾക്ക് മറുപടി പറയുമല്ലോ..പിന്നാലെ ഞാനും വരാം.....

    ReplyDelete
  20. പുഴയുടെ ലിങ്ക് കൊടുക്കാന്‍ മറന്നു പോയി ....
    http://www.puzha.com/puzha/magazine/html/story1_aug27_11.html

    ReplyDelete
  21. ഒരു ഭ്രൂണം കൂടി മിച്ചമുണ്ടല്ലോ?അത് എന്ത് ചെയ്തു?

    ReplyDelete
  22. വ്യത്യസ്തമായ പ്രമേയം. അവതരണവും നന്നായി. അല്പം കൂടി വിപുലീകരിയ്ക്കാമായിരുന്നോ എന്നൊരു തോന്നലുണ്ട്. സ്പീഡ് ഇത്തിരി കൂടിയില്ലേന്ന് ഒരു സംശയം.
    അഭിനന്ദനങ്ങൾ.

    ReplyDelete
  23. ഹോ....വേദനാജനകം എങ്കിലും ഒടുവില്‍ അതിലൊരു സന്തോഷമില്ലേ...നന്നായി പറഞ്ഞ ഒരു ജീവിതം..

    ReplyDelete
  24. വളരെ നല്ല കഥ. എനിക്ക് ഒരുപാടിഷ്ടപ്പെട്ടു.

    ReplyDelete
  25. പറയാൻ വാക്കുകളില്ല........ഗംഭീരം

    ReplyDelete
  26. വ്യത്യസ്തമായ ഒരു പ്രമേയം ഹൃദയത്തിൽ പതിയും വിധത്തിൽ പറഞ്ഞിരിക്കുകയാണ് കുഞ്ഞു. ഏറെ ഹൃദ്യം. ചില നോവുകൾക്കു അക്ഷരങ്ങൾ ചാരുത പകരുമെന്ന് തോന്നാറുണ്ട് ...ഈ കഥയിലേത് പോലെ. ആ അവസാന വരി കണ്ണുനിറച്ചു. ആശംസകൾ കുഞ്ഞൂ ഈ നല്ല രചനയ്ക്ക്.

    ReplyDelete
  27. കണ്ണുനനച്ചു ...... ചില നൊമ്പരങ്ങൾക്ക് വല്ലാത്തൊരു സൗന്ദര്യമാണ്.

    ReplyDelete

Related Posts Plugin for WordPress, Blogger...