(Truth and Reconciliation Day)
നിങ്ങൾക്കറിയാമോ കാനഡയിൽ ഇങ്ങനെയൊരു ദിവസമുണ്ട്. കേൾക്കുമ്പോൾ എന്താണിതെന്ന ഒരാകാംക്ഷയും തോന്നുന്നില്ലേ...
ഇന്ത്യൻ റസിഡൻഷ്യൽ സ്കൂൾ സമ്പ്രദായം കാനഡയിലെ ആദിമവംശർക്കെതിരെയുള്ള "സാംസ്കാരിക വംശഹത്യ" ആണെന്ന സത്യം തിരിച്ചറിഞ്ഞു, 2021 ലാണ് കാനഡ ആദ്യമായി ഇങ്ങനെയൊരു ദിനം ആചരിക്കാൻ തുടങ്ങിയത്. അതിൽ ഒരു ജനതയുടെ, ഒരുപാടു മാതാപിതാക്കളുടെ കണ്ണീരു നിറഞ്ഞിരിക്കുന്നുവെന്നത് വേദനിപ്പിക്കുന്ന സത്യമാണ്.
തദ്ദേശീയർ എന്നത് വടക്കേയമേരിക്കയിലെ ആദിമവംശജരാണ്. പലപല വിഭാഗങ്ങൾ ഉണ്ടെങ്കിലും അവരെയെല്ലാം ഒന്നാകെ റെഡ് ഇന്ത്യൻസ് എന്നു വിളിക്കുന്നു. ഇന്ത്യയിലേക്കുള്ള യാത്രയിൽ വഴിതെറ്റിയാണല്ലോ കൊളംബസ് അമേരിക്കയിലെത്തിയത്. അവിടെയുള്ളവരെ ഇന്ത്യക്കാരെന്നു തെറ്റിദ്ധരിച്ചു. അങ്ങനെയാണ് ആ പേരു വന്നതെന്നു ചരിത്രം പറയുന്നു.
പിന്നീട് യൂറോപ്യൻമാർ കാനഡ പിടിച്ചെടുക്കുകയും തദ്ദേശീയരുടെ മേൽ ആധിപത്യം സ്ഥാപിക്കുകയുമുണ്ടായി. ജോൺ എ. മക്‌ഡൊണാൾഡ് പ്രധാനമന്ത്രിയായിരുന്നപ്പോൾ രാജ്യത്തെ ഒന്നിപ്പിക്കാനും അതിന്റെ നിലനിൽപ്പ് ഉറപ്പാക്കാനും ഒരു പുതിയ കാനഡയെ രൂപപ്പെടുത്താൻ തീരുമാനിച്ചു. കാനഡയിലെ ആദിമവംശജരെ പൊതുസമൂഹത്തിലേക്കു ചേർത്ത് അവരുടെ സംസ്ക്കാരം ഇല്ലാതാക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അങ്ങനെയാണ് ആദിമവംശജരുടെ കുട്ടികളെ അവരുടെ അച്ഛനമ്മമാരിൽ നിന്നും സംസ്ക്കാരത്തിൽ നിന്നും വേർതിരിക്കാനും പൊതുസമൂഹത്തിലേക്കു ലയിപ്പിക്കാനുമായി റസിഡൻസ് സ്‌കൂളുകൾ തുറക്കാൻ വിവിധ കൃസ്ത്യൻ സമൂഹത്തെ ചുമതലപ്പെടുത്തിയത്.
