കോറിഡോറിലെങ്ങും ആരെയും കാണുന്നില്ല, ഏതു ഫ്ളോറില്‍ ആണ് അപകടം നടന്നതെന്നും അറിയില്ല.... എന്തായാലും താഴേക്ക് പോകാം എന്നുറച്ച് ലിഫ്റ്റിനടുത്തേക്ക് നടന്നു. അപ്പോഴതാ മൈക്കിലൂടെ വരുന്നു ഒരറിയിപ്പ് , ദയവായി ലിഫ്റ്റ് ഉപയോഗിക്കാതിരിക്കുക പകരം പടിക്കെട്ടുകള്‍ ഉപയോഗിക്കുക...! ഇരുപത്തിനാലാമത് നിലയില്‍ നിന്നും പടിക്കെട്ടുകള്‍ ഇറങ്ങി താഴെയെത്തുമ്പോള്‍ സ്ഥിതി എന്താവുമെന്ന് ഒരേകദേശരൂപം ഉണ്ടായിരുന്നെങ്കിലും നിവര്‍ത്തിയില്ലാത്തതിനാല്‍ , പടിക്കെട്ടിലേക്കുള്ള വാതില്‍ തുറന്നപ്പോഴാണ് വൈകി പുറപ്പെട്ടവര്‍ ഞങ്ങള്‍ മാത്രമല്ല എന്ന് സമാധാനമായത്... ആള്‍ക്കൂട്ടത്തില്‍ ലയിച്ച് ഒരരുവി പോലെ താഴേക്ക് ഒഴുകിയിറങ്ങുമ്പോള്‍ അടുത്ത അറിയിപ്പ്, ഏഴാം നിലയിലാണ് തീപ്പിടുത്തം, അതിനു മുകളിലുള്ളവര്‍ പടിക്കെട്ടിറങ്ങി വരുമ്പോള്‍ ജാഗ്രത പാലിക്കുക. അറിയിപ്പ് കേട്ടതും പടിക്കെട്ടില്‍ ആരവമായി.ഈ ബഹളത്തിലും ശ്രദ്ധയില്‍പ്പെട്ട ഒരു കാര്യം പറയാതെ വയ്യ. തിക്കിത്തിരക്കിയും മറ്റുള്ളവരെ തള്ളിമാറ്റിയും ബഹളമുണ്ടാക്കി പോകുന്നവര്‍ ഏഷ്യന്‍ വംശജര്‍ ആണെന്നത്... അതേസമയം സായിപ്പുമാര്‍ എന്ന് നാം വിളിക്കുന്നവര്‍ ,വളരെ അച്ചടക്കത്തോടും മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെയും വരിവരിയായി ഇറങ്ങിപ്പോകുന്ന കാഴ്ച അല്‍പ്പം ചമ്മലോടെയേ വിവരിക്കാനാവൂ... താഴെ ലോബിയിലും എത്ര അച്ചടക്കവും സംയമനവും അവര്‍ പാലിക്കുന്നു എന്നതും ഒട്ടൊരു അതിശയത്തോടെ മാത്രമേ കാണാന്‍ കഴിഞ്ഞുള്ളു. പ്രത്യേകിച്ചും നമ്മളൊക്കെ കാണിക്കുന്ന അക്ഷമ, സ്വന്തം കാര്യം നോക്കല്‍ എല്ലാം കാണുമ്പോള്‍ .... !
ഞങ്ങള്‍ താഴെ എത്തുമ്പോഴേക്കും ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് , പോലീസ്, പാരാമെഡിക്കല്‍ സര്‍വീസ്, ആംബുലന്‍സ് ഒക്കെ എത്തിക്കഴിഞ്ഞിരുന്നു.ഫയര്‍ സര്‍വീസുകാര്‍ അവരുടെ പ്രവര്‍ത്തങ്ങള്‍ തുടങ്ങുകയും ചെയ്തിരുന്നു. ഒപ്പം പോലീസും ... ഇതിനിടയില്‍ ഏഴാം നിലയിലെ കോറിഡോറില്‍ പുക വ്യാപിച്ചു കഴിഞ്ഞിരുന്നതിനാല്‍ ആ നിലയിലുള്ള ചിലര്‍ അവരുടെ ഫ്ളാറ്റുകളില്‍ കുടുങ്ങിപ്പോയിരുന്നു. അവര്‍ നല്‍കിയ അലാറം അനുസരിച്ച് അവരെ രക്ഷിക്കാനായി ഫോഴ്സ് സജ്ജമായി. മഞ്ഞുപെയ്യുന്ന ആ രാവില്‍ മൈനസ് ഡിഗ്രി തണുപ്പും വകവെക്കാതെ, ബാല്‍ക്കണിയില്ലാത്ത ബില്‍ഡിങ്ങിലേക്ക് മുകളില്‍ നിന്നും കയര്‍ ഏണിയിലൂടെ ഇറങ്ങി വന്ന്, ജനല്‍ ചില്ലുകള്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ഉടച്ചു അകത്തു കയറുകയും ഓരോരുത്തരെയായി ഏണിയിലൂടെ താഴേക്കിറക്കി രക്ഷപ്പെടുത്തുകയും ചെയ്യുന്ന കാഴ്ച , ശ്വാസം അടക്കിപ്പിടിച്ചു നിന്നാണ് കണ്ടത്.
ഇതിനകം മറ്റൊരു സംഘം തീ പടരുന്നത് തടഞ്ഞു, നിയന്ത്രണാധീനമാക്കിയിരുന്നു... ആര്‍ക്കും കാര്യമായ അപകടം ഒന്നുമുണ്ടായില്ല എന്ന് പറയുമ്പോഴും തീ പിടിച്ച ഫ്ളാറ്റിലെ വീട്ടമ്മക്ക് മക്കളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയില്‍ കൈക്ക് സാരമല്ലാത്ത പൊള്ളലേറ്റിരുന്നു. താഴെ കാത്തു നിന്നിരുന്ന പാരാമെഡിക്കല്‍ ടീം നല്‍കിയ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം അവരെ ആംബുലസില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. അവരുടെ ഭര്‍ത്താവും കുട്ടികളും മാനസികമായി തളര്‍ന്നു പോയതിനാല്‍ അവരെയും പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി. അടുത്ത ദിവസം തന്നെ അവരെല്ലാം ആശുപത്രി വിട്ടു വരികയും ചെയ്തു.
