Sunday, January 17, 2021

കോവിഡും യാത്രയും

 



കോവിഡ് 19 മഹാമാരി മൂലം വീട്ടിൽ അടച്ചിരിക്കാൻ തുടങ്ങിയിട്ടു നാളുകളേറെയായി. അല്ല, അതിനും നാളുകൾക്കു  മുമ്പേ മുതൽ ഞാൻ വീട്ടിൽത്തന്നെയാണല്ലോ. എന്നിട്ടും അന്നൊന്നും തോന്നാതിരുന്ന ഒരു വിഷമമാണല്ലോ ഇപ്പോൾ! എന്താണെന്നു പറയാനറിയാത്ത, ഉള്ളിൽ ഊറിക്കൂടുന്ന വിഷമങ്ങൾ! ഇപ്പോൾ എല്ലാവരും വീട്ടിൽത്തന്നെയുണ്ട്, എന്നിട്ടും...!  തെളിച്ചമില്ലാത്ത പുലരികൾ... വിഷാദസന്ധ്യകൾ... പ്രതീക്ഷകൾ നഷ്ടപ്പെട്ട ദിനങ്ങൾ... ജീവിതം മാറിമറിയുന്നു...  വിഷാദത്തിലേക്കുള്ള നൂൽപ്പാലത്തിലാണെന്നു തിരിച്ചറിഞ്ഞപ്പോൾ ഒരു മാറ്റം അനിവാര്യമായി തോന്നി.... അകലെയല്ലാത്തൊരിടത്ത്  എവിടെയെങ്കിലും ... കുറച്ചു ദിവസങ്ങളുടെ അജ്ഞാതവാസം...  എല്ലാവരിൽ നിന്നും അകന്ന്... എങ്കിലും ഈ കെട്ടകാലത്ത് അതെങ്ങനെ എന്നോർത്തിരുന്നു.  ആ ദിനങ്ങളിലൊന്നിലാണ് ക്രിസിന്റെ വിളിയെത്തിയത്. 

ഓഫീസിലെ കൂട്ടുകാരാണ് ക്രിസും ഞാൻ കുക്കു എന്നു വിളിക്കുന്ന ക്വാക്കുവും. ക്വാക്കു, വേറെ വകുപ്പിലായതിനാൽ യാത്രയിൽ മാത്രമാണ് കൂടുതൽ കാണുക. ആരെങ്കിലും ഒരാളുടെ വണ്ടിയിലാണ് ഓഫീസിലേക്കുള്ള ഞങ്ങളുടെ യാത്ര. എന്തെങ്കിലും വിശിഷ്ട വിഭവം കൊണ്ടുവന്നിട്ടുണ്ടെങ്കിൽ ചിലപ്പോഴൊക്കെ അതു പങ്കുവെയ്കാനായി ഇടവേളകളിൽ അങ്ങോട്ടോ ഇങ്ങോട്ടോ പോകും. എന്നാൽ ക്രിസും ഞാനും അടുത്തടുത്ത സീറ്റുകളിലാണ്. അതിനാൽ, കൂടുതൽ അടുപ്പം ക്രിസുമായിട്ടാണ്. വിഷാദം പൂത്തു നിറയുന്ന ദിവസങ്ങളിൽ എന്റെ മൗനം, അസ്വസ്ഥത, ദേഷ്യം എല്ലാമെല്ലാം  കാണുന്നതും സഹിക്കുന്നതും ക്രിസാണ്. അങ്ങനെയുള്ള പല ദിവസങ്ങളിലും എന്നെ തനിയെ വിടുന്ന നല്ലൊരു കൂട്ടുകാരൻ കൂടിയാണ് ക്രിസ്. ആ ദിവസങ്ങളിൽ  കഫറ്റീരിയയിൽ നിന്നും ഒരു ഹോട്ട് ചോക്ലേറ്റോ കപ്പുച്ചിനോയോ എടുത്തു കൊണ്ടു വന്നു തരാനും കുപ്പിയിൽ വെള്ളം നിറച്ചു  തരാനുമെല്ലാം ക്രിസ് കരുണയോടെ ശ്രദ്ധിക്കാറുമുണ്ട്. 

