Tuesday, August 17, 2010

മേപ്പിള്‍ മരങ്ങളില്‍ ഗ്രീഷ്മം തപിക്കുമ്പോള്‍....






 അവധി ദിനത്തിന്റെ ആലസ്യം  നിറഞ്ഞ പകലുറക്കത്തില്‍ നിന്നും വിളിച്ചുണര്‍ത്തിയ ഫോൺ കോൾ, ഉറക്കം നഷ്ടപ്പെടുത്തിയതിന്റെ ഈര്‍ഷ്യയോടെയാണ് ബാല്‍ക്കണിയുടെ അടുത്തുള്ള ആട്ടുകട്ടിലില്‍ കോഫിയുമായി വന്നിരുന്നത്. ആവി പറക്കുന്ന  കോഫിയുടെ സുഖമുള്ള മണം അല്‍പ്പം ഉണര്‍വ്വ് പകര്‍ന്നു. ജനല്‍ ഗ്ലാസ്സുകള്‍ക്ക് അപ്പുറം അപ്പോഴും തപിക്കുന്ന പകല്‍. ഈ വര്‍ഷം പതിവിലധികമാണ് ചൂട്. ഇന്നും ടി.വി.യില്‍ പറയുന്നത് കേട്ടിരുന്നു, മുപ്പത്തിയഞ്ചു  ഡിഗ്രിയാണത്രേ ചൂട്!


ഇന്നലെ ദുബായില്‍ നിന്നും കുട്ടേട്ടന്‍ ഫോണ്‍ ചെയ്തപ്പോള്‍, അവിടുത്തെ  ചൂടിനേക്കുറിച്ച്  പറഞ്ഞത് മനസ്സിലുണ്ട്, അമ്പത്തിയഞ്ച് ഡിഗ്രിയും അതിനു മേലെയും ഒക്കെയാണ്  അവിടെ അനുഭവപ്പെടുന്നത്.  ഏ. സി. യുടെ സുഖശീതളിമയിലല്ലാതെ പണി ചെയ്യുകയും ജീവിക്കുകയും ചെയ്യുന്ന ആയിരങ്ങളെക്കുറിച്ചുള്ള ദുഃഖം കുട്ടേട്ടന്റെ  വാക്കുകളില്‍  നിറഞ്ഞു നിന്നിരുന്നത്  തനിക്കറിയാന്‍  കഴിഞ്ഞു.

ജനലിലൂടെ അധികം അകലെയല്ലാതെ കാണുന്ന റിവര്‍വുഡ് എന്ന പച്ചപ്പിന്റെ തുരുത്ത്‌.തിങ്ങി നിറഞ്ഞ മേപ്പിള്‍ മരങ്ങള്‍, കാറ്റിന്റെ ഊയലാട്ടത്തില്‍ ഇളകിക്കളിക്കുന്ന ഇലകളില്‍ ഗ്രീഷ്മരശ്മികള്‍ വെട്ടിത്തിളങ്ങുന്നു. ഏതു തപിക്കുന്ന ഗ്രീഷ്മത്തിലും മനസിനും ശരീരത്തിനും കുളിര്‍മയാണീ 'റിവര്‍ വുഡ്'. എന്നാല്‍ ഇന്നു ആ കാഴ്ചകളിലും കണ്ണും മനസ്സും ഉടക്കുന്നതേയില്ല! 

മടുപ്പ് തോന്നിയപ്പോള്‍ കൈ ടി. വി. റിമോട്ടിലേക്ക് നീണ്ടു. ചാനലുകള്‍ ഒന്നൊന്നായി മാറിക്കൊണ്ടിരുന്നു. എല്ലാം വല്ലാതെ ബോറടിപ്പിക്കുന്ന പരിപാടികള്‍. അതിനിടയിലെപ്പോഴോ ടി. വി .ഐ എന്ന  ചാനലില്‍ വര്‍ണശബളമായ വെടിക്കെട്ടിന്റെ ദൃശ്യം. ആകാശത്ത് നിറത്തിന്റെയും, വെളിച്ചത്തിന്റേയും, ശബ്ദത്തിന്റേയും ഒരു പൂരക്കാഴ്ച! കാനഡ ദിനാഘോഷത്തിന്റെ പുനസംപ്രേക്ഷ്ണ ദൃശ്യമാണ് ടി . വി. യില്‍...