ഏതാനും ദിവസങ്ങള്‍ക്കു ശേഷം ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് വക ഒരു ക്ളാസ് , ഞങ്ങളുടെ ബില്‍ഡിങ്ങിലെ അന്തേവാസികള്‍ക്കായി നടത്തപ്പെടുകയുണ്ടായി.ആ ക്ളാസ്സില്‍ ആദ്യം അവര്‍ വിശകലനം ചെയ്തത്, ആ തീപ്പിടുത്തം എങ്ങിനെയുണ്ടായി എന്നതായിരുന്നു. നാലുവയസുള്ള കുഞ്ഞ് തീപ്പെട്ടി കൊണ്ട് കളിച്ചത്, ആ കുട്ടിക്ക് കയ്യെത്തും ദൂരത്ത് തീപ്പെട്ടി സൂക്ഷിച്ചത് ഒക്കെ മുതിര്‍ന്നവരുടെ അശ്രദ്ധ ഒന്നു മാത്രമായിട്ടാണ് അവര്‍ വ്യാഖ്യാനിച്ചത്. തീപ്പെട്ടിക്കൊള്ളികള്‍ ഉരച്ചു കത്തിച്ചും അണച്ചും രസിച്ച കുഞ്ഞ്, ആ കൊള്ളികള്‍ അവിടെ സോഫയിലിട്ടിട്ട് ഉറങ്ങാനായി പോയി. അണയാതിരുന്ന ഏതോ ഒരു കൊള്ളി,അവിടെയിരുന്നു പുകഞ്ഞു പുകഞ്ഞു കത്തിപ്പിടിച്ചതായിരുന്നു ആ അപകടം. രാത്രിയില്‍ എല്ലാവരും ഉറക്കമായതിനാലായിരുന്നു അതറിയാന്‍ വൈകിയതും... പുകപടലം മുറിയില്‍ നിറഞ്ഞു ആദ്യം സ്മോക്ക് അലാറം അടിക്കുകയായിരുന്നു. അത് കേട്ടുണര്‍ന്ന ഗൃഹനാഥനാണ് പുകയും തീയും കണ്ടതും ഫയര്‍ അലാറം വലിച്ചതും...
തുടര്‍ന്ന് അവര്‍ നല്‍കിയ വിശദമായ ക്ളാസ് വളരെ ഉപകാരപ്രദമായിരുന്നു. സ്മോക്ക് അലാറം അടിക്കുമ്പോള്‍ നാം എന്താണ് ചെയ്യേണ്ടതെന്നും മറ്റും അവര്‍ വിശദമായി പറഞ്ഞു തന്നു. ഓരോ വീട്ടുകാര്‍ക്കും ഒരു പ്ളാന്‍ ഉണ്ടായിരിക്കണം എന്നും അതനുസരിച്ച് സമചിത്തതയോടെ പെരുമാറണമെന്നും അവര്‍ പറഞ്ഞപ്പോള്‍ ചിലരില്‍ പടര്‍ന്ന ചിരിയില്‍ പരിഹാസമായിരുന്നോ എന്നും സന്ദേഹം ...!എന്നാല്‍ , വിശദമായ പ്ളാനിംഗ് ഒരു മുന്‍കരുതല്‍ ആണെന്നതും അത് മൂലം അപകടത്തില്‍ നിന്നും രക്ഷപെടാന്‍ കഴിയും എന്നതും വീഡിയോ സഹിതം കാണിച്ചപ്പോള്‍ ഹാളില്‍ പെട്ടന്നുണ്ടായ നിശബ്ദത, ആളുകള്‍ അതിന്റെ ഗൗരവം മനസിലാക്കി എന്നതിന്റെ സൂചന തന്നെയായിരുന്നു.
സ്മോക്ക് അലാറം അടിക്കുമ്പോള്‍ ഉണരുന്നവര്‍ , കഴിയുന്നതും മറ്റു അംഗങ്ങളെ കൂടി ഉണര്‍ത്താന്‍ ശ്രമിക്കുക, കഴിയുന്നത്ര വേഗം വീടിനു പുറത്ത് കടക്കാന്‍ ശ്രമിക്കുക, പുറം വാതില്‍ വലിച്ചടച്ചു വെക്കുക തുടങ്ങിയ കാര്യങ്ങള്‍ നിസ്സാരമായി തോന്നിയില്ല. വീടിനകത്ത് നിന്നും പുക പുറത്തേക്കു വ്യപിക്കാതിരിക്കാനാണ് വാതില്‍ അടക്കാന്‍ പറയുന്നത്. കഴിയുന്നത്ര വേഗത്തില്‍ സുരക്ഷിത സ്ഥാനത്തേക്ക് എത്തിപ്പെടാന്‍ ശ്രമിക്കേണ്ടതും ആണ്. കുടുംബാംഗങ്ങള്‍ക്ക് ഒരു മീറ്റിംഗ് പോയിന്റ് പ്ളാനില്‍ ഉണ്ടായിരിക്കണം. എല്ലാവരും സുരക്ഷിതരാണോ എന്ന ടെന്‍ഷന്‍ ഇല്ലാതാക്കാന്‍ , മറ്റുള്ളവരെ തേടി നടന്നു കൂടുതല്‍ അപകടങ്ങള്‍ ഇല്ലാതാക്കാനുമൊക്കെ ഈ പ്ളാനിംഗ് സഹായിക്കും.
ഇനി ഫയര്‍ അലാറം കേട്ടാണ് ഉണരുന്നതെങ്കില്‍ ,കഴിയുന്നത്ര വേഗം വീടിനു പുറത്ത് കടക്കുകയും സുരക്ഷിത സ്ഥാനത്തേക്ക് പോകാന്‍ ശ്രമിക്കുകയും ചെയ്യണം. ഇവിടെയും മീറ്റിംഗ് പോയിന്റില്‍ സന്ധിക്കാം . ഇനി അഥവാ കോറിഡോറില്‍ പുക വ്യാപിച്ചിട്ടുണ്ടെങ്കില്‍ പുറത്തിറങ്ങാതെ വീട് ഭദ്രമായി അടച്ചു വെക്കുകയും പുക അകത്തേക്ക് കടക്കാതിരിക്കാന്‍ വാതില്‍ സീല്‍ ചെയ്യുകയും വേണം. എത്രയും വേഗം 911 - ഇല്‍ വിളിക്കുകയും ചെയ്യണം. അപ്പോഴേ, ഫയര്‍ ഡിപ്പാര്‍ട്ട്മെന്റിന് സഹായം എത്തിക്കാന്‍ കഴിയൂ. അങ്ങിനെയാണ് മുകളില്‍ ഏഴാംനിലയില്‍ കുടുങ്ങിപ്പോയവരെ അവര്‍ രക്ഷപ്പെടുത്തിയതും...