ക്രിസിന്റെ മാതാപിതാക്കൾ ടൊറന്റോയിലാണ് താമസം. മിസ്സിസോഗയിൽ നിന്നും ഏതാണ്ട് ഒരു മണിക്കൂറിൽ എത്തിച്ചേരുന്ന ദൂരത്തിലാണ് അവരുടെ വീട്. അധ്യാപകജോലിയിൽ നിന്നും വിരമിച്ച ശേഷം വിശ്രമജീവിതത്തിനായാണ് നഗരത്തിൽ നിന്നും മാറി ഉള്ളിലൊരിടത്ത് അവർ വീടു വാങ്ങിയത്.  പാചകപരീക്ഷണങ്ങൾ നടത്തിയും പ്രകൃതിയെയും ജീവജാലങ്ങളെയും സ്നേഹിച്ചും അവരവിടെ സ്വസ്ഥമായി കഴിയുകയാണ്. അവരുടെ നാലു മക്കളും മിസ്സിസോഗ, ബ്രാംപ്ടൺ ഭാഗങ്ങളിൽ  കുടുംബജീവിതവുമായി കഴിയുമ്പോഴും എല്ലാ വാരാന്ത്യങ്ങളും അച്ഛനമ്മമാരുടെ അടുത്തു ചെലവഴിക്കാനായി എത്തുകയും ചെയ്യും. 

എന്റെ വർത്തമാനങ്ങളിൽ  കൂടുതലും നാടും നാട്ടിലെ വീടും ബാല്യകൗമാരങ്ങളും നിറഞ്ഞു നിൽക്കുമ്പോൾ ക്രിസിനു പറയാനുണ്ടാവുക അച്ഛന്റെ പുതിയ പാചകപരീക്ഷണത്തെപ്പറ്റിയോ പുരാവസ്തുശേഖരത്തിലേക്കു വന്ന  സാധനത്തെപ്പറ്റിയോ അല്ലെങ്കിൽ അമ്മയുടെ പുതിയ പൂച്ചക്കൂട്ടിയെപ്പറ്റിയോ ചെടികളെക്കുറിച്ചോ ഒക്കെയാകും. ചിലപ്പോഴൊക്കെ അവിടുന്നുള്ള  വിഭവങ്ങൾ ഞങ്ങൾക്കായി പൊതിഞ്ഞു കൊണ്ടുവരാനും ക്രിസ് മറക്കാറില്ല.  തിങ്കളാഴ്ചകൾ അങ്ങനെ ഞങ്ങൾക്കു രണ്ടുപേർക്കും ഗൃഹാതുരതകൾ നിറഞ്ഞ ദിവസങ്ങളായി മാറും. 

കോവിഡ് - 19 മഹാമാരിയെ  നിയന്ത്രണത്തിലാക്കാൻ ലോകമെങ്ങും തത്രപ്പെടുന്നതിന്റെ ഭാഗമായി കാനഡയിലും കർശനമായ അടച്ചുപൂട്ടൽ നിലവിൽ വന്നു. അതോടെ എല്ലായിടത്തും  വീട്ടോഫീസായി. ഞങ്ങളുടെ ഓഫീസും വീട്ടിലെ മുറിയിലേക്കൊതുങ്ങി. ക്രിസിനെയും  ക്വാക്കുവിനെയും  കാണുന്നത് മീറ്റിങ്ങ് സമയത്തു കപ്യൂട്ടർ സ്‌ക്രീനിൽ മാത്രമായി. സൗഹൃദം ഫോൺവിളികളിലും മെസേജുകളിലുമായി ഒതുങ്ങിയ ദിനങ്ങൾ...  അടച്ചുപൂട്ടലിന്റെ ആദ്യദിനങ്ങളിൽ എല്ലാവരും വീട്ടിലുള്ളതിന്റെ സന്തോഷങ്ങളും തമാശകളും പങ്കു വെച്ചു. ദിവസങ്ങൾ ആഴ്ചകളും മാസങ്ങളുമായി മാറിയപ്പോൾ ആഹ്ളാദങ്ങൾ പതിയെ പതിയെ വിരസതയുടെ മടുപ്പിലേക്കൊതുങ്ങിത്തുടങ്ങി. പ്രത്യേകിച്ചൊന്നും പറയാനില്ലാതെ ദിവസങ്ങൾ കൊഴിഞ്ഞു വീണു.   