മനസ്സില്‍ മറ്റൊരു വെടിക്കെട്ടിന്റെ   ഓര്‍മ്മകള്‍   തിരയിളക്കിയെത്തി. നാട്ടിലെ  ഭഗവതി ക്ഷേത്രത്തിലെ ഉത്സവം, മീനമാസത്തിലെ  താലപ്പൊലി! ആ ഉത്സവത്തിന്റെ പ്രധാന ആകര്‍ഷണം  രണ്ടു ഭാഗക്കാര്‍ വാശിയോടെ നടത്താറുള്ള മത്സരവെടിക്കെട്ടാണ്. അമ്പലത്തിനു തൊട്ടടുത്തുള്ള സ്കൂള്‍ മൈതാനത്തിലാണ് കരിമരുന്ന് പ്രയോഗങ്ങള്‍ നടക്കുക. കാതടപ്പിക്കുന്ന ശബ്ദത്തോടെ  പൊട്ടുന്ന ഡൈനാമിറ്റുകള്‍,  പല നിലകളായി പൊട്ടി വിടര്‍ന്ന് വര്‍ണവിസ്മയം തീര്‍ക്കുന്ന നാനാതരം അമിട്ടുകള്‍, അമ്പലം ചുറ്റി കത്തിക്കുന്ന മാലപ്പടക്കത്തിന്റെ ശോഭ, അങ്ങിനെ വെടിക്കെട്ടിന്റെ മാറ്റുരക്കുന്ന നിരവധി ഐറ്റങ്ങളുമായി  രണ്ടു ദിവസങ്ങള്‍! 

വെടിക്കെട്ട്‌ സാമഗ്രികള്‍  നിര്‍മ്മിക്കുന്നതില്‍ വിദഗ്ദരായിരുന്നു രാഘവേട്ടനും കുടുംബവും. തന്റെ  വീട് നില്‍ക്കുന്ന വിശാലമായ തെങ്ങിന്‍‌പറമ്പിന്റെ അതിരിലായിരുന്നു അവരുടെ വീട്. വീടെന്നാല്‍ ചാണകം മെഴുകിയ തറയുമായി ഒരു  ചെറിയ ഓലപ്പുര. ഉത്സവകാലങ്ങളില്‍ വെടിക്കോപ്പ് നിര്‍മ്മാണവും മറ്റ് സമയങ്ങളില്‍ കൂലിപ്പണിയുമായിരുന്നു അവരുടെ ജീവിതമാര്‍ഗ്ഗം. രാഘവേട്ടന്റെ ഭാര്യ ശാന്തച്ചേച്ചി അമ്മയെ അടുക്കളപ്പണിയിലും മറ്റും സഹായിക്കാറുണ്ടായിരുന്നു. മിക്കപ്പോഴും അവരുടെ രണ്ട് കുട്ടികളും കൂടെയുണ്ടാവും.

വിഷുവിനും മറ്റും എനിക്കും ചേട്ടന്മാര്‍ക്കും അപകടമുണ്ടാക്കാത്ത ചെറിയ പടക്കങ്ങള്‍ അവര്‍ സമ്മാനിക്കുമായിരുന്നു.ചേട്ടന്മാര്‍ക്ക് എറിഞ്ഞാല്‍ മാത്രം പൊട്ടുന്ന ഏറുപടക്കവും, ചെറിയ ശബ്ദം ഉണ്ടാക്കുന്ന ഓലപ്പടക്കവും ഉണ്ടാക്കിക്കൊടുക്കുമ്പോള്‍ എനിക്ക് തന്നിരുന്നത്,കമ്പിയില്‍ വെടിമരുന്ന് പുരട്ടി ഉണ്ടാക്കുന്ന ഒരുതരം പൂത്തിരികള്‍ ആയിരുന്നു.


 'എന്തിനാ ശാന്തേ ഇതൊക്കെ'  എന്നു അമ്മ സ്നേഹപൂര്‍വ്വം ശാസിക്കുമ്പോള്‍ ഉമ്മറത്ത് നിന്ന് പൂത്തിരി കത്തിച്ച് കളിക്കുന്ന തന്നെ നോക്കി ശാന്തച്ചേച്ചി പറയും, 


‘ നോക്ക് അമ്മച്ചീ, കുഞ്ഞിന്റെ ഈ സന്തോഷം കാണാനല്ലേ.... ശാന്തയുടെ കയ്യില്‍ ഇതല്ലേയുള്ളൂ കൊടുക്കാന്‍.’