എല്ലാത്തിനുമുപരി , സംയമനം പാലിക്കണം എന്നതും തിരക്കും ബഹളവും ഉണ്ടാക്കുന്നത് പ്രശ്നങ്ങള്‍ വഷളാക്കാന്‍ മാത്രമേ ഉപകരിക്കൂ എന്നതും അവര്‍ വീണ്ടും വീണ്ടും ഓര്‍മിപ്പിച്ചു . അതുപോലെ ,സ്മോക്ക് അലാറം പ്രവര്‍ത്തനക്ഷമമല്ലെങ്കില്‍ വന്‍തുക പിഴയടക്കേണ്ടി വരും എന്നതും....!!
എല്ലാത്തിനുമുപരി , സംയമനം പാലിക്കണം എന്നതും തിരക്കും ബഹളവും ഉണ്ടാക്കുന്നത് പ്രശ്നങ്ങള്‍ വഷളാക്കാന്‍ മാത്രമേ ഉപകരിക്കൂ എന്നതും അവര്‍ വീണ്ടും വീണ്ടും ഓര്‍മിപ്പിച്ചു . അതുപോലെ ,സ്മോക്ക് അലാറം പ്രവര്‍ത്തനക്ഷമമല്ലെങ്കില്‍ വന്‍തുക പിഴയടക്കേണ്ടി വരും എന്നതും....!!
ഇത്തരം സന്ദര്‍ഭങ്ങളില്‍ ജീവന്‍ പണയം വെച്ചും രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ലോകത്തിലെ എല്ലാ ഫയര്‍ ഡിപ്പാര്‍ട്ട്മെന്റിലെയും സഹോദരങ്ങള്‍ക്കുമായി ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു.
ചിത്രത്തിന് കടപ്പാട് : ഗൂഗിള്‍
നല്ല ഒരു ശ്രദ്ധ ക്ഷണിക്കല്‍ .കൂട്ടത്തില്‍ ഏഷ്യന്‍ വംശജരെ പറ്റി പറഞ്ഞ ഭാഗം ആസ്വദിച്ചു... മല്ലൂസായിരുന്നെങ്കില്‍ അത്തരം ഒരവസ്ഥയില്‍ എങ്ങിനെ പെരുമാറുമെന്നത് പ്രവചനാതീതം.
ReplyDeleteവളരെ നല്ല ഒരു പോസ്റ്റ്.. ഏഷ്യക്കാരന്‍ എന്ത് കൊണ്ട് പിന്നിലായി എന്ന് മനസ്സിലാക്കാന്‍ സാധിച്ചു.. അച്ചടക്കം അതാണ് ആദ്യം വേണ്ടത്.. ബാക്കി എല്ലാം പുറകെ വന്നു കൊള്ളും...ആശംസകളോടെ..
ReplyDeleteനല്ല പോസ്റ്റ് കുഞ്ഞൂസെ....എന്നാല്‍ ഇതെ അവസരവും അപകടങ്ങളും ഗള്‍ഫില്‍ നടക്കുംബോഴ് ആണ് കാണേണ്ടത്!!കത്തുന്ന പുരക്ക് വെള്ളമൊഴിക്കാന്‍ വരുന്ന ഫയര്‍ഫോഴ്സുകാര്‍ ,അവിടെ എത്തിച്ചേര്‍ന്നിരിക്കുന്ന തങ്ങളുടെ സഹപ്രവര്‍ത്തകരായവര്‍ക്ക് മുത്തം കൊടുത്ത് സീകരിച്ചതിനു ശേഷമേ വെള്ളം ഒഴിക്കൂ... അന്നേരത്തേക്ക് തീ ഒരു വിധം കത്തിപ്പിറ്റിച്ചിരിക്കും.സത്യത്തില്‍ ജീവന്‍ പണയം വെച്ച് മറ്റുള്ള ജീവനെ രക്ഷിക്കാനെത്തുന്ന എല്ലാ ഫയര്‍ഫോഴ്സുകാരെയും ദൈവം കാത്തുകൊള്ളട്ടെ
ReplyDeleteവളരെ നല്ല പോസ്റ്റ്... ,,, കുഞ്ഞൂസ് എഴുതിയ വിധവും നന്നായി.... എടുക്കേണ്ട മുന്‍കരുതലുകള്‍ മാത്രമല്ല, ഏഷ്യക്കാര്‍ കാണിക്കുന്ന അച്ചടക്കമില്ലായ്മ .. ഗള്‍ഫില്‍ ആണെങ്കില്‍ ഇത് കാണിക്കുന്നത് മലയാളികള്‍ ആയിരിക്കും... നാട്ടിലേക്കുള്ള ഓരോ ഫ്ലൈറ്റ് ഓര്‍ത്തു നോക്കുക...