മെസേജുകളുടെയും  ഫോൺ വിളികളുടെയും ദൈർഘ്യം കൂടിവന്നു. ചിലപ്പോഴൊക്കെയത് ഓഫീസ് കാര്യങ്ങൾ മാത്രമായി. അങ്ങനെയൊരു നാളിൽ  ക്രിസിന്റെ വിളിയെത്തിയത് ഒരു സുന്ദരവാഗ്ദാനവുമായിട്ടായിരുന്നു . ടൊറന്റോയിലെ വീട്ടിൽ ഒരു ഒഴിവുകാലം!  ഈ മഹാമാരിക്കാലത്തോ എന്നതിശയിച്ചപ്പോൾ ഇതൊരു സുവർണ്ണാവസരമെന്നു ക്രിസ് മോഹിപ്പിച്ചു. "അച്ഛനുമമ്മയും അവിടെയില്ലല്ലോ. വീടൊഴിഞ്ഞു കിടക്കുകയാണല്ലോ. താക്കോൽ തരാം, നീ കുറച്ചു ദിവസം അവിടെ താമസിച്ച്, ഒന്നു സ്വസ്ഥയായി വരൂ..." എന്നൊക്കെ പറഞ്ഞപ്പോഴാണ് ക്രിസിന്റെ വാട്ട്സാപ്പ് സന്ദേശങ്ങൾ ഓർമ്മ വന്നത്. അച്ഛനുമമ്മയും അച്ഛന്റെ ജന്മസ്ഥലമായ  ന്യൂഫണ്ട്ലൻഡ് (Newfoundland) പ്രവിശ്യയിലേക്കു സന്ദർശനത്തിനു പോയതാണ്. ഇടയ്ക്കിടെ അവിടെയുള്ള ബന്ധുക്കളെ കാണാൻ ഈ യാത്ര അവർക്കു പതിവുള്ളതാണ്. എന്നാൽ ഇത്തവണ കോവിഡ് കാരണം  തിരിച്ചു വരാനാവാതെ അവർ അവിടെ കുടുങ്ങിപ്പോയിരിക്കുകയാണ്. ക്രിസിന്റെ വേവലാതികൾ നിറഞ്ഞ  പല സന്ദേശങ്ങളും ഓർമ്മയിൽ തെളിഞ്ഞു വന്നു. എങ്കിലും ആ വാഗ്ദാനം സ്വീകരിക്കാൻ മടിയായിരുന്നു. എന്നാൽ ക്രിസിന്റെ സ്‌നേഹപൂർണമായ നിർബന്ധത്തിൽ മറുത്തു പറയാൻ കാരണങ്ങളില്ലാതായി.  

പിന്നെല്ലാം പെട്ടന്നായിരുന്നു. അന്നു വൈകിട്ടു തന്നെ ക്രിസ്, വീടിന്റെ താക്കോൽ കൊണ്ടുത്തന്നു. എപ്പോ വേണമെങ്കിലും പൊയ്ക്കോ, വീട് നിന്നെയും നോക്കിയിരിക്കുകയാണ് എന്നൊക്കെ പ്രോത്സാഹിപ്പിച്ചു.... നന്ദി പറയാൻ കഴിയാതെ, വാക്കുകളില്ലാതെ നിന്നപ്പോൾ  മിടുക്കിയായി വാ എന്ന്  തോളിൽത്തട്ടി. അങ്ങനെയാണ് ടൊറോന്റോയിലെ ആ മനോഹര തീരത്തേക്കുള്ള യാത്ര തുടങ്ങിയത്. 



തിരക്കു പിടിച്ച ടൊറന്റോ നഗരത്തിന്റെയൊരു കോണിൽ ശാന്തമായ ഒരിടം. ഇത്രയും വർഷത്തിനിടയിൽ ഈയിടം  എന്റെ കേൾവിയിലോ വായനയിലോ  എത്തിപ്പെട്ടിട്ടില്ലായിരുന്നു. ഏറെ ദൂരെയല്ലാതെ  പ്രശസ്തമായ സ്‌കാർബറോ ബ്ലഫ്സ് ... ഒന്റാരിയോ തടാകത്തിൽ, ടൊറന്റോയുടെ കിഴക്കൻ ബീച്ചുകൾ മുതൽ ഈസ്റ്റ് പോയിന്റ് പാർക്ക് വരെ പതിനഞ്ചു കിലോമീറ്ററോളം സ്‌കാർബറോ ബ്ലഫ്സ് നീളുന്നു. ഏതാണ്ട് പന്ത്രണ്ടായിരം വർഷങ്ങൾക്കു മുമ്പ് ഊറിവന്ന എക്കൽ നിക്ഷേപം അടിഞ്ഞുകൂടിയതിന്റെ ഫലമായി രൂപപ്പെട്ട ഭൂമിശാസ്ത്രപരമായ ഒരു സവിശേഷതയാണ് സ്കാർബറോ ബ്ലഫ്സ് എന്നാണ് ചരിത്രം പറയുന്നത്. ഒന്റാരിയോ തടാകത്തിൽ നിന്നുള്ള കാറ്റിന്റെയും ജലത്തിന്റെയും മണ്ണൊലിപ്പിന്റെയും സ്വാഭാവിക പ്രക്രിയകളാണ് അവ രൂപീകരിച്ചത്. ഈ പതിനഞ്ചു കിലോമീറ്ററിനുള്ളിൽ പതിനൊന്നോളം പാർക്കുകളുമുണ്ട്. മനുഷ്യനിർമ്മിത പാർക്കുകളേക്കാൾ പ്രകൃതിയെ കാണാനാണ് ഞാൻ ഇഷ്ടപ്പെടുന്നത് എന്നതിനാൽ പാർക്ക് സന്ദർശനം ഒരെണ്ണത്തിൽ ഒതുക്കി.