പിന്നെയും ഏറെ  ഉത്സവങ്ങള്‍ വന്നുപോയി.


അക്കൊല്ലവും ഉത്സവസമയമായി. നാടെങ്ങും ഉത്സവലഹരി. രാഘവേട്ടന്റെ വീട്ടിലും എല്ലാവരും തിരക്കില്‍. രാവും പകലും വീടിനോട് ചേര്‍ന്ന് ഓല കൊണ്ടുണ്ടാക്കിയ വെടിമരുന്ന് പുരയില്‍ രാഘവേട്ടനും, ശാന്തച്ചേച്ചിയും മക്കളും  വെടിക്കോപ്പുകളുണ്ടാക്കുന്ന തിരക്കില്‍.


ഉത്സവ ദിവസം രാവിലെ കോളേജിലേക്ക്  പോകുമ്പോള്‍ ശാന്തച്ചേച്ചി വേലിയരികിലേക്ക് വന്നു. കരി പുരണ്ട കൈകള്‍ ഉടുത്തിരുന്ന കൈലിയില്‍ തുടച്ച് അവര്‍ ചോദിച്ചു,

‘കുഞ്ഞുമോള്‍ ഇന്ന് വെടിക്കെട്ട്‌ കാണാന്‍ വരില്ലേ? ഇത്തവണ ഞങ്ങള്‍ കുറെ സ്പെഷ്യല്‍ ഐറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്,  വരണം കേട്ടോ’

  
'പിന്നെ വരാതെ, ഇന്നു നമ്മുടെ തെക്കുംഭാഗത്തിന്റെ വെടിക്കെട്ടല്ലേ... പോരാത്തതിനു ശാന്തേച്ചിയുടെയൊക്കെ  സ്പെഷ്യല്‍ ഐറ്റങ്ങളും.'


പിന്നെയും ഓരോന്ന് പറഞ്ഞു നിന്ന ശാന്തേച്ചിയോട്,

 ' യ്യോ, വര്‍ത്തമാനം പറഞ്ഞു നിന്നാല്‍ 'കല്പന' പോകും, വന്നിട്ട് ബാക്കി പറയാം ട്ടോ...'  എന്നും പറഞ്ഞു ധൃതിയില്‍ ബസ്‌സ്റ്റോപ്പിലേക്ക്  നടന്നു.


വൈകുന്നേരം ബസ്‌സ്റ്റോപ്പില്‍ വന്നിറങ്ങുമ്പോള്‍ തന്നെ എന്തോ ഒരു അസ്വാഭാവികത തോന്നി. അവിടവിടെ ആള്‍ക്കാര്‍ കൂടിനിന്ന് സംസാരിക്കുന്നു. വീടിനടുത്തെത്തുമ്പോഴേക്കും റോഡിലൊക്കെയുള്ള ആള്‍ക്കാരുടെ എണ്ണം കൂടി. രാഘവേട്ടന്റെ വീടിനു മുന്നില്‍ പോലീസ് വാഹനങ്ങളും മറ്റും. അടുത്തെത്തിയപ്പോള്‍ അന്തരീക്ഷത്തില്‍ വെടിമരുന്നിന്റെ ഗന്ധം,  രാഘവേട്ടന്റെ പറമ്പ് നിറയെ ആള്‍ക്കാര്‍...

രാഘവേട്ടന്റെ വെടിക്കെട്ട് പുരയും വീടും നിന്നിടത്തു നിന്നും അപ്പോഴും കനത്ത പുകച്ചുരുളുകള്‍ ഉയരുന്നു. മുറ്റത്ത് ഇട്ടിരുന്ന പായിലേക്ക് ഒന്നേ നോക്കിയുള്ളു, ചിതറിത്തെറിച്ച കുറെ ശരീരാവശിഷ്ടങ്ങളും കത്തിക്കരിഞ്ഞ് കരിക്കട്ടയാ‍യി തിരിച്ചറിയാനാ‍വാത്ത ശരീരങ്ങളും!!

ആരോ പറയുന്നത് കേട്ടു, ‘എങ്ങനെയാണുണ്ടായതെന്നറിയില്ല, ഉത്സവ സ്ഥലത്തേക്ക് വെടിക്കോപ്പുകള്‍ കൊണ്ടു പോകാനായി  തയ്യാറെടുക്കുമ്പോഴാണ് പൊട്ടിത്തെറിയും തീപിടുത്തവും ഉണ്ടായത്. ആരേയും തിരിച്ചറിയാന്‍ പോലും പറ്റുന്നില്ല...’