ReplyDeleteപിന്നെ ഫയര്‍മാന്‍ -- അതൊരു ജീവന്മരണ സാഹസിക ജോലിയാണ്.... നമുക്ക് വല്ലതും പറ്റുമ്പോഴേ , നാം അവരുടെ സേവനം തിരിച്ചറിയുകയുള്ളൂ .. വേള്‍ഡ് ട്രേഡ് സെന്‍റര്‍ ദുരന്തത്തില്‍ മരിച്ച ഫയര്‍മെന്‍ ഓര്‍ക്കുമല്ലോ
വിദേശ രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന ദുരന്ത നിവാരണ സംവിധാനങ്ങള്‍ മനുഷ്യരെ മാത്രമല്ല അവിടെയുള്ള ചെറിയ ജീവജാലങ്ങളെയും പ്രകൃതിയെയും വരെ സുരക്ഷിതമായി നിലനിര്‍ത്തുന്നതിന് വേണ്ടിയാണ്..അതിനു സഹായകവും വേഗം നല്‍കുന്നതുമായ ഓരോ കാല്‍ വയ്പ്പും അവര്‍ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നു..മുല്ലപ്പെരിയാര്‍ അണക്കെട്ട് കേരള ജനതയ്ക്ക് മേല്‍ ഉയര്‍ത്തുന്ന അത്യാപത് സൂചനയുടെ പശ്ചാത്തലത്തില്‍ വേണം കുഞ്ഞൂസിന്റെ ഈ ലേഖനം വായിക്കാനും അത് പോലുള്ള സംവിധാനങ്ങള്‍ നമ്മുടെ രാജ്യത്ത് കൂടി ഏര്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകതയെ പറ്റി ചിന്തിക്കാനും...ഈ ലേഖനത്തില്‍ വിവരിച്ച സംഭവം ഏതെങ്കിലും ഇന്ത്യന്‍ സംസ്ഥാനങ്ങളിലായിരുന്നു ഉണ്ടായതെങ്കില്‍ എത്ര പേര്‍ക്ക് ജീവ ഹാനി സംഭവിക്കുമായിരുന്നു ? എത്ര നാശ നഷ്ടങ്ങള്‍ ഉണ്ടാകുമായിരുന്നു ?എന്നത് പ്രവചനാതീതമാണ്..നമ്മുടെ പോലീസ് വകുപ്പുകളില്‍ പേരിനു കുറച്ചൊക്കെ ആധുനീകരണം വന്നിട്ടുണ്ടെങ്കിലും അഗ്നിശമന സേനയും മറ്റും ഇപ്പോളും വെള്ളം ചീറ്റിച്ച് തീ അണയ്ക്കുന്ന പ്രാകൃത രീതി തന്നെ തുടരുകയാണ്..തീ പൊള്ളല്‍ എല്ക്കാത്ത സേഫ്റ്റി ജാക്കറ്റ് ഒക്കെ ജീവന്‍ പണയം വച്ച് ദുരന്ത രംഗത്തേക്ക് ചാടി വീഴുന്ന അഗ്നി ശമന സേനാം ഗ ങ്ങള്‍ക്ക് വെറും സ്വപ്നം മാത്രമാണ്...നമ്മുടെ നാട്ടിലൊക്കെ ഇമ്മാതിരി സംവിധാനങ്ങള്‍ വരണ മെങ്കില്‍ അല്ലെങ്കില്‍ അതിനെ പറ്റിയൊക്കെ ആലോചിക്കണമെങ്കില്‍ പോലും വലിയ വലിയ ദുരന്തം സംഭവിക്കണം എന്ന സ്ഥിതി ആയിരിക്കുന്നു..
ReplyDeleteചര്‍ച്ച ചെയ്യപ്പെടേണ്ട ഈ വിഷയം അവതരിപ്പിച്ച കുഞ്ഞൂസിന് അഭിനന്ദനങ്ങള്‍ ..:)
ശ്രീ. മുരളി തൊമ്മാരുകുടി മാതൃഭൂമിയില്‍ ഈയിടെ റെസ്ക്യൂ ഓപ്പറേഷന്‍സ് മാനേജ്മെന്ടിനെ പറ്റി എഴുതിയിരുന്നു. നമ്മുടെ നാട്ടില്‍ ഒരുപക്ഷേ കേട്ടുകേള്‍വിയില്ലാത്ത ഒരു സാധനമാണിത്. ഒരപകടം നടന്നാല്‍ അവിടെ ഫയര്‍ഫോഴ്സും മറ്റും എത്തിച്ചേരുന്നതു തന്നെ വൈകിയാണ്. എന്നിട്ട് രക്ഷാപ്രവര്‍ത്തനത്തിനാവശ്യമായ ഉപകരണങ്ങളില്ലാതെ നിസ്സഹായരായി നില്‍ക്കുന്ന അവസരങ്ങളും ധാരാളം. ഇത്തരം പ്രതിസന്ധികള്‍ക്കിടയിലും അപകട ദൃശ്യം മൊബൈലില്‍ പകര്‍ത്തുന്നവര്‍ നമ്മുടെ നാട്ടില്‍ ഇന്ന് സ്ഥിരം കാഴ്ചയാണ്.
ReplyDeleteവളരെ നല്ല പോസ്റ്റ്... .....
ReplyDeleteകുഞ്ഞൂസ്,നല്ല പോസ്റ്റ്.
ReplyDeleteഈ ദുരന്ത നിവാരണ ക്ലാസ്സുകള്‍ നമ്മുടെ കുട്ടികള്‍ക്ക് സ്കൂളില്‍ നിന്നെ തുടങ്ങേണ്ട ഒന്നാണെന്നാണ് എന്റെ അഭിപ്രായം.
വിദേശങ്ങളില്‍ അത് ചെറിയ ക്ലാസ്സുകളില്‍ തുടങ്ങും എന്ന് കേട്ടിട്ടുണ്ട്.നമ്മുടെ നാട്ടില്‍ ഇത്തരം സംഭവങ്ങളിലെ മരണം കൂടുതലും തിക്കി തിരക്കി ഉണ്ടാകുന്നതായി കാണാറുണ്ട്.
Good one
ReplyDeletethx
കുറച്ചു പേര്‍ ഷീറ്റ് കളിക്കുമ്പോള്‍ പോലീസ് പിടിച്ചു ,അതില്‍ ഒരാള്‍ ഓടുന്നത് കണ്ട പോലീസ് ചോദിച്ചു "എങ്ങോട്ട ഓടുന്നെ ?
ReplyDeleteജീപ്പില്‍ സീറ്റില്‍ പിടിക്കാനാണ് എന്ന് പണ്ട് തമാശ പറയും,അത് പോലെ ആണ് എല്ലാ ഇടതും തിക്കി തിരക്കി പോവുനത് നമ്മുടെ പ്രത്യകത അല്ലെ
കാര്യ ഗൌരവത്തോടെ എഴുതിരിക്കുന്നു ....
ഇതുപോലെയൊരു ദുരന്ത നിവാരണം എപ്പോഴാണാവോ നമ്മുടെ നാട്ടില്‍ നടക്കാന്‍ പോവുന്നത് !! എവിടെയെങ്കിലും തീപ്പിട്ച്ചാല്‍ ഫയര്‍ ഫോഴ്സ് വരുമ്പോഴേക്കും ഒന്നുകില്‍ ജനങ്ങള്‍ തീയണച്ചു കാണും അല്ലെങ്കില്‍ എല്ലാം കത്തി തീര്‍ന്നിട്ടുണ്ടാകും..
ReplyDeleteവളരെ നല്ല പോസ്റ്റ്... ......
കുഞ്ഞൂസ് ജി നല്ല പോസ്റ്റ് എന്നതിനപ്പുറം ഗുണകരമായ ഒരു പോസ്റ്റ് ആശംസകള്‍ ഏതായാലും കുഞ്ഞൂസിനു ഒന്നും പറ്റിയില്ലല്ലോ തമ്പുരാന് സ്തുതി
ReplyDeleteകുഞ്ഞൂസ്
ReplyDeleteഅനുഭവക്കുറിപ്പ് ഒരു കഥ പോലെ മനോഹരമായി എഴുതിയിരിക്കുന്നു...!