അവിടെയെത്തിയ ആദ്യദിവസം മുഴുവൻ കിടന്നുറങ്ങി. ഉറങ്ങിയെണീറ്റപ്പോൾ സന്ധ്യയായി... സ്ഥലകാലബോധമില്ലാതെ കിടക്കയിലിരുന്നു ചുറ്റിനും പരതി. എവിടെയാണെന്ന ബോധം വന്നപ്പോഴാണ് ബാൽക്കണിയിലേക്കിറങ്ങിയത്. നിശബ്ദതയുടെ മേലാടയണിഞ്ഞ ഭൂമിക... അതിന്റെയറ്റത്തായി കഥ പറയാനെത്തിയ കാറ്റിനോട് കായലോളങ്ങളുടെ ചെറുമർമരം... തൊട്ടപ്പുറത്തെ വീട്ടിൽ അങ്ങോട്ടുമിങ്ങോട്ടും ചലിക്കുന്ന മനുഷ്യരുടെ നിഴൽരൂപങ്ങൾ ജനലിലൂടെ പുറത്തേക്കു നീണ്ടു നീണ്ട് ... നേരെ മുന്നിലുള്ള പൈൻമരത്തിലൂടെ ഒളിച്ചു കളിക്കുന്ന നിലാവ്... ആഹാ...

"എത്ര മനോഹരമീ ഭൂമി
ചിത്രത്തിലെഴുതിയ പോലെ ആരോ
ചിത്രത്തിലെഴുതിയ പോലെ
ചൈത്ര സഖി വന്നു ചമയിച്ചൊരുക്കിയൊ
രാശ്രമകന്യയെ പോലെ.... "

ഓ .എൻ.വി യുടെ ഈ വരികളാണ് അപ്പോൾ മനസ്സിലും ചുണ്ടിലും നിറഞ്ഞത്.

പിറ്റേന്നു നേരം വെളുത്തത് കിളികളുടെ പാട്ടു കേട്ടാണ്. ഒന്റാരിയോ തടാകത്തിൽ അർക്കൻ ചുവന്ന രശ്മികളാൽ ചിത്രം വരയ്ക്കുന്ന മനോഹര കാഴ്‌ച...! തടാകക്കരയിലേക്കു പോകാൻ ധൃതിപ്പെട്ടു മുറിയിൽ നിന്നിറങ്ങിയത് ഒരു പൂച്ചരാജ്യത്തിലേക്കായിരുന്നു. ഇറങ്ങിയതിലും വേഗത്തിൽ തിരിച്ചു മുറിയിലേക്കു തന്നെ കയറേണ്ടി വന്നു.  ക്രിസിന്റെ അമ്മയുടെ പൂച്ചകളെപ്പറ്റി പറഞ്ഞിരുന്നെങ്കിലും ഞാനതു മറന്നു പോയിരുന്നു. തലേന്ന് ഇവരെയൊട്ടു കണ്ടതുമില്ലല്ലോയെന്ന് അതിശയപ്പെടുകയും ചെയ്തു. പിന്നെ, ധൈര്യം സംഭരിച്ച്, വീണ്ടും ഇറങ്ങിയപ്പോൾ എന്നേക്കാൾ മുൻപേ പേടിച്ചൊളിച്ചിരുന്നു അവരെന്നു മനസ്സിലാക്കി. 