അന്തരീക്ഷത്തില്‍ പച്ചമാസം കരിഞ്ഞ ഗന്ധം...!

ആ കാഴ്ചകള്‍ നല്‍കിയ ഞെട്ടലും ശവഗന്ധവും വയറ്റില്‍ നിന്ന് ശര്‍ദ്ദിലായി ഉരുണ്ടു കയറിയപ്പോള്‍ വീട്ടിലേക്ക് ഓടി...!


പിന്നെ ഉറങ്ങാനാവാത്ത , ഉറക്കത്തില്‍ ഞെട്ടിയുണര്‍ന്ന  എത്രയോ നാളുകള്‍...!

‘അല്ലാ, അമ്മ ടിവിയും തുറന്നു വച്ചിരുന്നു ഉറങ്ങുകയാണോ?'

പുറത്തു നിന്നും വന്ന മോളുടെ ചോദ്യമാണ് ചിന്തകളില്‍ നിന്നുണര്‍ത്തിയത്. അപ്പോഴും പുറത്തു മേപ്പിള്‍  മരങ്ങള്‍ ഗ്രീഷ്മതാപത്താല്‍ തിളങ്ങിക്കൊണ്ടിരുന്നു...!!


41 comments:

  1. ദൈവത്തിന്റെ കയ്യില്‍ ഇങ്ങനെ ചില സ്പെഷ്യല്‍ ഐറ്റങ്ങള്‍ ഉണ്ട് ..!!
    വേദനയോടെ..

    ReplyDelete
  2. നൂറനാട്ടും പരിസരപ്രദേശങ്ങളിലും ഏത് ഉല്‍ത്സവത്തിനും ഒഴിച്ച് കൂടാനാകാത്തതായിരുന്നു 'പള്ളിക്കല്‍ അശോകന്‍റെ' വെടിക്കെട്ട്‌. എല്ലാ തവണയും എന്തെങ്കിലും പുതുമ വെടിക്കെട്ടില്‍ ഉണ്ടായിരിക്കും. രണ്ടു വര്‍ഷം മുന്‍പ് ഏതോ ഒരു ഉല്‍ത്സവത്തിനു പോകുന്ന വഴിക്ക് കാറില്‍ സ്ഫോടനം ഉണ്ടായി എല്ലാം അവസാനിച്ചു..!!
    ഉദാഹരണങ്ങള്‍ ഒരുപാടാണ്‌...അശ്രദ്ധ ഒരു കാരണവും.

    ReplyDelete
  3. oru potti theryil jeevitham......................

    ReplyDelete
  4. സാധാരണക്കാരുടെ ജീവിതത്തെ വേറൊരു വീക്ഷണകോണിലൂടെ തന്റേതായ ശൈലിയില്‍ അവ്തരിപ്പിക്കാന്‍ എപ്പോഴും കുഞ്ഞൂസ്സിനു കഴിയറുണ്ട്. ഇവിടെയും.

    ReplyDelete
  5. ആ തലക്കെട്ടാണെന്നെ ഏറ്റവും അധികം ആകര്‍ഷിച്ചത്.. എന്തൊരു കവിത്വം. മേപ്പിള്‍ മരങ്ങളില്‍ ഗ്രിഷ്മം തപിക്കുമ്പോള്‍..

    ReplyDelete
  6. ഒരു തരം മരവിപ്പ് തോന്നുന്നു ഒന്നും പറയാന്‍ വയ്യാത്ത അവസ്ഥ!
    മാനത്ത് നിറങ്ങള്‍ വിരിയിക്കാന്‍ നോക്കിയ കലാകാരനും കുടുംബവും
    നിറമില്ലാത്ത കറുപ്പില്‍ ഒതുങ്ങി... സന്തോഷം വരേണ്ടിടത്ത് ദുഖം വിതറി...

    "നോക്ക് അമ്മച്ചീ, കുഞ്ഞിന്റെ ഈ സന്തോഷം കാണാനല്ലേ....
    ശാന്തയുടെ കയ്യില്‍ ഇതല്ലേയുള്ളൂ കൊടുക്കാന്‍"
    ശാന്തേച്ചിയുടെ നല്ലമനസ്സ് വര്‍ണ്ണശബളമായ സ്വര്‍ഗലോകത്ത് പുഞ്ചിരിക്കുകയാവും..