അഭിനന്ദനങ്ങള്!!
ചെറിയ കാര്യങ്ങള്‍ നിസ്സാരമാക്കുമ്പോള്‍ സാധാരണ ഇത്തരം വലിയ അപകടങ്ങള്‍ സംഭവിക്കാറുണ്ട്. സ്വന്തം കാര്യം എന്നതിനപ്പുറം മറ്റുള്ളവര്‍ എന്ന ചിന്ത എല്ലായിടത്തും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതാണ് ഇന്ന് നാം അനുഭവിക്കുന്നത്. അതിനിടയില്‍ അങ്ങിനെ അല്ല ലോകം മുഴുവന്‍ എന്ന് ഈ സംഭവത്തിലൂടെ ചൂണ്ടിക്കാട്ടുന്നു.
ReplyDeleteനല്ല പോസ്റ്റ്.
ശ്രദ്ധിക്കേണ്ടവ മനസ്സിലാക്കുന്നു.
ReplyDeleteകൂടെ നല്ല പ്രവർത്തന ക്ഷമതയുള്ള സംവിധാനങ്ങളുടെ ഗുണങ്ങൾ മനസ്സിലായി.
നമ്മുടെ നാട്ടിലാണെങ്കില്‍ തീയും പുകയും തുടങ്ങുമ്പോള്‍തന്നെ ആളുകളെ അറിയിക്കേണ്ട ആ ഫയര്‍ അലാമില്‍ തുടങ്ങും പ്രശ്നങ്ങള്‍. ഉയരംകൂടിയ കെട്ടിടങ്ങള്‍ക്ക് നിയമാനുസൃതം ഉണ്ടായിരിക്കേണ്ട പല സുരക്ഷാ സംവിധാനങ്ങളുടെയും കാര്യം അങ്ങനെയൊക്കെയാണ്. ഒന്നുകില്‍ ബന്ധപ്പെട്ട അധികാരികളുടെ കണ്ണില്‍ പൊടിയിട്ട് അനുമതി ലഭ്യമാക്കാന്‍ സബ്-സ്റ്റാന്‍ഡേര്‍ഡ് ഉപകരങ്ങളും അനുബന്ധ സാമഗ്രികളും ഇന്‍സ്റ്റോള്‍ ചെയ്തുകൊണ്ടുള്ള ഒരു ടച്- അപ്പ് . അല്ലെങ്കില്‍ ഉടമയും ഉദ്യോഗസ്ഥരും തമ്മിലുള്ള ഒരു പരസ്പര ധാരണ. ഇനി, ഇതെല്ലാം ഉണ്ടെങ്കില്‍ കെട്ടിടത്തിന്റെ രണ്ടു വശത്തുകൂടി ഫയര്‍ഫോഴ്സ് വാഹനം പോയിട്ട് ഒരു ഓട്ടോറിക്ഷയ്ക്ക് പോലും കടക്കാനുള്ള സ്ഥലപരിമിതിയാവും വില്ലന്‍.
ReplyDeleteമുകളില്‍ സപ്ന പറഞ്ഞ, കത്തുന്ന പുരക്ക് വെള്ളമൊഴിക്കാന്‍ വരുന്ന ഗള്‍ഫിലെ ഫയര്‍ഫോഴ്സ്‌കാരുടെ കാര്യക്ഷമതയും മുത്തംകൊടുക്കലും കണ്ട് കണ്ണുമിഴിച്ചു പോയിട്ടുണ്ട്.
ഇക്കാര്യങ്ങളിൽ സായീപ്പുമാരുടെ പ്രവർത്തന ക്ഷമത സമ്മതിച്ചേ പറ്റൂ, അവരതിനു വെൽ പ്രിപേർഡ് ആയിരിക്കും. ഈയവസരത്തില് കോഴിക്കോട്ട് മിഠായിതെരുവിലുണ്ടായ തീപിടിത്തം ഓർമ്മ വരികയാണു. അന്ന് കാഴ്ച കാണാൻ കൂടിയ ജനങ്ങൾ അവരുടെ ഉൽസാഹം സംഗതികൾ മൊബൈലിൽ പകർത്താൻ, ഓരോ ബോഡി എടുക്കുംപ്പോഴും അതുമായ് പുറത്തേക്ക് പോകാനുള്ള വഴി കിട്ടാൻ ആളുകളെ ഉന്തി മാറ്റേണ്ടിവന്നു. അതാണു വ്യത്യാസം.
ReplyDeleteഇവിടെയാണു കുഞ്ഞൂസ്സിന്റെ പ്രസക്തി.അല്ലെങ്കിൽ കുഞ്ഞൂസ്സിന്റെ ലേഖനങ്ങളുടെ പ്രസക്തി.പത്ത് കഥയെഴുതുന്നതിനു തുല്ല്യമാണു ഈ ലേഖനം.സരളമായ ഭാഷയിൽ,സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ ഇദ്ദേഹം എല്ലാപേരുടെയും ശ്രദ്ധ വായനയിലൂടെ കൊണ്ട് പോയി എന്ന് മാത്രമല്ലാ വായിച്ച ശേഷവും..കുറച്ച് നേരം നമ്മൾ ചിന്തിച്ചിരുന്നുപോയി. നമ്മുടെ നാട്ടിൽ ഈ വിധത്തിലുള്ള സംവിധാനങ്ങളൊന്നുമില്ലാതെയാണു 15,25,നിലകളുഌഅ ഫ്ലാറ്റ് സമുച്ഛയങ്ങൾ ഉണ്ടാക്കുന്നത്. ഈയിടെ തിരുവനന്തപുരം നഗരത്തിൽ ഞാനൊരു ഫ്ലാറ്റ് വാങ്ങിച്ചു( ക്ഷമിക്കണം എനിക്ക് വേണ്ടിയല്ലാ എന്റെ മൂത്ത സഹോദരനൗ വേണ്ടി.( ഇടപാടുകൾ ഞാനാണു നടത്തിയതെങ്കിലും രൂപയൊക്കെ ചേട്ടന്റെയാ - മരുഭൂമിയി ജോലിചെയ്തു നേടിയ കാശാണേ..