1883 മുതൽ, കാനഡയിലുടനീളമുള്ള ഇന്ത്യൻ റെസിഡൻഷ്യൽ സ്കൂളുകൾക്കു സർക്കാർ ധനസഹായം നൽകാൻ തുടങ്ങി. അവ പ്രധാനമായും റോമൻ കാത്തലിക് ചർച്ചും ആംഗ്ലിക്കൻ ചർച്ചും നടത്തുന്ന സ്ക്കൂളുകളായിരുന്നു. യുണൈറ്റഡ് ചർച്ച് ഓഫ് കാനഡ, മെത്തഡിസ്റ്റ് ചർച്ച്, പ്രെസ്ബിറ്റീരിയൻ ചർച്ച് എന്നിവയും റസിഡൻഷ്യൽ സ്ക്കൂളുകൾ നടത്തിയിരുന്നു. കുട്ടികളെ അവരുടെ മാതാപിതാക്കളിൽ നിന്നു വേർപ്പെടുത്തുന്നത് എതിർത്തപ്പോൾ, 1894-ൽ സ്‌കൂൾ ഹാജർ നിർബന്ധമാക്കിക്കൊണ്ട് സർക്കാർ പ്രതികരിച്ചു. കുട്ടികളെ റിസർവുകളിൽ നിന്നു പിടിച്ചെടുക്കാനും റസിഡൻഷ്യൽ സ്‌കൂളുകളിൽ എത്തിക്കാനും റോയൽ കനേഡിയൻ മൗണ്ടഡ് പോലീസിന് അധികാരം നൽകുകയും ചെയ്തു. രക്ഷിതാക്കൾ കുട്ടികളെ സ്കൂളുകളിൽ നിന്നു കൊണ്ടുപോകാൻ വന്നപ്പോൾ, തദ്ദേശീയരെ അവരുടെ റിസർവ് വിട്ടുപോകുന്നതു നിരോധിച്ചുകൊണ്ട് പാസ് സംവിധാനം സൃഷ്ടിച്ചു.
ഏകദേശം ഒന്നരലക്ഷത്തോളം ആദിമവംശജരായ കുട്ടികളെയാണ് ഇങ്ങനെ കാനഡയുടെ വിവിധഭാഗങ്ങളിലുള്ള റസിഡൻഷ്യൽ സ്ക്കൂളുകളിൽ ചേർത്തത്. സർക്കാർ നൽകിവന്ന ധനസഹായം വളരെ കുറവായിരുന്നതിനാലും ക്ഷയരോഗം എന്ന പകർച്ചവ്യാധി വ്യാപകമായതിനാലും സ്‌കൂളുകളിലെ അവസ്ഥ മോശമായിരുന്നു. ട്രൂത്ത് ആൻഡ് റീകൺസിലിയേഷൻ കമ്മീഷന്റെ കണക്കുകൾ പ്രകാരം ഏതാണ്ട് അയ്യായിരത്തിനു മേലെ കുട്ടികളാണ് റസിഡൻഷ്യൽ സ്ക്കൂളുകളിൽ മരണപ്പെട്ടത്. എന്നാൽ, യഥാർത്ഥ കണക്കുകൾ ഇതിലുമധികമായിരിക്കുമെന്ന് അവർ പറയുന്നുണ്ട്.
റസിഡൻഷ്യൽ സ്ക്കൂളുകളിൽ രേഖപ്പെടുത്തിയിട്ടുള്ള വിദ്യാർത്ഥി മരണങ്ങളിൽ ഭൂരിഭാഗവും ക്ഷയരോഗം മൂലമായിരുന്നു എന്നാണ് രേഖകളിൽ. ഇതുകൂടാതെ സ്‌ക്കൂളിലെ ക്രൂരതകൾ താങ്ങാനാകാതെ ഓടിപ്പോകുന്നതിനിടയിൽ മരണപ്പെട്ട കുട്ടികളുടെ കണക്കുകൾ എവിടെയും രേഖപ്പെടുത്തിയിട്ടില്ല. റസിഡൻഷ്യൽ സ്‌കൂളുകളിലെ മരണനിരക്ക് കനേഡിയൻ കുട്ടികളുടെ മൊത്തത്തിലുള്ള മരണനിരക്കിനേക്കാൾ വളരെ വളരെ കൂടുതലായിരുന്നു. പല മരണങ്ങളും അവഗണനയുടെ ഫലമായിരുന്നു. അവർ മരിക്കുന്നതിനു തൊട്ടുമുമ്പു വരെ സ്‌കൂളുകൾ ആ കുട്ടികൾക്കു അടിസ്ഥാന വൈദ്യസഹായമോ മറ്റു സഹായങ്ങളോ നിരസിച്ചിരുന്നുവത്രേ.