പിന്നിലെ പുരയിടത്തിനറ്റത്ത് , കിഴുക്കാംതൂക്കായ ഇടം, അവിടെ അതിരിൽ നിലം പതിഞ്ഞു കിടക്കുന്ന ചെറിയ കയ്യാല... അതിനപ്പുറത്തേക്കു പോകരുതെന്നു ക്രിസ് പറഞ്ഞത് ഓർമ്മ വന്നെങ്കിലും ഒന്നെത്തി നോക്കി. ഏതാണ്ട് നൂറ്റമ്പതടി താഴ്ചയിലാണ് തടാകം. ഇറങ്ങാൻ വേറെ വഴികളൊന്നുമില്ല. കാലെടുത്തു വെച്ചാൽ, പാറയിലും മരങ്ങളിലും തട്ടിത്തെറിച്ചു നേരെ വെള്ളത്തിലെത്തും.   അതുകൊണ്ടാണ്, വീടിനു വെളിയിലേക്കിറങ്ങുമ്പോൾ പൂച്ചകൾ പുറത്തിറങ്ങാതെ സൂക്ഷിക്കണമെന്നു ക്രിസ് പറഞ്ഞത്. അമ്മയുടെ ഓമനകളാണവർ! ഘടാഘടിയന്മാരായ രണ്ടു ആൺപൂച്ചകളും കൊഴുത്തുരുണ്ട നാലു സുന്ദരിപ്പൂച്ചകളും ചുറുചുറുക്കുള്ള നാലഞ്ചെണ്ണം വേറെയും... അവരെല്ലാവരും സമയാസമയങ്ങളിൽ നല്ല ശാപ്പാടും കഴിച്ച്, അലസമായി സോഫയിൽക്കിടന്ന് ടിവിയും കണ്ടു ഉണ്ടുറങ്ങിക്കഴിഞ്ഞ വീട്ടിലേക്കാണ് ഞാൻ അതിക്രമിച്ചെത്തിയതെന്നതിനാലാവും കാണുമ്പോഴൊക്കെ അവരെന്നെയും ഞാനവരെയും തുറിച്ചു നോക്കി കടന്നു പോയി. അവിടുന്നു പോരുന്നതു വരെയും ഞങ്ങൾ തമ്മിൽ കൂട്ടായതേയില്ല. 




വെറുതെ ബാൽക്കണിയിലിരുന്നു കാഴ്ചകൾ കണ്ടും പാട്ടു കേട്ടും  പുസ്തകം വായിച്ചും  സമയസൂചികയുടെ താളക്രമത്തിൽ ആടേണ്ടതില്ലാത്ത നർത്തനം! അങ്ങനെയങ്ങനെ സമയംപോകുന്നതിനിടയിൽ വിശപ്പു വന്നപ്പോഴാണ് അടുക്കളയിൽ കയറിയത്.  ക്രിസിന്റെ കരുതൽ അടുക്കളയിലും കണ്ടു. പാൽ, മുട്ട, റൊട്ടി, പാസ്ത... അങ്ങനെ എളുപ്പം വിശപ്പടക്കാൻ പറ്റിയതൊക്കെ അവിടെയുണ്ടായിരുന്നു. 

പിറ്റേന്നു വൈകിട്ടാണ് കുടുംബം എത്തിയത്.അപ്പോഴേക്കും  ഈ ലോകത്തിന്റെ അരങ്ങിൽ നർത്തനമാടാൻ  ഞാൻ സജ്ജയായിക്കഴിഞ്ഞിരുന്നു.   

8 comments:

  1. വെയ്റ്റ് ചെയ്യാം, ചിലപ്പോൾ നിർത്തിയേടത്തൂന്ന് തുടങ്ങാൻ പറ്റിയാലോ 😊

    ReplyDelete
    Replies
    1. ശ്രമിക്കൂ, കാലം കൂടെയൊഴുകട്ടെ... 

      Delete
  2. സമയസൂചികയുടെ താളക്രമത്തിൽ ആടേണ്ടതില്ലാത്ത നർത്തനം!നന്നായി ചേച്ചി... :)

    ReplyDelete
  3. നല്ല യാത്രയും അതിലേറെ സന്തോഷവും നൽകിയ മനോഹരമായ അഥിതി ഭവന പരിസരങ്ങൾ

    ReplyDelete
    Replies
    1. ഒറ്റയ്ക്കല്ല എന്നു ബോധ്യം വരുന്ന നിമിഷങ്ങൾ... 

      Delete
  4. ഇത്രയൊക്കെ കരുതലും... സ്നേഹവുമായി വരുന്ന മനുഷ്യർ ഉണ്ടെന്ന പ്രതീക്ഷ.. സുന്ദരം ഈ ജീവിതം... എന്ന് തോന്നിപ്പിച്ചു... മനസ്സ് കൈവിട്ട് പോകുമ്പോൾ... അലയുവാനും ചേക്കേറുവാനും ഒരിടം... അങ്ങനെയൊന്നു എപ്പോഴും നല്ലതാ...

    ReplyDelete
    Replies
    1. ഒറ്റയ്ക്കല്ലായെന്ന് ഓർമ്മിപ്പിക്കുന്ന സ്നേഹങ്ങൾ!

      Delete

Related Posts Plugin for WordPress, Blogger...