അല്പം ചിലവാളിയായ ചേട്ടന്റെ ഖജനാവ് വിപുലീകരിക്കാൻ ഞാൻ കണ്ടെത്തുന്ന ഉപാധിയാണു, ഒന്നുകിൽ വസ്തുവിനു അഡ്വാൻസ് കൊടുത്തിട്ട്,ചേട്ടനോട് ബാക്കി രൂപകൊടുത്ത് അതു വാങ്ങാൻ പറയും, അല്ലെങ്കിൽ ഇതുപോലെ ഏതെങ്കിലും ഫ്ലാറ്റിനു അഡ്വാൻസ് കൊടുത്തിട്ട് ആശാനെവിട്ട് അത് വാങ്ങിപ്പിക്കുക എന്നുള്ളരെന്റെ സ്ഥിരം ഏർപ്പാട്) 15 നിലകളുള്ള ഫ്ലാറ്റിലെ രണടാമത്തെ നിലയാണു ഞാൻ തിരഞ്ഞെടുത്തത്...പഷേ കുഞ്ഞൂസ്സ് പറഞ്ഞതുപോലെയുള്ള യാതൊരു സുരക്ഷാ പദ്ധതികളും ആ ഫ്ലാറ്റിലില്ലാ...ഒരു കോടിയിൽ പരം രൂപകൊടുത്ത് വാങ്ങിയ ആഫ്ലാറ്റിൽ പിന്നെ ഞങ്ങളുടെ നിർബ്ബന്ധമായ ഇടപെടൽമൂലം ചില'ദുരന്തനിവാരണയന്ത്രങ്ങൾ' ഘടിപ്പിച്ചൂ.. കെട്ടിടം കെട്ടാൻ അനുമതി കൊടുക്കുന്ന അധിക്കാരികൾക്ക് 'കിമ്പള' മാണു പ്രാധാനം ആഋക്കാരുടെ സുരക്ഷയല്ലാ...സത്യത്തിൽ കുഞ്ഞൂസ്സിന്റെ എഴുത്തുകളുടെ പ്രെത്യേകതയും ഇവിടെ ഏടുത്തു പറയേണ്ടതാണു. തന്റെ ജീവിതത്തിൽ കണ്ടതും ,അറിഞ്ഞതുമായ കാര്യങ്ങൾ നല്ല രചനാ ചാതുര്യത്തോടെ അവതരിപ്പിക്കുന്ന്. അതു മനുഷ്യർക്ക് നന്മയുണ്ടാക്കുന്ന കാര്യങ്ങളും കൂടിയാണു.എല്ലാ ലേഖനങ്ങളിലും ഇത് സുവ്യക്തമാണു...ഇതൊക്കെയാണു കുഞ്ഞൂസ്സിനെ സൂപ്പർ ബ്ലോഗർ ആക്കുന്ന്തും....കുഞ്ഞേ ഇതുപോലുഌഅ നല്ല രചനകൾ ഇനിയും ഉണ്ടാകട്ടേ.....എന്റെ ഒരു വലിയ നമസ്കാരം....
ReplyDeleteവലിയ ഫ്ലാറ്റുകളില്‍ താമസിക്കുന്ന എല്ലാ ആള്‍ക്കാര്‍ക്കും ഇതേപോലെ ഒരു ക്ളാസ് നല്ലതായിരിക്കും ,ഇരുപത്തിനാല് നിലകള്‍ താണ്ടി താഴെ എത്തുന്ന ഓരോ വ്യക്തിയുടെയും മാനസികാവസ്ഥ എന്തായിരിക്കും എന്ന് ചിന്തിക്കാന്‍ പോലും സാധിക്കണില്ല... ..ആര്‍ക്കും ഒന്നും സംഭാവിചില്ലാല്ലോ അത് തന്നെ നല്ലതു ..ദൈവത്തിനെ എത്ര സ്തുതിച്ച്ചാലും മതിയാകൂല്ലാ ...സിനിമയില്‍ ഒക്കെ കണ്ടിട്ടുണ്ട് ..ഹോ നേരിട്ട് കണ്ട കുഞ്ഞേച്ചിയുടെ മാനസികാവസ്ഥ ന്ടായിരിക്കും എന്ന് ചിന്ടിച്ച്ചു പോയി ട്ടോ ...
ReplyDeleteപാശ്ചാത്യരീതിയിലുള്ള റെസ്ക്യൂ ഓപ്പറേഷന്‍സനുക്കളുടെ അടക്കും ചിട്ടയും മാത്രമല്ലല്ലോ നമ്മുടെ നാട്ടിലെ ഇത്തരം സംഗതികളുടെ ‘ഡ്രോബാക്സും’ കൂടി വ്യക്തമായി വിശദമാക്കുന്ന രചന..
ReplyDeleteവായനക്കാർക്ക് നല്ലൊരു ബോധവൽക്കരണം നടത്തുവാൻ സാധിപ്പിച്ചതിനഭിനന്ദനങ്ങൾ കേട്ടൊ കുഞ്ഞൂസ്
ഇവിടെയാണെങ്കിൽ ഒരു മൊബൈലില് ഷൂട്ട് ചെയ്യാമായിരുന്നു...
ReplyDeleteപിന്നെ ആളുകളെ മാറ്റാൻ ഒരു ലാത്തിച്ചാർജ്ജും.
റോസാപൂക്കള്‍ പറഞ്ഞ പോലെ..ഇവിടെ ഒക്കെ കിന്ടെര്‍ ഗാര്‍ട്ടെന്‍ ല്‍ ഉള്ള കുട്ടികള്‍ക്ക് വരെ കൃത്യമായ ഇടവേളകളില്‍ ( ആറു മാസത്തില്‍ ഒരിക്കല്‍),) സ്കൂളില്‍ ക്ലാസുകള്‍ ഉണ്ട്,പരിശീലനവും കൊടുക്കും..എങ്ങനെ രക്ഷപ്പെടണം എന്ന്.. ആറുമാസത്തില്‍ ഒരിക്കല്‍ ഞങ്ങളുടെ ഓഫീസില്‍ ഉണ്ട് ഈ പരിശീലനം,ഫയര്‍ അലാറം അടിക്കും.. അപ്പോള്‍ നമ്മള്‍ ശെരിക്കും തീ പിടിചിട്ടെന്നപോലെ പെരുമാറണം..
ReplyDeleteഞാന്‍ ഒക്കെ ആദ്യം കരുതിയത് എന്തൊരു വേസ്റ്റ് ആണ് സമയവും പൈസയും ഇതിന്യൊക്കെ എന്ന് (മലയാളി അല്ലെ ഞാന്‍:))) )..പക്ഷെ പിന്നെ മനസ്സിലായി എത്ര അത്യാവശ്യം ആണ് ഇതെന്നു.
വളരെ നന്നായി കുഞ്ഞൂസെ ഈ ലേഖനം....
നല്ല ലേഖനം. ചിന്തിപ്പിക്കുന്ന അവതരണം.