    ReplyDelete
  7. തലക്കെട്ട് വായിച്ചു കാര്യമറിയാതെ വായിച്ചു തുടങ്ങിയത് വേദനയില്‍ അവസാനിപ്പിച്ചു.ഒത്തിരി സങ്കടം തോന്നി.അപകട മരണങ്ങള്‍ ധാരാളം നാം കേള്‍ക്കുന്നു,എന്നാല്‍ അവ നാം അറിയുന്നവര്‍ കൂടി ആവുമ്പോള്‍ നോവിന്റെ ആഴം കൂടുന്നു. കുഞ്ഞൂസിന്റെ എഴുത്തു കൂടുതല്‍ ആകര്‍ഷകമാകുന്നുണ്ട്.ഇനിയും തുടരുക.

    ReplyDelete
  8. Vayichu thudangiyappol engune oru vedahanyil avasnikkim ennu karuthiyala
    nannayette unde

    ReplyDelete
  9. കുഞ്ഞൂസ്, ഓർമ്മക്കുറിപ്പാണെങ്കിൽ ഒന്നും പറയാനില്ല. വേദന മാത്രം.
    കഥയാണെങ്കിൽ, കെട്ടിലും മട്ടിലും ഒന്നുകൂടെ ഒതുങ്ങണം. സ്നേഹത്തോടെ, ഓണാശംസകളോടെ.

    ReplyDelete
  10. കുഞ്ഞെച്ചീ, മനുവേട്ടന്‍ പറഞ്ഞ പോലെ ആ തലക്കെട്ട്‌ തന്നെയാണ് ആദ്യം ആകര്‍ഷിച്ചത്. പക്ഷെ ഒരു കൊച്ചു കഥ വളരെ മനോഹരമായി പറഞ്ഞ് അവസാനിപ്പിച്ചപ്പോള്‍ ഒരു ചെറിയ സംശയം! ഈ പേര് ഈ കഥയ്ക്ക്‌ ചേരുന്നുണ്ടോ എന്ന്.

    ReplyDelete
  11. വേദന മാത്രം ബാക്കിയായി...

    ReplyDelete
  12. കുഞ്ഞൂസിന്റെ
    പോക്കുവെയിലിലെ പൊന്ന് ആണ് ആദ്യം വായിച്ച കഥ. കഥ പറയാനുള്ള കഴിവുണ്ട്. ജീവിതത്തെ സ്പര്ശിക്കുന്നുമുന്ടു. ഒരു നല്ല വായനക്കാരന്‍ എന്ന നിലയില്‍ പ്രശംസ നടത്തി ഞാന്‍ പോകുന്നില്ല. കൂടുതല്‍ തീവ്രമായി രാഘവേട്ടനെയും ചേച്ചിയെയും കുറിച്ചും മറ്റും എഴുതുകയായിരുന്നുവെങ്കില്‍ എഴുത്തുകാരിയുടെ നഷ്ടം വായനക്കാരനിലും എത്തുമായിരുന്നു. കൂടുതല്‍ എഴുതുമല്ലോ. പോസ്ടിട്ടാല്‍ ലിങ്ക് എനിക്കയച്ചു തരികയും ചെയ്യുമല്ലോ.

    ReplyDelete
  13. കഥയുടെ ഏറ്റവും ആകര്‍ഷണം തലക്കട്ടാണ്. അതില്‍ വിജയിച്ചിരിക്കുന്നു.
    പുതിയതിടുമ്പോള്‍ അറിയിക്കണം

    ReplyDelete
  14. പഴയ കഥകളുമായി തട്ടിച്ച് നോക്കുമ്പോള്‍ പോരായ്ക തോന്നുന്നു. ഒരു അനുഭവത്തിന്റെ നേരെ നോക്കുമ്പോള്‍ നന്നായി വേദനിക്കുന്നു. സ്വന്തം ജീവിതം തന്നെ പൊട്ടിത്തെറിക്കുന്നത് അറിയാതെ മറ്റുള്ളവരുടെ മനസ്സില്‍ പൂത്തിരി കത്തിക്കുന്ന ജീവിതങ്ങള്‍.