പല സ്കൂളുകളും കുട്ടികളുടെ മരണവാർത്ത അവരുടെ കുടുംബങ്ങളെ അറിയിച്ചില്ല. കുട്ടികളെ പേരൊന്നും അടയാളപ്പെടുത്താതെ കുഴിമാടങ്ങളിൽ അടക്കം ചെയ്തു. രേഖപ്പെടുത്തിയിരിക്കുന്ന മരണങ്ങളിൽ മൂന്നിലൊന്നിലും, മരിച്ച കുട്ടികളുടെ പേരുകൾ രേഖപ്പെടുത്തിയിട്ടില്ല. മുൻപ് റസിഡൻഷ്യൽ സ്ക്കൂളുകൾ ആയിരുന്ന സ്ഥലങ്ങളിൽ നിന്നു തിരിച്ചറിയപ്പെടാത്ത ആയിരത്തിലധികം ശവക്കുഴികളാണ് അടുത്തയിടെ വെളിപ്പെട്ടത്.. ചില സ്കൂളുകളിൽ, ലൈംഗികാതിക്രമവും സാധാരണമായിരുന്നു, സ്കൂളിനായി പണം സ്വരൂപിക്കാൻ വിദ്യാർത്ഥികളെ ജോലി ചെയ്യാൻ നിർബന്ധിച്ചിരുന്നു. തങ്ങളുടെ ഭാഷകൾ സംസാരിച്ചതിനു കുട്ടികളെ അതിക്രൂരമായി മർദ്ദിക്കുകയും ചെയ്തിരുന്നുവത്രേ.
ഇവയൊക്കെ അതിജീവിച്ച കുട്ടികളാകട്ടെ, വഴി തെറ്റാതെ വീട്ടിലെത്തിയാൽ എന്തു ചെയ്യണമെന്നറിയാതെ ആകെ പകച്ചു നിന്നു. അച്ഛനോടോ അമ്മയോടോ എങ്ങനെയാണു മിണ്ടേണ്ടതെന്നറിയാതെ... എന്താണു മിണ്ടേണ്ടതെന്നറിയാതെ... കണ്ണു നിറഞ്ഞു തെരുവിലേക്കിറങ്ങി. മയക്കമരുന്നുകളിലും മറ്റും അഭയം തേടി...
1950-കളോടെ, കാനഡയിലെ ആദിമവംശജരുടെ നിയന്ത്രണങ്ങളിൽ സർക്കാർ ഇളവു വരുത്താൻ തുടങ്ങി. സ്കൂളുകൾ അടച്ചുപൂട്ടാനുള്ള പ്രവർത്തനങ്ങളും ആരംഭിച്ചു.. 1969-ൽ റസിഡൻഷ്യൽ സ്കൂളുകളുടെ നിയന്ത്രണം പള്ളികളിൽ നിന്നു സർക്കാർ തിരിച്ചെടുത്തു, 1980 കളിൽ കുറച്ച് സ്കൂളുകൾ മാത്രം തുറന്നിരുന്നു, 1996 ൽ അവസാനത്തെ സ്ക്കൂളും പൂട്ടിയതോടെ ചവുട്ടിയരയ്ക്കപ്പെട്ട ഒരു ജനതയുടെ വിലാപം മാത്രം ബാക്കിയായി....