ReplyDeleteകുഞ്ഞൂസേ, ഈ അനുഭവം പങ്കുവച്ചതിന് നന്ദി...ദുരന്തനിവാരണത്തേക്കുറിച്ച് ഒരുപാട് ചിന്തിക്കാനും പഠിക്കാനും പ്രേരിപ്പിക്കുന്ന കുറിപ്പാണിത്. നമ്മുടെ നാട്ടിലെ അപര്യാപ്തതകൾക്കിടയിൽ നിന്ന് നോക്കുമ്പോൾ പ്രത്യേകിച്ചും ഈ കുറിപ്പിന് പ്രസക്തിയേറുന്നു....
ReplyDeleteനല്ലൊരു പോസ്റ്റ്. ഒരു ബില്‍ഡിംഗിന്റെ അത്യാഹിതത്തി ന്റെ പശ്ചാത്തലത്തില്‍ ഒരു ക്ലാസ്സെടുക്കുവാന്‍ ഒരുങ്ങുന്ന ഭരണകൂടമുള്ള രാജ്യങ്ങള്‍ ഭരിക്കുന്ന ഭരണാധികാരികള്‍ക്ക് നന്മ വരട്ടെ. ഒരു ഡാം തലക്ക് മുകളില്‍ ചാഞ്ഞു നില്‍ക്കുമ്പോഴും തറരാഷ്ട്രീയം കളിക്കുന്ന ഭരണാധികാരികള്‍ക്കും നന്മ വരട്ടെ. അവരുടെ ഭരണത്തിന്‍ കീഴില്‍ ജീവിക്കുന്ന പാവം ജനങ്ങള്‍ക്കും നന്മ വരട്ടെ. (സ്വപ്ന അനു ജോര്‍ജിന്റെ വിഷമനസ്സില്‍ നിന്ന് വന്ന കമന്റും വായിച്ചു. ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും...എന്ന് കവി പാടിയിട്ടുള്ളത് ഇക്കൂട്ടരെപ്പറ്റി ആയിരിക്കുമല്ലോ. പത്രത്തിലൊക്കെ എഴുതുന്ന ആളല്ലേ. മുന്‍വിധികള്‍ പേനയെ ബാധിക്കുമെന്നറിയേണ്ടതല്ലേ)
ReplyDeleteനല്ല ഒരു പോസ്റ്റ്. വളരെ നന്നായി പറഞ്ഞിരിക്കുന്നു.ആശംസകൾ...
ReplyDeleteഏഷ്യൻവംശം, ഇന്ത്യൻ. അതിനേക്കാളുപരി മലയാളീ, പലകാര്യങ്ങളിലും അഭിമാനം തോന്നിയിട്ടുണ്ട്, എന്നാൽ പലപ്പോഴും വല്ലാതെ ലജ്ജതോന്നിപ്പോയിട്ടുണ്ട് . പ്രത്യേകിച്ചും നമ്മുടേ അച്ചടക്കം.....
നല്ല പോസ്റ്റ്! തീർച്ചയായും ഈ അച്ചടക്കവും മുൻകരുതലും എല്ലാം നമുക്ക് മറ്റുള്ളവരിൽ നിന്ന് പഠിക്കേണ്ടിയിരിക്കുന്നു.
ReplyDelete"ഒരു കാര്യം പറയാതെ വയ്യ. തിക്കിത്തിരക്കിയും മറ്റുള്ളവരെ തള്ളിമാറ്റിയും ബഹളമുണ്ടാക്കി പോകുന്നവര്‍ ഏഷ്യന്‍ വംശജര്‍ ആണെന്നത്... അതേസമയം സായിപ്പുമാര്‍ എന്ന് നാം വിളിക്കുന്നവര്‍ ,............. കാണാന്‍ കഴിഞ്ഞുള്ളു. പ്രത്യേകിച്ചും നമ്മളൊക്കെ കാണിക്കുന്ന അക്ഷമ, സ്വന്തം കാര്യം നോക്കല്‍ എല്ലാം കാണുമ്പോള്‍ .... !
ReplyDeleteലേഖിക ഇവിടെ വിദേശിയുടെ പുകഴ്ത്തലും സ്വദേശിയുടെ ഇകഴ്ത്തലും ആണല്ലോ ചെയ്തിരിക്കുന്നത്.
അതു ചില വായനക്കാരില് അതിയായ 'സ്വ 'അപമാന ഭാരവും , മറ്റ് ചിലരില് സന്തോഷവും ഉണ്ടാക്കിയെന്ന് കാണുന്ന്.
അതു കൊണ്ട് ഇനി ഒരു വിദേശിയുടെ (സ്വല്പ്പം പഴയത് ആണ് എങ്കിലും) സ്വദേശി പുകഴ്ത്തല വായിക്കാം.
http://www.time.com/time/world/article/0,8599,2053713,00.html
"The week-long ordeal had an unexpected impact on the currency tycoon. What I experienced on the plane has changed me forever, said Giori. I don't know what it is: Hinduism, the so-called fatalism of Indians. But the way the passengers stayed so calm throughout, even the children, was exemplary. I told myself, if the plane had been full of Italians or French, it would have been very different."
വളരെ നല്ല പോസ്റ്റ്..
ReplyDeleteആശംസകളോടെ..
ആ അപകടത്തില്‍ ആര്‍ക്കും കാര്യമായ ആപത്തൊന്നും പറ്റിയില്ലല്ലോ ദൈവാധീനം.
ReplyDeleteനമ്മളിങ്ങിനെ വിദേശികളെ കുറ്റവും പറഞ്ഞിരിക്കും എന്നല്ലാതെ നല്ല കാര്യങ്ങള്‍ വല്ലതും അവരില്‍ നിന്നും സ്വായത്തമാക്കുമോ?
ഒരിക്കലുമില്ല.
പ്രത്യേകം പറയട്ടെ കുഞ്ഞൂ,നന്നായി എഴുതി.
ഈ പോസ്റ്റ് വളരെ നന്നായി, കുഞ്ഞൂസ്സ്. അപകടങ്ങളെല്ലാം പറ്റിയതിനു ശേഷം മാത്രം പ്രവർത്തിയ്ക്കാൻ ആരംഭിയ്ക്കുക എന്നത് ഒരു ശിലക്കേടാണ്....നിർഭാഗ്യവശാൽ സൌശീല്യങ്ങൾ പഠിയ്ക്കാനായില്ലെങ്കിലും ദുശ്ശീലങ്ങൾ മനുഷ്യർ വേഗം പഠിയ്ക്കുകയും പ്രാവർത്തികമാക്കുകയും ചെയ്യും.........