    ReplyDelete
  15. പലവക കര്യങ്ങളിലൂടെ പഴയ നൊമ്പരമുണർത്തിയ ഒരോർമ്മ , കുറുപ്പുകളായി നല്ലൊരു തലകെട്ടാൽ തിലകം ചാർത്തി വായനക്കാരനുമുമ്പിൽ സമർപ്പിച്ചിരിക്കുന്നു.....

    ReplyDelete
  16. കുഞ്ഞൂസ് ..എന്തോ വല്ലാതെ വിഷമിച്ച് എഴുതിയ ഒരു പോസ്റ്റ്‌ പോലെ തോന്നി .എനിക്ക് വേറെ ഒന്നും പറയാന്‍ തോന്നുനില്ല.തലക്കെട്ട്‌ എല്ലാരും പറഞ്ഞപോലെ വളരെ നന്നായി .

    ReplyDelete
  17. കുഞ്ഞൂവിന്റെ മനസ്സിന്റെ അസ്വസ്ഥത കഥയിലും തെളിയുന്നുണ്ട്.

    ഭാനു പറഞ്ഞതു പോലെ "കൂടുതല്‍ തീവ്രമായി രാഘവേട്ടനെയും ചേച്ചിയെയും കുറിച്ചും മറ്റും എഴുതുകയായിരുന്നുവെങ്കില്‍ എഴുത്തുകാരിയുടെ നഷ്ടം വായനക്കാരനിലും എത്തുമായിരുന്നു" എന്നെനിക്കും തോന്നി.

    എങ്കിലും കഥ മനസ്സിനെ വേദനിപ്പിച്ചു.

    ReplyDelete
  18. ഇത്തരം വാര്‍ത്തകള്‍ നമ്മള്‍ പത്രത്തില്‍ വായിച്ചു തള്ളും.കുഞ്ഞൂസ് അത് മനസ്സില്‍ത്തട്ടി എഴുതി.
    ഭാവുകങ്ങള്‍..

    ReplyDelete
  19. എന്താ പറയുക കുഞ്ഞൂസ്.. മനസ്സില്‍ കൊണ്ടു

    ReplyDelete
  20. അന്തരീക്ഷത്തില്‍ പച്ചമാസം കരിഞ്ഞ ഗന്ധം!- still it remains in your mind and you convey it well thro' the words, congrats!

    ReplyDelete
  21. ഓര്‍ക്കാപ്പുറത്തു വരുന്ന ദുരന്തങ്ങള്‍!

    ReplyDelete
  22. സമാനമായ ഒരു അനുഭവം ഉണ്ടായിട്ടുണ്ട് ..
    അത് ഓര്മ വന്നു .
    ആശംസകള്‍

    ReplyDelete
  23. നല്ല ഹെഡ്ഡിങ്ങ്.

    ReplyDelete
  24. ഞാന്‍ ഇതു നേരത്തെ വായിച്ചു എന്നു കരുതി, വായനക്കു ശേഷം ഒരു മരവിപ്പ്

    ReplyDelete
  25. കഥ മനസ്സില്‍ തട്ടി ശരിക്കും.... എത്രയോ ദുരന്തങ്ങള്‍ ദിവസവും പേപ്പറില്‍ വായിക്കുന്നു.... പക്ഷെ അത് നമ്മളുമായി ബന്ധപെട്ട ആര്കെങ്കിലും ആകുമ്പോള്‍ ആണ് അതിന്റെ ആഴം അറിയുന്നത് അല്ലെ....നല്ല കഥ കുഞ്ഞുസ് ... കഥയുടെ പേര് വളരെ ഇഷ്ടമായി എങ്കിലും അത് ഈ കഥയ്ക്ക് ചേരുന്നുണ്ടോ എന്നൊരു സംശയം എനിക്കും ഉണ്ട് ....

    ReplyDelete
  26. ഒരു നിഷ്കളങ്ക മനസ്സിലെ ദു:ഖസ്മൃതിയുടെ ആര്‍ദ്രത!
    അഭിനന്ദനങ്ങള്‍!

    ReplyDelete
  27. അനൂപ്‌
    സിബു
    സാബു
    മൈ ഡ്രീംസ്‌
    അനില്‍കുമാര്‍
    മുകില്‍
    ആളൂസ്
    വായനക്കും അഭിപ്രായത്തിനും വളരെ നന്ദി,വീണ്ടും വരണം ട്ടോ....