ഈ ദിവസത്തെ 'ഓറഞ്ച് ഷർട്ട് ഡേ' എന്നും വിളിക്കുന്നു. ഓറഞ്ച് ഷർട്ട് ഒരു ചിഹ്നമായി ഉപയോഗിക്കുന്നത് ഫില്ലിസ് ജാക്ക് വെബ്‌സ്റ്റാഡിന്റെ വിവരണങ്ങളിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടാണ്. ഫില്ലിസിന്റെ ഓറഞ്ച് ഷർട്ട് ഉൾപ്പെടെയുള്ള എല്ലാ വസ്ത്രങ്ങളും റസിഡൻഷ്യൽ സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ആദ്യ ദിനത്തിൽ പിടിച്ചു വാങ്ങിയിരുന്നു. പിന്നീടൊരിക്കലും അവർക്കതു കാണാൻ പോലും കിട്ടിയിട്ടില്ല. അമ്മൂമ്മ സ്നേഹപൂർവ്വം സമ്മാനിച്ച ആ ഷർട്ട് ഒരിക്കൽപ്പോലും അണിയാൻ കഴിയാതിരുന്ന സങ്കടം ഇന്നും ഫില്ലിസിൽ നിറയുന്നു. 2013 ലെ സെന്റ് ജോസഫ് മിഷൻ റസിഡൻഷ്യൽ സ്ക്കൂൾ റീയൂണിയനിലാണ് ഫില്ലിസ് ജാക്ക് തന്റെ കഥ പങ്കു വെക്കുന്നത്. ഒരു ആറു വയസ്സുകാരിയുടെ ആ നൊമ്പരമാണ് കാനഡ ഏറ്റെടുത്തത്. ഒരു ആദിമവംശജനെ സംബന്ധിച്ചു ഓറഞ്ചു നിറം എന്നത് സൂര്യപ്രകാശം, സത്യം പറയൽ, ആരോഗ്യം, ശക്തി എന്നിവയെയൊക്കെ പ്രതിനിധീകരിക്കുന്നു. എന്നാൽ ഇപ്പോൾ ഓറഞ്ച് ഷർട്ട് റസിഡൻഷ്യൽ സ്കൂൾ സമ്പ്രദായം അതിന്റെ വിദ്യാർത്ഥികളുടെ തദ്ദേശീയ വ്യക്തിത്വങ്ങൾ എങ്ങനെ എടുത്തുകളഞ്ഞു എന്നതിന്റെ പ്രതീകമാകുന്നു.
ആ റീയൂണിയൻ നടന്ന ദിവസമാണ് സെപ്റ്റംബർ 30. തദ്ദേശീയരായ കുട്ടികളെ വീടുകളിൽ നിന്നു പിടിച്ചു കൊണ്ടുപോയതിന്റെയും ഓർമ്മ ദിവസമാണത്രേ അത്. ഈ ദിവസത്തിന്റെ ഔദ്യോഗിക ടാഗ് ലൈനായ "എവരി ചൈൽഡ് മാറ്റേഴ്സ്" എന്നത് എല്ലാ കുട്ടികളും പ്രധാനമാണെന്നു മാത്രമല്ല, എല്ലാ ജനങ്ങളുടെയും സംസ്ക്കാരവും പ്രധാനമാണെന്ന് ലോകത്തെയും കാനഡക്കാരെ പ്രത്യേകിച്ചും ഓർമിപ്പിക്കുന്നു. ഈ ദിവസം റസിഡൻഷ്യൽ സ്‌കൂളുകളിൽ നിന്ന് ഒരിക്കലും വീട്ടിലേക്കു മടങ്ങാത്ത കുട്ടികളെയും അതിജീവിച്ചവരെയും അവരുടെ കുടുംബങ്ങളെയും സമൂഹങ്ങളെയും ആദരിക്കുന്നു.
വായനയിൽ വളരെയധികം വേദന അനുഭവപ്പെട്ടു. വളരെ നന്നായി എഴുതി. ആശംസകൾ
ReplyDeleteവായനയ്ക്കും അഭിപ്രായത്തിനും നന്ദിയും സ്നേഹവും ധ്രുവ്.
Deleteഞെട്ടിക്കുന്ന.. വിവരങ്ങൾ വിവരണങ്ങൾ.... നല്ല എഴുത്ത് ❤️🙏🌹
ReplyDelete