ReplyDeleteഅഭിനന്ദനങ്ങൾ, ഈ എഴുത്തിന്.
പിന്നെ അപകടമില്ലാതെ രക്ഷപ്പെട്ടതിൽ വലിയ സന്തോഷം...
നമ്മള്‍ പുച്ഛിച്ചു തള്ളൂന്ന പല ചെറിയ കാര്യങ്ങളും പാശ്ചാത്യര്‍ ശ്രദ്ധയോടെയെടുത്ത് സുരക്ഷിതത്വം കൈവരിക്കുന്നത് ഈ പോസ്റ്റില്‍ നിന്നു മനസ്സിലാക്കാം.ദുരന്ത നിവാരണത്തിലും സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിലും പാശ്ച്ചാത്യരുടെ മാതൃക സ്വീകരിക്കേണ്ടതാണ്.അതിനാദ്യം ഉദാസീനതയും അലസതയും വെടിഞ്ഞ് കാര്യഗൌരവം നേടുകയെന്നതാണ്.അതൊക്കെ ഏഷ്യക്കാരുടെ കൂടപ്പിറപ്പല്ലേ:)
ReplyDeleteAll d Best...
ReplyDeleteവ്യത്യസ്തമായ ഒരു വായന പകര്‍ന്ന സുഹൃത്തേ..നന്നായിരിക്കുന്നു.ഗഫൂര്‍ കാ ദോസ്ത്തിന്റെ അഭിനന്ദനങ്ങള്‍
ReplyDeleteകുഞ്ഞൂസുചേച്ചീ.. നമസ്കാരം.
ReplyDeleteനല്ലോണം ഇഷ്ടപ്പെട്ടു. എഴുതിയ രീതിയും നന്നായി.
അഭിനന്ദനങ്ങള്‍..
എല്ലാവരും മനസ്സിലാക്കേണ്ട കാര്യം മനസ്സിലാവത്തക്ക രീതിയിൽ വിശദീകരിക്കുന്നതിനിടയ്ക്കും ഒരു കാര്യം എന്നിൽ ചിരി പടർത്തി.
ReplyDeleteഈ ബഹളത്തിലും ശ്രദ്ധയില്‍പ്പെട്ട ഒരു കാര്യം പറയാതെ വയ്യ. തിക്കിത്തിരക്കിയും മറ്റുള്ളവരെ തള്ളിമാറ്റിയും ബഹളമുണ്ടാക്കി പോകുന്നവര്‍ ഏഷ്യന്‍ വംശജര്‍ ആണെന്നത്.
അത് പിന്നങ്ങനെയാവാണ്ടിരിക്ക്വോ അവരൊന്നും തീയിൽ പെട്ടാലും ലോകത്തിനൊന്നും നഷ്ടപ്പെടുവാൻ ഇല്ല. അതുപോലാണോ എഷ്യൻ വംശജർ, പ്രത്യേകിച്ച് ഇന്ത്യൻസ് ? ആശംസകൾ കുഞ്ഞൂസ്.
നല്ല ആര്‍ട്ടിക്കിള്‍ .പല അപകടങ്ങളും ആവശ്യമില്ലാത്ത വെപ്രാളം കൊണ്ടാവും കൂടുതല്‍ മാരകമാവുക.
ReplyDeleteനന്നായി നല്ല നിരീക്ഷ്നപടവത്തോടെ ഒരു അപകടത്തിന്റെ വിവരണം
നന്നായീട്ടോ..കുഞ്ഞൂ. ഈ 'അണ്‍സംഗ് ഹിറോസി'നെ നമ്മള്‍ മലയാളികള്‍ തിരിച്ചറിയുന്നില്ല.
ReplyDelete''എന്തര്.... നിങ്ങടെ നാട്ടിലെന്തര്‌ണ്ട് യുദ്ധത്തിന്‍റെ വിശേഷങ്ങള്?''
എന്ന് 'ചെറിയ മനുഷ്യരും വലിയലോക'ത്തിലെ നാഗന്‍പിള്ള ചോദിക്കുന്നതിലെ ലാഘവത്വവും ആര്‍ജ്ജവമില്ലായ്മയുമേ അതിലുമുള്ളു.
മിസ്സിസ്സാഗയിലൊരിക്കല്‍ ബസ്സുകാത്തു നില്‍ക്കുമ്പോളുള്ള അനുഭവം ഓര്‍മ്മ വരുന്നു. ബസ്സു വന്നു നിന്നപ്പോള്‍ ഇടിച്ച് തിരക്കിട്ട് അകത്തേയ്ക്കു കയറിയ ഒരു ഉത്തരേന്ത്യക്കാരിയെ പുറത്തേയ്ക്ക് തന്നെ ഇറക്കി നിറുത്തി, ഉള്ളില്‍ നിന്നിറങ്ങി വന്ന വയോവൃദ്ധയായ മദാമ്മ ഉപദേശിക്കുന്നത് കണ്ടു, ബസ്സ് യാത്രകളില്‍ പാലിക്കേണ്ട മര്യാദകളെപ്പറ്റി. അതൊരു മലയാളി ആയിരുന്നെങ്കില്‍ കിട്ടിയ സമയം കൊണ്ട് മദാമ്മയുടെ ഒരു സെല്‍ഫോണിലെടുത്ത ഇന്‍സ്റ്റന്‍റ് ചിത്രവും കൂട്ടി ഈ വിവരം ഫെയ്സ്ബുക്കിലിട്ട് ഒരു മുന്നൂറ്റി ഇരുപത്തെട്ട് ലൈക്കും പതിനാറാ യിരത്തെട്ട് അനുകൂല പ്രതികരണങ്ങളും നേടി രാത്രിയുറക്കം സുഖകരമാക്കി മാറ്റുമായിരുന്നു.
A life lived and lost for others. It's a befitting tribute to firefighters. Best wishes.
നല്ലൊരു പോസ്റ്റ്. ഇഷ്ടപ്പെട്ടു.
ReplyDelete"ഇത്തരം സന്ദര്‍ഭങ്ങളില്‍ ജീവന്‍ പണയം വെച്ചും രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ലോകത്തിലെ എല്ലാ ഫയര്‍ ഡിപ്പാര്‍ട്ട്മെന്റിലെയും സഹോദരങ്ങള്‍ക്കുമായി ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു."
ReplyDelete...
...
.....
അതെ. , അവരെ കുറിച്ചും നമ്മള്‍ ഓര്‍ക്കേണ്ടതുണ്ട്.