    അനിലേട്ടന്‍, മനോ, മാണിക്യം ചേച്ചി, ഇക്കാ - നിങ്ങളുടെ ഈ പ്രോത്സാഹനങ്ങള്‍ എന്നും എനിക്ക് പ്രചോദനം.

    ഭാനുവിന്റെ സത്യസന്ധമായ ഈ വിലയിരുത്തല്‍ ഏറെ ഇഷ്ടമായി. ഇനിയുള്ളവ നന്നാക്കാന്‍ അവ എന്നെ സഹായിക്കും.
    കുസുമം, വന്നല്ലോ.... സന്തോഷം.

    റാംജീ, ബി.പി., സിയാ, വായാടി, സപ്ന, മഞ്ജു, ബിജു, മെയ്‌ഫ്ലവര്‍ - എന്റെ ദുഃഖം മനസിലാക്കാന്‍ കഴിഞ്ഞ എന്റെ പ്രിയ കൂട്ടുകാര്‍ക്ക് നന്ദി പറയുന്നില്ല ട്ടോ, സ്നേഹം മാത്രം!

    ReplyDelete
  28. കുഞ്ഞുസിനു കമന്റ് ഇടാന്‍ രണ്ടു ദിവസമായി നടക്കുന്നു...പക്ഷെ ഇന്നാണ് കാര്യം പിടി കിട്ടിയത്..."വയസ്സുകാലത്ത്", ബ്ലോഗ്‌ ലോകത്ത് വന്ന കാരണം പല കാര്യങ്ങളും അറിയില്ല. രാഘവേട്ടന്റെയും ശാന്തെടത്തിയുടെയും ദുരന്തം മനസ്സില്‍ തട്ടുന്നു. കുട്ടിക്കാലത്ത് നമ്മുടെ മനസ്സിനെ സ്പര്‍ശിച്ചവര്‍ വിട്ടുപോകുമ്പോള്‍, ഇത്തരം ഒരു പ്രതികരണം സ്വാഭാവികം.
    അല്പം കൂടെ നന്നാക്കാമായിരുന്നു. എന്നാലും കഥയുടെ പേര് ഉഗ്രനായി.

    ReplyDelete
  29. ഹൃദയത്തെ ചുരുട്ടിയെറിയുന്ന നേരം

    ReplyDelete
  30. ഒടുവില്‍ അവരും കത്തിയമര്‍ന്നു അ വേടിമരുന്നുകള്‍ക്ക് ഇടയില്‍
    നമ്മള്‍ വെടിക്കെട്ട് കണ്ടാസ്വദികുംബോള്‍ ജീവന്‍ പണയം വെച്ച് എത്രയെത്ര രാഘവേട്ടനന്മാരും ശാന്തേടത്തിമാരും ഇതിനു പിന്നില്‍ ഉണ്ടെന്നു നാം ആരും ഓര്‍ക്കാറില്ല

    ഇങ്ങനെ ഉള്ള അപകടങ്ങള്‍ ഇന്ന് പതിവു വാര്‍ത്ത ആയിരിക്കുന്നു നമ്മുടെ നാട്ടില്‍

    ReplyDelete
  31. മേപ്പിള്‍ മരങ്ങള്‍ വിരിച്ചിട്ട ശീതളച്ഛായയിലൂടെ ആടിയും പാടിയും ആനന്ദാതിരേകത്താല്‍ കഥയുടെ നാട്ടു വഴികളിലൂടെ മുന്നോട്ടു സഞ്ചരിക്കുമ്പോഴാണ് ഗതിമാറി അനുഭവത്തിന്റെ ചൂടും ചൂരും നിറഞ്ഞ മറ്റൊരു ലോകത്തേയ്ക്ക് കഥാകാരി കൂട്ടിക്കൊണ്ടുപോയത് . അപ്പോഴും അറിഞ്ഞിരുന്നില്ല ഇടതൂര്‍ന്നു നില്‍ക്കുന്ന മേപ്പിള്‍ മരങ്ങള്‍ക്കിടയിലൂടെ നയിക്കുന്നത് സ്വന്തം ഗ്രാമത്തിലെ നടുക്കുന്ന ഓര്‍മ്മകളിലേക്കാണെന്ന് .അതാണ്‌ ഈ സൃഷ്ടിയില്‍ ഞാന്‍ കണ്ട വിജയം . ആരെന്തൊക്കെപ്പറഞ്ഞാലും കഥന രീതിയുടെ നിലവാരം ഉന്നതമാണ് . വരികള്‍ വാചാലമാണ്‌ . അനുഗ്രഹീതമായ സര്‍ഗ്ഗ സരണിയെ നിര്‍മ്മലമായ ചിന്താധാരകളില്‍ സമന്വയിപ്പിക്കുമ്പോഴാണ് ഇത്തരം ഉല്‍കൃഷ്ടമായ സൃഷ്ടികള്‍ ജനിക്കുന്നത് . കുഞ്ഞൂസ് എന്ന എഴുത്തുകാരിയില്‍ അന്തര്‍ലീനമായ ആര്‍ദ്രതയും സര്‍ഗ്ഗ സമ്പത്തും മലയാളത്തിന്റെ അഭിമാനമാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. ഓണാശംസകള്‍

    ReplyDelete
  32. സൂപ്പര്‍ബ്

    http://tkjithinraj.blogspot.com/

    ReplyDelete
  33. Smrithikal...!

    Manohaaram, Ashamsakal...!!!

    ReplyDelete
  34. "'എന്തിനാ ശാന്തേ ഇതൊക്കെ' എന്നു അമ്മ സ്നേഹപൂര്‍വ്വം ശാസിക്കുമ്പോള്‍ ഉമ്മറത്ത് നിന്ന് പൂത്തിരി കത്തിച്ച് കളിക്കുന്ന തന്നെ നോക്കി ശാന്തച്ചേച്ചി പറയും,


    ‘ നോക്ക് അമ്മച്ചീ, കുഞ്ഞിന്റെ ഈ സന്തോഷം കാണാനല്ലേ.... ശാന്തയുടെ കയ്യില്‍ ഇതല്ലേയുള്ളൂ കൊടുക്കാന്‍..""

    ഇത് പോലെത്തെ ഓര്‍മ്മകള്‍ രസകരം.
    എനിക്കുള്ള ഓര്‍മ്മകള്‍ എന്നില്‍തന്നെ അടിഞ്ഞുകൂടിക്കിടക്കുന്നു. ബ്ലോഗാക്കാന്‍ കഴിഞ്ഞിട്ടില്ല ഇത് വരെ.
    ++
    പിന്നെ പ്രകാശേട്ടനെ തീരെ മറന്നുവല്ലേ? സാരമില്ല.

    ReplyDelete
  35. ഇപ്പോഴാണ് ഇത് വായിച്ചത്.
    വല്ലാത്ത വിഷമം തോന്നുന്നു.

    കുഞ്ഞൂ നന്നായി എഴുതി.

    ReplyDelete
  36. കുഞ്ഞൂസേ. ആര്‍ത്തിയോടെ വായിച്ചു വരികയായിരുന്നു. ഒടുവില്‍ സങ്കടപ്പെടുത്തി.

    ഓ ടോ
    പല ബ്ലോഗിലും ഞാന്‍ കുഞ്ഞൂസിനെ കാണാറുണ്ട്‌. എന്റെ ബ്ലോഗ്‌ ഒരിക്കലെങ്കിലും സന്ദര്‍ശിക്കാന്‍ ഞാന്‍ കുഞ്ഞൂസിനെ ക്ഷണിക്കുന്നു.

    ReplyDelete
  37. കുറച്ചു സന്തോഷം തരാന്‍ ആരെങ്കിലും ഉണ്ടായിരിക്കുക... സുകൃതം ആണ് അത്...

    ReplyDelete
  38. എനിക്ക് ഒട്ടും യോജിപ്പില്ലാത്ത ഒരു കാര്യമാണ് വെടിക്കെട്ട്.

    ReplyDelete
  39. സങ്കടായി കുഞ്ഞൂസേ . ചില ഓർമ്മകൾ നോവ്‌ മാത്രം കൊണ്ട് വരും. മീനമാസത്തിലെ താലപ്പൊലി. അത് വായിച്ചപ്പോൾ അറിയാൻ ആഗ്രഹം. കുഞ്ഞൂസിന്റെ നാടേതാണ് ? ഞാൻ കൊടുങ്ങല്ലൂർക്കാരി ആയതിനാൽ മീനത്തിലെ ഭരണി എന്ന വിശേഷവും മകരത്തിലെ താലപ്പൊലിയുമൊക്കെ വലിയ കാര്യമാണ് എനിയ്ക്ക്.

    ReplyDelete

Related Posts Plugin for WordPress, Blogger...